നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റില്‍ ആതിഥേയരായ ലങ്കയെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലില്‍ കടന്നുവെങ്കിലും മത്സരത്തിന്റെ അവസാന നിമിഷം സംഘര്‍ഷ സമാനമായ നാടകീയ രംഗങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. മോശം പെരുമാറ്റത്തിന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും നൂറുല്‍ ഹസനും ഐസിസി മാച്ച് ഫീയുടെ 25 ശതമാനം പിഴ വിധിക്കുകയും ചെയ്തു. ലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയില്ല. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറില്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഉഡാന തുടര്‍ച്ചയായി രണ്ട് ബൗണ്‍സറുകള്‍ എറിഞ്ഞിട്ടും അമ്ബയര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
രണ്ടാമത്തെ ബൗണ്‍സര്‍ നോബോള്‍ വിളിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് താരം മഹമുദുള്ള അമ്ബയര്‍മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമായി. ആദ്യ ഇലവനില്‍ പോലും ഇല്ലാത്ത നൂരുള്‍ ഹസന് ലങ്കന്‍ ക്യാപ്റ്റന്‍ തിസാര പെരേരയ്ക്ക് നേരെ വിരല്‍ച്ചൂണ്ടി അടുത്തു. തര്‍ക്കം രൂക്ഷമായതോടെ ബംഗ്ലദേശ് മല്‍സരം അവസാനിപ്പിച്ച് ഗ്രൗണ്ട് വിടാന്‍ ഒരുങ്ങിയെങ്കിലും പരിശീലകന് താരങ്ങളെ അനുനയിപ്പിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ അയച്ചു. പിന്നീടുള്ള മൂന്ന് പന്തുകളില്‍ ഒരു ബൗണ്ടറിയും ഡബിളും സിക്സും അടിച്ച് മഹമുദുള്ളയിലൂടെ ബംഗ്ലാ കടുവകള്‍ വിജയം പിടിച്ചെടുത്ത് ഫൈനല്‍ ഉറപ്പിച്ചു.
എന്നാല്‍ മത്സരം കഴിഞ്ഞ ശേഷവും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. ദേഷ്യം അടങ്ങാതെ മത്സരം ജയിച്ച ആഘോഷത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിങ് റൂം തല്ലിതകര്‍ത്തു എന്നും ആരോപണമുണ്ട്. ഗ്ലാസുകള്‍ തല്ലിതകര്‍ത്ത ചിത്രങ്ങളും പുറത്തുവന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഡ്രസിങ് റൂം അടിച്ചുതകര്‍ത്തത് ആരാണെന്ന് തിരിച്ചറിയാന്‍ അന്വേഷണം നടത്താനും ഐസിസി മാച്ച് റഫറി ക്രിസ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ കൊളംബോയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളി.
Comments