You are Here : Home / കാണാപ്പുറങ്ങള്‍

മുകേഷ്‌ അംബാനിക്ക്‌ ആര്‌ മണികെട്ടും?

Text Size  

Story Dated: Tuesday, January 14, 2014 06:08 hrs UTC

ഭരണം അവസാനിക്കുന്നതിന്‌ മുമ്പ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ വലിയ ഒരു തീവെട്ടിക്കൊള്ള നടത്തി വിട വാങ്ങുകയാണ്‌. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്‌ കൃഷ്‌ണ, ഗോദാവരി തടത്തില്‍ (കെ.ജി ബേസിന്‍) നിന്നും എടുക്കുന്ന പ്രകൃതി വാതകത്തിന്‌ ഇരട്ടി വില നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌ അഴിമതിയുടെ മകുടോദാഹരണം ആണ്‌. ഇപ്പോള്‍ ഒരു യൂണിറ്റിന്‌ ( എം.എം.ബി.റ്റി.യു - മില്ല്യണ്‍ മെട്രിക്‌ ബ്രിട്ടീഷ്‌ തെര്‍മല്‍ യൂണിറ്റ്‌) വില 4.2 ഡോളര്‍ ആണ്‌. ഏപ്രില്‍ 1 മുതല്‍ 8.4 ഡോളര്‍ ആയി വില കോണ്‍ഗ്രസ്‌ ഭരണകൂടം മുകേഷിന്‌ വേണ്ടി വര്‍ദ്ധിപ്പിച്ചു കൊടുത്തിരിക്കുകയാണ്‌. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്‌ എങ്ങനെ ഇത്ര വില നല്‍കുന്നു.

 



ഇന്ത്യയില്‍ നടക്കുന്ന ഉല്‍പ്പാദനത്തിന്‌ എന്തിന്‌ ഡോളറില്‍ വില നിശ്ചയിക്കുന്നു എന്നീ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം നല്‍കുന്നില്ല.
മുഖ്യ പ്രതിപക്ഷമായ ബിജെപി ഇതൊന്നും അിറഞ്ഞമട്ടില്ല. ബിജെപി മാത്രമല്ല, ഒട്ടുമിക്ക പാര്‍ട്ടികളും ഒന്നും മിണ്ടുന്നില്ല. ആകെ ഒരാശ്വാസം സിപിഐ നേതാവ്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത സര്‍ക്കാരിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്‌തു സുപ്രീം കോടതിയില്‍ കേസ്‌ കൊടുത്തു എന്നതു മാത്രമാണ്‌. കെ.ജി ബേസിനില്‍ നടത്തിയ തട്ടിപ്പ്‌ സിഎജി 2011 ല്‍ വിശദമായി കണ്ടെത്തിയതാണ്‌. പാര്‍ലമെന്റ്‌ സമ്മേളനം അവസാനിക്കുന്നതിന്റെ അവസാന ദിവസം തിരക്കിനിടയില്‍ സിഎ ജി റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ സഭയില്‍ വെച്ചു. ആരും ഒന്നും മിണ്ടിയില്ല. ബിജെപിയിലെ യുവ തുര്‍ക്കി വരുണ്‍ ഗാന്ധി ചോരത്തിളപ്പു കാരണം ഒന്നോ രണ്ടോ തവണ പാര്‍ട്ടി നേതൃത്വത്തിന്റെ മൗനത്തെ വിമര്‍ശിച്ചു. അത്ര മാത്രം.

 

 

 

 

 



വാതക വില ഇരട്ടിയായാല്‍ എന്തും സംഭവിക്കും. ആദ്യം ഊര്‍ജോല്‍പ്പാദനവും വളനിര്‍മാണ രംഗത്തെയും ചിലവുകള്‍ ഇരട്ടിയില്‍ കൂടുതലാകും. കറന്റ്‌, വളം നിര്‍മാണ ചിലവുകള്‍ വര്‍ദ്ധിക്കുന്നതോടെ സാധാരണക്കാരന്റെ നടുവൊടിയും. കാര്‍ഷിക രംഗം തകരാറാവാതിരിക്കാന്‍ സര്‍ക്കാര്‍ ഒരുപാട്‌ സബ്‌സിഡി നല്‍കേണ്ടി വരും. ചുരുക്കത്തില്‍ മുകേഷ്‌ അംബാനിയുടെ കമ്പനിക്ക്‌ കിട്ടുന്ന 4-5 ലക്ഷം കോടി രൂപ വരുമാനത്തിന്‌ സര്‍ക്കാര്‍ 7-8 ലക്ഷം കോടി രൂപ സബ്‌സിഡിയായി നല്‍കേണ്ടി വരും. ഇത്‌ കൂടാതെ ഊര്‍ജോല്‍പ്പാദന രംഗത്ത്‌ വരുന്ന പതിന്‍മടങ്ങ്‌ ചെലവുകള്‍ സാധാരണക്കാരന്റെയും രാജ്യത്തിന്റയും സാമ്പത്തിക നില കുളമാക്കും. മുകേഷ്‌ അംബാനിക്ക്‌ കെജി ബേസിന്‍ ഇടപാടില്‍ തരികിട നടത്തിയപ്പോള്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ഫൈന്‍ അടക്കാന്‍ ശക്തിയുണ്ടായിരുന്ന ഒരു കോണ്‍ഗ്രസ്‌ മന്ത്രി കാബിനറ്റില്‍ ഉണ്ടായിരുന്നു. ഫൈന്‍ അടച്ച ജയ്‌പാല്‍ റെഡ്ഡിയെ രായ്‌ക്കു രാമാനം സോണിയാ ഗാന്ധി മാറ്റി.

 



പകരം വന്നത്‌ ആരുടെയും താളത്തിന്‌ തുള്ളുന്ന വീരപ്പ മൊയ്‌ലി. സോണിയാഗാന്ധിയും കുടുംബവും സാധാരണ യാത്ര ചെയ്യുന്നത്‌ മുകേഷ്‌ അംബാനിയുടെ ആഡംബര വിമാനത്തിലാണ്‌. ഇടക്ക്‌ ജി എം ആര്‍ ഗ്രൂപ്പിന്റെ വിമാനത്തിലും യാത്ര ചെയ്യും. ഇതെല്ലാം അറിഞ്ഞിട്ടും ഒരു ബില്ല്യണ്‍ ഡോളറിന്റെ പിഴ മുകേഷ്‌ അംബാനിയുടെ പുറത്തടിക്കാന്‍ ജയ്‌പാല്‍ റെഡ്ഡി കാണിച്ച ധൈര്യത്തെ പ്രശംസിച്ചേ പറ്റൂ. കഴിഞ്ഞയാഴ്‌ച വാതക വില ഇരട്ടിയാക്കാന്‍ കാബിനറ്റ്‌ തീരുമാനിച്ചപ്പോള്‍ ജയ്‌പാല്‍ റെഡ്ഡി ഏകനായി എതിര്‍ത്തു സംസാരിച്ചു . പുറമെ വാചകം അടിച്ച ചിദംബരം കാബിനറ്റില്‍ മുകേഷിനെ അനുകൂലിച്ചു. ആദ്യ കാലത്ത്‌ ജയ്‌പാല്‍ റെഡ്ഡിയോടൊപ്പം വാതക വില വര്‍ദ്ധിപ്പിക്കലിനെ എതിര്‍ത്ത ഊര്‍ജ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വളം മന്ത്രി ശ്രീകാന്ത്‌ ജൈനയും നിശ്ശബ്‌ദരായി.മുകേഷ്‌ അംബാനിയുടെ നടപടികള്‍ക്കെതിരെ വാചകം അടിച്ചു നടന്ന ജയറാം രമേഷും അവസാനം നിശ്ശബ്‌ദനായി.

 

 

 

 

 



വളരെക്കുറച്ച്‌ മാധ്യമ സ്ഥാപനങ്ങള്‍ മാത്രമേ മുകേഷ്‌ അംബാനിക്കെതിരെ വാര്‍ത്ത അടിക്കാന്‍ ധൈര്യം കാണിക്കാറുള്ളൂ. അതും ചില പത്ര സ്ഥാപനങ്ങള്‍. ടെലിവിഷന്‍ സ്ഥാപനങ്ങള്‍, കമാ എന്നൊരക്ഷരം റിലയന്‍സിനെതിരെ പറയാറില്ല. സിഎന്‍എന്‍ ഐ ബി.എന്‍ ചാനല്‍ ഇപ്പോള്‍ മുകേഷ്‌ അംബാനിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ അധീനതയില്‍ ആയിക്കഴിഞ്ഞു. വളരെ നല്ല പേരാണ്‌ ഈ ട്രസ്റ്റിന്‌ അംബാനി നല്‍കിയിരിക്കുന്നത്‌. ഇന്‍ഡിപ്പെന്‍ഡന്റ്‌ മീഡിയ ട്രസ്റ്റ്‌. ഈ ട്രസ്റ്റ്‌ ചാനലിന്റെ നിയന്ത്രണം കൈക്കലാക്കിയതിന്‌ ശേഷം ആദ്യം ചെയ്‌തത്‌ 350 പത്രപ്രവര്‍ത്തകരെ പുറത്താക്കി എന്നതാണ്‌. ആന്ധ്രയിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ ഈനാട്‌ ഗ്രൂപ്പും ഈ ട്രസ്റ്റിന്റെ അധീനതയിലാണ്‌. ഇന്ത്യയിലെ നല്ല വ്യവസായിക്കുള്ള അവാര്‍ഡ്‌ എന്‍ ഡി റ്റിവി ഈയിടെ മുകേഷിന്‌ നല്‍കി. ചടങ്ങ്‌ നടന്നത്‌ രാഷ്‌ട്രപതിഭവനകത്തു വെച്ചും.
ഇത്തരം കുറ്റകരമായ മൗനം എല്ലാവരം പാലിക്കുന്ന വേളയില്‍ ഗുരുദാസ്‌ ദാസ്‌ ഗുപ്‌തയുടെ കേസില്‍ സുപ്രീം കോടതി എന്തു നടപടി എടുക്കും എന്നു നമുക്കു കാത്തിരിക്കാം. എന്തായാലും ബംഗാളില്‍ ഗുരുദാസ്‌ ദാസ്‌ ഗുപ്‌തക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ലോട്ടറി അടിച്ച മട്ടാണ്‌. ദാസ്‌ഗുപ്‌തയെ ഇനി പാര്‍ലമെന്റില്‍ കാല്‍ കുത്തിക്കാതിരിക്കാന്‍ കോടിക്കണത്തിന്‌ രൂപ മുകേഷ്‌ അംബാനി വാരിയൊഴിക്കും. പോരാത്തതിന്‌ ഇടതുപക്ഷത്തിന്‌ ബംഗാളില്‍ കഷ്‌ടകാലം ആയതിനാല്‍ താന്‍ ജയിക്കും എന്ന കാര്യത്തില്‍ ദാസ്‌ ഗുപ്‌തക്കു പോലും വിശ്വാസമില്ല. എന്തു വന്നാലും പിന്നോട്ടില്ല എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ഈ കമ്യൂണിസ്റ്റ്‌ നേതാവിനെ അഭിനന്ദിച്ചേ പറ്റൂ. ഇത്തരം ഒറ്റയാന്‍മാരാണ്‌ എന്നും കൊള്ളരുതായ്‌മകള്‍ക്ക്‌ എതിരെ പോരാടുന്നത്‌.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.