You are Here : Home / USA News

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോ, ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 24, 2017 11:23 hrs UTC

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മൗണ്ട് പ്രോസ്‌പെക്ടിലുള്ള സി.എം.എ ഹാളില്‍ വച്ചു ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനം ആചരിച്ചു. ഐ.എന്‍.ഒ.സി റീജണല്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ 67 വര്‍ഷക്കാലത്തെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയിലുള്ള വളര്‍ച്ചയും തളര്‍ച്ചയും എന്ന വിഷയത്തെ ആസ്പദമാക്കി വിശദമായ ചര്‍ച്ച നടത്തി. സ്വതന്ത്ര ഭാരതം അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് അനേകം നാട്ടുരാജ്യങ്ങളെ ഒന്നാക്കി അടിമത്വവും പട്ടിണിയും തൊഴിലില്ലായ്മയും ഉച്ചനീചത്വങ്ങളും, പരസ്പര യുദ്ധങ്ങളും അവസാനിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളില്‍ അടിയുറച്ച് ഒരു പരമാധികാര രാഷ്ട്രമായി ലിഘിത ഭരണഘടനയോടെ പുനര്‍ജന്മം ലഭിച്ച ഭാരതത്തിന്റെ 68-മത് റിപ്പബ്ലിക് ദിനത്തില്‍ പിന്നോട്ട് നോക്കുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ മഹാശക്തികള്‍ക്കൊപ്പം തുലനം ചെയ്യാവുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ പടുത്തുയര്‍ത്തിയതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി എടുത്തുകാട്ടുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും, ആഭ്യന്തര വളര്‍ച്ചാ രംഗത്തും, ഭക്ഷ്യധാന്യ ഉത്പാദനത്തിലും, വ്യവസായ രംഗത്തും, ആണവരംഗത്തും, യുദ്ധോപകരണ നിര്‍മ്മാണ രംഗത്തും എന്നുവേണ്ട ലോകത്തിലെ വന്‍ ശക്തികളുടെ ഒപ്പത്തിനൊപ്പം പടിച്ചുനിര്‍ത്തിക്കൊണ്ട് നേടിയ ഭാരതത്തിന്റെ വളര്‍ച്ച ഓരോ ഭാരതീയനും അഭിമാനാര്‍ഹം തന്നെ. ഈ നൂറ്റാണ്ടിലെ ഭാരതത്തിന്റെ കുതിച്ചുചാട്ടം ലോക രാഷ്ട്രങ്ങളെ അസൂയാലുക്കളാക്കാന്‍ പോലും ഉതകുന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടാകുന്ന ഭരണത്തകര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നും, സ്വാതന്ത്ര്യസമരത്തിന്റെ രക്തസാക്ഷികളെ അപമാനിക്കുകയും, അപഹാസ്യമായ ഭരണതന്ത്രങ്ങളും ഭരണപരിഷ്കാരങ്ങളും നടപ്പാക്കി നാം കൈവരിച്ച നേട്ടങ്ങളെ പുറകോട്ട് വലിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണെന്നും യോഗം വിലയിരുത്തി. അര്‍ദ്ധ നഗ്‌നായി തന്റെ ജനങ്ങള്‍ക്ക് അവരുടെ കഷ്ടതയില്‍ അവരോടൊപ്പം നിന്നു സ്വയംപര്യാപ്തതയുടെ മാര്‍ഗ്ഗനിര്‍ദേശവുമായി 1940-കളില്‍ മഹാത്മാഗാന്ധി അവതരിപ്പിച്ച കൈത്തറി വ്യവസായത്തെ അത്യാധുനിക യുഗത്തിലെ ആടയാഭരണങ്ങള്‍ അണിഞ്ഞ് അപഹാസ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന കോമാളിത്തങ്ങള്‍ കണ്ട് ലോക ജനത ഓരോ ഭാരതീയന്റേയും ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന അവസ്ഥ ശോചനീയമാണ്. യോഗത്തെ അഭിസംബോധന ചെയ്ത് ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, നാഷണല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, റീജിയണല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, റീജിയണല്‍ ജനറല്‍ സെക്രട്ടറി തമ്പി മാത്യു, മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജസ്സി റിന്‍സി, പ്രവീണ്‍ തോമസ്, ജോഷി വള്ളിക്കളം, ഷിബു ഏബ്രഹാം, നടരാജന്‍ പി,കെ, ഈശോ വര്‍ഗീസ്, സജി കുര്യന്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. പ്രൊഫസര്‍ തമ്പി മാത്യു നന്ദി രേഖപ്പെടുത്തി. തോമസ് മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.