You are Here : Home / കാണാപ്പുറങ്ങള്‍

നരേന്ദ്രമോദിയെ സോപ്പിടുന്ന കുറുക്കന്‍മാര്‍

Text Size  

Story Dated: Thursday, March 27, 2014 03:00 hrs UTC

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മറ്റ് എതിരാളികളേക്കാള്‍ നരേന്ദ്രമോദി ബഹുദൂരം മുന്നിലാണ്.കഴിഞ്ഞ രണ്ടു മാസമായി മതേതരത്വത്തിന്‍റെ കാവല്‍ മാലാഖമാര്‍ ചമഞ്ഞു നടന്ന പാര്‍ട്ടികളും നേതാക്കളും ബിജെപിയുടെ പാളയത്തില്‍ കയറിക്കൂടാനുള്ള തത്രപാടിലാണ്.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വര്‍ഗീയവാദിയെന്നും നരഹത്യനടത്തിയവനെന്നും മോദിയെ അപകീര്‍ത്തിപ്പെടുത്തിയ നേതാക്കള്‍ ഇപ്പോള്‍ അദ്ദേഹത്തെ വികസന നായകനായി പ്രകീര്‍ത്തിക്കുകയാണ്.

കരുണാനിധി,വൈക്കോ,തെലുഗുദേശം,ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ysr കോണ്‍ഗ്രസ്സ്,രാംവിലാസ് പാസ്വാന്‍,വടക്ക് കിഴക്കന്‍ മേഖലയിലെ
തീവിഴുങ്ങി പക്ഷികളായ പ്രാദേശികനേതാക്കള്‍ വരെ നരേന്ദ്രമോദിയെ ഒരു റൗണ്ട് പ്രകീര്‍ത്തിച്ചു കഴിഞ്ഞു.ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത് ജമ്മുകാശ്മീരിലെ തീപ്പൊരി മെഹബൂബ് മുഫ്തിയുടെ PDPയും മോദി എന്ന വല്യേട്ടന്‍ നയിക്കുന്ന NDAയിലേക്ക് ചേക്കേറാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയാണ്.ഇതെല്ലാം പോകട്ടെ ദിനംപ്രതി ഉത്തരേന്ത്യയിലെ പ്രധാന ഇമാം-മൗലവിമാരും മോദിയെ പ്രകീര്‍ത്തിച്ച് പാരായണം തുടങ്ങിക്കഴിഞ്ഞു.

എന്താണ് ഈ ചുവടുമാറ്റങ്ങള്‍ക്ക് പിന്നില്‍ ?‍.ഇപ്പോള്‍ മോദിയെ പ്രകീര്‍ത്തിക്കുന്ന ഈ നേതാക്കള്‍ ഇത്രയുംകാലം മതേതരത്വത്തിന്‍റെ മഹിമ പാടി നടന്നവരാണ്. ഇതില്‍ ചിലര്‍ സോണിയാഗാന്ധിയെ ഇന്ത്യയുടെ കാവല്‍മാലാഖ എന്നുവരെ പറഞ്ഞ് വാഴ്ത്തിയവരാണ്. ഫെബ്രുവരി മാസത്തില്‍ വന്ന എല്ലാ അഭിപ്രായ സര്‍വ്വേകളും BJPക്ക് 200-ല്‍ അധികം MPമാരെ കിട്ടും എന്ന് പ്രവചിച്ചതോടെയാണ്‌ ഈ കുത്തൊഴുക്ക് തുടങ്ങിയത്.


1999-ലെ പൊതുതിരഞ്ഞെടുപ്പില്‍ വാജ്പേയി അധികാരത്തില്‍ വന്നപ്പോള്‍ BJPയുടെ പിന്നില്‍ 25ലധികം കക്ഷികളാണ് പിന്നിലുണ്ടായിരുന്നത്. 2004-ല്‍ UPA അധികാരത്തില്‍ വന്നതും ഇതേ ഇരട്ട താപ്പുകാരുടെ പിന്തുണയോടെയാണ്. യാതൊരു തത്വദീക്ഷയില്ലാത്ത ഈ കൂടുമാറ്റങ്ങള്‍ തെളിയിക്കുന്നത് ഇന്നും ഇന്ത്യന്‍ രാഷ്ട്രീയം അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ വിളയാട്ട കേന്ദ്രം ആയി തുടരുകയാണ് എന്നതാണ്.

മേയ് പതിനാറാം തീയ്യതി തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിജെപി തന്നെ ആയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി എന്നകാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കൃത്യമായി എത്ര സീറ്റ് കിട്ടും എന്ന കാര്യത്തില്‍ മാത്രമേ ഉള്ളു തര്‍ക്കം.ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ 230 സീറ്റ് കിട്ടും എന്ന പ്രത്യാശയിലാണ് .ബിജെപിയെ വെറുക്കുന്നവര്‍ പോലും അവര്‍ക്ക് 160 സീറ്റിലധികം കിട്ടും എന്ന് കരുതുന്നു. ബിജെപി 180 സീറ്റ് കടന്നാല്‍ കോണ്‍ഗ്രസ്സും AAPയും ഇടതുപക്ഷവും ഒഴിച്ചുള്ള എല്ലാ കക്ഷികളും സ്വമേധയാ പിന്തുണ നല്‍കുന്ന കത്തുമായി ഡല്‍ഹിയില്‍ പറന്നിറങ്ങും.


തമിഴ്നാട്ടില്‍ ആരായിരിക്കും സീറ്റുകള്‍ നേടുക എന്ന കാര്യം പ്രവചനാതീതമാണ്‌. റിസള്‍ട്ട്‌ വന്നു കഴിഞ്ഞാല്‍ ജയലളിതയെ കടത്തിവെട്ടി ഡല്‍ഹിയില്‍ വീല്‍ചെയറില്‍  പറന്നെത്താന്‍ കരുണാനിധി ശ്രമിക്കും.ഇപ്പോള്‍ തന്നെ മോദിയെ "നല്ല ഹാര്‍ഡ് വര്‍ക്കര്‍" ആയി കരുണാനിധി പ്രകീര്‍ത്തിച്ചു കഴിഞ്ഞു.ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വരാനിരിക്കുന്ന 2G കേസിന്‍റെ വിധിയില്‍ മകള്‍ കനിമൊഴിക്കു എന്ത് പറ്റും എന്ന് കരുണാനിധിക്ക് നന്നായി അറിയാം.ആയതിനാല്‍ പരോള്‍ ലഭിക്കാനും മേല്‍ കോടതികളില്‍ നിന്ന് ശിക്ഷയില്‍ ഇളവ്‌ കിട്ടാനും CBI വക്കീലന്‍മാര്‍ കനിഞ്ഞേ പറ്റൂ.CBI കനിയണമെങ്കില്‍ കേന്ദ്രത്തില്‍ താക്കോല്‍ സ്ഥാനത്തുള്ളവര്‍
കനിയണം.ജയലളിത നരേന്ദ്രമോദിയോടൊപ്പം ചേര്‍ന്നാല്‍ നന്നായി പണികിട്ടും എന്ന് കരുണാനിധിക്ക് അറിയാം.ഇതിനാല്‍ ആണ് നേരത്തെ തന്നെ ഇത്രയും നാള്‍ വേറുക്കപ്പെട്ടവനായ മോദിയെ ഈ വയോധികന്‍ സോപ്പിട്ട് തുടങ്ങുന്നത്.

ഇത് തന്നെയാണ് ജഗന്‍ മോഹന്‍ റെഡിയുടെ അവസ്ഥയും ,പിതാവിന്‍റെ മരണശേഷം ജഗന്‍റെ മേല്‍ ജയില്‍ ഇടഞ്ഞാല്‍ പോലും വെളിയില്‍ വരാത്ത കേസുകളാണ് സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം CBIഉം എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറേറ്റും ചാര്‍ജ്ജ് ചെയ്തത്.ജഗന്‍ രാഹുല്‍ഗാന്ധിക്ക് പാരയാകും എന്ന് എതോ കണ്ണില്‍ ചോരയില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ ഉപദേശിച്ചതിന്‍റെ പരിണിത ഫലമാണ് ജഗന്‍  അനുഭവിക്കുന്നത്.ജഗനും പിതാവ് YSR റെഡ്ഢിയും പണമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിഹിതം സോണിയാ കുടുംബത്തിനും കൊടുത്തിട്ടുണ്ടാവും എന്ന് സാമാന്യബോധമുള്ളവര്‍ക്ക് പോലും അറിയാവുന്നതാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത കേസുകളില്‍ പെട്ടിരിക്കുന്ന ജഗന്‍റെ ഏക അത്താണി ആണ് നരേന്ദ്രമോദി.

ഇത് തന്നെയാണ് ബിജെപിയില്‍ പുതുതായി ചേര്‍ന്ന അന്‍പുമണി രാംദാസിന്‍റെ PMKയുടെ സ്ഥിതിയും.നിലവില്‍ സിബിഐ രണ്ടു കേസുകള്‍ ഇദ്ദേഹത്തിന്‍റെ പേരില്‍ ചാര്‍ത്തിവെച്ചിട്ടുണ്ട്. മായാവതിയുടെയും മുലായം സിങ്ങിന്‍റെയും സ്ഥിതിയും വ്യത്യസ്ഥമല്ല.മായാവതിക്ക് നേരിട്ട് പിന്തുണ നല്‍കാന്‍ ഒരുളുപ്പുമുണ്ടാകില്ല. മുലായം


വിമര്‍ശനം നിര്‍ത്തി ഒളിഞ്ഞും തെളിഞ്ഞും സഹായിക്കും.അല്ലങ്കില്‍ കോണ്‍ഗ്രസ്സിന്‍റെ തെറി പറഞ്ഞു നടക്കും.വേണമെങ്കില്‍ ഇതുവരെ മാലാഖ എന്നു വിശേഷിപ്പിച്ച സോണിയാഗാന്ധിയെത്തന്നെ തെറി പറയാനും ഇത്തരം കുറുക്കന്‍മാര്‍ മടിക്കില്ല. ചുരുക്കത്തില്‍ എല്ലാവരും വിജയിക്ക് പിന്നില്‍ അണിനിരക്കും. താമസിച്ച് മുന്നണിയില്‍
എത്തിയവര്‍ അപദാനങ്ങള്‍ കൊണ്ട് വിജയിയെ വീര്‍പ്പുമുട്ടിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.