You are Here : Home / കാണാപ്പുറങ്ങള്‍

ഈശ്വരോ രക്ഷതു!

Text Size  

Story Dated: Tuesday, December 31, 2013 06:16 hrs UTC

2013 അവസാനിക്കുന്നതോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സംഭവബഹുലമായ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്‌. 2014 ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ്‌ വിജയം ലക്ഷ്യമാക്കിയാണ്‌ 2013ല്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കരുക്കള്‍ നീക്കിയത്‌. ആം ആദ്‌മിപാര്‍ട്ടിയുടെ തകര്‍പ്പന്‍ കടന്നു വരവോടെ ഇനിയുള്ള ദിവസങ്ങളില്‍ എല്ലാവരും ശക്തമായ കരുനീക്കങ്ങള്‍ നടത്തും എന്ന്‌ ഉറപ്പായിക്കഴിഞ്ഞു.
ഇന്നത്തെ പോക്കനുസരിച്ച്‌ ബിജെപി ഏറ്റവും വലിയ ശക്‌തി ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വന്നതോടെ തമിഴ്‌നാട്ടിലെ വൈക്കോയുടെ പാര്‍ട്ടി പോലും ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ആര്‍എസ്‌എസ്‌ നേതാക്കളെയും എന്തിന്‌ സന്യാസിമാരെയും കാണാന്‍ തെണ്ടി നടക്കുന്ന കാര്യം ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്‌.

നരേന്ദ്ര മോദിയെ ചീത്ത പറഞ്ഞു നടന്നവരുടെ എണ്ണം ഇന്ത്യന്‍ താഷ്‌ട്രീയത്തില്‍ അനുദിനം കുറഞ്ഞു വരികയാണ്‌. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതു പോലെ ദീപസ്‌തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന പ്രമാണം എത്ര ശരിയാണ്‌. മോദിയെ അനുകൂലിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്‌ ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും തനി വര്‍ഗീയ വാദികളായ മുസ്ലീം നേതാക്കളുടെ കൂറുമാറ്റം ആണ്‌. രാഷ്‌ട്രീയം കാപട്യം നിറഞ്ഞതാണ്‌ എന്ന ആപ്‌തവാക്യം അന്വര്‍ത്ഥമാക്കുകയാണ്‌ അരവിന്ദ്‌ കെജ്രിവാള്‍. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പാഷാണത്തിലെ കൃമിയാണോ അരവിന്ദ്‌ കെജ്രിവാള്‍ എന്നു പോലും സംശയിച്ചു പോകുന്ന അവസ്ഥയിലാണ്‌ ഓരോ ദിവസവും അദ്ദേഹം ഉളുപ്പില്ലാതെ തട്ടി വിടുന്ന പ്രസ്‌താവനകള്‍.

ഇന്ന്‌ തികഞ്ഞ ആത്മ വിശ്വാസത്തോടെ ബിജെപിയും ഭാഗ്യം തേടി ആം ആദ്‌മിയും ഇടതുപക്ഷത്തിന്റെ മൂന്നാം മുന്നണി മോഹങ്ങളും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലാത്ത തോല്‍വിയുടെ ആഘാതം എത്രത്തോളം കുറക്കാം എന്ന്‌ കണക്കു കൂട്ടുകയാണ്‌ കഴിഞ്ഞ 10 വര്‍ഷമായി ഭരണം കയ്യാളുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി. ഇന്ന്‌ കോണ്‍ഗ്രസുകാര്‍ പോലും രാഹുല്‍ ഗാന്ധിക്ക്‌ എന്തെങ്കിലും ചെയ്യാനാവും എന്ന്‌ പ്രതീക്ഷിക്കുന്നില്ല. ശക്തമായ മോദി തരംഗം അല്ലെങ്കില്‍ മാസ്‌ ഹിസ്‌റ്റീരിയക്ക്‌ അടിമപ്പെട്ടതായി കോണ്‍ഗ്രസുകാര്‍ പോലും അടക്കം പറഞ്ഞു തുടങ്ങി.

എന്തിന്‌ പി.സി ജോര്‍ജ്‌ പോലും ബിജെപി കൊടുത്ത ടീ ഷര്‍ട്ട്‌ ഇട്ടു തുടങ്ങി. ജനാധിപത്യം ഇന്ത്യയില്‍ മിക്കപ്പോഴും ജനക്കൂട്ടത്തിന്റെ ആധിപത്യം ആയി പരിണമിക്കും. മോദി പ്രധാനമന്ത്രി ആയാല്‍ മുമ്പ്‌ വിസ നിഷേധിച്ച അമേരിക്ക എന്തു ചെയ്യും എന്ന്‌ കാണാന്‍ നമുക്ക്‌ കൗതുകത്തോടെ
കാത്തു നില്‍ക്കാം. ഇതുവരെ ഗുജറാത്തില്‍ നരഹത്യ നടത്തിയവന്‍ എന്നെഴുതിയ മാധ്യമങ്ങള്‍ ഇന്ന്‌ റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന ഒരു ബാലന്‍റെ വളര്‍ച്ചയെക്കുറിച്ച്‌ ഗവേഷണ പരമ്പരകള്‍ സൃഷ്‌ടിക്കുകയാണ്‌. ഇതു തന്നെയാണ്‌ കെജ്രിവാളിന്റെ കാര്യത്തിലും മാധ്യമങ്ങള്‍ക്ക്‌ സംഭവിച്ചത്‌. തൊട്ടതിനും പിടിച്ചതിനും സത്യാഗ്രഹം പ്രഖ്യാപിക്കുന്ന സാമാന്യബോധമില്ലാത്തവന്‍ എന്ന്‌ ആക്ഷേപിച്ചവര്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയം നേടിയപ്പോള്‍ പ്രശംസാ വാചകങ്ങള്‍ കൊണ്ട്‌ കെജ്രിവാളിനെ ശ്വാസം മുട്ടിക്കുകയാണ്‌. എന്തിന്‌ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നു വരെ എ എപിയുടെ ഫ്രാഞ്ചൈസി കിട്ടാന്‍ ചിലര്‍ കൊടുംതണുപ്പത്തും ഡല്‍ഹിയില്‍ എത്തിക്കൊണ്ടിരിക്കുന്നു.

വിന്നര്‍ ഹാസ്‌ സൊ മെനി ഫാദേഴ്‌സ്‌. ലൂസര്‍ ഈസ്‌ ആന്‍ ഓര്‍ഫന്‍ എന്ന ആപ്‌തവാക്യം എത്ര ശരി. കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന ഷീല ദീക്ഷിതിന്റെ വീട്ടില്‍ ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കാറില്ല എന്നത്‌ ഈ ലോകം എത്ര നന്ദി കെട്ടതാണ്‌ എന്ന്‌ നമ്മെ ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ചുവട്‌ മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി കോര്‍പ്പറേറ്റ്‌ നമേഖലയുടെ ചാഞ്ചാട്ടം നമ്മെ അസ്വസ്‌തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഏറ്റവും കൂടുതല്‍ പഴി കേട്ടത്‌ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്കു വേണ്ടി അഴിമതി നടത്തിയത്‌ കൊണ്ടാണ്‌.

പക്ഷേ ബിജെപി അധികാരത്തില്‍ വന്നേക്കും എന്ന സൂചന കിട്ടിയതോടെ ഇതേ തട്ടിപ്പുകാരായ കോര്‍പ്പറേറ്റുകള്‍ മോദി പ്രധാനമന്ത്രി ആവുന്നതിന്റെ ഗുണഗണങ്ങള്‍ പാടാന്‍ തുടങ്ങി. മോദിയുടെ കാര്യം പോട്ടെ. കെജ്രിവാളിന്റെ ഗുണഗണങ്ങള്‍ പാടുവാനും കോര്‍പ്പറേറ്റ്‌ മേഖല തുടങ്ങിക്കഴിഞ്ഞു. ചുരുക്കത്തില്‍ ഭരണത്തില്‍ വരുന്നവനെ സോപ്പിട്ട്‌ കാര്യങ്ങള്‍ നേടാന്‍ ഇവര്‍ തുടങ്ങി. ഇത്‌ തീര്‍ത്തും ഭീതിജനകമാണ്‌. രാഷ്‌ട്രീയ നേതാക്കള്‍ കോര്‍പ്പറേറ്റ്‌ പ്രീണനങ്ങള്‍ക്ക്‌ വഴിപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത്‌ 10 വര്‍ഷത്തെ കോണ്‍ഗ്രസ്‌ ഭരണവും അതിനു മുമ്പത്തെ എന്‍ഡിഎ ഭരണവും നമുക്ക്‌ കാണിച്ചു തന്നതാണ്‌. എത്ര കിട്ടിയാലും ഒന്നും പഠിക്കില്ല എന്ന അവസ്ഥയിലാണ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം.

എ എ പിയുടെ സാന്നിധ്യം കൊണ്ടുള്ള ഏറ്റവും വലിയ ഗുണം മുഖ്യശക്തികളായ കോണ്‍ഗ്രസും ബിജെപിയും മര്യാദ പഠിച്ചു എന്നുള്ളതാണ്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലും കുറേ നല്ല നേതാക്കന്‍മാര്‍ ഉയര്‍ന്നു വന്നാലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നം ഓരോ പാര്‍ട്ടിയും നിര്‍ഭാഗ്യവശാല്‍ ഒരു നേതാവില്‍ അധിഷ്‌ടിതമാവുന്നു എന്നുള്ളതാണ്‌. ഇതില്‍ ജനങ്ങളും കുറ്റക്കാരാണ്‌. ജനതക്ക്‌ എന്നും ആരാധിക്കാന്‍ വിഗ്രഹങ്ങള്‍ വേണം. താരാരാധനയില്‍ അധിഷ്‌ഠിതമാണ്‌ ഇന്ത്യയിലെ ഓരോ മേഖലയും.

ജനങ്ങളിലെ താരാരാധന ഇളക്കി വിടാന്‍ മാധ്യമങ്ങളും മുഖ്യ പങ്ക്‌ വഹിക്കുന്നുണ്ട്‌. സത്യം പറയുന്നതിലുപരി അത്‌ പറഞ്ഞു മനസിലാക്കാനുള്ള
ചുമതല മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നില്ല. ഇന്ന്‌ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പത്രാധിപര്‍ എന്ന സ്ഥാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ മിക്ക മാധ്യമസ്ഥാപനങ്ങളിലും വിപണന വിഭാഗത്തിലെ ആളുകളുടെ കീഴിലാണ്‌ പത്രാധിപര്‍ എന്ന തസ്‌തികയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ആളുകള്‍. മുന്‍പൊരിക്കല്‍ ആഴ്‌ചയിലൊരിക്കല്‍ പത്രാധിപര്‍ രാജ്യത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗഹനമായ ലേഖനങ്ങള്‍ എഴുതാറുണ്ട്‌.

ഇത്തരം ലേഖനങ്ങള്‍ വായനക്കാരെയും ഭരണാധികാരികളെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകാറുണ്ടായിരുന്നു. പക്ഷേ കോര്‍പ്പറേറ്റ്‌ വത്‌ക്കരണത്തിന്റെ ഭാഗമായി പത്രാധിപരുടെ കസേരകളില്‍ മുതലാളിമാര്‍ അമുല്‍ ബേബികളെയും പിണിയാളുകളെയും ഇരുത്തിത്തുടങ്ങി. ഇത്തരം കഴിവ്‌ കെട്ടവര്‍ ഇന്ന്‌ ലേഖനമെഴുതുന്നത്‌ കഴിഞ്ഞ രാത്രി ഓസിന്‌ കുടിച്ച മദ്യത്തിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും പരിചയപ്പെട്ട മദിരാക്ഷികള്‍ ഓതിക്കൊടുത്ത കൊച്ചുവര്‍ത്തമാനങ്ങളെയും കുറിച്ചാണ്‌. ഈശ്വരോ രക്ഷതു എന്നു മാത്രമേ ഈ അപചയത്തെക്കുറിച്ച്‌ പറയാന്‍ കഴിയൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.