വിനയന്റെ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിന് മുമ്പ് 'അമ്മ' സംഘടന തന്നെയും വിലക്കിയിരുന്നതായി മാള അരവിന്ദന്റെ വെളിപ്പെടുത്തല്‍. അഡ്വാന്‍സ് വാങ്ങിച്ചതിനാല്‍ തനിക്ക് ആ വിലക്ക് ലംഘിക്കേണ്ടിവന്നതായി മാള ഒരു ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.
''അഡ്വാന്‍സ് തിരിച്ചുകൊടുക്കാന്‍ അവര്‍ പറഞ്ഞെങ്കിലും ഞാനതിന് തയ്യാറായില്ല. അമ്മ അംഗങ്ങളായ പലരും അങ്ങിനെ ചെയ്തിട്ടുണ്ടെന്നായിരുന്നു ഭാരവാഹികളുടെ ന്യായം. അവരുടെ അച്ഛനല്ല തന്റെ അച്ഛന് എന്നായിരുന്നു എന്റെ മറുപടി. കാലൊടിഞ്ഞുകിടന്നാലൂം എനിക്ക് വാക്ക് പാലിക്കണം. സിനിമയില്ലെങ്കില്‍ ഞാന്‍ സീരിയല്‍ ചെയ്തു ജീവിക്കും. സീരിയല്‍ കിട്ടിയില്ലെങ്കില്‍ നാടകത്തില്‍ അഭിനയിക്കും. നാടകവും വിലക്കിയാല്‍ തബല കൊട്ടി ജീവിക്കും. തബല കൊട്ടാനും സമ്മതിച്ചില്ലെങ്കില്‍ ഭാര്യയുടെ സാരി വാങ്ങി മറച്ച് തെരുവില്‍ നാടകം നടത്തും. അതിന് ആരുടെയും അനുമതി വേണ്ടല്ലോ? ഉടക്ക് എനിക്ക് പുത്തരിയല്ല.
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് സാമ്പത്തികമായി മെച്ചപ്പെട്ടത്. നാടകത്തിലായപ്പോള് പലപ്പോഴും പട്ടിണിയായിരുന്നു. ആറുമാസമേ നാടകം കാണുകയുള്ളൂ. ബാക്കിയുള്ള ആറുമാസം ജീവിക്കാന്‍ പ്രയാസപ്പെടും. അമ്പതു വര്‍ഷത്തെ അഭിനയജീവിതത്തില്‍ തൃപ്തനാണ്.
പഴയ സൌഹൃദമൊന്നും ഇപ്പോള്‍ സിനിമയിലില്ല. അന്നത്തെക്കാലത്ത് ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളാണ് ഗോപിച്ചേട്ടന്. 'ദേശം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാനും സഹചാരിയായ അബ്ദുള്ളയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാത്രിയായപ്പോള്‍ ഗോപിച്ചേട്ടന് വിളിച്ചു.
'നീയും അബ്ദുള്ളയും കൂടി ഇൌ മുറിയില്‍ വന്ന് കിടക്ക്.'
പിന്നീട് പാതിരാത്രി വരെ ചര്‍ച്ചയാണ്. പായ്ക്കപ്പായി ഞാന്‍ പോകുന്ന ദിവസം ഗോപിച്ചേട്ടന് ഭയങ്കര സങ്കടമാണ്.
'അപ്പോള്‍ അരവിന്ദന് പോവ്വാ അല്ലേ?'
എന്നു പറഞ്ഞുകൊണ്ട് മൂക്കില്‍ വിരലിടും. കരയുന്നത് കാണാതിരിക്കാനാണ് മൂക്കില്‍ വിരലിടുന്നത്. നല്ലൊരു സൌഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇടയ്ക്ക് സങ്കടം വരുമ്പോള്‍ ഞാനും കരയും. കരയാത്തവന്‍ മനുഷ്യനല്ല. ചിലര്‍ സങ്കടങ്ങള്‍ മനസിലൊതുക്കിവയ്ക്കും. എനിക്കതിന് കഴിയില്ല. ജീവിതത്തില്‍ ഏറ്റവും സങ്കടപ്പെട്ടത് സഹോദരനായ രാമനാഥന് മരിച്ചപ്പോഴാണ്. ഇന്‍സ്റ്റന്റായി കോമഡി പറയുന്നയാളാണ് അവന്. പക്ഷെ അവന് നാടകത്തിലോ സിനിമയിലോ എത്തിയില്ല. പപ്പുവും ഞാനും ജഗതിയും ഇഴപിരിയാത്ത സുഹൃത്തുക്കളായിരുന്നു. മൂന്നുപേരെയും നായകരാക്കി 'ലൂസ് ലൂസ് അരപ്പിരി ലൂസ്' എന്ന സിനിമവരെ വന്നിട്ടുണ്ട്. അതില്‍ പപ്പു പോയി. അടുത്തത് ഞാനാണ്. ജഗതിക്ക് സംഭവിച്ച അവസ്ഥയെക്കുറിച്ച് ഒാര്ക്കാന് പോലും കഴിയില്ല. ദൈവം ചിലപ്പോള്‍ അങ്ങനെയാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ജഗതിക്കുണ്ട്.
ഏതു ലൊക്കേഷനിലെത്തിയാലും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോയി പ്രസാദവും ഭസ്മവുമായാണ് സുകുമാരിച്ചേച്ചി വരിക. ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
'സുഖമില്ലാത്ത അവസ്ഥയില്‍ എന്തിനാ ചേച്ചി ഇങ്ങനെ പോവുന്നത്?'
സകുമാരിച്ചേച്ചിയുടെ ഉത്തരം ഇങ്ങനെ.
'എന്റെ റോള്‍ നന്നാവാന്‍ വേണ്ടിയല്ല, ഞാന്‍ അമ്പലത്തില്‍ പോകുന്നത്. യൂണിറ്റിന് മുഴുവനും സൌഭാഗ്യം ഉണ്ടാവണേയെന്ന് പ്രാര്‍ത്ഥിക്കാനാണ്.'
അത്രയും ഭക്തിയുള്ള ചേച്ചിയെയാണ് ദൈവം പ്രാര്ത്ഥനയ്ക്കിടയില് കൊണ്ടുപോയത്. എന്റെ ദൈവവിശ്വാസത്തെ ഉലച്ച സംഭവമാണിത്. ആരെയും നോവിക്കാത്ത ഒരാളാണ് ഞാന്‍. ഇനിയുള്ള കാലവും ആ രീതിയില്‍ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്.
Comments