You are Here : Home / കാണാപ്പുറങ്ങള്‍

നരേന്ദ്ര മോദിക്ക് പണികിട്ടി

Text Size  

Story Dated: Tuesday, February 10, 2015 09:19 hrs UTC

  ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ല് സത്യമായിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം.എല്ലാ രാഷ്ട്രീയ എതിരാളികളും ഒത്ത് ചേര്‍ന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുന്നേറിയ ബിജെപിയുടെ കുതിപ്പിന് തടയിട്ടു.ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ്,ബിഎസ്പി,ഇടതുപക്ഷം,മുസ്ലിം,ക്രിസ്ത്യന്‍ വോട്ടുകള്‍ ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിയുടെ പെട്ടിയില്‍ വീണത്‌ കൊണ്ടാണ് 70 സീറ്റില്‍ 67 സീറ്റിലും വിജയിക്കാന്‍ അവര്‍ക്കായത്‌. ഇത് കൂടാതെ കഴിഞ്ഞ 8 മാസത്തെ മോദി ശൈലിയില്‍ അസംതൃപ്തരായ സംഘപരിവാറിന്‍റെ പൂര്‍ണ്ണ സഹകരണം ഇല്ലാത്തതും ബിജെപിയെ മൂന്ന് സീറ്റിലൊതുക്കി. വലിയ അപരാധം ഒന്നും കാണിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഭരണം നടത്തി കൊണ്ടു പോയെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഘോഷിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ വലിയ അമര്‍ഷം അണികള്‍ക്ക് ഉണ്ടായിരുന്നു.റോബര്‍ട്ട്‌ വാദ്രക്ക് എതിരെ നടപടികള്‍ എടുക്കാത്തതും കള്ളപ്പണം കണ്ടെത്തുന്നതില്‍ വെള്ളം ചേര്‍ത്തതും ബിജെപി അണികളില്‍ ആവേശം കെടുത്തി.ബിജെപിയുടെ ഉന്നതസമിതിയായ പാര്‍ലമെന്‍ററി ബോര്‍ഡിലെ ഒട്ടുമിക്ക അംഗങ്ങളും കേന്ദ്രമന്ത്രിമാരായത് സംഘടനയുടെ പ്രവര്‍ത്തനത്തിന് ക്ഷീണം ആയി എന്നു സമ്മതിച്ചേ പറ്റൂ.ഇന്നലെ വരെ തോളില്‍ കൈയ്യിട്ടു നടന്ന നേതാവ് കൊടിവച്ച കാറില്‍ പറക്കാന്‍ തുടങ്ങിയപ്പോള്‍ അണികളെ മറന്നു. എന്നും 25നും 30 ശതമാനത്തിനും ഇടയില്‍ വോട്ടു നേടിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇപ്പോള്‍ കിട്ടിയത് വെറും 9 ശതമാനം വോട്ട് മാത്രമാണ്.ഇത് മുഴുവന്‍ ഇത്തവണ AAPയുടെ പെട്ടിയില്‍ വീണു.ഇത് തന്നെയാണ് BSPയുടെ പരമ്പരാഗത ദളിത്‌ വോട്ടുകള്‍ക്കും സംഭവിച്ചത്.

 

 

പരമ്പരാഗത BJP വിരോധ വോട്ടുകള്‍ AAPക്ക് വോട്ടു ചെയ്‌താല്‍ മാത്രമേ സംഘപരിവാറിന്‍റെ കുതിപ്പിനെ തടയാന്‍ കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞു. ഇനിയുള്ള കാലം ഡല്‍ഹിയില്‍ സംഘര്‍ഷത്തിന്‍റെതാണ്.അരവിന്ദ് കെജ്രിവാളിന്‍റെ ഡല്‍ഹിസര്‍ക്കാര്‍ മോദിയുമായി ഏറ്റുമുട്ടലിനു തയ്യാറാകും എന്ന കാര്യത്തില്‍ സംശയം ഒന്നും വേണ്ട.കോണ്‍ഗ്രസ്സുമായി ഏറ്റുമുട്ടുന്നത് പോലെ അത്ര എളുപ്പമല്ല നല്ല സംഘടനാ ശേഷിയുള്ള BJPയുമായി ഏറ്റുമുട്ടുന്നത്.പോരാത്തതിന് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ അത്ര എളുപ്പവുമല്ല. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടി ഭരണം നടത്തുക ഡല്‍ഹി സര്‍ക്കാരിന് എളുപ്പമല്ല.നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പണം എവിടെ നിന്ന് കണ്ടെത്തും എന്നത് വരും നാളുകളില്‍ കെജ്രിവാളിന്‍റെ ഉറക്കം കെടുത്തും എന്ന് ഉറപ്പ്. ഫെബ്രുവരി മാസം അവസാനത്തില്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് മോദിസര്‍ക്കാരിനെ സംബന്ധിച്ച് തലവേദനയാണ്.മാര്‍ച്ച് മാസം മുതല്‍ ഡല്‍ഹിയില്‍ പലതരത്തിലുള്ള സമരങ്ങള്‍ക്ക് തുടക്കം കുറിക്കും.മോദിയെ അടിക്കാന്‍ കിട്ടുന്ന ഒരവസരവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാഴാക്കില്ല.

 

കേരളത്തില്‍ നിന്നും വന്ന ഒരാളെന്ന രീതിയില്‍ ഡല്‍ഹി നിവാസികളുടെ ആവലാതികള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും ചിരി വരാറുണ്ട്.എത്ര കിട്ടിയാലും മതിവരാത്ത ആളുകളുടെ തനിസ്വഭാവം ആണ് ഡല്‍ഹിക്ക്.രാജ്യത്തുള്ള മുഴുവന്‍ വികസനവും തങ്ങള്‍ക്ക് വേണം എന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്ക് പുല്ല് വിലയാണ് ഡല്‍ഹിയുടെ മാനസികാവസ്ഥ.ഇത്തരം സ്വാര്‍ത്ഥമതികളായ ജനസമൂഹത്തെ നയിക്കുക എന്നത് അരവിന്ദ് കെജ്രിവാളിനെ എന്നും അലട്ടുന്ന ഒരു കാര്യമായിരിക്കും. ഇത് കൂടാതെ തീര്‍ത്തും വര്‍ഗീയമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഡിസംബര്‍ മാസത്തെ ബീഹാര്‍,2017ലെ ഉത്തര്‍പ്രദേശ്‌ ഇലക്ഷനുകളില്‍ ബിജെപിയെ സംബന്ധിച്ച് തങ്ങളുടെ ബ്രഹ്മാസ്ത്രമായ ഹിന്ദുത്വകാര്‍ഡ് പുറത്തെടുക്കേണ്ടി വരും.

 

ഹിന്ദുത്വകാര്‍ഡ് എന്നും ബിജെപിയുടെ ആവനാഴിയിലെ അസ്ത്രമാണ്.2016 മുതല്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങളില്‍ പങ്കുചേരാന്‍ ബിജെപി നിര്‍ബന്ധിതമാകും-പ്രത്യേകിച്ച് ഡല്‍ഹിയിലെ വികസന അജണ്ടകളെ മുന്‍നിര്‍ത്തിയുള്ള വാഗ്ദാനങ്ങള്‍ പരാജയപ്പെട്ടതിനാല്‍.ചുരുക്കത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെതാണ്‌.ശത്രുവിന്‍റെ ശത്രു മിത്രം എന്ന ആപ്തവാക്യം എന്നും രാഷ്ട്രീയത്തില്‍ പ്രാവര്‍ത്തികമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.