കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് സപ്ലൈക്കോ സൗജന്യ കിറ്റ് വിതരണം രണ്ട് ദിവസത്തിനകമുണ്ടാകുമെന്ന പ്രഖ്യാപനം സാധാരണക്കാരന് നൽകിയത് വലിയ ആശ്വാസമാണ്. ഇതിനായുള്ള വിതരണത്തിനുള്ള ബാഗ് സംഭരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിറ്റിനുള്ളിൽ വെള്ളിച്ചണയും പഞ്ചസാരയും ഉൾപ്പെടെ 10 ഇനങ്ങളാകും ഉണ്ടാവുക. എന്തൊക്കെ സാധനങ്ങളാകും ഈ കിറ്റിൽ ഉണ്ടാവുകയെന്ന് നോക്കാം. കിറ്റിലുള്ള സാധനങ്ങൾ
പഞ്ചസാര പയർ കടല തുമര പരിപ്പ് ഉഴുന്ന് വെളിച്ചെണ്ണ തേയില ആട്ട സാമ്പാർപൗഡർ രസം പൗഡർ മല്ലിപ്പൊടി മുളക്്പൊടി കടുക് ഉപ്പ് വാഷിംഗ് സോപ്പ്
കിറ്റ് വിതരണം ആരംഭിക്കാൻ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വോളണ്ടിയർമാർ വഴിയാകും വിതരണം. അതേസമയം, സൊമാറ്റോ വഴിയുള്ള ഓൺലൈൻ വിതരണം നാളെ മുതൽ കൊച്ചിയിൽ ആരംഭിക്കും. ഇതിനായുള്ള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇത് വിജയകരമായാൽ 17 കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും സപ്ലൈക്കോ എംഡി അറിയിച്ചു. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണത്തിനായി ആരും ബുദ്ധിമുട്ടരുതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ ഹോട്ടലിനെ ആശ്രയിച്ചവർക്കായി കമ്യൂണിറ്റി കിച്ചൺ തുറക്കാനും, എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി നൽകാനും ഇന്നലെ തീരുമാനിച്ചിരുന്നു. ബിപിഎൽ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാർഡുകൾക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും പരിഗണനയിലുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് കിറ്റ് വീട്ടിൽ എത്തിക്കാനും ധാരണയായിട്ടുണ്ട്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസ വേതനക്കാർ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതിന് പ്രതിവിധിയായാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം.
Comments