You are Here : Home / കാണാപ്പുറങ്ങള്‍

അനാഥനായ രാജീവ് ഗാന്ധി

Text Size  

Story Dated: Tuesday, February 25, 2014 12:56 hrs UTC

മുന്‍   പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാന്‍ ശ്രമിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടി ഇന്ത്യന്‍ രാഷ്ട്രീയം  എത്ര
മാത്രം പാപപങ്കിലമായെന്നു ചൂണ്ടികാണിക്കുന്നു. ഒരിക്കല്‍ പോലും പശ്ചാത്തപിച്ചിട്ടില്ലാത്ത L.T.T.E യുടെ കൊലപാതകി സംഘത്തിനു വേണ്ടി
മനുഷ്യാവകാശത്തിന്റെ പൊയ് വാദങ്ങള്‍ നിരത്തുന്ന വൃത്തികെട്ട തമിഴ്നാട്‌ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ബിജെപിയും ഇടതുപക്ഷവും ശ്രമിക്കുന്നില്ല എന്ന കാര്യം തീര്‍ത്തും വേദനാജനകമാണ്.

രാജീവ്ഗാന്ധി ഇന്ന് ഒരു അനാഥനെ പോലെ നമ്മുടെ മുന്നില്‍ നില്ക്കുകയാണ്.പ്രധാനമന്ത്രിയായിരുന്ന ഒരാളിനെ നിഷ്റൂരമായി വധിച്ചവരുടെ  വധശിക്ഷ ഇളവു ചെയ്തപ്പോള്‍ പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്നവരെ ഇന്ത്യയില്‍ മാത്രമേ കാണു.മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കില്‍ വിവരം അറിഞ്ഞേനെ.രാജീവ് ഗാന്ധിയുടെ ഘാതകരുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായതിന്റെ ഒന്നാം പ്രതി ഭാര്യ സോണിയാ ഗാന്ധിയാണ്.നളിനിയുടെ വധശിക്ഷ ഇളവു ചെയ്യണം എന്ന് ആവശ്യപ്പെട്ട് അവര്‍ എഴുതിയ കത്തില്‍ നിന്ന് തുടങ്ങിയതാണ് സര്‍വ്വ പ്രശ്നങ്ങളും.കത്ത് കിട്ടിയ ഉടന്‍ കരുണാനിധി നളിനിയുടെ വധശിക്ഷ ഇളവു ചെയ്തു.എന്തടിസ്ഥാനത്തില്‍ ഇങ്ങനെ നടപടിയെടുത്തു?

കോടതികള്‍ വിധിച്ച കേസില്‍ സോണിയാഗാന്ധിക്ക് എന്തധികാരം? രാജീവ്ഗാന്ധി സോണിയാഗാന്ധിയുടെ ഭര്‍ത്താവ് മാത്രമല്ല എന്ന കാര്യം ബന്ധപ്പെട്ടവര്‍ മറന്നു.   നളിനിക്ക് കിട്ടിയ ഔദാര്യം തങ്ങള്‍ക്കു കൂടി വേണമെന്ന് മറ്റു ഘാതകരും നിയമത്തിനു മുന്നില്‍ അവതരിപ്പിച്ചതോടെ സംഗതി മുഴുവന്‍ കുളമായി.ജയലളിതയുടെ നടപടി അറിഞ്ഞ് വൈകുന്നേരം താന്‍ ദുഖിതനാണെന്ന് മാത്രം പറഞ്ഞു രാഹുല്‍ നിര്‍ത്തി.ഈ വിഷയത്തില്‍ സോണിയാഗാന്ധി ഇതുവരെ ഒന്നും പറയാതിരിക്കുന്നത്  വല്ലാത്ത കഷ്ടം തന്നെ.തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എല്ലാവര്‍ക്കും നോട്ടം തമിഴ്നാട്ടിലെ 40 സീറ്റുകള്‍ തന്നെ.ജയലളിതയുടെ നടപടിയിൽ താന്‍ അസന്തുഷ്ട്ടനല്ല എന്ന് തട്ടിവിട്ട ചിദംബരം എത്രമാത്രം തരാം താണവനെന്നു സ്വയം തെളിയിച്ചു.രാത്രി വൈകിയപ്പോള്‍ മാത്രമാണ് ബിജെപി തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയില്‍ ഇലയക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ പ്രതിഷേധിച്ചത് .ഇലക്ഷന്‍ കഴിഞ്ഞാല്‍ ജയലളിതയുടെ പിന്തുണ തേടേണ്ടി വരും എന്നതിനാല്‍ നരേന്ദ്രമോഡി ഈ വിഷയം അറിഞ്ഞ മട്ട് ഭാവിക്കുന്നില്ല .

ജയലളിതയുടെ അച്ചാരം പറ്റി തമിഴ്നാട്ടില്‍ ജീവിക്കുന്നതിനാല്‍ ഇടതു പാര്‍ട്ടികള്‍ കമ എന്നൊരക്ഷരം മിണ്ടിയില്ല.  ദേശീയ തലത്തില്‍ അന്നും ഇന്നും രാജീവ് വധത്തില്‍ ശക്തമായ നിലപാടെടുത്തത് സുബ്രമണ്യം സ്വാമി മാത്രമാണ്.L.T.T.Eയുടെ ആയുഷ്ക്കാല പിന്തുണക്കാരനായ വൈക്കോ പോലും ഇപ്പോള്‍ ബിജെപിയുടെ മുന്നണിയില്‍ എത്തിക്കഴിഞ്ഞു.എതിര്‍ക്കുന്ന സ്വാമിക്ക് മൂക്ക് കയറിടാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.സ്വാമിയോടൊപ്പം L.T.T.Eയെ ശക്തമായി എതിര്‍ത്ത അപൂര്‍വ രാഷ്ട്രീയക്കാരില്‍ ഒരാളായ ജയലളിതയക്ക് എങ്ങനെ നിലപാട് മാറ്റാന്‍ കഴിഞ്ഞു ? ഉത്തരം വ്യക്തം -തമിഴ്നാട്ടില്‍ വോട്ടടിച്ചെടുക്കുന്നതിലുപരി ജയലളിയ്തക്കൊരു ഗൂഡ ലക്‌ഷ്യം ഉണ്ട്.

ജയലളിതയുടെ നടപടിയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത കോണ്‍ഗ്രസിനെ എന്തിനു DMK പിന്തുണക്കുന്നു എന്ന ചോദ്യം വികാരജീവികളായ തമിഴര്‍ക്കിടയില്‍ ഉന്നയിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്‌ഷ്യം.
സിബിഐ അന്വേഷിച്ച കേസില്‍ ശിക്ഷ വിധിച്ചവരെ വിട്ടയക്കാന്‍ തനിക്കു അധികാരം ഇല്ലെന്ന് വ്യക്തമായി അറിയുന്ന ജയലളിത ഈ വൃത്തികെട്ട നടപടിക്കു തുനിഞ്ഞത് ചുളിവില്‍ കിട്ടുന്ന രാഷ്ട്രീയ ലാഭം അടിച്ചെടുക്കാനാണ്.

വൈകുന്നേരം രാഹുല്‍ഗാന്ധി  ദുഖിതനാണെന്ന് പറയുന്നത് വരെ കോണ്‍ഗ്രസുകാര്‍ വാതുറന്നില്ല എന്ന കാര്യം നമ്മെ വേദനിപ്പിക്കുന്നു.പിറ്റേദിവസം ആണു കേന്ദ്രസര്‍ക്കാരിനു ബോധോദയം ഉണ്ടായത്. ജനരോക്ഷം മനസ്സിലാക്കി സുപ്രീംകോടതിയും ഇടപെട്ടു.  രാജീവ് ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തി ഫൌണ്ടേഷനുകള്‍ നടത്തി ജീവിക്കാന്‍ മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും താല്പര്യം.രാജീവ്ഗാന്ധിയെ തൊട്ടാല്‍ വിവരമറിയിക്കും എന്ന് പറയാനുള്ള ആര്‍ജവം ഇല്ലാത്ത കോണ്‍ഗ്രസ്‌ നേതൃത്വത്തോട്   സഹതപിക്കാന്‍ മാത്രമേ കഴിയൂ.നട്ടെല്ലില്ലാത്ത കോണ്‍ഗ്രസുകാരന്റെ കാര്യം പോട്ടെ .രാജീവ്ഗാന്ധിയുടെ ദാരുണമായ അന്ത്യം കാരണമാണ് ജയലളിത ആദ്യമായി മുഖ്യമന്ത്രി ആയത്. രാജ്യസഭാംഗം ആയ കാലത്ത് രാജീവ്ഗാന്ധിയുമായി ഊഷ്മളമായ ബന്ധം.ഉണ്ടായിരുന്ന ആളാണ് ജയലളിത

.എം.ജി.ആര്‍ന്‍റെ മരണ ശേഷം ചവിട്ടിപുറത്താക്കപ്പെട്ട ജയലളിതയക്ക് രാഷ്ട്രീയത്തില്‍ തിരിച്ചുവരാന്‍ പറ്റിയത് രാജീവ്ഗാന്ധിയുടെ പിന്തുണ കൊണ്ട് മാത്രമാണ്.ജയലളിതക്ക് എങ്ങനെ ഇത്തരം ക്രൂരമായ നടപടി എടുക്കാന്‍ പറ്റി ?ഈ ലോകം എന്ത് മാത്രം നന്ദി കെട്ടതാണ് എന്ന് ഈ നടപടിയിലൂടെ ജയലളിത നമുക്ക് കാണിച്ചു തന്നിരിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.