You are Here : Home / കാണാപ്പുറങ്ങള്‍

ലോബിയിംഗ് സജീവമാകുന്ന ഡല്‍ഹി

Text Size  

Story Dated: Wednesday, May 14, 2014 11:42 hrs UTC

കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍വിദേശ മാധ്യമങ്ങളില്‍, പ്രത്യേകിച്ചും ബിസിനസ്സ് മാധ്യമങ്ങളില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രി ആരായിരിക്കും എന്ന ച്യോദ്യവുമായി ആശങ്ക ഉയര്‍ത്തികൊണ്ട് ഒരുപാട് ലേഖനങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.ഈ മാധ്യമങ്ങള്‍ ഒക്കെ തന്നെ ആദ്യം നരേന്ദ്രമോദിക്കെതിരെ സര്‍വ്വ പാരയും പ്രയോഗിച്ചു നടന്നവരാണ്. ഇക്കണോമിസ്റ്റ്,ഗാര്‍ഡിയന്‍,ന്യൂയോര്‍ക്ക്‌ ടൈംസ്‌ തുടങ്ങിയ മാധ്യമങ്ങളില്‍
നരേന്ദ്രമോദിയെ രാക്ഷസ തുല്യനായി ചിത്രീകരിച്ചവര്‍ ഇപ്പോള്‍ നാണവും മാനവും ഇല്ലാതെ മോദി പ്രധാനമന്ത്രി ആയാല്‍ ആരായിരിക്കും ധനകാര്യമന്ത്രി എന്ന ചോദ്യം ഉയര്‍ത്തികൊണ്ട് നടക്കുകയാണ്. 

 

പ്രധാനമന്ത്രി പദം കഴിഞ്ഞാല്‍ ഇന്ത്യയിലെ ധനകാര്യമന്ത്രി പദം ഏറ്റവും ശ്രദ്ധേയമായ ഒരു പദവി ആണ്.ആദ്യം വിദേശമാധ്യമങ്ങളിലോ അവരുടെ ബ്ലോഗുകളിലോ ലേഖനം പ്രസിദ്ധീകരിപ്പിക്കുക.പിന്നീട് വിദേശമാധ്യമങ്ങള്‍ ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക എന്നതാണ് ഇത്തരക്കാരുടെ ഒരു രീതി.ധനകാര്യമന്ത്രി പദത്തിന് വേണ്ടിയുള്ള ലോബിയിംഗ് കൂടാതെ ഈയിടെ പുതിയ ഒരു ലോബിയിംഗ് കൂടി തുടങ്ങിയിട്ടുണ്ട്.നിലവിലെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജനെ മാറ്റുമോ എന്നാണ് ഇത്തരക്കാര്‍ക്ക് അറിയേണ്ടത്.മാറ്റുമോ ഇല്ലയോ എന്ന ചോദ്യവുമായി പത്രപ്രവര്‍ത്തകരെ ബി.ജെ.പി നേതാക്കള്‍ക്ക് മുന്നില്‍ തള്ളിവിട്ടു തുടങ്ങി.സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ പങ്ക് വലുതാണ്‌.വേള്‍ഡ് ബാങ്കിനും,ഐഎംഎഫിനും  കണ്ണിലുണ്ണിയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍.ഈ ലോകബാങ്കുകളുടെ ലോബിയിംഗ് തന്നെയാണ് ഇത്തരം തട്ടിപ്പ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍.

 

ബാങ്കുകളെ കൂടാതെ കോര്‍പ്പറേറ്റ് ഭീമന്‍മാരും ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നിലുണ്ട്.സാമ്പത്തിക ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത അരുണ്‍ ജെയ്റ്റ്ലിയുടെ പേരാണ് ധനകാര്യമന്ത്രി സ്ഥാനത്തേക്ക് പലരും എഴുതി പിടിപ്പിക്കുന്നത്.ഇന്ത്യയിലെ മിക്ക കോര്‍പ്പറേറ്റുകളുടേയും പ്രമുഖ നികുതി വെട്ടിപ്പുകാരുടെയും അഭിഭാഷകനായ ജെയ്റ്റ്ലിയുടെ പേര് ധനകാര്യമന്ത്രി സ്ഥാനത്ത് നിര്‍ദ്ദേശിക്കുന്നതിന്‍റെ ഗൂഡ തന്ത്രം അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യം ഇല്ല. 

 

ജഗദീഷ് ഭഗവതി,അരവിന്ദ് പനഗാരിയ തുടങ്ങി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കൂടി ഇപ്പോള്‍ മോദിക്ക്
ഉപദേശ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. നരസിംഹ റാവു മന്‍മോഹന്‍ സിംഗിനെ കൊണ്ടുവന്നത് പോലെ ഒരു
സാമ്പത്തിക ശാസ്ത്രജ്ഞനെ ധനകാര്യമന്ത്രി ആക്കണം എന്ന ഉപദേശവുമായി വേറെ ചിലരും രംഗത്ത് എത്തിയിട്ടുണ്ട്.

 

ഇത്തരം കൂലിയെഴുത്ത് ലേഖനങ്ങളില്‍ ഏറ്റവും ശ്രദ്ദേയമായ കാര്യം ബി.ജെ.പി നേതാവും അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ സുബ്രമണ്യന്‍ സ്വാമിയുടെ പേര് ആരും ധനകാര്യമന്ത്രി സ്ഥാനത്തേക്ക് എഴുതുന്നത്‌ പോലും ഇല്ല.സ്വാമി ധനകാര്യമന്ത്രി ആവുക എന്നത് പലരുടേയും പേടി സ്വപ്നം ആണ് എന്നത് തന്നെ ഇതിന് കാരണം.

 

ഇനി വരും ദിവസങ്ങളില്‍ നിയമമന്ത്രി,വിദേശകാര്യമന്ത്രി,പ്രതിരോധമന്ത്രി,ആഭ്യന്തരമന്ത്രി, വാണിജ്യമന്ത്രി,പെട്രോളിയംമന്ത്രി,വ്യോമയാനമന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് കൂടി തങ്ങള്‍ക്കിഷ്ട്ടപ്പെട്ടവരുടെ പേര് വന്നു തുടങ്ങും.മാധ്യമങ്ങള്‍ കൂടി ഈ വൃത്തികെട്ട ലോബിയിംഗില്‍ പങ്കാളിയാകും.

ടെലികോംമന്ത്രി പദത്തില്‍ ഏ.രാജയെ കുടിയിരുത്താന്‍ രത്തന്‍ ടാറ്റക്ക് വേണ്ടി മാധ്യമതാരങ്ങള്‍ ആയ ബര്‍ക്ക ദത്തും വീര്‍ സാങ്ങ്‌വിയും നടത്തിയ ശ്രമങ്ങള്‍ നീരാ റാഡിയ ടേപ്പുകളിലൂടെ നാം കേട്ടതാണ്.ഇത്തരം ശ്രമങ്ങള്‍ ഇനിയും ഉണ്ടാകും.ഉണ്ടാകാതിരിക്കട്ടെ എന്ന് വെറുതെ ആശിക്കാനേ നമുക്ക് പറ്റൂ.

 

തിരഞ്ഞെടുപ്പില്‍ ഒഴുകിയതിന്‍റെ ഇരട്ടിപണം പ്രധാനപ്പെട്ട മന്ത്രിപദങ്ങള്‍ക്കു വേണ്ടി ഒഴുക്കാന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറാണ്.സ്വന്തക്കാരെ പ്രതിഷ്ടിച്ചു കഴിഞ്ഞാല്‍ അടുത്ത 5 വര്‍ഷത്തേക്ക് സ്വസ്ഥം ആണ് ഇക്കൂട്ടര്‍ക്ക്.സ്വന്തക്കാരെ പ്രതിഷ്ടിക്കാനും ഇഷ്ട്ടമില്ലാത്തവരെ തെറിപ്പിക്കാനും ഒക്കെ പണം ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന ദിനങ്ങളാണ് വരും ദിവസങ്ങളില്‍,ഇന്ത്യാ മഹാരാജ്യത്തെ  ഈ കഴുകന്മാരില്‍ നിന്നും കാത്തുകൊള്ളാന്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് പറ്റൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.