You are Here : Home / കാണാപ്പുറങ്ങള്‍

അധികാരത്തില്‍ എത്തിയാല്‍ മാനുഷരെല്ലാം ഒന്നുപോലെ

Text Size  

Story Dated: Friday, April 03, 2015 08:51 hrs UTC

ആം ആദ്മി പാര്‍ട്ടിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ മനുഷ്യനില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ്.മുഖ്യമന്ത്രി ആയ ശേഷം അരവിന്ദ് കെജ് രിവാളിന് തന്നെ വളര്‍ത്തി വലുതാക്കിയ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അഡ്മിറല്‍ രാംദാസും അധികപറ്റുകളും തലവേദനയും ആയിമാറി.കെജ് രിവാളിന്‍റെ സ്വഭാവം കഴിഞ്ഞ ഏഴുവര്‍ഷമായി നന്നായി അറിയുന്ന ഒരാളെന്ന രീതിയില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നില്ല.'കാണാപ്പുറങ്ങള്‍' എന്ന ഈ പംക്തിയില്‍ 'കള്ളന് കഞ്ഞിവെച്ചവന്‍'എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം മുന്‍പ് കെജ് രിവാളിന്‍റെ പ്രവര്‍ത്തികളെ കുറിച്ച് എഴുതിയതിന് AAPയെ കുറിച്ച് എട്ടും പൊട്ടും തിരിയാത്ത ചില മലയാളികള്‍ എന്നെ കുറ്റപ്പെടുത്തിയിട്ടുള്ളതാണ്.ഫോര്‍ഡ്  ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ള വിദേശ സംഘടനകള്‍ അന്ധമായ ആരാധന മനോഭാവമുള്ള ഇന്ത്യന്‍ മനസ്സുകളില്‍ കെട്ടിയിറക്കിയ പ്രതിഭാസങ്ങളില്‍ ഒന്നാണ് കെജ് രിവാള്‍ എന്ന് അദ്ദേഹത്തെ 2008 ആദ്യ മാസങ്ങളില്‍ തന്നെ പരിചയപ്പെട്ടപ്പോള്‍ മനസ്സിലാക്കിയ ഒരാളാണ് ഞാന്‍.ആ കാലഘട്ടങ്ങളില്‍ ഡല്‍ഹിയിലെ സോണിയാഗാന്ധി അനുചര വൃന്ദങ്ങളിലെ ഒരാളായിരുന്നു കെജ് രിവാള്‍.ഈ കൂട്ടത്തില്‍ പെട്ട മറ്റൊരു പ്രമുഖനായിരുന്നു യോഗേന്ദ്ര യാദവ്.ഇന്ത്യയില്‍ പണം മുടക്കുന്ന അമേരിക്കന്‍-യൂറോപ്പ് രാജ്യങ്ങളിലെ NGOമാരുടെ തലതൊട്ടപ്പനാണ് മുന്‍ നാവികസേനാമേധാവി അഡ്മിറല്‍ രാംദാസ്.ഇന്ത്യയിലെ ഫോര്‍ഡ് ഫൗണ്ടേഷന്‍റെ തലൈവി ആണ് ഇദ്ദേഹത്തിന്‍റെ മകള്‍ കവിത രാംദാസ്.2004-2006 കാലയളവില്‍ കെജ് രിവാളും മനീഷ് സിസോദിയയും തട്ടിക്കൂട്ടിയ സന്നദ്ധ സംഘടനകള്‍ക്ക് ആറു കോടി രൂപയോളം നല്‍കിയത് ഫോര്‍ഡ് ഫൗണ്ടേഷന്‍ ആണ്.ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം കണക്ക് ചോദിക്കുമ്പോള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ നിഷ്കളങ്ക ഭാവത്തില്‍ പറയുന്നത് വീട് മാറുന്ന വേളയില്‍ കണക്ക് പുസ്തകങ്ങള്‍ കളഞ്ഞുപോയി എന്നാണ്.ഇത്തരം പഠിച്ച കള്ളന്‍മാരെ വിശ്വസിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ.
     ലക്ഷകണക്കിന് കോടിരൂപയുടെ വില്‍പന നികുതി മറിയുന്ന ഡല്‍ഹി സംസ്ഥാനത്തിന്‍റെ അധികാരം കിട്ടിയ കെജ് രിവാളിനും സിസോദിയക്കും ഇനിയിപ്പോള്‍ അഡ്മിറല്‍ രാംദാസിന്‍റെയും യോഗേന്ദ്ര യാദവിന്‍റെയും ശുപാര്‍ശ മൂലം കിട്ടിയിരുന്ന വിദേശ സംഘടനകളുടെ നക്കാപ്പിച്ചകള്‍ വേണ്ട.ഇനി ഇവരുടെ തണലില്‍ നില്‍ക്കാന്‍ കെജ് രിവാളിന് താല്‍പര്യം ഇല്ല.ഇവരുടെ തണലില്‍ കഴിഞ്ഞിരുന്ന ഭൂതകാലത്തെ കുറിച്ച് ഓര്‍ക്കാന്‍ സമ്പന്നമായ ഡല്‍ഹിയുടെ അധികാരികള്‍ക്ക് താല്‍പ്പര്യവുമില്ല.ഇത് അധികാരത്തില്‍ എത്തുന്നതോടെ എല്ലാവരും ചെയ്യുന്ന ഒരുകാര്യമാണ്.വളര്‍ത്തി വലുതാക്കിയ ഗുരുക്കന്‍മാരെ ബഹുമാനിക്കാനുള്ള ഹൃദയവിശാലത അധികാരത്തില്‍ എത്തുന്നവര്‍ കാണിക്കാറില്ല.
  പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും കുറിച്ച് കെജ് രിവാള്‍ നടത്തുന്ന അസഭ്യവര്‍ഷം അധികാരം ഒരാളെ എത്രത്തോളം ഉന്‍മത്തനാക്കും എന്നതിന്‍റെ തെളിവാണ്.മറ്റുള്ളവര്‍ക്കെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ആഹ്വാനം ചെയ്ത കെജ് രിവാള്‍ ഓര്‍ത്തില്ല ചില കുസൃതികളായ അണികള്‍ തനിക്കിട്ടും പണി പറ്റിക്കുമെന്ന്.
  ഇനിയുള്ള നാളുകള്‍ ആം ആദ്മി പാര്‍ട്ടിയില്‍ കൊണ്ടും കൊടുക്കലുകളുടേതുമാണ്.NGO നടത്തി കൊണ്ടുപോകുന്നത് പോലെ എളുപ്പമല്ല രാഷ്ട്രീയപാര്‍ട്ടി നടത്തി കൊണ്ടുപോകാന്‍ എന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.                         


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.