വാഷിങ്ടന്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് 94 -ാം വയസ്സില്‍ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച അവസാന സൈനികനായ പ്രസിഡന്റായി പലരും വിശേഷിപ്പിച്ച എച്ച് ഡബ്ല്യു (ബുഷ് സീനിയര്‍) കുലീനതയും മാന്യതയും പ്രദര്‍ശിപ്പിച്ച് ഏവരുടെയും ആദരവ് നേടി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ 41 -ാം കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തിനും സാമര്‍ത്ഥ്യത്തോടെ ഒരു നയതന്ത്രജ്ഞനായും സിഐഎ തലവനായും ബുഷ് സീനിയര്‍ സജീവ സാക്ഷ്യവും നേതൃത്വവും വഹിച്ചു. പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റായി എട്ടു വര്‍ഷം ഭരിച്ച എച്ച് ഡബ്ല്യുവിന് പക്ഷെ പ്രസിഡന്റായി നാലു വര്‍ഷം മാത്രമേ ഭരിക്കുവാന്‍ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ ജനസമ്മിതിക്ക് ഇടിവ് സംഭവിക്കുകയും നികുതി വര്‍ധിപ്പിക്കുകയില്ല എന്ന പ്രഖ്യാപനത്തില്‍ നിന്ന് (റീഡ് മൈ ലിപ്‌സ് എന്ന പ്രസിദ്ധമായ മറുപടി) പിന്നോട്ട് പോകേണ്ടി വരികയും റോസ് പെ റോ ജൂനിയര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എത്തി 19% വോട്ടുകള്‍ നേടിയതും മത്സരം ബില്‍ ക്ലിന്റണ് അനുകൂലമാക്കി.
അങ്ങനെ ഒരു രണ്ടാമൂഴത്തിന് ശ്രമിച്ച ബുഷ് സീനിയറിന് 1993 ല്‍ വിശ്രമ ജീവിതം ആരംഭിക്കേണ്ടി വന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടിലധികം പൊതുജീവിതത്തില്‍ മാന്യതയും ജനസേവനവും ആവശ്യമാണെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ക്ലിന്റണെ സുഹൃത്തായി അംഗീകരിച്ച് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മകമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നു. തന്റെ കുടുംബത്തിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നതിനൊപ്പം ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കോയ്മ നല്‍കുവാനും മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷിനെ ടെക്‌സസ് ഗവര്‍ണറാക്കുവാന്‍ സഹായിക്കുവാനും സീനിയര്‍ ബുഷിന് കഴിഞ്ഞു. ബുഷ് ജൂനിയര്‍ പ്രസിഡന്റാകുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ആരോഗ്യനില വഷളായികൊണ്ടിരുന്ന 4 ന് 73 വര്‍ഷം തന്റെ ജീവിത പങ്കാളിയായിരുന്ന ബാര്‍ബറ ബുഷിന്റെ വിയോഗം കൂടുതല്‍ തളര്‍ത്തി. ഏപ്രിലില്‍ അവരുടെ സംസ്‌കാരം നടന്നതിന്റെ അടുത്ത ദിവസം തന്നെ സീനിയര്‍ ബുഷ് രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആകേണ്ടി വന്നെങ്കിലും അസുഖം ഭേദമായി വീട്ടിലേയ്ക്ക് പെട്ടെന്ന് മടങ്ങാന്‍ കഴിഞ്ഞു. ഒക്ടോബര്‍ 7 ന് പേരക്കുട്ടി ബാര്‍ബറാ ബുഷിന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ തീരെ അവശനായിരുന്നു. മരണം നവംബര്‍ 30 ന് വെള്ളിയാഴ്ച രാത്രി 10 മണിക്ക് സംഭവിച്ചു. മരിക്കുമ്പോള്‍ സമീപത്ത് കുടുംബാംഗങ്ങളും ബുഷ് സീനിയറിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജെയിംസ് ബേക്കറും കുടുംബവും ഉണ്ടായിരുന്നു.
ബുഷ് സീനിയറിന്റെ പിതാവ് രണ്ട് തവണ കണക്ടിക്കട്ടില്‍ നിന്ന് യുഎസ് സെനറ്ററായിരുന്നു. തന്റെ മകനും അമേരിക്കയുടെ പ്രസിഡന്റാവുന്ന രണ്ടാമത്തെ പ്രസിഡന്റാണ് എച്ച് ഡബ്ല്യു , പ്രസിഡന്റ് ജോണ്‍ ആഡംസിന്റെ മകനും പ്രസിഡന്റായതാണ് ആദ്യ ചരിത്രം. ബുഷ് ജൂനിയര്‍ രണ്ട് തവണ ടെക്‌സസ് ഗവര്‍ണറായി. പിന്നീട് രണ്ട് തവണ അമേരിക്കയുടെ പ്രസിഡന്റായി. ഇളയ മകന്‍ ജെബ് ബുഷ് ഫ്‌ലോറിഡ ഗവര്‍ണറായി. പ്രസിഡന്റ് സ്ഥാനാര്‍ ത്ഥിയാകാന്‍ ശ്രമിച്ചെങ്കിലും ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടു. മഹത്തായ ഒരു ഉദ്യോഗമായി ഗവണ്‍മെന്റ് ജോലി എച്ച് ഡബ്ല്യു വിശേഷിപ്പിച്ചിരുന്നു. ഇന്ന് പലര്‍ക്കും അസാധാരണമായി തോന്നാവുന്ന മറ്റൊരു നിര്‍വചനം കൂടി ബുഷ് സീനിയറിന്റേതായി ഉണ്ട്. മര്യാദയെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്. രാഷ്ട്രീയ ശത്രുക്കളില്ല, എതിരാളികളേ ഉള്ളൂ എന്നും പറഞ്ഞിരുന്നു. 1988 ല്‍ വലിയ വിജയം നേടിയാണ് ബുഷ് സീനിയര്‍ പ്രസിഡന്റായത്. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ഇതു വിജയം റീഗന്റെ ഭരണവും ജനപ്രിയതയും മൂലമാണെന്ന് വിലയിരുത്തി. ഇപ്രകാരം ശരിയായ വിലയിരുത്തല്‍ എച്ച് ഡബ്ല്യുവിന് നഷ്ടമായ ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായി. എങ്കിലും 41 ന്റെ നേട്ടങ്ങള്‍ അവഗണിക്കാനാവില്ല. മഹനീയ വ്യക്തിത്വവും മാനിക്കപ്പെടും. വൈറ്റ് ഹൈസിലെ നാല് വര്‍ഷത്തെ വാസത്തിനുശേഷം ബുഷ്മാര്‍ ഹൂസ്റ്റണില്‍ ശീതകാലത്തും വേനല്‍ക്കാലത്ത് മെയിനിലെ കെന്നെ ബങ്ക് പോര്‍ട്ടിലും താമസിച്ചു. സ്വന്തം കൈപ്പടയില്‍ കുറിപ്പുകള്‍ എഴുതുന്നതില്‍ തല്പരനായിരുന്നു സീനിയര്‍ ബുഷ്.
ഇന്തോനേഷ്യയിലെ സുനാമിക്കും അമേരിക്കയിലെ കറ്ററീന ചുഴലിക്കാറ്റിനും ശേഷം ക്ലിന്റണുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1989 ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവുമായി രഹസ്യ ഉന്നതല കൂടിക്കാഴ്ച നടത്തി. പനാമയിലെ ശക്തനായ നേതാവിനെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ സേനയെ അയച്ചു. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹൂസൈന്‍ കുവൈറ്റ് കീഴടക്കിയപ്പോള്‍ വളരെ വിജയകരമായി സഖ്യ സേനയ്ക്ക് നേതൃത്വം നല്‍കി വളരെ വേഗം കുവൈറ്റിനെ വിമോചിതമാക്കി. എച്ച്ഡബ്ല്യു അമേരിക്കയുടെ ഇന്ത്യയിലേയ്ക്കുള്ള സ്ഥാനപതിയായിരുന്നു എന്ന കാര്യം പല അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളും വിസ്മരിച്ചു. ചൈനയില്‍ യുഎസ് അംബാസിഡറായിരുന്നു എന്ന് മാത്രമാണ് ഇവ റിപ്പോര്‍ട്ട് ചെയ്തത്. ബുഷിന്റെ രാഷ്ട്രീയ പൈതൃകം ഇപ്പോള്‍ ടെക്‌സസ് ലാന്‍ഡ് കമ്മീഷണറാ യിരിക്കുന്ന ജോര്‍ജ് പി. ബുഷിന്റെ കൈകളിലാണ്. റോബര്‍ട്ട് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന എച്ച് ഡബ്ല്യുവിന്റെ പിതാവ് പ്രെസ് കോട്ട് ബുഷ് 1952 ല്‍ സെനറ്ററായി. എച്ച് ഡബ്ല്യു 1966 ല്‍ കോണ്‍ഗ്രസംഗമായി. പിന്നീട് യുഎന്‍ അംബാസിഡറായി, സിഐഎ ഡയറക്ടറും, വൈസ് പ്രസിഡന്റും, പ്രസിഡന്റുമായി.
Comments