ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനം ഇന്ന് ജോഹാനസ്ബർഗിലെ ന്യൂ വാണ്ടറേഴ്സിൽ നടക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആതിഥേയർ പിങ്ക് നിറത്തിലുള്ള ജേഴ്സിയണിഞ്ഞാകും ഇന്നത്തെ മത്സരത്തിനിറങ്ങുക.
സ്തനാർബുദത്തിനെതിരായ ബോധവൽക്കരണമാണ് പിങ്ക് ജേഴ്സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം അർബുദബാധിതരായ രോഗികൾക്ക് നൽകും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ പിങ്ക് ജേഴ്സി ഏകദിനമാണിത്.
പിങ്ക് ജേഴ്സിയിൽ മുൻപ് കളിച്ച ആറ് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. 2013 ൽ ഇന്ത്യയുമായി പിങ്ക് ജേഴ്സി ഏകദിനം കളിച്ച അവർ 141 റൺസിനാണ് സന്ദർശകരെ തകർത്തത്. 2015 ലെ പിങ്ക് ജേഴ്സി ഏകദിനത്തിലായിരുന്നു ഡിവില്ലിയേഴ്സിന്റെ ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ചുറി പിറന്നത്. വെസ്റ്റിൻഡീസിനെതിരെ 44 പന്തിൽ 149 റൺസാണ് അന്ന് ഡിവില്ലിയേഴ്സ് അടിച്ച് കൂട്ടിയത്.
ഒരിക്കൽക്കൂടി പിങ്ക് ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുമ്പോൾ മുൻകാല ചരിത്രം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണ്. പരിക്കിൽ നിന്ന് മോചിതനായി ഡിവില്ലിയേഴ്സ് ടീമിലേക്ക് തിരിച്ച് വരുന്നതും ആതിഥേയരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് കനത്ത വെല്ലുവിളിയായിരിക്കുമെന്ന് സാരം.
Comments