You are Here : Home / കാണാപ്പുറങ്ങള്‍

ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ്: ആരും പറയാത്ത രഹസ്യങ്ങള്‍

Text Size  

Story Dated: Friday, May 22, 2015 09:05 hrs UTC

30വര്‍ഷത്തിലധികമായി ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ വിഷവാതക ദുരന്തം നടന്നിട്ട്.മുഖ്യപ്രതിയായ കാര്‍ബൈഡ് ഫാക്ടറി ചെയര്‍മാന്‍ വാറന്‍ അന്‍ഡേഴ്സണ്‍ കഴിഞ്ഞ വര്‍ഷം മരണമടഞ്ഞതിന് ശേഷം മാസങ്ങള്‍ക്കകം(ഡിസംബര്‍7,2014)സ്കോട്ട്ലാന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഹെറാള്‍ഡ‌‍് സ്കോട്ട്ലാന്‍ഡിന്‍'ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തെളിവ് സഹിതം പുറത്തുവന്നു.ഇന്ത്യയിലെയും അമേരിക്കയിലെയും ഭരണാധികാരികളും മാധ്യമങ്ങളും ഈ വാര്‍ത്തയെ പൂര്‍ണ്ണമായും തമസ്കരിച്ചു.
   നമ്മുടെ RTI നിയമത്തിന് തുല്യമായ അമേരിക്കയിലെ ഫ്രീഡം ആക്ട്‌ അനുസരിച്ച് പുറത്തു വന്ന തെളിവുകള്‍ കോര്‍പ്പറേറ്റ് പണകൊഴുപ്പിന്‍റെ ശക്തി വിളിച്ചറിയിക്കുന്നതാണ്.
  JRD ടാറ്റയും അമേരിക്കന്‍ തന്ത്രജ്ഞനായ ഹെന്‍ട്രി കിസഞ്ചറും ചേര്‍ന്നാണ് കാര്‍ബൈഡ് വാതകദുരന്തക്കേസ് നിര്‍വീര്യമാക്കിയതെന്ന് ഈ തെളിവുകള്‍ സംശയലേശ്യമന്യേ തെളിയിക്കുന്നു.മെയ്‌ 31,1988-ല്‍ JRD ടാറ്റ അന്ന് പ്രധാനമന്ത്രി ആയിരുന്ന രാജിവ്ഗാന്ധിക്ക് എങ്ങിനെ നഷ്ട്ടപരിഹാരം നല്‍കി തടിയൂരാം എന്ന് ഉപദേശിക്കുന്ന കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.കിസിഞ്ചറുമായി താന്‍ ഉണ്ടാക്കിയ ഉടമ്പടി ഈ കത്തിലൂടെ ടാറ്റ വിവരിക്കുന്നു.
വാറന്‍ അന്‍ഡേഴ്സനെ രക്ഷപ്പെടുത്താന്‍ ഇന്ത്യ-അമേരിക്കന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചതിന്‍റെ കാരണങ്ങള്‍ ഇതിലൂടെ കൂട്ടി വായിക്കാവുന്നതാണ്.
  ഇത് കൂടാതെ ഡല്‍ഹിയില്‍ എല്ലാവരും അടക്കം പറയുന്ന ഒരു രഹസ്യകഥയും ഇതിന് പിന്നിലുണ്ട്.ഈ കാലയളവില്‍ രാജിവ്ഗാന്ധിയുടെ കളിക്കൂട്ടുകാരനായ ആദില്‍  ഷഹരിയാര്‍ ഒരു ബോംബ്‌ സ്ഫോടനക്കേസില്‍ അമേരിക്കയില്‍ ജയിലില്‍ കഴിയുകയായിരുന്നു.മയക്ക് മരുന്ന് കേസ് ഇദ്ദേഹത്തിന്‍റെ പേരിലുണ്ടായിരുന്നു.ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ മുഹമ്മദ യൂനസിന്‍റെ മുടിയനായ പുത്രനാണ് ഈ അദിന്‍ ഷഹരിയാര്‍.ഇദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
    വാറന്‍ അന്‍ഡേഴ്സനെ വിട്ടയച്ചതിനു ശേഷം 1985-ല്‍ അമേരിക്ക,30 വര്‍ഷത്തേക്ക് ശിക്ഷിച്ച രാജിവ്ഗാന്ധിയുടെ കളിക്കൂട്ടുകാരനായ ആദില്‍ ഷഹരിയാറിനെ മാപ്പ് നല്‍കി ഇന്ത്യയിലേക്ക്‌ തിരിച്ചയച്ചു.
   ഇത് കൂടാതെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്നും ഒളിച്ചുവെക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ നടത്തിപ്പുകാരന്‍ മഹീന്ദ്രഗ്രൂപ്പിന്‍റെ ഉടമയായ കേശബ് മഹീന്ദ്രയാണ്.യഥാര്‍ത്ഥത്തില്‍ ഭോപ്പാലിലെ പ്ലാന്‍റില്‍ നടന്ന ചോര്‍ച്ചയുടെ പ്രാഥമിക ഉത്തരവാദിത്വം മഹീന്ദ്രക്കാണ്.പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം ഈ സത്യം മറച്ച് വെച്ച് പിടികിട്ടാത്ത വാറന്‍ അന്‍ഡേഴ്സന്‍റെ തലയില്‍ എല്ലാ കുറ്റവും ചാര്‍ത്തി എഴുതി കളിച്ചു.വിചാരണ കോടതി കുറ്റവാളിയായി കണ്ടെത്തിയ  കേശബ് മഹീന്ദ്ര ഇന്ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി ഒരിക്കലും അവസാനിക്കാത്ത കേസില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് വിലസിനടക്കുകയാണ്.
    എവിടെയും പണം തട്ടിയെടുക്കാനുള്ള കച്ചവടക്കണ്ണ് എല്ലാവര്‍ക്കും ഉണ്ട്.കോടിക്കണക്കിന് വിലമതിക്കുന്ന നഷ്ട്ടപരിഹാര തുകയില്‍ തലയിട്ട JRD ടാറ്റയും,കിസഞ്ചറും മാത്രമല്ല ഇതിന് പിന്നില്‍.ഭോപ്പാല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ സംഘടനകള്‍ തട്ടിക്കൂട്ടിയവരും വിദേശ സഹായങ്ങള്‍ സ്വീകരിച്ച് കൊഴുത്തു തടിച്ചു കഴിഞ്ഞു.BJPയിലെയും കോണ്‍ഗ്രസ്സിലേയും വക്കീല്‍ നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും അഭിഷേക് സിംഗ് വിയും യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡൌ കെമിക്കല്‍സിനെ എല്ലാവിധ ബാധ്യതകളില്‍ നിന്നും ഒഴിവാക്കാന്‍ കോടതികളില്‍ കറുത്ത കുപ്പായം ഇട്ട് ഇറങ്ങി.പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ആപ്തവാക്യം എത്ര കണ്ട് ശരിയാവുകയാണ് എന്ന് ഈ സംഭവങ്ങള്‍ സംശയലേശമന്യേ തെളിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.