You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിനു നവ നേതൃത്വം

Text Size  

Story Dated: Tuesday, January 24, 2017 11:16 hrs UTC

വടക്കേ അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ 2017-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 21-നു പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂടിയ പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016-ലെ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളുടെ അവതരണവും പ്രസ്തുത യോഗത്തില്‍ നടത്തുകയുണ്ടായി. മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകനായ ഫ്രെഡ് കൊച്ചിനെ പൊതുയോഗം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയുമുണ്ടായി. സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകനും നിരവധി വര്‍ഷങ്ങളായി ദേശീയ സംഘടനയായ ഫോമയുടെ സജീവ പ്രവര്‍ത്തകനും, ട്രഷററും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി) പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഫോമയുടെ മുന്‍ പി.ആര്‍.ഒയുമായ ജോസ് ഏബ്രഹാം സെക്രട്ടറിയായും, മികച്ച ഗായകനും കലാകാരനുമായ റോഷിന്‍ മാമ്മന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഷങ്ങളായി സംഘടനയിലെ സ്ത്രീ സാന്നിധ്യമായ ജെമിനി തോമസ് വൈസ് പ്രസിഡന്റായും, ഐ.ടി ബിസിനസ് രംഗത്തെ പ്രമുഖനായ സജിത് കുമാര്‍ നായര്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു കമ്മിറ്റി അംഗങ്ങളായി അലക്‌സാണ്ടര്‍ വലിയവീടന്‍, സില്‍വിയാ ഷാജി, ജോര്‍ജ് പീറ്റര്‍, മാത്യു ഏബ്രഹാം, ബെന്നി ചാക്കോ, ശശികുമാര്‍, സദാശിവന്‍ നായര്‍, സാമുവേല്‍ കോശി, ബോണിഫെസ് ജോര്‍ജ്, ഫ്രെഡ് കൊച്ചിന്‍ എന്നിവരേയും തദവസരത്തില്‍ തെരഞ്ഞെടുത്തു. സ്റ്റാറ്റന്‍ഐലന്റ് മലയാളികളുടെ സംസ്കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള അസോസിയേഷന്‍ ഇനിയും ഇവിടെയുള്ള മലയാളികളുടെ നന്മയ്ക്കും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജി അറിയിച്ചു. ജോസ് ഏബ്രഹാമിന്റേയും, സജിത്തിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്റെ ഭരണ നേതൃത്വം അടുത്ത തലമുറയിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതിന്റെ സമയം അതിക്രമിച്ചു എന്നും അതിനാല്‍ ഇവിടെയുള്ള യുവജനതയ്ക്കുകൂടി പങ്കാളികളാകാന്‍ ഉതകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതിലുള്ള നന്ദിയും, ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നേയും തന്റെ ടീമിനുമുള്ള പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.