You are Here : Home / കാണാപ്പുറങ്ങള്‍

ലളിത് മോദിയുടെ സ്മാര്‍ത്ത വിചാരം

Text Size  

Story Dated: Sunday, June 28, 2015 06:26 hrs UTC

 മദ്ധ്യതിരുവിതാംകൂറിലെ മാന്യന്‍മാരെ പിടിച്ചുകുലുക്കിയ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലതൊട്ടപ്പനായിരുന്ന ലളിത് മോദിയുടെ അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. ഇന്ത്യന്‍ ക്രിക്കറ്റും രാഷ്ട്രീയവും മാധ്യമങ്ങളും എല്ലാം എത്രമാത്രം വൃത്തികെട്ടതാണ് എന്ന് ഈ വിവാദങ്ങള്‍ തെളിയിക്കുന്നു. വാതുവെപ്പും,ചൂതാട്ടവും മദിരാക്ഷിയും കൊണ്ട് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മലീമസമായ ക്രിക്കറ്റിലെ വൃത്തികേടുകള്‍ ഇന്ന് ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി.
            എല്ലാ മാനവും പോയ ലളിത് മോദിക്ക് ഇനി നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല.ആയതിനാല്‍ തിരിച്ചടിക്ക് തയ്യാറായ ലളിത് മോദി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്‍മാരുടെ മുഖംമൂടി വലിച്ചെറിയാന്‍ തുടങ്ങി.
തന്‍റെ നിയന്ത്രണത്തിലായ ടൈംസ്‌ ഓഫ് ഇന്ത്യ ഗ്രൂപ്പിനെ കൊണ്ട് അരുണ്‍ ജെയ്റ്റ്ലി സുഷമസ്വരാജിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.പിന്നീടത്‌ വസുന്ധര രാജെ സിന്ധ്യയുടെ തട്ടിപ്പുകളും പുറത്ത് കൊണ്ടുവന്നു.കള്ളന് കഞ്ഞിവെച്ചവനായ ലളിത് മോദി വെറുതെ ഇരുന്നില്ല.അരുണ്‍ ജെയ്റ്റ്ലിയുടെ തട്ടിപ്പുകളും തോഴന്‍ ചിദംബരത്തിന്‍റെ തരികിടകളും ടൈംസ്‌ ഓഫ് ഇന്ത്യ ഉടമ വിനീത് ജെയിന്‍റെ കൊള്ളരുതായ്മകളും ലളിത് മോദി വെളിപ്പെടുത്തി തുടങ്ങി.അരുണ്‍ ജെയ്റ്റ്ലി മകള്‍ സോണാലി ജെയ്റ്റ്ലിയുടെ പേരില്‍ അടിച്ചെടുക്കുന്ന കനത്ത വക്കീല്‍ ഫീസും വിനീത് ജെയിന്‍റെ നിശാസുന്ദരികളുമായുള്ള കൂട്ടുകെട്ടും പെയ്ഡ് ന്യുസ് സമ്പ്രദായവും ലളിത് മോദി വിളംബരം ചെയ്തു തുടങ്ങി.രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സെക്രട്ടറി ഒമിതാ പോളും ഹവാലാ എജന്റ്റ് വിവേക് നഗ്പാലും തമ്മിലുള്ള ബന്ധങ്ങളും ലളിത് മോദി വെളിപ്പെടുത്തി. പ്രിയങ്കാ ഗാന്ധിയുമായും റോബര്‍ട്ട്  വാദ്രയുമായും ഡിഎല്‍എഫ് ഓണര്‍ കെപി സിംഗിന്‍റെ മരുമകന്‍ ടിമ്മി സര്‍ണയുടെ സാന്നിധ്യത്തില്‍ ലണ്ടനില്‍ വച്ച് താന്‍ കൂടിക്കാഴ്ച്ച നടത്തിയതായും  ലളിത് മോദി വെളിപ്പെടുത്തുന്നു.
   ശശി തരൂരിന്‍റെ ക്രിക്കറ്റ് ഇടപാടുകള്‍ 2010ല്‍ പൊളിച്ചതോടെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ലളിത് മോദിക്കെതിരെ തിരിഞ്ഞത്.ദാവൂദ് ഇബ്രാഹിമിനെ ഉപയോഗിച്ച് വകവരുത്താന്‍ ആദ്യം ശ്രമിച്ചു.പിന്നീട് സുരക്ഷ പിന്‍വലിച്ചു.ഇതോടെ അപകടം മണത്ത ലളിത് മോദി ലണ്ടനിലേക്ക് പലായനം ചെയ്തു.ലളിത് മോദി തട്ടിപ്പ് നടത്തി എന്ന് അരുണ്‍ ജെയ്റ്റ്ലി എഴുതിയ BCCI ആഭ്യന്തര റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ വേദവാക്യമായി സ്വീകരിച്ച് അന്വേഷണവും തുടങ്ങി.എന്തായാലും ലളിത് മോദിക്ക് ഒറ്റക്ക് നടത്താവുന്ന തട്ടിപ്പുകള്‍ അല്ലാ ഇതൊന്നും.BCCI അറിയാതെ IPLന് ഒന്നും ചെയ്യാന്‍ കഴിയില്ല.ലളിത് മോദിയെ ഓടിച്ചു വിടാന്‍ ഉപയോഗിച്ച തന്ത്രം മാത്രം ആണിത്.പക്ഷേ ഇവിടെ കേന്ദ്രസര്‍ക്കാര്‍ BCCIയിലെ ഒരു പക്ഷത്തോടൊപ്പം ചേര്‍ന്ന് ഈ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനിന്നു.ചുരുക്കത്തില്‍ മോഷണം മുതല്‍ പങ്കുവെക്കാന്‍ എല്ലാ കള്ളന്‍മാരും ഒത്തുകൂടി വേറൊരു കള്ളനെതിരെ തിരിഞ്ഞു,അത്രമാത്രം.ഇതൊന്നും ലണ്ടനില്‍ നിന്ന് ലളിത് മോദിയെ തിരികെ കിട്ടുവാന്‍ ഉതകുന്ന കുറ്റമൊന്നുമല്ല.കള്ളക്കടത്തുകാരനും ആയുധ വ്യാപാരിയും മയക്കുമരുന്ന് കച്ചവടവും നടത്തിയ ഇഖ്ബാല്‍ മിര്‍ച്ചിയെ ഇന്ത്യന്‍ നിയമങ്ങളില്‍ നിന്നും സംരക്ഷിച്ച രാജ്യമാണ് ഇംഗ്ലണ്ട്.പിന്നെയാണ് തമ്മിലടിയില്‍ തുടങ്ങിയ സാമ്പത്തിക കുറ്റാരോപണ കേസിലെ ലളിത് മോദിയെ നമുക്ക് തിരികെ കിട്ടുന്നത്.എല്ലാം പോകട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു കോടതിയില്‍ പോലും ലളിത് മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തതല്ല സര്‍ക്കാരിന്,ഓടിച്ചു വിടാന്‍ മാത്രമേ താല്‍പ്പര്യം ഉണ്ടായിരുന്നുള്ളൂ.
                പക്ഷേ ഇന്ന് സ്ഥിതി മാറി പേടിച്ച് ഓടി വാതുറക്കാത്തവനല്ല ലളിത് മോദി.ഇന്ന് ലളിത് മോദിയുടെ വെളിപ്പെടുത്തലുകള്‍ വരുംദിവസങ്ങളില്‍ തലവേദനയാവുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്.അടുത്ത മാസം തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം പ്രതിപക്ഷം അലങ്കോലമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.നാറിയവനെ ചുമന്നവരും നാറും എന്നത് പോലെയാണ് BJPയുടെ സ്ഥിതി.വഴിവിട്ട് ലളിത് മോദിയെ സഹായിച്ചതിന് സുഷമസ്വരാജ് ഇതുവരെ വിദേശകാര്യമന്ത്രി എന്ന നിലയില്‍ ചെയ്ത എല്ലാ നല്ല പ്രവര്‍ത്തനങ്ങളും കുളമാക്കി.പിടികിട്ടാപുള്ളിയായ ലളിത് മോദിയെ എന്തിന് ലണ്ടനില്‍ ചെന്ന് കണ്ട് രഹസ്യചര്‍ച്ച നടത്തി എന്ന് അരുണ്‍ ജെയ്റ്റ്ലി ഉത്തരം പറയേണ്ടി വരും.ഓരോദിവസവും കഴിയുംതോറും നരേന്ദ്രമോദി തുടരുന്ന മൗനം സംശയങ്ങളുടെ വേലിയേറ്റം കൂട്ടാന്‍ മാത്രമേ സഹായിക്കൂ.എല്ലാ BJP നേതാക്കളോടും ക്രിക്കറ്റ് സമിതികളില്‍ നിന്നും പിന്‍വാങ്ങാന്‍ പറയാനുള്ള ആര്‍ജ്ജവം നരേന്ദ്രമോദി കാണിക്കുമോ?ചക്കരകുടത്തില്‍ കയ്യിട്ടവര്‍ അതിനു തയ്യാറാവുമോ?ഒരിക്കലും ഇല്ല എന്ന് തന്നെയാണ് ഉത്തരം.             
         
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.