ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അറസ്റ്റു ചെയ്ത സംഭവത്തിന്മേല് അമേരിക്കയില്‍ ആഭ്യന്തര കലഹം. അമേരിക്കന്‍ വിദേശകാര്യസമിതി ചെയര്‍മാനായ എഡ് റോയിസാണ് ഇതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ പല തവണകളിലായി പല കുറ്റങ്ങളും ചെയ്തിട്ടും അവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് റോയിസ് രംഗത്തു വന്നിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് കൊണ്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് റോയിസ് കത്തയച്ചു കഴിഞ്ഞു. ദേവയാനിയുടടെ പേരില്‍ നടപടിയെടുത്ത അമേരിക്ക റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ എന്തു കൊണ്ടു നടപടി എടുക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. റഷ്യന്‍ നയതന്ത്രജ്ഞര്‍ വിദേശകാര്യ പ്രതിനിധികളായി ഇപ്പോളും രാജ്യത്ത് തുടരുന്നത് ഏത് അര്‍ത്ഥത്തിലാണെന്നും അദ്ദേഹം ചോദിക്കുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ നിരവധി റഷ്യക്കാരാണ് രാജ്യത്തുള്ളത്. ഇവരുടെ വിസ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അമേരിക്ക കടക്കണമെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ തെറ്റായ വിവരങ്ങള്‍ നല്കി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും 10 വര്‍ഷത്തിനിടെ 15 ലക്ഷം രൂപയാണ് റഷ്യന്‍ നയതന്ത്ര പ്രതിനിധികളും അവരുടെ സഹായികളും ചേര്‍ന്ന് അടിച്ചു മാറ്റിയതെന്ന ആരോപണവുമായി ഇന്ത്യക്കാരനായ പ്രീത് ബരാരയും രംഗത്തെത്തിയിരുന്നു. ഏതായാലും പുതിയ സംഭവത്തോടു കൂടി ദേവയാനി സംഭവത്തിന്മേല് അമേരിക്ക ആഭ്യന്തര കലഹത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.
Comments