You are Here : Home / EDITORS PICK

ഒരു 11 വയസ്സുകാരിയുടെ കാത്തിരിപ്പ്

Text Size  

Story Dated: Tuesday, November 27, 2018 12:14 hrs UTC

ന്യൂയോര്‍ക്ക്: ജോര്‍ജിയയിലെ ഒരു ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് ഒരു സംഘം കുടിയേറ്റ സ്ത്രീകളെ ടെക്‌സസിലേയ്ക്ക് കൊണ്ടു വന്നത് നാലു മാസം മുന്‍പാണ്. അമ്മമാരെ, അവരുടെ മക്കളുമായി ഒന്ന് ചേര്‍ക്കുകയായിരുന്നു ഉദ്ദേശം. അടുത്ത കുറെ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഓരോരുത്തരുടെയും പേര് വിളിക്കുമ്പോള്‍ അടുത്തത് തന്റെ പേരായിരിക്കുമെന്ന് കരുതി ഗ്വാട്ടിമാലയില്‍ നിന്നെത്തിയ 38 വയസുള്ള വില്‍മ കരില്ലോ ചെവിയോര്‍ത്തു നിന്നും. അവരുടെ കാത്തിരിപ്പ് വെറുതെ ആയിരുന്നു. എന്റെ പേര്‍ വിളിച്ചില്ല. അവര്‍ പരാതിപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ ആരും കേട്ടതായി പോലും ഭാവിച്ചില്ല. വില്‍മയുടെ മകള്‍ 11 വയസുള്ള യീസ് വിയും കാത്തിരിക്കുകയാണ്. അമ്മയുമായി ചേരാന്‍. മെയ് മാസത്തില്‍ പിരിഞ്ഞതിനുശേഷം അവള്‍ തന്റെ അമ്മയെ കണ്ടിട്ടില്ല. ആഴ്ചയില്‍ രണ്ടു തവണ അവര്‍ക്ക് തമ്മില്‍ ഫോണില്‍ സംസാരിക്കുവാന്‍ കഴിയുന്നുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം. മധ്യ അമേരിക്കയില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കുകളില്‍പ്പെട്ട് ഉഴലുകയാണ് വില്‍മയും മകളും. മറ്റു പല കുടിയേറ്റ കുടുംബങ്ങളില്‍ നിന്ന് വ്യത്യസ്തവും കൂടുതല്‍ സങ്കീര്‍ണവുമാണ് ഈ അമ്മയുടെയും മകളുടെയും പ്രശ്‌നം. യീസ് വി യുഎസ് പൗരത്വം ഉള്ള കുട്ടിയാണ്. ഈ കാരണത്താല്‍ വില്‍മയ്ക്ക് അവളുടെ പരിപാലനം നഷ്ടപ്പെടും എന്ന ഭീഷണിയാണ് അവര്‍ക്ക് കൂടെക്കൂടെ കേള്‍ക്കേണ്ടി വരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ഭീഷണിയാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മകളെ യുഎസില്‍ എത്തിക്കുവാന്‍ വില്‍മയെ പ്രേരിപ്പിച്ചത്. ഗ്വാട്ടിമാലയില്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം നേരിടുന്നതിനാല്‍ തനിക്ക് യുഎസില്‍ അഭയം നല്‍കണമെന്ന് വില്‍മ അപേക്ഷിച്ചു. ഈ വര്‍ഷമാദ്യം, ട്രംപ് ഭരണകൂടം ഗാര്‍ഹിക പീഡനം അഭയം നല്‍കുന്നതിന് കാരണമായി സ്വീകരിക്കാനാവില്ല എന്ന് തീരുമാനിച്ചു. അക്കാരണത്താല്‍ വില്‍മയുടെ അപേക്ഷ നിരസിക്കപ്പെട്ടു. വില്‍മ ഗ്വാട്ടിമാലയിലേക്ക് മടങ്ങി പോയാലും മകളെ അവര്‍ക്കൊപ്പം ചേരാന്‍ ഗ്വാട്ടിമാലയിലേക്ക് അയയ്ക്കുകയില്ലെന്ന് കുടിയേറ്റ നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഗാര്‍ഹിക പീഡനം നടക്കുന്ന വീട്ടിലേയ്ക്ക് കുട്ടികളെ അയയ്ക്കരുത് എന്നാണ് യുഎസ് നിയമം. യീസ് വിയുടെ അമേരിക്കന്‍ പൗരത്വം മറ്റൊരു പ്രശ്‌നമാണ്. കുടിയേറ്റ കുടുംബങ്ങള്‍ ഒരു ബോണ്ട് നല്‍കി നിബന്ധനകള്‍ക്ക് വിധേയമായി അമേരിക്കയ്ക്കുള്ളില്‍ കഴിയാം. അല്ലാത്തവര്‍ക്ക് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാം. എന്നാല്‍ യുഎസ് പൗരത്വം ഉള്ള ഒരാളെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കുടിയേറ്റക്കാര്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നത് നിയമ വിരുദ്ധമാണ്. അതിനാല്‍ യീസ് വിയ്ക്ക് ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയാനാവില്ല. തമ്മില്‍ പിരിഞ്ഞ് ആറ് മാസത്തിനുശേഷം യീസ് വി ഫോസ്റ്റര്‍ കെയറില്‍ കഴിയുന്നു. വില്‍മ ഒരു നാടുകടത്തല്‍ ഓര്‍ഡറിനെതിരെ നല്‍കിയ അപ്പീലിന്റെ വിധി കാത്ത് ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്നു.വില്‍മ കരുതിയത് മകള്‍ക്ക് യുഎസ് പൗരത്വം ഉള്ളതിനാല്‍ തങ്ങള്‍ക്ക് സംരക്ഷണം ലഭിക്കും എന്നാണ്. അവര്‍ അറിയാതെ പോയത് മകളെ അവര്‍ക്ക് നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട് എന്ന കാര്യമാണ്. അറ്റ് ലാന്റയിലെ നിയമ സഹായ സ്ഥാപനം തഹരിഹ് ജസ്റ്റീസ് സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷാനറ്റബക് പറയുന്നു. വില്‍മയെ പ്രതിനിധാനം ചെയ്യുന്ന ഒരു അഭിഭാഷകയാണിവര്‍. ഒരു ഫെഡറല്‍ ജഡ്ജ് ഗവണ്‍മെന്റിനോട് വേര്‍പിരിക്കപ്പെട്ട കുടിയേറ്റ കുടുംബങ്ങള്‍ ഒന്നിപ്പിക്കണം എന്ന് നിര്‍ദേശിച്ചതിനുശേഷം ഏതാണ്ട് 2,500 കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നു. 2018 അവസാനിക്കുമ്പോള്‍ ഇനിയും ഏതാണ്ട് 100 കുടിയേറ്റ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം ചേരാനുണ്ട്. ഇവരില്‍ പകുതിയും ഷെല്‍ട്ടറുകളിലോ ഫോസ്റ്റര്‍ കെയറിലോ ആണ്. കാരണം ഇവരില്‍ ചിലരുടെ മാതാപിതാക്കള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെടുന്നതിനാലാണ്. യീസ് വി ജോര്‍ജിയയിലെ വിഡാലിയയില്‍ 2006 ല്‍ ജനിച്ചു. മൂന്നു വര്‍ഷം മുന്‍പാണ് മാതാപിതാക്കള്‍ നിയമ വിരുദ്ധമായി യുഎസ് അതിര്‍ത്തി കടന്നെത്തി താമസമാക്കിയത്. അങ്ങനെ ജനനം കൊണ്ട് ലഭിച്ചതാണ് യീസ് വിയുടെ അമേരിക്കന്‍ പൗരത്വം. 2007 ല്‍ വില്‍മയുടെ രോഗബാധിതയായ അമ്മയുമൊത്ത് ഒന്നിക്കുവാന്‍ കുടുംബം ഗ്വോട്ടിമാലയിലെ സ്വന്തം ഗ്രാമം ഹുയേ ഹുയേടെ നാംഗോയിലേക്ക് മടങ്ങി. ഏതാനും വര്‍ഷത്തിനുശേഷം തന്റെ ഭര്‍ത്താവ് ഹുവാന്‍ ബെര്‍നാര്‍ഡോ തന്നെ ശാരീരികമായി ഉപദ്രവിക്കുവാന്‍ ആരംഭിച്ചു എന്ന് വില്‍മ പറയുന്നു. കത്തുന്ന കല്‍ക്കരി തന്റെ മേല്‍ക്ക് എറിയുകയും മുന്‍വശത്തെ നാല് പല്ല് ഇടിച്ച് തെറിപ്പിക്കുകയും ചെയ്തതായും പരാതി തുടരുന്നു. പീഡനം സഹിക്ക വയ്യാതെ അമ്മയും മകളും 2018 മെയ് മാസത്തില്‍ വടക്കോട്ട് പ്രയാണം തുടര്‍ന്നു. വിഡാലിയയില്‍ വില്‍മയുടെ സഹോദരനുണ്ട്. അയാളുമായി ചേരുകയായിരുന്നു ലക്ഷ്യം. അമേരിക്കന്‍ പൗരത്വം ഉള്ള മകളോടൊപ്പം വരുന്നതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന് വില്‍മ കരുതി. മെയ് 10 ന് അരിസോന അതിര്‍ത്തിയിലെത്തിയ അമ്മയെയും മകളെയും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ തടഞ്ഞുവച്ചു. യീസ് വിക്ക് തനിക്കൊപ്പം കഴിയാനാവില്ല എന്ന് അധികാരികള്‍ തന്നോട് പറഞ്ഞതായി വില്‍മ പറയുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അധികാരികള്‍ തന്റെ മകളെ ബലം പ്രയോഗിച്ച് കൊണ്ടുപോയി എന്നും പരാതിപ്പെടുന്നു. യീസ് വി ഇപ്പോള്‍ റോസ ഫെര്‍ണാണ്ടസ് എന്ന ഫോസ്റ്റര്‍ രക്ഷാകര്‍ത്താവിനൊപ്പം വളരുന്നു. അവള്‍ സ്‌കൂളില്‍ പോകുന്നു. പൊതുവെ സന്തോഷവതിയാണ്. എങ്കിലും അമ്മ ഒപ്പം ഇല്ല എന്ന ദുഃഖം അവളെ അലട്ടുന്നുണ്ടെന്ന് റോസ പറഞ്ഞു. വിമന്‍സ് റഫ്യൂജി കമ്മീഷനിലെ മൈഗ്രന്റ് റൈറ്റ്‌സ് ആന്‍ഡ് ജസ്റ്റീസ് ഡയറക്ടര്‍ പറയുന്നത് കോടതി യീസ് വിയുടെ മാതാപിതാക്കളുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുകയായിരിക്കും വില്‍മയെ ഡീപോര്‍ട്ട് ചെയ്യുകയോ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തന്നെ തുടരണമെന്ന് തീരുമാനിക്കുകയോ ചെയ്താല്‍ സംഭവിക്കുക എന്നാണ്. ഇങ്ങനെ സംഭവിച്ചാല്‍ യീസ് വിയെ ദത്തെടുക്കാന്‍ ഏതെങ്കിലും അമേരിക്കന്‍ ദമ്പതികളോട് നിര്‍ദേശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.