You are Here : Home / കാണാപ്പുറങ്ങള്‍

ആരാണീ സഹാറയില്‍ 20000 കോടി രൂപ നിക്ഷേപിച്ചവര്‍ ?

Text Size  

Story Dated: Tuesday, March 11, 2014 12:56 hrs UTC

സഹാറ കമ്പനി ഉടമ സുബ്രതറോയി കഴിഞ്ഞ ഒരാഴ്ച്ചയായി ജയിലില്‍ കിടക്കുകയാണ്.ഇരുപതിനായിരത്തില്‍പരം കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനും ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ രണ്ടു വര്‍ഷമായി തുടരെ അവഗണിച്ചതിനുമാണ് ഈ മാന്യദേഹം ജയിലിലായത്.

ഇവിടെ ഉയരുന്ന ചോദ്യം-ഇത്രയും കാലമായിട്ടും ഒരു നിക്ഷേപകന്‍ പോലും പരാതിയുമായി എത്തിയിട്ടില്ല. ഒരു ലക്ഷം രൂപ വെച്ച് ശരാശരി നോക്കിയാല്‍ 20 ലക്ഷം പേര്‍ ചേര്‍ന്നാലെ ഈ ഇരുപതിനായിരം കോടി രൂപ നിക്ഷേപം ഉണ്ടാവൂ.20 ലക്ഷം പേരെ പറ്റിച്ച ഒരാള്‍ക്കെതിരെ ഒരു ചെറുശബ്ദം പോലും നമ്മള്‍ കേള്‍ക്കുന്നില്ല. എന്ത് കൊണ്ട്? സുപ്രീംകോടതി പലവട്ടം ചോദിക്കുന്നു-ശരിക്കും നിക്ഷേപകര്‍ ഉണ്ടോ?

ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരമേയുള്ളൂ.ഈ ഇരുപതിനായിരം കോടി രൂപ  സാധാരണ നിക്ഷേപകന്‍റെ അല്ല.ഈ രാജ്യത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ-കോര്‍പറേറ്റുകളുടെയും കള്ളപണം ആണ് ഈ ഭീമന്‍ തുക. ഇവരുടെ കള്ളപണത്തിന്‍റെ കാവല്‍ക്കാരനാണ്‌ സുബ്രതറോയി.   അതു കൊണ്ടാണ് പണം കാശായി മടക്കി കൊള്ളാം എന്ന് ഇദ്ദേഹം വാദിക്കുന്നത്.ഡിമാണ്ട് ഡ്രാഫ്റ്റ്‌ ആയി പണം തിരിച്ചുനല്‍കണം എന്ന സുപ്രീംകോടതിയുടെ വ്യവസ്ഥ ഇദ്ദേഹത്തിനു പാലിക്കാന്‍ പറ്റാത്തത് ഇതു കൊണ്ടാണ്.


ജസ്റ്റിസ്സുമാരായ k.S.രാധാകൃഷ്ണനും J.S.ഖേറും ഈ ഭീമനെ നിലയ്ക്കു നിര്‍ത്തിയതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. K.M.അബ്രഹാം I.A.S സെബി ഡയറക്ടര്‍ ആയ കാലഘട്ടത്തിലാണ് സഹാറക്കെതിരെ 2009-ല്‍ നടപടികള്‍ ആരംഭിക്കുന്നത്.  ഇടയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ആയ അല്‍ത്തമാസ് കബീര്‍ സുബ്രതറോയിയെ വഴിവിട്ട് സഹായിച്ചു. തീര്‍ത്തും നിയമവിരുദ്ധമായാണ് ജസ്റ്റിസ്‌ K.S.രാധാകൃഷ്ണന്‍റെ ബെഞ്ചിനു മുന്നിലുള്ള വിഷയത്തില്‍ കബീര്‍ ഇടപെട്ട് ഇളവ്‌ ചെയ്തത്.


35 വര്‍ഷം മുമ്പ്‌ ലാംബ്രെട്ട സ്കൂട്ടറില്‍ മധുരപലഹാരങ്ങള്‍ വിറ്റ് നടന്ന സുബ്രതറോയി 1980-കളില്‍ ചിട്ടി കമ്പനി തുടങ്ങിയതോടെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍,ലണ്ടനിലെ ഗ്രോസ് വെനര്‍  ഹോട്ടല്‍ തുടങ്ങിയ ലോകത്തിലെ കണ്ണായ സ്ഥലങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ ഹോട്ടലുകളും  റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സും സഹാറ ഗ്രൂപ്പ്‌ കൈയ്യടക്കി. ഇതെല്ലാം ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും കോര്‍പ്പരെറ്റുകളുടെയും കള്ളപ്പണമല്ലാതെ വേറൊന്നുമല്ല.


90-കളില്‍ ധീരുഭായ് അംബാനിയുടെ ആശ്രിതനായി ചേര്‍ന്നതോടെ സുബ്രതറോയിക്ക് പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.കോണ്‍ഗ്രസ്‌-NCP-സമാജ് വാദി-BSP-BJP നേതാക്കളുടെ പിന്തുണ കൂടാതെ തൃണമൂല്‍,വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ നേതൃത്വം കൂടി സുബ്രതയുടെ കൈപ്പിടിയില്‍ ഒതുങ്ങി. ചിട്ടി കമ്പനി കൂടാതെ ടൌണ്‍ഷിപ്പ്‌ നിര്‍മ്മാണം കൂടി തുടങ്ങിയതോടെ പണം ഇദ്ദേഹത്തിന്‍റെ കമ്പനികളില്‍ കുമിഞ്ഞു കൂടി. സിനിമ-മീഡിയ രംഗത്ത് കാല്‍വെച്ചതോടെ ഗ്ലാമര്‍ താരവുമായി സുബ്രതറോയി മാറി.


കഴിഞ്ഞ രണ്ടു വര്‍ഷമായി സെബിയും സുപ്രീംകോടതിയും ആഞ്ഞടിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ണടക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ കള്ളപണം സൂക്ഷിക്കുന്നത് കൊണ്ടു മാത്രമാണ്.BJP നേതാവ് രവിശങ്കര്‍ പ്രസാദ്‌ ഒരുളുപ്പുമില്ലാതെ സുബ്രതക്ക് വേണ്ടി വാദിക്കുന്നത് പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന വാചകം എത്ര ശരിയാണ് എന്ന് തെളിയിക്കുന്നു.

 


സുപ്രീംകോടതി ഇടപെട്ട് ഈ ഭീമന്‍ തുക ഇന്ത്യയുടെ ഖജനാവില്‍ എത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമ്മുടെ ന്യായാസനങ്ങള്‍ക്ക്‌ അതിനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.