You are Here : Home / കാണാപ്പുറങ്ങള്‍

എസ്സാര്‍ ലീക്കിലെ ഉള്ളുകള്ളികള്‍

Text Size  

Story Dated: Wednesday, March 11, 2015 08:26 hrs UTC

നീരാ റാഡിയ ടേപ്പുകള്‍ക്ക് ശേഷം മാധ്യമലോകത്തിന് അപമാനമായി എസ്സാര്‍ കമ്പനിയിലെ ഇമെയിലുകളും പുറത്തു വന്നു.ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്നത് പോലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് പാര പണിയാന്‍ ഉപയോഗിച്ച എസ്സാര്‍ കത്തിടപാടുകള്‍ അവസാനം മാധ്യമലോകത്തിന് മുറിവേല്‍പ്പിച്ചു.
   രാഷ്ട്രീയക്കാര്‍,പത്രപ്രവര്‍ത്തകര്‍,ഉദ്യോഗസ്ഥര്‍ എന്തിന് മാവോയിസ്റ്റ് നേതാക്കള്‍ തുടങ്ങിയവര്‍ക്ക് ആതിഥ്യവും മറ്റ് സൗകര്യങ്ങളും എസ്സാര്‍ കമ്പനി ഒരുക്കി കൊടുക്കുന്ന രേഖകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.എസ്സാര്‍ ലീക്ക് എന്ന ഓമനപേരില്‍ അറിയപ്പെടുന്ന രേഖകള്‍ കമ്പനി ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളാണ്.ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ രസകരമായ ഒരു കാര്യം വെളിവാക്കുന്നു.2012ല്‍ ഇമെയിലുകള്‍ കൈമാറിയ രണ്ട് എസ്സാര്‍ ജീവനക്കാര്‍ ഇപ്പോള്‍ പണിയെടുക്കുന്നത് അനില്‍ അംബാനിയുടെ റിലയന്‍സില്‍ ആണ്.ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന തിയറി ഇവിടെയും യാഥാര്‍ത്ഥ്യം ആവുന്നു.

2012 കാലയളവില്‍ താന്‍ എംപിയോ,ബിജെപി പ്രസിഡന്റ്റോ അല്ലെന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി തലയൂരി.എസ്സാര്‍ ഉടമസ്ഥര്‍ തന്‍റെ സുഹൃത്തുക്കളും അയല്‍ക്കാരും ആണ്.താന്‍ ഫ്രാന്‍‌സില്‍ ബിസിനസ്സ് ആവശ്യത്തിന് പോയ വേളയില്‍ അവരുടെ ആഡംബരകപ്പലില്‍ ആതിഥ്യം സ്വീകരിച്ചതില്‍ തെറ്റില്ല എന്നൊക്കെ പറഞ്ഞ് ഗഡ്കരി രക്ഷപ്പെട്ടു.അവസാനം മൂന്ന് പത്രപ്രവര്‍ത്തകര്‍ക്ക് ജോലി പോയത് മിച്ചം.തെളിവുകള്‍ അനുസരിച്ച് എസ്സാര്‍ കമ്പനി ഇവര്‍ക്ക് ഉപയോഗിക്കാന്‍ ചില വേളകളില്‍ കാറുകള്‍ നല്‍കിയിരുന്നു.
ഇവിടെ ആരും കുത്തിപൊക്കാത്ത ഒരു പ്രശ്നം എസ്സാര്‍ കമ്പനി തങ്ങളുടെ ഖനന മേഖലയായ ഛത്തിസ്‌ഗട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന മാവോയിസ്റ്റ് നേതാക്കന്മാര്‍ക്ക് ആതിഥ്യം അരുളിയ കാര്യമാണ്.ഛത്തിസ്‌ഗട്ടില്‍ പോലീസ് തപ്പി നടക്കുന്ന കാലത്ത് ഇവര്‍ എസ്സാറിന്‍റെ വിശാഖപട്ടണത്തെ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു എന്ന കാര്യം നമ്മെ ഞെട്ടിപ്പിക്കുന്നു.
ബിസിനസ്സ് മംഗളകരമായി നടന്നുപോകാന്‍ മാവോയിസ്റ്റുകള്‍ക്ക് എസ്സാര്‍ പണം നല്‍കുന്നു എന്ന കാര്യം ഈ സംഭവത്തോട് കൂടി ഉറപ്പിച്ചിരിക്കുകയാണ്.രണ്ട് വര്‍ഷം മുന്‍പ് മാവോയിസ്റ്റുകള്‍ക്ക് പണം നല്‍കുമ്പോള്‍ എസ്സാര്‍ ഉദ്യോഗസ്ഥരെ പോലീസ് ഡല്‍ഹിയില്‍ കൈയ്യോടെ പിടികൂടിയതാണ്.മാവോയിസ്റ്റ് വനിതാ നേതാവ് സോണി സോരിയെ കൈയ്യോടെ പിടിച്ചപ്പോള്‍ മനുഷ്യാവകാശ പ്രശ്നത്തിന്‍റെ പേരില്‍ മുതലക്കണ്ണീരൊഴുക്കിയവരും തെഹല്‍ക്ക തുടങ്ങിയ മാധ്യമങ്ങളും ഒക്കെ എസ്സാറിന്‍റെ പണം പങ്കുപറ്റി എന്ന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു.ഇപ്പോള്‍ പുറത്തുവന്ന കമ്പനി ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലുള്ള ഇമെയിലുകള്‍ ഇക്കാര്യം ശരിവെക്കുന്നു.
ടെലിക്കോം,മൈനിംഗ്,കപ്പല്‍ ഗതാഗതം എന്നീ മേഖലകളില്‍ കൊടികുത്തി വാഴുന്ന എസ്സാര്‍ കമ്പനി അഴിമതികള്‍ നടത്തുന്നതില്‍ ഒട്ടും പിന്നിലല്ല.എസ്സാര്‍ ഉടമകളായ റൂയിയ സഹോദരന്‍മാര്‍ 2G കേസുകളിലും പ്രതികളാണ്.അന്നു നിയമമന്ത്രി ആയിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ തരികിടകള്‍ കൊണ്ട് കേസിന്‍റെ ശക്തികുറയ്ക്കാന്‍ സാധിച്ചു.
മാവോയിസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുത്തു എന്ന് വാദിക്കുന്ന ആഭ്യന്തരമന്ത്രി ചിദംബരത്തെ മാവോയിസ്റ്റുകള്‍ക്ക് പണം കൊടുത്ത എസ്സാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തെഹല്‍ക്കയുടെ വിവാദവേദികളില്‍ നാം കണ്ടതാണ്.ഇപ്പോള്‍ ചിദംബരം എസ്സാറിന് മുഖ്യ ഓഹരി പങ്കാളിത്തം ഉള്ള വോഡഫോണ്‍ മൊബൈല്‍ കമ്പനിയുടെ വക്കീല്‍ വേഷം അണിഞ്ഞിരിക്കുകയാണ്.ധനകാര്യമന്ത്രി ആയ കാലയളവില്‍ വോഡഫോണ്‍ നികുതിവെട്ടിപ്പ് കേസ് കുളമാക്കിയ ആളാണ്‌ ചിദംബരം.
  ബിസിനസ്സ് നടത്തികൊണ്ടുപോകാന്‍ ആര്‍ക്കും പണം കൊടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറാകും എന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍.മാവോയിസ്റ്റുകള്‍ക്ക് പണം കൊടുക്കുന്ന രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് യാതൊരു ധാര്‍മിക മൂല്യവും ഇല്ലെന്ന് ഇത് വെളിവാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.