തിരനോട്ടം സിനിമയില്‍ തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച 1964 മോഡല്‍ ആരിഫ്ളക്സ് ക്യാമറ മോഹന്‍ലാല്‍ നിയമം മറികടന്ന് സ്വന്തമാക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ്.പേരൂര്‍ക്കട സ്വദേശി ജി. ഹരികുമാറാണ് അഡ്വ. എസ് ഐ ഷാ മുഖേന പരാതി നല്‍കിയത്. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവു ശിഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.നടപടിക്രമം പാലിക്കാതെ ക്യാമറ കൈമാറിയതിന് കെഎസ്എഫ്ഡിസി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, എം ഡി ദീപാ നായര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 1978 സെപ്തംബര്‍ നാലിനായിരുന്നു മോഹന്‍ ലാലിന്റെ സിനിമാ അരങ്ങേറ്റം. സൈക്കിളില്‍ നിന്ന് വീഴുന്നതായിരുന്നു ലാലിന്റേതായി ആദ്യമായി സെല്ലുലോയിഡില്‍ പകര്‍ത്തപ്പെട്ട രംഗം.കെഎസ്എഫ്ഡിസിയുടെ ശേഖരത്തിലുണ്ടായിരുന്ന ക്യാമറ മോഹന്‍ലാല്‍ മറ്റൊരു ക്യാമറ പകരം നല്‍കിയാണ് സ്വന്തമാക്കിയത്.
Comments