You are Here : Home / EDITORS PICK

കേരളം ഭ്രാന്താലയമോ!

Text Size  

Story Dated: Saturday, March 10, 2018 12:53 hrs UTC

തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്, കേരളത്തിന് വെളിയില്‍ താമസിക്കുന്ന എനിക്ക് ഈയിടെ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനീതികളും, അക്രമങ്ങളും, എന്തിനേറെ നാരകീയമായ കൊലപാതകങ്ങളും വാട്ട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ വിവേകാനന്ദന്‍ ഒരിക്കല്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതോര്‍മ്മയില്‍ ഓടിയെത്തി. കേരളത്തില്‍ എന്നാണ് വാസ്തവത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈയിടെ നടന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. കണ്ണൂരില്‍ സുഹൈബ് എന്നയാളെ അതിദാരുണമായി വെട്ടിക്കൊന്നു. അതിനു പിറകെയാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ആദിവാസി കോളനിയിലെ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ പിടികൂടി കാട്ടുമൃഗത്തെപ്പോലെ തല്ലിക്കൊന്നു എന്ന വാര്‍ത്ത കാണുന്നത്. കുറെക്കഴിഞ്ഞ് ചെറിയൊരു വാര്‍ത്ത കേരളത്തിലെ പത്രങ്ങളില്‍ കണ്ടു.

കത്തോലിക്കരുടെ ഒരു പുണ്യകേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ 6-ാം സ്ഥലത്ത് വച്ച് യേശുക്രിസ്തുവിനെ പടയാളി കുന്തം കൊണ്ടു കുത്തി മുറിവേല്പിച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ കപ്യാരു കുത്തി പ്രധാന പുരോഹിതനായ ഫാ. സേവ്യര്‍ തേലക്കാട് എന്ന വൈദികന്‍ മരണമടഞ്ഞു എന്ന്. വാസ്തവത്തില്‍ വൈദികന്റെ വാര്‍ത്ത വായിച്ച ഒരു കത്തോലിക്കാമത വിശ്വാസികൂടിയായ ഞാന്‍ പ്രവാസികളായ ചില മതവിശ്വാസികളോടു വിവരം പറഞ്ഞപ്പോള്‍ കുത്തിയ കപ്യാര് ഒരു പുണ്യവാളനാണ് എന്ന മറുപടിയാണ് കിട്ടിയത്. പിന്നീടാണറിഞ്ഞത് ആള്‍ മദ്യപാനിയും പ്രശ്‌നക്കാരനും ആയിരുന്നു എന്ന്. പണ്ടൊക്കെ ഒരു വൈദികന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രവാസികളായ വിശ്വാസികള്‍ കേട്ടാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും, യുണൈറ്റഡ് നേഷന്‍സിന്റെയും മുമ്പില്‍ പോയി പ്രകടനം നടത്തുകയും ഇന്ത്യാ ഗവണ്‍മെന്റിന് പരാതി കൊടുക്കുകയും ചെയ്യുന്ന ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. എന്നാല്‍ കത്തോലിക്കരുടെ പുണ്യകേന്ദ്രമായ മലയാറ്റൂരിലെ പ്രധാന പുരോഹിതനെ കൊന്നിട്ട് ഒറ്റ കത്തോലിക്കര്‍ പോലും ശബ്ദിക്കാത്തത് എന്താെണെന്ന് ഇനിയും ചിന്തിച്ചിട്ടും പിടികിട്ടാത്ത ഒന്നാണ്.

ആ വൈദികന്റെ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ഒരു വീഡിയോ ഏതോ ഒരു മതവിശ്വാസി എന്റെ വാട്ട്‌സ് ആപ്പില്‍ പോസ്റ്റു ചെയ്തു. അത് നോക്കിയപ്പോള്‍ വൈദികന്‍ ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനെപ്പോലെ തോന്നിപ്പോയി. ഇക്കണക്കിന് കത്തോലിക്ക സഭ പോവുകയാണെങ്കില്‍ എന്തായിരിക്കും സഭയുടെ ഗതി എന്നും ഞാനോര്‍ത്തുപോയി. ബലിയാടുകളാകുന്നത് ചെറുക്കാരായ വൈദികരും. ഏറ്റവും ഒടുവില്‍ കാണാനിടയായ വാര്‍ത്തയനുസരിച്ച് മതമേലദ്ധ്യക്ഷന്മാരുടെ പ്രേരണയാലോ, മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ എന്നറിയില്ല കൊല്ലപ്പെട്ട വൈദികന്റെ മാതാവും കുടുംബാംഗങ്ങളും കൊലയാളികളായ കപ്യാര്‍ക്കു മാപ്പു നല്‍കുന്നതായും കാണുന്നു. സഭാതലത്തിലുള്ള ഏറ്റുമുട്ടലുകള്‍ മൂലമോ എന്തോ എന്നറിയില്ല, കര്‍ദ്ദിനാളോ, ബിഷപ്പുമാരോ ആരും തന്നെ യാതൊരു പ്രസ്ഥാവനകളും പുറപ്പെടുവിച്ചും കണ്ടില്ല. അമേരിക്കയിലുള്ള ഏറ്റവും വലിയ സംഘടന എന്നറിയപ്പെടുന്ന ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ഭാരവാഹികളോ, അതുപോലെ തന്നെ സീറോ-മലബാര്‍ കാത്തലിക് ഡയോസിസിന്റെ കീഴിലുള്ള എസ്.എം.സി.സി.യോ ഒന്നും മിണ്ടാതെ പഞ്ചപുച്ഛമടക്കി നില്ക്കുന്നതും എന്താണെന്നു മനസ്സിലാകുന്നില്ല.

അവരുടെയെല്ലാം പ്രതികരണശേഷി നശിച്ചുപോയതുപോലെ തോന്നുന്നു. ഇനി ആദിവാസികളെപ്പറ്റി ഒരല്പം പറഞ്ഞുകൊള്ളട്ടെ. 1970-കളിലും 80-കളിലും കേരളത്തിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുമായി വളരെ അടുത്ത് ഇടപെടുന്നതിനും എനിക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇതരവിഭാഗങ്ങലെ അപേക്ഷിച്ച് അസംഘടിതരെങ്കിലും സഹജീവികളോടും, സഹായം നല്‍കുന്നവരോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു വിഭാഗമാണവര്‍ എന്ന് എടുത്തുപറയേണ്ടത്. വാസ്തവത്തില്‍ ആദിവാസികള്‍ വിദ്യാസമ്പന്നരെ അപേക്ഷിച്ച് നിഷ്കളങ്കരും സ്‌നേഹമുള്ളവരുമാണ് എന്നുള്ളത് എടുത്തുപറയത്തക്ക ഒന്നാണ്. വിദ്യാഭ്യാസമില്ലാത്ത ഇക്കൂട്ടരെ ദൈവമക്കളായി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാനോര്‍ത്തു പോകുന്നു. അട്ടപ്പാടി ഇന്ന് വിദേശ ടൂറിസ്റ്റുകളുടെയും തീര്‍ത്ഥാടകരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണല്ലോ. ലോകമെമ്പാടും സുവിശേഷ പ്രഘോഷണം നടത്തുന്ന സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ ധ്യാനകേന്ദ്രത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ഒരു സ്ഥലവുമാണത്. ഇവയ്‌ക്കെല്ലാം പുറമെ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും, എന്തിനേറെ, ലോകബാങ്കില്‍ നിന്നുവരെ ഏറ്റവും കൂടുതല്‍ പണം ചിലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് അട്ടപ്പാടി. ആദിവാസികളുടെ ക്ഷേമത്തിന്റെ പേരിലാണ് അട്ടപ്പാടിക്ക് ഇത്രമാത്രം പ്രാധാന്യം ലഭിക്കാന്‍ കാരണം എന്നുള്ളത് എടുത്തുപറയേണ്ടതില്ലല്ലോ.

മധു എന്ന ആദിവാസി ചെറുപ്പക്കാരനെ തല്ലിക്കൊന്ന സംഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടത് ആദിവാസികളുടെ കോളനിയില്‍ ഇതെവരെ ശരിയായ വിദ്യാഭ്യാസമോ, വികസനപ്രവര്‍ത്തനങ്ങളോ എത്തിയിട്ടില്ല എന്നുള്ളതാണ്. 100 ശതമാനം സാക്ഷരത കൈവരിച്ചു എന്നവകാശപ്പെടുന്ന കേരളത്തിലെ മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ വാസ്തവത്തില്‍ ആദിവാസികളുടെ കോളനികളില്‍ നേരിട്ടുപോയി അവരുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതാണ്. കോണ്‍ഗ്രസ് നേതൃത്വവും കമ്മ്യൂണിസ്റ്റ് നേതൃത്വവും മാറി മാറി വന്നിട്ടും കേരളത്തിലെ ഗിരിജനങ്ങളുടെയും ഹരിജനങ്ങളുടെയും അവസ്ഥയ്ക്ക് കാതലായ മാറ്റം വരാത്തതെന്ത്? അവരുടെ പേരിലാണല്ലോ ഭരണനേതൃത്വം ഇന്നും വിദേശങ്ങളില്‍ നിന്നുപോലും സഹായം ഇരന്നുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍, ഇന്നു കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും, ഹീനകൃത്യങ്ങളും കാണുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് എത്രയോ അര്‍ത്ഥവത്താണെന്ന് തോന്നിപ്പോകുന്നു.

 

ഒരുവശത്ത് ജനപ്രതിനിധികളെന്ന വ്യാജേന സാമാന്യജനങ്ങളെ കബളിപ്പിച്ച് മാന്യന്മാരായി നടക്കുന്ന രാഷ്ട്രീയക്കാരും, മറ്റൊരു വശത്ത് മതങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ ചുമലില്‍ വലിയഭാരം വച്ചുകൊടുത്ത് സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യാത്ത മത പ്രചാരകരും ഒന്നിച്ചു വസിക്കുന്ന കേരളം ഭ്രാന്താലയമായി മാറിക്കഴിഞ്ഞു. ഈയിടെയായി ജന്മനാടിനോട് അമിതമായ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന പ്രവാസികളെയും ഇക്കൂട്ടര്‍ നാനാമാര്‍ഗ്ഗങ്ങളുപയോഗിച്ച് ചൂഷണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മാനുഷിക നിയമങ്ങള്‍ക്കും ദൈവികനിയമങ്ങള്‍ക്കും ഇക്കൂട്ടര്‍ യാതൊരുവിലയും കല്പിക്കാതെ എല്ലാം നേതാക്കളുടെ ഇഷ്ടപ്രകാരം തമസിക്കരിക്കുന്നതുപോലെ തോന്നുന്നു. അതിന് ഉദാഹരണങ്ങളാണ് പ്രധാനവാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുക്കാതെ അപ്രസക്തങ്ങളായ വാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുക്കുന്ന ചില മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ വാര്‍ത്താതമസ്ക്കരണം എന്ന അടവ്.

 

പ്രവാസികളായ മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും ഒരുപക്ഷേ തുറന്നെഴുതിയാല്‍ കേരളത്തില്‍ നടക്കുന്ന പല ഹീനകൃത്യങ്ങും വെളിച്ചത്തുകൊണ്ടുവരുന്നതിനും, കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും, ക്രമസമാധാനവും, നീതി നിര്‍വ്വഹണവും വേണ്ടവിധത്തില്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കാനും കഴിഞ്ഞേക്കും. അങ്ങിനെ കേരളത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാവാന്‍ ഇടയാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോടൊപ്പം ഈ നോയമ്പുകാലത്ത് കേരളത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട സുഹൈബ്, ആദിവാസി മധു, ഫാ. സേവ്യര്‍ തേലക്കാട്, തുടങ്ങിയവര്‍ക്കെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം കേരളജനതയുടെ മനോഭാവത്തിന് മാറ്റം വരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.