You are Here : Home / കാണാപ്പുറങ്ങള്‍

അധികാരത്തില്‍ എത്തുമ്പോള്‍ മാനുഷരെല്ലാം ഒന്നുപോലെ

Text Size  

Story Dated: Sunday, July 20, 2014 05:52 hrs UTC


നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് 50 ദിവസമേ ആയിട്ടുള്ളൂ. എങ്കില്‍ പോലും ചില കാര്യങ്ങള്‍ പറയാതെ പോകുന്നത് ശരിയല്ല.ആര് അധികാരത്തില്‍ വന്നാലും ചില കാര്യങ്ങള്‍ മുറപോലെയേ നടക്കൂ. ഡല്‍ഹിയുടെ അധികാരത്തിന്‍റെ ഇടനാഴികളില്‍ കുടിയിരിക്കുന്ന തരികിടകള്‍ എങ്ങിനെയും കാര്യങ്ങള്‍ സാധിക്കാന്‍ കഴിവുള്ളവരാണ്.

തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്ത് മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ ഒരു കാരണവശാലും
വെറുതെവിടില്ല എന്ന് ഘോരഘോരം പ്രസംഗിച്ചത് നമ്മള്‍ കേട്ടതാണ്. അധികാരത്തില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ ചെയ്ത ആദ്യകാര്യങ്ങളില്‍ ഒന്ന് നാവികരുടെ വക്കീലായി ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയോഗിച്ച മുകുള്‍ രോഹതഗിയെ തന്നെ ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി നിയമിച്ചു എന്നതാണ്. രാംജേത്മലാനി വരെ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ മുകുള്‍ രോഹതഗിയെ തന്നെ അറ്റോര്‍ണി ജനറലായി നിയമിച്ചു. ഇതിന്‍റെ കാരണം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അടുത്ത അനുയായി ആണ് ഈ മാന്യദേഹം. രാജ്യത്തെ മിക്ക അഴിമതിക്കാരുടെയും നികുതി വെട്ടിപ്പുകാരുടെയും വക്കീലായ ഇയാളെ തന്നെ അറ്റോര്‍ണി ജനറലായി നിയമിച്ചതിന്‍റെ കാരണം വളരെ ലളിതം. ആര് ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാലും ഉപജാപകസംഘങ്ങള്‍ കാര്യങ്ങള്‍  നടത്തിയെടുക്കും.

വിദേശ ബാങ്കുകളിലെ കള്ളപണം തിരിച്ചുപിടിക്കല്‍, റോബര്‍ട്ട്‌ വാദ്രയുടെ ഭൂമി തട്ടിപ്പുകളില്‍ നടപടി എടുക്കുന്നതില്‍ യതൊരനക്കവും നടന്നിട്ടില്ല. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ മേല്‍ കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ചപ്പോള്‍ മാത്രം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത് മാത്രമാണ് പേരിനു മാത്രം ചൂണ്ടിക്കാണിക്കാവുന്ന ഏക നടപടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. കോടതിയില്‍ നിന്നും നടപടി ഉണ്ടായ ഉടനെ തന്നെ സ്വാമി,അരുണ്‍ ജെയ്റ്റ്ലിക്ക് നല്‍കിയ പരാതി മൂലമാണ് നികുതിവകുപ്പ് നടപടി എടുക്കാന്‍ പ്രേരിതമായത് എന്നത് പരമാര്‍ത്ഥം.


സോണിയക്കും രാഹുലിനും എതിരെയുള്ള ഏറ്റവും ശക്തമായ കേസാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആയിരക്കണക്കിന് രൂപ വിലവരുന്ന വസ്തുവകകള്‍ കൈക്കലാക്കിയ കേസ്. 2012 നവംബറില്‍ സുബ്രഹ്മണ്യന്‍ സ്വാമി ഈ വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വെളിയില്‍ കൊണ്ടുവന്ന് 20 മാസത്തോളം കേസ് നടത്തിയിട്ടും ബി.ജെ.പി ഈ പ്രശ്നത്തെ കുറിച്ച് കമാ എന്നക്ഷരം മിണ്ടിയിട്ടില്ല. മരുമകന്‍ വാദ്ര നടത്തിയ ഭൂമി തട്ടിപ്പിന്‍റെ ആയിരം മടങ്ങ്‌ വലുതാണ്‌ അമ്മായിഅമ്മയും അളിയനും നേതൃത്വം നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസ്. പല ബി.ജെ.പി നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് എന്ന വാക്ക് ഉച്ചരിക്കാന്‍ തന്നെ ഭയമാണ്. ഇതിന്‍റെ കാരണം കൊള്ള മുതല്‍ പങ്കുവെക്കുന്ന ഡല്‍ഹിയിലെ ഉപജാപകസംഘത്തിന്‍റെ കഴിഞ്ഞ 50-60 വര്‍ഷമായി തുടരുന്ന കടുത്ത ശക്തിയാണ്.ഈ സംഘത്തിന് ശക്തിക്ഷയം വന്നുതുടങ്ങി എന്നത് മാത്രമാണ് ഡല്‍ഹിക്ക് പുറത്തുള്ള നരേന്ദ്രമോദി വന്നതിന്‍റെ ഏക ഗുണം.

റെയില്‍വേ ബജറ്റായാലും പൊതു ബജറ്റായാലും മുന്‍ സര്‍ക്കാരിന്‍റെ തനിയാവര്‍ത്തനത്തിന്‍റെ മുദ്രകള്‍ ഒരുപാട് കാണാവുന്നതാണ്. മന്ത്രിമാറിയത് കൊണ്ട് കാര്യമില്ല. അട്ടിപ്പേറായി കെട്ടികിടക്കുന്ന ഭരണവര്‍ഗ്ഗം മാറാതെ ഒന്നും സംഭവിക്കില്ല എന്നതിന്‍റെ മികച്ച ഉദാഹരണമാണ് പൊതു ബജറ്റ്. ചിദംബരത്തിന്‍റെ മുഖ്യനടത്തിപ്പുകാരെ നിലനിര്‍ത്തി ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ നിന്നു കാതലായ മാറ്റങ്ങള്‍ ഉണ്ടാകില്ല. കാരണം UPAയുടെയും BJPയുടെയും ധനകാര്യ രംഗത്തെ ഉപദേശകര്‍ ഒന്നു തന്നെയാണ്.ഇന്‍കംടാക്സ്  മേഖലയില്‍ സമൂലമായ പരിവര്‍ത്തനത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കാലത്ത് വാചകമടിച്ച BJP ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. വരും വര്‍ഷത്തെ ബജറ്റ് ഇങ്ങനത്തെ രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ തകര്‍ന്നു കിടക്കുന്ന കോണ്‍ഗ്രസ്സിന്‍റെ ശുക്രദശ തെളിയും എന്ന കാര്യത്തില്‍ സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.