അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്ബര. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്ബര വിജയം നേടുന്നത്. ഇന്ത്യയുയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ ഹാഷിം അംല അര്‍ദ്ധ സെഞ്ചുറി(71) നേടി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത്.
ദക്ഷിണാഫ്രിക്കയ്ക്കായി മര്‍ക്രാം-അംല സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്ക്കവേ 32 റണ്‍സെടുത്ത മര്‍ക്രാമിനെ ബൂംമ്ര പുറത്താക്കി. പാണ്ഡ്യയുടെ പന്തില്‍ ഡുമിനിയും(1) ഡിവിലിയേഴ്സും(6) അടുത്തടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മില്ലര്‍ക്കൊപ്പം 52 റണ്‍സ് അംല പടുത്തുയര്‍ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തിരിച്ചുവന്നു.
എന്നാല്‍ മില്ലറെ(36) ചഹല്‍ തിരിച്ചയച്ചതോടെ ടീം സ്കോര്‍ 127-4. അതേസമയം ഒരറ്റത്ത് പൊരുതി നിന്ന അംല പരമ്ബരയിലെ ആദ്യ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. തൊട്ടുപിന്നാലെ 71 റണ്‍സുമായി അംലയും റണ്ണൊന്നുമെടുക്കാതെ കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരന് പെലൂക്വായോയും മടങ്ങിയതോടെ പ്രോട്ടീസ് വീണ്ടും പ്രതിരോധത്തില്‍. അതേസമയം ഒരറ്റത്ത് നാലാം ഏകദിനം ഓര്‍മ്മിപ്പിച്ച് ക്ലാസന് തകര്‍ത്തടിച്ചുകൊണ്ടിരുന്നു.
എന്നാല്‍ മൂന്ന് റണ്‍സെടുത്ത റബാഡയും 39ല്‍ നില്‍ക്കേ ക്ലാസനും കുല്‍ദീപിന് മുന്നില്‍ വീണതോടെ എട്ട് വിക്കറ്റിന് 197. തൊട്ടടുത്ത പന്തില്‍ ഷംസിയും ഗോള്‍ഡണ്‍ ഡക്കോടെ കുല്‍ദീപിന് മുന്നില്‍ മുട്ടുമടക്കി. അവസാന വിക്കറ്റായി ഒരു റണ്ണെടുത്ത് മോര്‍ക്കല്‍ ചഹലിന് കീഴടങ്ങിയതോടെ വിജയവും പരമ്ബരയും ഇന്ത്യയ്ക്ക്. ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ, ചഹല്‍ എന്നിവര്‍ രണ്ടും ബൂംമ്ര ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. 17-ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. പരമ്ബരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ രോഹിത് 126 പന്തില്‍ 115 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലി 36 റണ്‍സും ശീഖാര്‍ ധവാന് 34 റണ്‍സുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി നാലും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.
Comments