You are Here : Home / കാണാപ്പുറങ്ങള്‍

ഒരു വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാര്‍

Text Size  

Story Dated: Wednesday, June 10, 2015 02:55 hrs UTC

കോലാഹലങ്ങളും വെല്ലുവിളികളും പ്രതീക്ഷകളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുകയായി.എന്താണ് മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും എന്ന് വിലയിരുത്തുക ചുരുങ്ങിയ വാക്കുകളില്‍ സാധ്യമല്ല.എന്തൊക്കെ കോട്ടങ്ങള്‍ ഉണ്ടായാലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായ പ്രധാന നേട്ടം  പ്രധാനമന്ത്രിയുടെ കസേരയില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശക്തനായ വ്യക്തി എത്തി എന്നതാണ്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രി കസേരയില്‍ സേവകനായ മന്‍മോഹന്‍സിംഗിനെ കുടിയിരുത്തി സോണിയാഗാന്ധി ഉത്തരവാദിത്വങ്ങള്‍ ഇല്ലാതെ ഭരണം നുണയുകയായിരുന്നു.ഇതില്‍ നിന്നുണ്ടായ പ്രതിഷേധാഗ്നിയാണ് ബിജെപിയെ 282 MPമാരെ തിരഞ്ഞെടുപ്പില്‍ നേടിയെടുക്കാന്‍ സഹായിച്ചത്.
     പക്ഷേ അധികാരത്തില്‍ എത്തിയ നരേന്ദ്രമോദി വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഏതൊരു ഭരണാധികാരിയെ പോലെ വീഴ്ച്ചകള്‍ വരുത്തിയിരിക്കുകയാണ്.കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ അഴിമതികള്‍ക്കെതിരെ പോരാടിയ സുബ്രഹ്മണ്യന്‍സ്വാമി,അരുണ്‍ ഷൂരി,മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഒഴിവാക്കിക്കൊണ്ട് അരുണ്‍ ജെയ്റ്റ് ലിയുടെ അനുചരവൃന്ദത്തെ കുത്തി നിറച്ച് മന്ത്രിസഭ രൂപീകരിച്ചതോടെ മോദിസര്‍ക്കാരില്‍ പാളിച്ചകള്‍ അരങ്ങേറാന്‍ തുടങ്ങി.
          മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ ഇറ്റാലിയന്‍ നാവികരെ വെറുതെ വിടില്ല എന്ന് പലതവണ നരേന്ദ്രമോദി തിരഞ്ഞെടുപ്പു വേളയില്‍ ഗീര്‍വാണം അടിച്ചു നടന്നതാണ്.എന്നാല്‍ അധികാരത്തില്‍ എത്തിയ ഉടന്‍ മോദി സര്‍ക്കാര്‍ ചെയ്ത കാര്യം നമ്മെ ഞെട്ടിപ്പിക്കുന്നു.ഇറ്റാലിയന്‍ നാവികരുടെ വക്കീലായ അരുണ്‍  ജെയ്റ്റ് ലി ശിഷ്യന്‍ മുകുള്‍ റോഹ്തഗിയെ ഇന്ത്യയുടെ അറ്റോര്‍ണി ജനറലാക്കി.ഇന്ത്യയിലെ ഒട്ടുമിക്ക അഴിമതിക്കാരുടെയും വക്കീലായ റോഹ്തഗി അത്രവലിയ നിയമജ്ഞന്‍ ഒന്നുമല്ല.ചിദംബരത്തിന്‍റെയും ജെയ്റ്റ് ലിയുടെയും പഴയ കേസുകള്‍ അവര്‍ മന്ത്രിമാരായ ശേഷം കൈകാര്യം ചെയ്ത ഒരു വിശ്വസ്ത-വിനീത വിധേയന്‍ മാത്രമാണ് ഇയാള്‍.ഇതുപോലുള്ളവര്‍ സര്‍ക്കാര്‍ വക്കീലന്‍മാര്‍ ആയത് കൊണ്ട് മാത്രമാണ് ഒട്ടുമിക്ക കേസുകളിലും മോദി സര്‍ക്കാരിന് അടികിട്ടുന്നത്.ഇറ്റാലിയന്‍ നാവികരുടെ കേസ് കൈകാര്യം ചെയ്ത മറ്റൊരു വക്കീലായ ഹരീഷ് സാല്‍വേക്ക് മോദിസര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.നാട്ടിലെ സര്‍വ്വ നികുതി വെട്ടിപ്പുകാരന്‍മാരുടെയും വക്കീലന്‍മാര്‍ക്ക് കൊടുക്കാന്‍ ഉള്ളതല്ല പത്മ പുരസ്കാരങ്ങള്‍.നാടിനും രാജ്യത്തിനും എന്ത് സേവനമാണ് ഇക്കൂട്ടര്‍ ചെയ്തത്.സത്യസന്ധമായി തീരുമാനമെടുത്താല്‍ സര്‍ക്കാരിന്‍റെ നികുതി വര്‍ദ്ധിപ്പിക്കാന്‍ കല്‍ക്കരി-സ്പെക്ട്രം പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കി പോരാടിയ പ്രശാന്ത് ഭൂഷണ് വേണം ഇത്തരം പുരസ്കാരങ്ങള്‍ നല്‍കേണ്ടത്.
        നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം വിദേശകാര്യ രംഗത്ത് ഇന്ത്യ ഒരുപാട് മുന്നേറിയിട്ടുണ്ട്.ഈ രംഗത്ത് മോദിയുടെ വിദേശ യാത്രകളെ വിമര്‍ശിക്കുന്നത് വെറും കൊതിക്കെറുവായി മാത്രമേ കാണാന്‍ പറ്റൂ.ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ശക്തമായ ഭരണം ആണ് നടക്കുന്നതെന്ന് കാണിച്ചു കൊടുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
    പക്ഷേ സാമ്പത്തിക രംഗത്ത് വളരെയേറെ പിന്നോക്കം ആണ് മോദിസര്‍ക്കാര്‍. അരുണ്‍ ജെയ്റ്റ് ലിയെ പോലുള്ള ആളുകള്‍ ധനകാര്യമന്ത്രി ആയാല്‍ ഇങ്ങനെയൊക്കയെ സംഭവിക്കൂ. രാജ്യത്തെ ഒട്ടുമിക്ക നികുതി വെട്ടിപ്പുകാരുടെയും കേസുകള്‍ കൈകാര്യം ചെയ്ത ആളെ ധനകാര്യമന്ത്രി ആക്കിയ മോദിയുടെ നടപടി സംശയങ്ങള്‍ സൃഷ്ട്ടിക്കുന്നു.ചിദംബരത്തിന്‍റെ നടപടികളുടെ തനിയാവര്‍ത്തനം ആണ് ജെയ്റ്റ് ലി. ഇന്ത്യയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ ധനവിനിയോഗബില്ലില്‍ അവതരിപ്പിച്ച ധനകാര്യമന്ത്രിയുടെ സാമ്പത്തികകാര്യ മാനേജ്‌മന്‍റ് എന്ത് മാത്രം വഷളാണെന്ന് വ്യക്തമാവുന്നു. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞത് കൊണ്ട് മാത്രം കാര്യങ്ങള്‍ തടിക്കു കേടില്ലാതെ പോയി.ടെലികോം,കല്‍ക്കരി ലേലവും സഹായകരമായതിനാല്‍ വരുമാനത്തില്‍ രക്ഷപ്പെട്ടു.കണക്കുകള്‍ അനുസരിച്ച് നികുതി പിരിവ് വല്ലാതെ കുറഞ്ഞത്‌ ധനകാര്യ സ്ഥിതിയെ അസ്വസ്ഥമാക്കുന്നു,ഉന്നതാധികാര സമിതിയായ  പാര്‍ലമെന്‍ററി ബോര്‍ഡിലെ എല്ലാവരും മന്ത്രിമാരായത് ബിജെപിക്ക് ഒരുപാട് രാഷ്ട്രീയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കിയാണ്.പ്രസിഡന്‍റ്  അമിത്ഷായും,ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി രാംലാലും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും ഒഴികയുള്ള എല്ലാവരും ഇപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ആണ്.ഇത് പാര്‍ട്ടിയെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട്.പാര്‍ട്ടിയും RSSഉം തമ്മിലുള്ള അകല്‍ച്ചകള്‍ കണ്ടുതുടങ്ങി.
   അരുണ്‍ ഷൂരിയുടെ വിമര്‍ശനങ്ങള്‍ക്ക് ഉത്തരവാദി മോദിയുടെ രീതികള്‍ തന്നെയാണ്.കള്ളപ്പണക്കേസില്‍ ഉദാസീനതകാരണം രാംജേത്മലാനി മോദിയുമായി യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ കനത്ത അടിയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചിട്ടില്ല.ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചത് വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇട്ടതു പോലെയായി.അധികാരത്തില്‍ എത്താന്‍ സഹായിച്ച സുഹൃത്തുക്കളെ ശത്രുക്കളാക്കുന്നതില്‍ നരേന്ദ്രമോദി ഗവേഷണം നടത്തുകയാണ്.സുഹൃത്തുക്കളെ ഒഴിവാക്കി അനുചരരെ കൊണ്ട് നടക്കുന്ന ഭരണാധികാരികള്‍ക്ക് പറ്റുന്ന പാളിച്ചകള്‍ മോദിക്കും പറ്റിക്കൊണ്ടിരിക്കുകയാണ്.
     നവംബര്‍ മാസത്തിലെ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന്‍റെയും ബിജെപിയുടെയും ഗതി വിഗതികള്‍ നിര്‍ണ്ണയിക്കും.നിതീഷ്കുമാറും ലാലുപ്രസാദ് യാദവും കോണ്‍ഗ്രസ്സും ഒന്നിച്ച വേളയില്‍ ബീഹാറില്‍ തിരഞ്ഞെടുപ്പ് ജയിക്കല്‍  ബിജെപിയെ സംബന്ധിച്ച് ബാലികേറാമലയായിരിക്കും.അമിത്ഷായുടെ രാഷ്ട്രീയ ഭാവി ഈ തിരഞ്ഞെടുപ്പില്‍ നിശ്ചയിക്കപ്പെടും.
  ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത രാഷ്ട്രീയ യുദ്ധം ജനുവരി മാസത്തില്‍ RSSഉം VHPയും നടത്താന്‍ ഉദ്ദേശിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭങ്ങള്‍ ആണ്.ഇന്ത്യയിലെ രാഷ്ട്രീയ ഗതി വിഗതികള്‍ രാമക്ഷേത്ര നിര്‍മ്മാണ സമരത്തില്‍ ആടിയുലയും എന്ന കാര്യത്തില്‍ സംശയം വേണ്ട.ചുരുക്കത്തില്‍ ഇനിയുള്ള മാസങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ നാളുകളാണ്.ആരൊക്കെ തകരും ആരൊക്കെ അതിജീവിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം.                 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.