You are Here : Home / USA News

വമ്പന്‍ സ്വര്‍ണകടകളും-തുണിക്കടകളും അമേരിക്കയിലേക്ക്

Text Size  

Story Dated: Monday, October 12, 2015 11:43 hrs UTC

. ഫിലഡല്‍ഫിയ: കേരളത്തിലെ വമ്പന്‍ സ്വര്‍ണ്ണക്കടക്കാരും, തുണിക്കടക്കാരും അമേരിക്കയിലേക്ക് ചേക്കേറുകയാണ്. ഇതു അമേരിക്കന്‍ മലയാളികള്‍ക്കു ഗുണകരമോ? ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലഡല്‍ഫിയ ചാപ്റ്റര്‍ സംഘടിപ്പിച്ച റീജിയണല്‍ കണ്‍വന്‍ഷനില്‍ ഈ വിഷയം ചൂടുറ്റ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഏഴില്‍പ്പരം വന്‍കിട സ്വര്‍ണ്ണ-വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അമേരിക്കയില്‍ തുടക്കംകുറിക്കുന്നത് ചൂണ്ടിക്കാട്ടിയത്് ഫോമ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജാണ്. ബിസിനസും മാധ്യമങ്ങളും എന്ന വിഷയം സംബന്ധിച്ച ചര്‍ച്ചയിലാണ് ബിസിനസിന്റെ വരവ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അമേരിക്കയില്‍ നിലനില്‍പിന് വിഷമിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യവും മറ്റും ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ബിസിനസുകള്‍ വരുന്നത് ഗുണകരമല്ലെന്നും നാട്ടിലെ ആത്മഹത്യാ പ്രവണത ഇവിടെയും കൊണ്ടു വരികയേയുള്ളുവെന്നും ജോയി കടുകമ്മാക്കല്‍.

 

അമേരിക്കന്‍ മലയാളിയുടെ പണം കണ്ടാണ് സ്ഥാപനങ്ങള്‍ വരുന്നത്. അല്ലാതെ മലയാളിയെ ഉദ്ധരിക്കാനൊന്നുമല്ല. നാട്ടില്‍ പോകുമ്പോള്‍ വാരിവലിച്ച് സ്വര്‍ണ്ണവും തുണികളും വാങ്ങി ഇവിടെ കൊണ്ടുവന്ന് ഉപയോഗിക്കാതെ വെയ്ക്കുന്നവര്‍ക്ക് ഇടയ്ക്കിടെ വീണ്ടും ഷോപ്പിംഗിനു കാശു ചെലവാക്കാനുള്ള അവസരം. ഇതൊടുവില്‍ അമേരിക്കന്‍ മലയാളിയേയും അപകടത്തിലെത്തിക്കും. സുന്ദരികളെ അണിയിച്ചൊരുക്കിയുള്ള പരസ്യം വഴി സ്ത്രീകളെ വലയില്‍ വീഴ്ത്തും. ഇവിടെ ജീവിക്കാന്‍ തത്രപ്പെടുന്നവര്‍ കൂടുതല്‍ വിഷമത്തിലാകും. എന്നാല്‍ സാരിയോടും സ്വര്‍ണ്ണത്തോടും കമ്പമുള്ളവര്‍ കടകള്‍ ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും അതു വാങ്ങുമെന്ന് ജോസഫ് മാത്യു ചൂണ്ടിക്കാട്ടി. ഇവിടെ കഷ്ടപ്പെട്ട് ജോലിയെടുക്കുന്നവര്‍ നാട്ടില്‍ പോയി സാരിയും മറ്റും വാങ്ങുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം നേരില്‍ കണ്ടിട്ടുണ്ടെന്ന് ഏബ്രഹാം മാത്യുവും ചൂണ്ടിക്കാട്ടി. ആട്, മാഞ്ചിയം, തേക്ക് തുടങ്ങിയ പരസ്യങ്ങളിലൂടെ മാധ്യമങ്ങള്‍ പണം വാങ്ങി പോക്കറ്റിലിട്ടതല്ലാതെ സത്യാവസ്ഥ മന്‍സിലാക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. കഷണ്ടി ഇല്ലാതാക്കി മുടി തഴച്ചുവളരുമെന്ന് പറഞ്ഞ് ഹെയര്‍ ഓയില്‍ വില്‍ക്കുന്നയാളുടെ കഷണ്ടി തല സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നതെന്ന് അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. സ്വന്തം തലയില്‍ മുടി വളര്‍ത്താന്‍ കഴിയാത്തവരാണ് എന്നു വന്നപ്പോള്‍ ഹെയര്‍ ഓയിലിന്റെ വില്‍പ്പന ഇടിഞ്ഞു. പതിനാലു വര്‍ഷം അമേരിക്കയില്‍ ജീവിച്ചശേഷം നാട്ടില്‍ ഇരൂനൂറില്‍പ്പരം പേരുള്ള ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനം നടത്തുന്ന ബിജു മറ്റമന മാധ്യമങ്ങളെ പേടിയുണ്ടെന്നു പറഞ്ഞു. കൊച്ചിയില്‍ നടന്ന നാപ്കിന്‍ വിവാദം ബിജു എടുത്തുകാട്ടി. ഏതോ വനിത നാപ്കിന്‍ ഫ്‌ളഷ് ചെയ്തപ്പോള്‍ ടോയ്‌ലറ്റ് ബ്ലോക്കായി. അതാരാണെന്നറിയാന്‍ വനിതകള്‍ തന്നെ പരിശോധന നടത്തി. അതേപ്പറ്റി പരാതി പോലീസിലെത്തി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഏതോ പത്രക്കാര്‍ക്ക് വിവരം കിട്ടി. പിന്നെ മാധ്യമങ്ങളില്‍ അതായിരുന്നു ചര്‍ച്ചാവിഷയം. ആരും വസ്തുതകളന്വേഷിച്ച് 300-ല്‍പ്പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് സോണില്‍ എത്തിയില്ല. സോണിന്റെ തലപ്പത്ത് ഒരു വനിത അല്ലായിരുന്നെങ്കില്‍ വിവാദം വിനാശത്തിലേക്ക് വഴിതെളിക്കുമായിരുന്നു. ബാത്ത്‌റൂമുകളില്‍ നാപ്കിന്‍ ഡിസ്‌പോസറുകള്‍ ഇല്ലെന്ന് വാര്‍ത്ത വന്നു. അതു വേണമെന്നു ചട്ടമൊന്നുമില്ല. എങ്കിലും ഡിസ്‌പോസര്‍ 48 മണിക്കൂറിനകം സ്ഥാപിക്കണമെന്ന ഉത്തരവു വന്നു. മിക്കവരും 5000 രൂപയുടെ ഡിസ്‌പോസര്‍ 30,000 രൂപ കൊടുത്തു വാങ്ങിവച്ചു. ഒരു മാസത്തിനകം മിക്കതും കത്തിപ്പോയി. ജോര്‍ജ് ഓലിക്കല്‍ മോഡറേറ്ററായിരുന്നു. മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയുമെന്ന വിഷയം അവതരിപ്പിച്ച പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, മുന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ മാധ്യമ രംഗത്തും ലോക രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന തലമുറയാണിത്. വാര്‍ത്ത പവിത്രമാണ് എന്ന പഴയ ചിന്താഗതിക്ക് മാറ്റം വന്നതായി ടാജ് മാത്യു ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തകര്‍ ആധിപത്യ മനസ്ഥിതി കാട്ടുന്നു.

 

നിലനില്‍പ്പുതന്നെ അപകടത്തിലാകുമ്പോള്‍ പത്രങ്ങളും നിഷ്പക്ഷതയൊക്കെ വെടിയുന്ന സ്ഥിതിവന്നു. തങ്ങളുടെ സഹോദരസ്ഥാപനം നിര്‍മ്മിക്കുന്ന സിനിമ മോശമാണെന്നു ടൈം മാസിക പലപ്പോഴും എഴുതാറുണ്ട്. അതിനവര്‍ പറയുന്ന ന്യായം സത്യം പറയുന്നതാണെന്നു ലാഭകരം എന്നാണ്. ഇല്ലാത്തത് ഉണ്ടെന്ന് എഴുതിയാല്‍ എതിരാളികള്‍ക്ക് അതു വിശ്വാസ്യത നല്‍കും. ആത്യന്തികമായി നുണ എഴുതുന്ന പത്രങ്ങളെ ദോഷമായി ബാധിക്കും. പത്രത്തിലും ടിവിയിലുമൊക്കെ വരുന്ന ചെറിയ വാര്‍ത്തകള്‍ക്കു പിന്നില്‍പോലും ഒട്ടേറെ അധ്വാനത്തിന്റെ കഥയുണ്ടെന്നു പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവല്‍ ചൂണ്ടിക്കാട്ടി. അതാരും കണ്ടതായി പോലും ഭാവിക്കില്ല. എന്നാല്‍ ഒരു വാര്‍ത്ത വരാതിരുന്നാലോ, എന്തെങ്കിലും തെറ്റു വന്നാലോ ഉണ്ടാക്കാത്ത പ്രശ്മില്ലതാനും. അധ്യക്ഷത വഹിച്ച ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. എം.കെ. കുര്യാക്കോസ് മാധ്യമങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. ചാനല്‍ ത്രീയില്‍ സോഡാ ക്യാനുകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ഒരാളെപ്പറ്റിയുള്ള ഫീച്ചര്‍ കണ്ടപ്പോള്‍ അതുപോലൊരു പ്രസ്ഥാനം ആരംഭിക്കാന്‍ തനിക്കും തോന്നി. ഓരോ ആഴ്ചയും ഒരു കുടുംബം ഗ്രോസറിയും മറ്റും വാങ്ങുമ്പോള്‍ ഒരു ഡോളറിന്റെ സാധനം വാങ്ങി പള്ളിയില്‍ കൊണ്ടുവന്നാല്‍ ഏതാനും ആഴ്ചകൊണ്ട് ഭക്ഷണ കൂമ്പാരം തന്നെ ഉണ്ടാക്കാം. ഏഴു പള്ളികള്‍ സഹകരിച്ച് ഈ പരിപാടി നടപ്പിലാക്കുന്നു. മലയാളികള്‍ക്കിടയിലല്ലെങ്കിലും അമേരിക്കയില്‍ പട്ടിണി കിടക്കുന്നവരുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിനു സ്വാധീനം ചെലുത്തിയത്. ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വം ചിന്തിക്കപ്പെടേണ്ട വിഷയമാണ്. സ്ത്രീകളെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നില്ല. അവര്‍ അതു ഏറ്റെടുക്കാന്‍ താത്പര്യം കാട്ടുന്നുമില്ല. അതിനൊരു മാറ്റത്തിനും മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാകും. സമ്പത്തിന്റെ പത്തിലൊന്ന് പള്ളിക്ക് നല്‍കി അതു ദരിദ്രര്‍ക്കായി വീതം വെയ്ക്കണമെന്നാണ് ബൈബിള്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കുന്നത് പാപമാണ്. പക്ഷെ അതാരും ഏറ്റുപറയുന്നതായി കണ്ടിട്ടില്ല. മുഖ്യധാര അമേരിക്കക്കാരേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക ശക്തി ഇന്ത്യക്കാര്‍ക്കുണ്ട്. പക്ഷെ അതു ദുര്‍വിനിയോഗം ചെയ്യുന്നതായാണ് കാണുന്നത്. വ്യക്തിപരമായി തനിക്ക് 500 ഡോളറിന്റെ വസ്തുക്കള്‍ പോലും ഒരുമാസം ആവശ്യമില്ല. ബാക്കിയൊക്കെ കൂട്ടിവെച്ച് ശവപ്പെട്ടി പണിയിക്കാന്‍ ഉദ്ദേശ്യവുമില്ല. ഇങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ അവബോധമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. നെഗറ്റീവ് ആയ കാര്യങ്ങള്‍ക്ക് മാത്രം പ്രഥമ സ്ഥാനം നല്‍കുന്ന അവസ്ഥ മാധ്യമങ്ങള്‍ക്കുണ്ടെന്ന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. ജോണിക്കുട്ടി പുലിശേരി ചൂണ്ടിക്കാട്ടി. സദ് ചിന്തകള്‍ വളര്‍ത്താനുതകുന്ന വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. തെറ്റുപറ്റിയാല്‍ അതു തിരുത്താന്‍ മാധ്യമങ്ങള്‍ പൊതുവെ വിമുഖത കാട്ടുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ക്കു സാമ്പത്തിക അടിത്തറയില്ലാത്തിടത്തോളം കാലം സാമൂഹിക പ്രതിബദ്ധയൊന്നും ഉണ്ടാവില്ലെന്ന് പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് ചൂണ്ടിക്കാട്ടി. സാമ്പത്തിക അടിത്തറ വരുമ്പോള്‍ സ്ഥിതിമാറും. മലയാളം ടിവി എന്നൊരു ടിവി പരിപാടി മൂന്നുവര്‍ഷം നടത്തിയത് ഡോ. കുര്യന്‍ മത്തായി അനുസ്മരിച്ചു. കഷ്ടപ്പാട് ധാരാളം. അംഗീകാരമില്ല താനും. ഏഷ്യാനെറ്റും മറ്റും വന്നതോടെ ഒടുവിലത് അടച്ചുപൂട്ടി. ചില പ്രസ്ഥാനങ്ങളെയോ, വ്യക്തികളേയോ മാധ്യമങ്ങള്‍ അവഗണിക്കുന്ന പ്രവണത ശരിയല്ലെന്ന് കുര്യന്‍ രാജു ചൂണ്ടിക്കാട്ടി. മലയാളം പത്രങ്ങള്‍ മാത്രമേ താന്‍ സൂക്ഷിച്ചുവയ്ക്കാറുള്ളുവെന്ന്് അഡ്വ. ജോസ് കുന്നേല്‍ ചൂണ്ടിക്കാട്ടി. സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള പ്രവാസി ചാനല്‍ വലിയ സേവനമാണ് ചെയ്യുന്നത്. ഏതു വാര്‍ത്ത ആയാലും ഇടാന്‍ വേണ്ടി മീഡിയം ഉണ്ടാക്കിത്തരുന്നത് തന്നെ വലിയ കാര്യം. ഇരുപതു വര്‍ഷം മുമ്പത്തെ പത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ പരസ്യം നല്‍കിയ മിക്ക ബിനസിനസും ഇന്നില്ലെന്ന് കാണാമെന്ന് വിന്‍സെന്റ് ഇമ്മാനുവേല്‍ ചൂണ്ടിക്കാട്ടി.

 

 

നേരേമറിച്ച് പത്തു വര്‍ഷം മുമ്പത്തെ ബിസനസുകള്‍ നിലനില്‍ക്കുന്നു. മാറ്റങ്ങളുടെ പ്രതിഫലനമാണിതു കാട്ടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗമാണ് ഫിലഡല്‍ഫിയയില്‍ കൂടുതലെന്നും അര്‍ഹമായ അംഗീകാരം പലപ്പോഴും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ജോര്‍ജ് നടവയല്‍ ചൂണ്ടിക്കാട്ടി. കഠിനാധ്വാനം ചെയ്യുന്ന മലയാളികളാണ് ബിസിനസുകളും മാധ്യമങ്ങളുമൊക്കെ ആരംഭിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ പരസ്യം കണ്ടുകൊണ്ട് നാം ആ കടയിലേക്ക് ഇരച്ചുകയാറാറില്ല. അമേരിക്കയില്‍ വ്യക്തിബന്ധങ്ങളുടെ പേരിലാണ് മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ ലഭിക്കുന്നത്. പരസ്യങ്ങളുടെ നിരക്കില്‍ കുറവു വരുത്തേണ്ടതിന്റെ ആവശ്യകത സജീവ് ശങ്കരത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു പരിധിയില്‍ താഴേയ്ക്ക് നിരക്ക് കുറയ്ക്കുക പ്രായോഗികമല്ലെന്ന് ടാജ് മാത്യു വിശദീകരിച്ചു. പ്രസ് ക്ലബ് ദേശീയ സമ്മേളനത്തിനും മറ്റും ബിസിനസ് സമൂഹമാണ് നിര്‍ലോഭം സഹായിക്കുന്നത്- ടാജ് ചൂണ്ടിക്കാട്ടി. പരസ്യം കൊടുത്താല്‍ പ്രതികരണമില്ലെങ്കില്‍ വിഷമം തന്നെയാകുമെന്ന് പ്രസ് ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് സുധ കര്‍ത്താ ചൂണ്ടിക്കാട്ടി. ഫിലഡല്‍ഫിയ ഇന്‍ക്വയറില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ വലിയ പ്രതികരണമാണ് ക്രെയ്ഗ് ലിസ്റ്റില്‍ നിന്നു കിട്ടുന്നത്. അതും മാറ്റങ്ങളെ സൂചിപ്പിക്കുന്നു. അടുത്തമാസം 19,20,21 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന പ്രസ് ക്ലബ് കണ്‍വന്‍ഷന് മുന്നോടിയായി ഇത്തരമൊരു റീജിയണല്‍ കണ്‍വന്‍ഷന്‍ എന്ന ആശയം തോന്നിയത് ഏതാനും മാസം മുമ്പാണെന്നു കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളും ജനങ്ങളും തമ്മില്‍ സംവേദിക്കാനുള്ള വേദി എന്ന ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഫിലഡല്‍ഫിയ പ്രസ് ക്ലബിനു ഇതൊരു സുദിനം തന്നെയാണെന്നു് മുന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് പറഞ്ഞു.

 

വിഷയങ്ങളും പങ്കെടുത്തവര്‍ പ്രകടിപ്പിച്ച വ്യത്യസ്ത ആശയങ്ങളും ഏറെ ശ്രദ്ധേയമായി. പൊതുസമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുധാ കര്‍ത്താ അധ്യക്ഷത വഹിച്ചു. കല പ്രസിഡന്റ് ബിജു ഏബ്രഹാം ഗാനം ആലപിച്ചു. അജി പണിക്കരുടെ നൂപുര ഡാന്‍ഡ് അക്കാഡമി നൃത്തം അവതരിപ്പിച്ചു. ജോസ് മാളിയേക്കല്‍, ഫൊക്കാന നേതാവ് അലക്‌സ് തോമസ്, ജോസഫ് മാത്യു, രാജന്‍ കുര്യന്‍, സജീവ് ശങ്കരത്തില്‍, വിനോദ് ജോസ്, തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു. ജോസഫ് മാത്യു, റെജി ഫിലിപ്പ്, മണിലാല്‍ മത്തായി, ജോസ് കുന്നേല്‍ എന്നിവരായിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍. എന്നു നിന്റെ മൊയ്ദീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ് സുരേഷ് രാജ് സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു മുതലുള്ള വിശേഷങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കു വച്ചു. അത്യന്ത്ം ഹ്രുദയഹാരിയായ സിനിമ എല്ലാവരും കാണണമെന്നദ്ധേഹം അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.