You are Here : Home / എന്റെ പക്ഷം

കുട്ടിയുടുപ്പ് ഇട്ടതു കണ്ട് ഇപ്പൊ കിട്ടും എന്ന് കരുതി വരണ്ട

Text Size  

Story Dated: Friday, February 08, 2019 01:52 hrs UTC

കുട്ടിയുടുപ്പിട്ട ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുമ്പോള്‍ മെസഞ്ചറില്‍ തള്ളിക്കയറുന്ന ഞരമ്പന്‍ യുവാക്കള്‍ക്ക് മറുപടിയുമായി ജോമോള്‍ ജോസഫ്. 
 
 
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ..
 
ഞാന്‍ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടന്‍ കാപ്പി കുടിക്കും. രണ്ടരവയസ്സുള്ള മോന് ഭക്ഷണം വെച്ച് എട്ടരയാകുമ്പോള്‍ കൊടുക്കും. അതിനിടയില്‍ കെട്ട്യോനും കട്ടന്‍ കാപ്പി കൊടുക്കും (ഞങ്ങള്‍ കട്ടന്‍ കാപ്പി മാത്രമേ കുടിക്കാറുള്ളൂ, ചിലപ്പോ കട്ടന്‍ ചായേം)
 
അടുക്കളയില്‍ കയറി ഭക്ഷണം വെക്കലും മോനെ നോക്കലും തന്നെ നല്ലൊരു ജോലിയാണ്. എന്തേലും ചെയ്ത് വരുമ്പോള്‍ അവന്‍ കേറി കുളമാക്കുവേ.. ഒരു പത്തുമണിയാകുമ്പോ ഭക്ഷണം കഴിക്കും. പുട്ട്, ദോശ, ഇഡ്ഡലി, കപ്പ, ഇടിയപ്പം ഇതൊക്കെയാണ് പ്രധാനമായും രാവിലത്തെ ഭക്ഷണം.
 
ഒരു പതിനൊന്നര പന്ത്രണ്ട് മണിക്ക് മോന്‍ ആദിയെ ഭക്ഷണം കൊടുത്ത് കുളിപ്പിച്ച് ഉറക്കും. പിന്നെ തുണിയലക്കലും വീട് വൃത്തിയാക്കലും ഉച്ചക്കത്തെ ഭക്ഷണം കഴിക്കലും ഒക്കെയായി നല്ല തിരക്കാണ്. വീട്ടില്‍ രണ്ട് പഗ്ഗുകളും ഉണ്ട്. ഹാരിയും കുഞ്ഞുവും. അവരുടെ കാര്യവും ഇതിനെടേല് നോക്കണം.
 
ഒരു മൂന്നര നാലു മണിയാകുമ്പോഴേക്കും ആദി എണീക്കും. പിന്നെ അവന്റെ ഉറക്കപ്പിച്ചൊക്കെ മാറ്റിയെടുത്ത് വല്ലതും കഴിപ്പിക്കാനുള്ള തിരക്കായിരിക്കും. ഭക്ഷണം കഴിച്ചാല്‍ പിന്നെ ആദീടെ പ്രധാന ശ്രദ്ധ അടുക്കിപ്പെറുക്കി വെച്ച വീട് എങ്ങനെ വലിച്ചു വാരിയിടാം എന്നതാണ്. അതിനൊപ്പം തന്നെയാണ് അവന്റെ അതേ പ്രായമുള്ള കുഞ്ഞുവിനേം കൂട്ടിയുള്ള യുദ്ധം. പിന്നെ അവന്‍ ഉറങ്ങുന്നതുവരെ വീടൊരു യുദ്ധഭൂമിയായിരിക്കും.
 
ഇപ്പോഴും ആദിക്ക് മുലകൊടുക്കുന്നുണ്ട്. എപ്പോ വേണേലും, എന്ത് തിരക്കില്‍ നിക്കുമ്പോ വേണേലും അവന്‍ പാലുകുടിക്കാനായി വരും. ഉറക്കത്തിലും പാലു കുടിക്കാനായി അവന്‍ വിളിക്കും. ശ്രദ്ധിച്ചിരുന്നില്ലേല്‍, വിളിച്ചിട്ട് കേള്‍ക്കാതിരുന്നാല്‍ പിന്നെ ആദി കരച്ചിലും ബഹളവും ആയിരിക്കും.
 
എട്ടര ഒമ്പത് മണിയാകും ആദി കുളി കഴിഞ്ഞ് ഉറങ്ങാനായിട്ട്. ഉറക്കണേല്‍ ആദീടെ കൂടെ അരമണിക്കൂര്‍ കിടക്കം. അതു കഴിഞ്ഞാല്‍ പിന്നെ അവന്‍ വലിച്ചുവാരിയിട്ടത് മുഴുവനും പഴയതുപോലെ അടുക്കി പെറുക്കി വെക്കണം. കുഞ്ഞൂനും ഹാരിക്കും ഭക്ഷണം കൊടുക്കണം. കുളിക്കണം. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കണം. പിന്നെയാണ് ഞാനും ഭര്‍ത്താവുമായുള്ള ലോകം. ഒരുമിച്ചിരുന്ന് കഥ പറച്ചിലും ഫേസ്ബുക്ക് നോട്ടവും വാട്‌സാപ്പ് നോട്ടവും ഒക്കെയായി ജോളിയായി അങ്ങ് കൂടും. അതിനിടയില്‍ ഞങ്ങളുടെ റൊമാന്റിക് നിമിഷങ്ങളും വികാരപരമായ നിമിഷങ്ങളും ലൈംഗീകബന്ധവും ഒക്കെയുണ്ട് കേട്ടോ. ഒന്നര രണ്ടുമണിയാകുമ്പോഴേക്കും ഞങ്ങള്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും.
 
ഭര്‍ത്താവ് വീട്ടിലുള്ള ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ കറങ്ങാനായി പോകുന്ന ശീലമുണ്ട്. ചിലപ്പോ ആദിയുമായി പാര്‍ക്കിലേക്ക് പോകും, ചിലപ്പോ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകും, ചിലപ്പോ ബിയറു വാങ്ങാന്‍ പോകും, (ഇടക്ക് ഞങ്ങള്‍ രണ്ടുപേരും കൂടെ ബിയറടിക്കുന്ന സ്വഭാവവും ഉണ്ട് കേട്ടോ, എനിക്ക് ചിക്കന്‍ വവറുത്തത് ഇല്ലാതെ ബിയര്‍ അടിക്കാനാകില്ല. ഒരോ ബിയറാണ് ഞങ്ങള്‍ക്ക് ശീലം, ഇടക്ക് മൂന്ന് ബിയര്‍ വരെ ഞങ്ങള്‍ രണ്ടുപേരും കൂടി തീര്‍ക്കും), അങ്ങനെ എവിടെ പോകുവാണേലും ഒരുമിച്ച് പോകുന്ന, ഒരുമിച്ച് നടക്കാനാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ മൂന്നുപേരും.
 
ഞാന്‍ സ്ഥിരമായി ധരിക്കുന്നത് മോഡേണ്‍ ഡ്രസ്സാണ്. ത്രീഫോര്‍ത്ത് ജീന്‍സോ, ജീന്‍സോ, മിഡിയോ, ഫ്രോക്കോ ഒക്കെയാണ് സ്ഥിരം വേഷം. കൂടെയിടുന്നത് സ്ലീവ് ലെസ്സ് ടോപ്പാണ്. ആകെ മൂന്ന് കുര്‍ത്തിയാണ് ഉള്ളത്, ബാക്കിയൊക്കെ നേരത്തെ പറഞ്ഞ ഡ്രസ്സുകളാണ്. സാരി ഒരെണ്ണം പോലും എനിക്കില്ല. വീട്ടില്‍ മിനി സ്‌കേര്‍ട്ടും സ്സീവ് ലെസ്സ് സ്ലിറ്റ്‌സോ ടോപ്പോ ഒക്കെയാണ് രാത്രിയും പകലും വേഷം. ഒരു നൈറ്റിപോലും ഈ വീട്ടിലില്ല.
ഫേസ്ബുക്കില്‍ എന്റെ വാളിലും, ഡോഗ് ലവേഴ്‌സ് ഗ്രൂപ്പിലും, മറ്റുചില ഗ്രൂപ്പുകളിലും സജീവമാണ്. ചില വാട്‌സാപ്പ് ഗ്രൂപ്പുകളിലും, സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യുകയും, ഫോണ്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ഭര്‍ത്താവല്ലാതെ മനസ്സിന് ഇണങ്ങിയ വേറൊരാളെയും ഇതുവരെ പ്രേമിക്കാനായി കിട്ടിയിട്ടില്ല. എന്നാല്‍ ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ നിരവധി നല്ല സുഹൃത്തുക്കളെ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയിട്ടുമുണ്ട്. അവരോടൊക്കെ ഫോണിലോ ചാറ്റിലോ സംവദിക്കാനായി സമയം കിട്ടുമ്പോള്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയുമാണ് ഞാന്‍. എന്ന് കരുതി ഭര്‍ത്താവിനെ മറച്ചുവെച്ച് യാതൊരു ഇടപാടുകളും എനിക്കില്ല കേട്ടോ.
 
ഇത്രയും പറഞ്ഞത് എന്തിനാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? എനിക്ക് എന്നെ കുറിച്ച് ചോദിച്ച് ദിവസവും വരുന്ന, നൂറ്റമ്പതോളം മെസഞ്ചര്‍ മെസേജുകള്‍ക്ക് മറുപടി കൊടുക്കുക എന്നത് കഴിയുന്ന കാര്യമല്ല. കൂടാതെ യാതൊരു പരിചയവുമല്ലാത്തവരുടെ പത്തമ്പത് മെസഞ്ചര്‍ കോളുകളും സ്വീകരിക്കുക എന്നത് വലിയ സമയമെടുക്കുന്ന പരിപാടിയാണ്. ഒരാള്‍ തന്നെ ദിവസം നാലും അഞ്ചും തവണയൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മെസഞ്ചര്‍ നോക്കാറേയില്ല, നോട്ടിഫിക്കേഷന്‍ പോലും ഓഫാകകിയിട്ടേക്കുകയാണ്. കഴിഞ്ഞ ദിവസം അതായത് ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മാത്രം എനിക്ക് വന്നത് അഞ്ഞൂറോളം മെസഞ്ചര്‍ മെസേജുകളും, നൂറോളം മെസഞ്ചര്‍ കോളുകളും, പത്തുമുപ്പത് മെസഞ്ചര്‍ വീഡിയോ കോളുകളുമാണ്. ഇതിനൊക്കെ മറുപടി തരാനായി എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് ഞാാന്‍ മറുപടി തരാത്തത്. അതുമാത്രമല്ല ഇതൊക്കെ വല്ലാത്ത ശല്യമായി മാറുകയും ചെയ്യുന്നു പലപ്പോഴും. ആദിയെ ഉറക്കാന്‍ കിടത്തി, അവന്‍ ഉറങ്ങി വരുമ്പോഴാണ് ഏതെങകിലും സഹോദരന്റെ മെസഞ്ചര്‍ കോള്‍, ആദി പിന്നെ ഉറങ്ങില്ല. ഉറങ്ങാതെ നടക്കുന്ന ആദി പിന്നെ താലിബാന്‍ ഭീകരന്റെ മാനറിസങ്ങളായിരിക്കും കാണിക്കുക. അതോടെ എന്റെ അന്നത്തെ ജീവിതത്തിന്റെ ഓര്‍ഡര്‍ തെറ്റുകയും ചെയ്യും.
 
ഇനി രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണ്, എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണ്. അപ്പോള്‍ അത്യാവശ്യത്തിന് മാത്രം മെസഞ്ചറില വരാനായി ശ്രദ്ധിക്കുക, വെറുപ്പിക്കരുത്.
 
ആദിയുമായി യാത്ര പോകുമ്പോള്‍ അവന്‍ മുലപ്പാല്‍ ചോദിച്ചാല്‍, യാതൊരു മടിയും കൂടാതെ ടാക്‌സിയിലോ, ബസിലോ, ട്രെയിനിലിലോ,ഫ്‌ലൈറ്റിലോ, ഷോപ്പിങ് മാളിലോ, പാര്‍ക്കിലോ, ഹോട്ടലിലോ എന്ന യാതൊരുചിന്തയും കൂടാതെ ആദിയെ മുലയൂട്ടുന്ന അമ്മയാണ് ഞാന്‍. എന്റെ മുലകളില്‍ സൂര്യപ്രകാശം തട്ടിയാലോ, കാറ്റടിച്ചാലോ, ആകാശം ഇടിഞ്ഞുവീഴും എന്ന ചിന്ത എനിക്കില്ല. ഈ ലോകത്തുള്ള എല്ലാ സ്ത്രീകളേയും പോലെ രണ്ട് മുലകള്‍ മാത്രമേ എനിക്കുമുളളൂ. വലുപ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം എന്നുമാത്രം.
 
എന്റെ ഭര്‍ത്താവും ഞാനുമായി നല്ല പ്രേമം ഇന്നും നിലനില്‍ക്കുന്നുണ്ട്, പരിചയപ്പെട്ട് ഇത്ര കാലമായിട്ടും ഇന്നും ഞങ്ങളുടെ പ്രണയത്തിന്റെ ആഴവും തീവ്രതയും കൂടി വരുന്നതേയുള്ളൂ. കൂടാതെ നല്ല രീതിയില്‍ സെക്‌സ് ആസ്വദിക്കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും, എന്റെ ഭര്‍ത്താവില്‍ നിന്നും സെക്‌സില്‍ പരിപൂര്‍ണ്ണ തൃപ്തയുമാണ് ഞാന്‍. ഗര്‍ഭിണിയായി പ്രസവം കഴിഞ്ഞ് മൂന്ന് മാസക്കാലം ലൈംഗീക ബന്ധത്തില്‍ നിന്നും അകന്നു നിന്നിടാടും ഞങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. അതായത് സെക്‌സ് മാത്രമല്ല കുടുംബജീവിതത്തിന്റെയോ പ്രണയത്തിന്റെയോ അടിസ്ഥാനം എന്നതും ഞങ്ങളുടെ ജീവിതത്തില്‍ നിന്നും ഇവിടെ പങ്കുവെക്കാനായി ആഗ്രഹിക്കുകയാണ്. കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തളളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
 
ഞാനെന്ത് വസ്ത്രം ധരിക്കണം, എന്റെ ഏത് ചിത്രം ഫേസ്ബുക്കിലിടണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആ സ്വാതന്ത്ര്യം എങ്ങനെയുപയോഗിക്കണം എന്നെനിക്ക് നന്നായി അറിയാം. എനിക്ക് അറിവില്ലാത്തത് എന്റെ ഭര്‍ത്താവിനോടോ കൂട്ടുകാരോടോ ചോദിച്ച് മനസ്സിലാക്കാനും മടിയില്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം ഉപദേശകരുടെ ആവശ്യം ഇല്ല എന്ന് സ്‌നേഹപൂര്‍വ്വം അറിയിക്കട്ടേ.
 
പതിനെട്ട് വയസ്സുവരെ അപ്പന്റേയും അമ്മയുടേയും തണലില്‍ ജീവിച്ച ഞാന്‍, പതിനെട്ട വയസ്സിന് ശേഷം ഇന്നുവരെ സ്വന്തം കാലിലാണ് ജീവിക്കുന്നത്. പതിനെട്ട് വയസ്സിന് ശേഷം ഇന്നുവരെ വീട്ടുകാരെ ഒരു കാര്യത്തിനും ആശ്രയിച്ചിട്ടില്ല. ഇപോള്‍ ഏഴ് വര്‍ഷമായി എന്റെ ഭര്‍ത്താവും ഞാനുമടങ്ങുന്നതാണ് ഞങ്ങളുടെ ലോകം. രണ്ടര വര്‍ഷമായി ഞങ്ങളുടെ ലോകത്തില്‍ ആദി കൂടിയുണ്ട്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും സ്വീകാര്യമായ ജീവിതമാണ് ഞങ്ങളുടേത്. അതില്‍ കൂടുതല്‍ ആരേയും ബോധിപ്പിച്ച് ജീവിക്കേണ്ട സാഹചര്യം ഞങ്ങള്‍ക്കില്ല എന്നും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇനിമുതല്‍ മോഡലിങ് കൂടെ ചെയ്യണം എന്നതാണ് ആഗ്രഹം. അതിനായുള്ള ശ്രമം തുടങ്ങിയ വിവരവും സന്തോഷത്തോടെ അറിയിക്കുകയാണ്.
 
എന്റെ ജീവിതം, എന്റെ സ്വാതന്ത്ര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.