You are Here : Home / നിര്യാതരായി

വി.ഐ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ (88) ബംഗളൂരുവില്‍ ദിവംഗതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 10, 2018 10:56 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പ്രമുഖ വൈദീകനും, മംഗലാപുരം മേഖലയില്‍ വിവിധ ഇടവകകളുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും മുഖ്യ പങ്കുവഹിക്കുകയും ചെയ്ത ആദരണീയനായ വി.ഐ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ (80) സെപ്റ്റംബര്‍ 9-ന് ബംഗളൂരുവില്‍ ദിവംഗതനായി. സംസ്കാരം സെപ്റ്റംബര്‍ 12-നു ബുധനാഴ്ച ബംഗളൂരൂ ജാലഹള്ളി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. തിരുവല്ല വളഞ്ഞവട്ടം വയലിപ്പറമ്പിലായ മണിക്കളത്തില്‍ കുടുംബാംഗമായ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ മലബാര്‍, മദ്രാസ്, സൗത്ത് കാനറ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ ഇടവകകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. ഇച്ചിലാംപടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സമ്പ്യാടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായ സ്വാധീനമായിരുന്ന വന്ദ്യ കോര്‍എപ്പിസ്‌കോപ്പ ഇടവക ശുശ്രൂഷകള്‍ അവസാനിപ്പിച്ച് ബംഗളൂരുവില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ സെക്രട്ടറിയായി ശുശ്രൂഷിച്ച അദ്ദേഹത്തെ ദിദിമോസ് ബാവ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി ആദരിച്ചു. തികഞ്ഞ മനുഷ്യസ്‌നേഹിയും, സര്‍വ്വ മതങ്ങളേയും ആചാര്യശ്രേഷ്ഠരേയും ഏറെ ആദരവോടെ എപ്പോഴും കരുതിയിരുന്ന മാത്യൂസ് അച്ചന്‍ വിദ്യാഭ്യാസ മേഖലയിലും, സാധുജന സംരക്ഷണ രംഗത്തും നിര്‍ണ്ണായക സാന്നിധ്യമായിരുന്നു. ബംഗളൂരൂ മാത്യൂസ് നഴ്‌സിംഗ് കോളജിന് ആരംഭം കുറിച്ചുകൊണ്ട് നൂറുകണക്കിന് സാധുക്കളായ കുട്ടികള്‍ക്ക് സൗജന്യമായി പഠിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. അനാരോഗ്യവും, പ്രായാധിക്യവും, ഇളയ പുത്രന്റേയും, സഹധര്‍മ്മിണിയുടേയും ആകസ്മിക വേര്‍പാടും തളര്‍ത്താത്ത പ്രത്യാശയും വിശ്വാസസ്ഥിരതയും എണ്‍പതിന്റെ അവസാന കാലഘട്ടത്തിലും അദ്ദേഹത്തെ പ്രവര്‍ത്തന സജ്ജനാക്കിയിരുന്നു.

 

ഇളയ സഹോദരി ശാന്തമ്മ ഫിലിപ്പ് (ന്യൂയോര്‍ക്ക്) മരണസമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിവിധ ലോക രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം നല്ല പ്രാസംഗീകനും വാഗ്മിയുമായിരുന്നു. പി.ടി. ഏബ്രഹാം (മംഗലാപുരം), കുഞ്ഞുമോള്‍ (ടൊറന്റോ, കാനഡ), ലൈലാമ്മ (ക്വീന്‍സ്, ന്യൂയോര്‍ക്ക്), ശാന്തമ്മ ഫിലപ്പ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ സഹോദരങ്ങളം മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗവും, ഫോമ മുന്‍ വൈസ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് സഹോദരീ ഭര്‍ത്താവുമാണ്. വന്ദ്യ കോര്‍എപ്പിസ്‌കോപ്പയുടെ മരണാനന്തര ശുശ്രൂഷകളില്‍ പങ്കുചേരുവാന്‍ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധിയാളുകള്‍ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.