You are Here : Home / കാണാപ്പുറങ്ങള്‍

ഭഗത് സിംഗിന്റെ വിചാരണയും ചരിത്രത്തിലെ കറുത്ത ഏടുകളും

Text Size  

Story Dated: Thursday, March 26, 2015 09:17 hrs UTC

മാര്‍ച്ച് 23 ഇന്ത്യന്‍ സ്വാതന്ത്യസമരചരിത്രത്തിലെ ഒരു നെരിപ്പോടാണ്. യുവകേസരികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയിട്ട് 84 വര്‍ഷം കഴിയുന്നു. ഇത്തവണ ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി വീരയോദ്ധാക്കളുടെ ബലിദാന അനുസ്മരണദിവസം അവരെ മറവു ചെയ്ത പഞ്ചാബിലെ ബലികുടീരത്തില്‍ എത്തി ആദരവ് അര്‍പ്പിച്ചത്.
ഈ ധീരന്‍മാരുടെ വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും ചരിത്രപുസ്‌കതങ്ങളില്‍ നേരാംവണ്ണം രേഖപ്പെടുത്തിയിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു ചെന്നാല്‍ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ നമുക്ക് കാണാവുന്നതാണ്.
ഭഗത്സിംഗിനെതിരെ കള്ളമൊഴി നല്‍കിയ ഒരാളുടെ പേര് കേട്ടാല്‍ നമ്മള്‍ ഞെട്ടും. ശോഭാസിംഗ് എന്നാണ് ഈ മാന്യന്റെ പേര്. ഇന്ന് ഡല്‍ഹിയിലെ ഒട്ടുമിക്ക കെട്ടിടങ്ങളും നിര്‍മിച്ചത് ഇദ്ദേഹമാണ്. സൗത്ത് ബ്ലോക്ക്- നോര്‍ത്ത് ബ്ലോക്ക് , ഇന്ത്യാഗേറ്റ് തുടങ്ങിയവയുടെ കോണ്‍ട്രാക്ടര്‍ ആയിരുന്നു ഈ പെരുംകള്ളന്‍. ഭഗത് സിംഗ് ബോംബെറിയുന്നത് കണ്ടു എന്ന് കള്ളമൊഴി നല്‍കിയതിന്റെ ഉപകാരസ്മരണയായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഇന്നത്തെ രാഷ്ട്രപതി ഭവന്റെ മുഖ്യകോണ്‍ട്രാക്ടര്‍ പണിയും കൂടി നല്‍കി.
പിന്നീട് ഇദ്ദേഹത്തിന് സര്‍ എന്ന സ്ഥാനം കൂടി നല്‍കി. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ ഇന്ത്യക്കാരനായ പ്രസിഡണ്ട് പദം കൂടി നല്‍കി. നാലു തവണ, 1946 വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ഈ സ്ഥാനത്ത് കുടിയിരുത്തി. ഇദ്ദേഹത്തിന്റെ മക്കളില്‍ ഒരുവനാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുശ്‌വന്ത് സിംഗ്. അച്ഛനെപ്പോലെ മകനും അധികാരവര്‍ഗത്തിന്റെ പിണിയാളായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു.
സര്‍ ശോഭാസിംഗിന്റെ വീടാണ് ഇപ്പോഴത്തെ ജന്തര്‍മന്ദിറിലെ കേരള ഹൗസിന്റെ പഴയ കെട്ടിടം. തൊട്ടടുത്തുള്ള ജനതാദള്‍ ഓഫീസും ഇദ്ദേഹത്തിന്റെ വീട് തന്നെ. പിന്നീട് ഇദ്ദേഹം കൊച്ചി രാജാവിന് കേരളഹൗസ് സ്ഥിതി ചെയ്യുന്ന കെട്ടിടം വിറ്റു. സ്വാതന്ത്യാനന്തരം കേരള സര്‍ക്കാരിന് ഈ കെട്ടിടം കൈമറിഞ്ഞു വന്നു.
ഭഗത്സിംഗിനെയും കൂട്ടരെയും ചതിച്ച മറ്റു പ്രമുഖര്‍ ആരൊക്കെയാണ് ? ഭഗത് സിംഗും കൂട്ടരും രൂപീകരിച്ച ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനിലെ  അഞ്ച് അംഗങ്ങള്‍. ഇവരെ ചതിച്ച് വിചാരണക്കിടയില്‍ കുറ്റസമ്മതം നടത്തി അപ്രൂവര്‍ ആയി. നാലുപേര്‍- ജയ് ഗോപാല്‍, പി.എന്‍.ഘോഷ്, ബൈകുന്ത് ശുക്ല, കൈലാഷ് പതി എന്നിവര്‍ 1930 ല്‍ ഇരുപതിനായിരം രൂപ വീതം കൈപ്പറ്റി അപ്രൂവര്‍മാരായി ഭഗത് സിംഗിനും കൂട്ടാളികള്‍ക്കും എതിരെ മൊഴി നല്‍കി. 85 വര്‍ഷം മുമ്പ് ഇരുപതിനായിരം രൂപക്ക് ഇന്നത്തെ രണ്ടു കോടിയില്‍പരം വില വരും.
ഇതില്‍ അഞ്ചാമനായ ഹന്‍സ് രാജ് വോറയാണ് മിടുമിടുക്കന്‍. അപ്രൂവര്‍ ആകാന്‍ അദ്ദേഹം പണം പറ്റിയില്ല. പകരം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് അവസരം നല്‍കി. വിദേശ കോഴ്‌സില്‍ അഡ്മിഷന്‍ വാഗ്ദാനത്തില്‍ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് കൂട്ടാളികളെ കഴുമരത്തില്‍ ഏറ്റുവാന്‍ കൂട്ടുനിന്ന ക്രൂരമായ മനസിന്റെ ഉടമ ഇന്ത്യയില്‍ തിരിച്ചെത്തുന്നത് വിഖ്യാത പത്രപ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞാണ്.
ലണ്ടനില്‍ നിന്നും ജേണലിസം ബിരുദം നേടിയ ഇദ്ദേഹം സ്റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളുടെ വിദേശകാര്യ ലേഖകനും പിന്നീട് വാഷിംഗ്ടണ്‍ ലേഖകനും ആയിരുന്നു. 1985 ല്‍ വാഷിംഗ്ടണില്‍ നിര്യാതനായ ഇദ്ദേഹം മരിക്കുന്നതിനു മുമ്പ് സുഖ്‌ദേവിന്റെ സഹോദരന് താന്‍ എന്തുകൊണ്ട് അപ്രൂവര്‍ ആയി എന്ന് വിശദീകരിച്ചു കൊണ്ട് കത്തെഴുതുകയുണ്ടായി. എഴുപതുകളില്‍ അമേരിക്കയില്‍ കുടിയേറിയ ഇദ്ദേഹത്തിന് ഭഗത് സിംഗിനെ ഒറ്റിക്കൊടുത്തതിന്റെ കുറ്റബോധം വേട്ടയാടിയതായി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതിശയകരമായ ഒരു കാര്യം ഇന്ത്യന്‍ സ്വാതന്ത്യസമരപ്പോരാളികളെ കഴുമരത്തിലേക്ക് തള്ളിവിട്ട ആള്‍ക്ക് സ്വാതന്ത്യാനന്തര ഇന്ത്യയില്‍ എങ്ങനെ പത്രപ്രവര്‍ത്തകനായി വിരാജിക്കാന്‍ പറ്റി എന്നതാണ്. ഇത് തന്നെയാണ് ഖുശ്വന്ത് സിംഗിന്റെ കാര്യത്തിലും. ഇത് കാണിക്കുന്നത് സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങള്‍ ഇത്തരക്കാരെ തുണച്ചു എന്നുള്ളതാണ്. ഡല്‍ഹിയുടെ അകത്തളങ്ങളില്‍ വിരാജിച്ച പലരും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിണിയാളുകള്‍ ആയിരുന്നു എന്ന് ഈ ചരിത്രസത്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. സ്വാതന്ത്യത്തിനു ശേഷം ഇവര്‍ പുതിയ ഭരണകര്‍ത്താക്കളുടെ പിണിയാളുകളായി കച്ചവടം അനുസ്യൂതം തുടര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.