You are Here : Home / കാണാപ്പുറങ്ങള്‍

തട്ടിപ്പുകാരനായ CBI ഡയറക്ടറും മൗനം പാലിക്കുന്ന ബിജെപിയും കോണ്‍ഗ്രസ്സും

Text Size  

Story Dated: Tuesday, September 16, 2014 04:20 hrs UTC

 CBI ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുടെ വന്‍ തട്ടിപ്പുകള്‍ വെളിയില്‍ വന്നിട്ട് രണ്ടാഴ്ചയായി.മുഖ്യ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസ്സും സിന്‍ഹക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെടുന്നു പോലുമില്ല.അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ല എന്ന് ഗീര്‍വാണം അടിച്ചു നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കില്‍ ഈ വിഷയത്തില്‍ ഇതുവരെ വാ തുറന്നിട്ടില്ല. CBI ഡയറക്ടറുടെ കള്ളക്കളി ആദ്യം പുറത്തുവന്നത് 2G കേസില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ രക്ഷിക്കാന്‍ ശ്രമിച്ചതാണ്.വിചാരണ കോടതിയില്‍ തീരാറായ ഘട്ടത്തില്‍ പുനരന്വേഷണം നടത്തിക്കാന്‍ സിന്‍ഹ ശ്രമിച്ചു.ജൂലായ്‌ മാസത്തില്‍ ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയും അന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ U.U.ലളിത്,സിന്‍ഹയുടെ ഈ തട്ടിപ്പ് കൈയ്യോടെ പിടികൂടി.

 

ഉടനടി പ്രശാന്ത്‌ഭൂഷണ്‍ സിന്‍ഹയെ 2G കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടയിലാണ് നാടകീയ സംഭവ വികാസങ്ങള്‍ പുറത്ത് വന്നത്.സിന്‍ഹയുടെ ഔദ്യോഗിക വസതിയിലെ സന്ദര്‍ശക രജിസ്റ്റര്‍ പുറത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു.2G-കല്‍ക്കരി കുംഭകോണം കേസുകളിലെ മിക്കപ്രതികളും പ്രതിചേര്‍ക്കപ്പെട്ട കമ്പനി ഉടമകളും ഉദ്യോഗസ്ഥരും സിന്‍ഹയുടെ വസതിയിലെ നിത്യസന്ദര്‍ശകര്‍ ആണെന്ന സത്യം പുറത്തായി. ആരാണ് സന്ദര്‍ശക ഡയറി പ്രശാന്ത്‌ഭൂഷണ് കൊടുത്തത് എന്നതിനെ കുറിച്ച് ഇന്ന് കൂലംകഷമായ ചര്‍ച്ചകള്‍ നടക്കുന്നത്.ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന സൂത്രവാക്യം അനുസരിച്ച് സിന്‍ഹക്കിട്ട് പണി കൊടുത്തത് ഇന്‍റലിജന്‍സ് ബ്യൂറോ ആണെന്ന് ഞാന്‍ കരുതുന്നു.സിന്‍ഹയുടെ കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതി മുട്ടിയ ഒരു പറ്റം നല്ലവരായ സിബിഐ ഉദ്യോഗസ്ഥരും ഇന്‍റലിജന്‍സ് ബ്യൂറോയുടെ ഈ സൂപ്പര്‍ ഓപ്പറേഷനില്‍ കൂട്ടു ചേര്‍ന്നിട്ടുണ്ടാകും.

 

 

രാജ്യതാല്‍പര്യത്തെ കരുതി ഈ ഉദ്യോഗസ്ഥരെ നാം അഭിനന്ദിച്ചേ മതിയാവൂ. ഇന്ന് പ്രശാന്ത്‌ഭൂഷണ്‍ നെയ്ത നിയമത്തിന്‍റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാന്‍ ആവാത്ത വണ്ണം കുരുങ്ങിയിരിക്കുകയാണ് രഞ്ജിത്ത് സിന്‍ഹ.പലനാള്‍ കട്ടകള്ളന്‍ ഒരുനാള്‍ പിടിയില്‍ ആയി.CBI ഉദ്യോഗസ്ഥര്‍ പിടിക്കുന്ന പ്രതികളില്‍ നിന്നും ഡയറക്ടര്‍ പണം പിടുങ്ങി രക്ഷിക്കുന്നു എന്ന കാര്യം ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുകയാണ്.1998-ല്‍ DIG ആയിരുന്ന സിന്‍ഹയെ പാട്ന ഹൈക്കോടതി കയ്യോടെ പിടികൂടി കാലിതീറ്റ കുംഭകോണം അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും പുറത്താക്കിയതാണ്.CBIയുടെ നടപടികള്‍ ലാലുപ്രസാദിന് ചോര്‍ത്തി കൊടുക്കല്‍ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പണി.

 

രാം ജേത്മലാനി ഉള്‍പ്പടെയുള്ള വന്‍തോക്കുകളുടെ പിന്തുണ ഉള്ള സിന്‍ഹ അവസാനം പ്രശാന്ത്‌ഭൂഷന്‍റെ കുരുക്കില്‍ വീണു കഴിഞ്ഞു. പ്രശാന്ത്‌ഭൂഷന്‍റെ പരാതിയില്‍ ഇതുവരെ നരേന്ദ്രമോദി നടപടി എടുത്തിട്ടില്ല.കോടതി നടപടികള്‍ തീരുന്നത് വരെ മെമ്മോ നല്‍കി മോദിക്ക് സിന്‍ഹയെ സസ്പെന്‍റ് ചെയ്യാവുന്നതാണ്.എന്തുകൊണ്ടു ചെയ്തില്ല എന്നതിന് ഉത്തരം ലളിതം:ഡല്‍ഹിയുടെ അധികാരത്തിന്‍റെ രാവണന്‍ കോട്ടയുടെ ഭാഗഭാക്കായി മോദിയും മാറി തുടങ്ങി. ആംആദ്മി പാര്‍ട്ടിയും CPM-ഉം മാത്രമേ സിന്‍ഹക്കെതിരെ നടപടി എടുത്ത് പുറത്താക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളൂ.ഇത് കൊണ്ട് തന്നെയാണ് ഇന്ത്യയില്‍ മൂന്നും നാലും മുന്നണികള്‍ വേണം എന്ന ആവശ്യം പ്രസക്തമാവുന്നത്.ഒന്നും രണ്ടും മുന്നണികള്‍ കുറ്റകരമായ മൗനം പാലിക്കുമ്പോള്‍,ഇത്തരം നാണംകെട്ട മൗനത്തിന്‍റെ കോട്ട കൊത്തളങ്ങള്‍ തകര്‍ക്കാന്‍ ബഹുപാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ അനിവാര്യത CBI ഡയറക്ടറുടെ കൊള്ളരുതായ്മ വിവാദം തെളിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.