ശിഖര്‍ ധവാന്റെ നൂറാം മത്സരത്തിലെ ശതകത്തിന്റെ തിളക്കം മണിക്കൂറുകള്‍ മാത്രമാക്കിക്കൊണ്ട്, നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയം. മഴനിയമപ്രകാരം മാറ്റിയെഴുതിയ 28 ഓവറില്‍ 202 റണ്‍സ് എന്ന ലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്കു ജയം അനായാസമാക്കിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എടുത്തിരുന്നു. വാണ്ടറേഴ്സ് പോലെ റണ്ണൊഴുകുന്ന പിച്ചില്‍ 330 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ ഇന്ത്യയ്ക്കു വിജയപ്രതീക്ഷ നിലനിറുത്താമായിരുന്നു. പക്ഷേ, മധ്യനിര തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയ്ക്കു ത്ിരിച്ചടിയായത്.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 289 റണ്‍സിലെത്തിയിരുന്നു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എടുത്തു നില്‍ക്കെ മഴയെത്തി.
കനത്ത മഴയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി വെട്ടിച്ചുരുക്കി. ഇതോടെ ട്വന്റി20 സ്റ്റൈലില്‍ ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക കളി വരുതിയിലാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഏഡന്‍ മര്‍ക്റാം ( 23 പന്തില്‍ 22), ഹാഷിം അംല (40 പന്തില്‍ 33), എബിഡി വില്ലേഴ്സ് (18 പന്തില്‍ 26), ഡേവിഡ് മില്ലര്‍ (28 പന്തില്‍ 39), ഹെന്റിക് ക്ലാസന് (27 പന്തില്‍ 43), അന്‍ഡിലെ പെഹുലുക്വായോവ് (5 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്നു വിജയം ഇന്ത്യയില്‍ നിന്നു തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ച്ചയായ നാലാം ഏകദിനവും ജയിച്ചു പരമ്ബര സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹമാണ് ഇതോടെ പൊലിഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ ഇന്നുവരെ ഇന്ത്യയ്ക്കു പരമ്ബര ജയിക്കാനായിട്ടില്ല. ഈ പരമ്ബരയില്‍ ഇനി രണ്ട് ഏകദിനങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. അതാണ് ഇന്ത്യയുടെ പ്രതീക്ഷയും ആശ്വാസവും.
Comments