എബ്രഹാം തെക്കേമുറി
ഡാളസ്: കേരളം എന്ന ജന്മനാടിന്റെ അറുപത്തൊന്നാം ജന്മദിനം നവംബര്‍ 5 ന് ഡാളസ്സില്‍ ആഘോഷിച്ചു. കേരള ലിറ്റററി സൊസൈറ്റി ഡാളസ് മലയാളികള്‍ക്കായി ഒരുക്കിയ പൊതുവേദിയില്‍ സെന്റ് മേരീസ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ (14133 ഡെന്നിസ് ലൈന്‍, ഫാര്‍മേസ്സ് ബ്രാഞ്ച് 75234) ചെണ്ടമേളത്തോടൊപ്പം ആഘോഷങ്ങളുടെ തിരശീല ഉയര്‍ന്നു.. നവംബര്‍ അഞ്ചിന് വൈകിട്ട് ആറുമണിക്ക് ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാംസ്‌ക്കാരികതയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഡോ. എം വി പിള്ള ഭദ്രദീപം കൊളുത്തി. ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് മധു രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹര്‍ഷാ ഹരിദാസ്, ഉമ ഹരിദാസ് എന്നിവര്‍ ദേശീയഗാനം ആലപിച്ചു. കെ എല്‍ എസ് സെക്രട്ടറി സി വി ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്തു.
കേരളത്തിന്റെ പിറവിയും വളര്‍ച്ചയും, തളര്‍ച്ചയും വിശകലനം ചെയ്ത് മുഖ്യ പ്രഭാഷണം ഡോ എം വി പിള്ള നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലില്‍, കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, രാജു ചാമത്തില്‍, അജയ കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മലയാളി മങ്ക പ്രഖ്യാപനം ഡോ എം വി പിള്ള നിര്‍വഹിച്ചു, 2017 മലയാളി മങ്കയായി ഡോ റീമാ എബി തോമസ് തിരഞ്ഞെടുക്കപ്പെട്ടു തുടര്‍ന്ന് കേരളത്തിന്റെ തനതായ കലാരൂപങ്ങളിലൂടെയുള്ള കലാവിരുന്ന്, ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്, ശ്രീ രാഗ മ്യൂസിക്കിന്റെ സംഗീത സന്ധ്യ, കവിതാലാപനവും, തിരുവാതിരയും, മാര്‍ഗംകളി, സോളോ, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്ക് എന്നിങ്ങനെയുള്ള കലാപരിപാടികള്‍ കേരള സ്മരണയില്‍ കാണികളെ പുളകിതരാക്കി. ഐറിന്‍ കല്ലൂര്‍ എം സിയായിരുന്നു. കെ എല്‍ എസ് വൈസ് പ്രസിഡന്റ് സിജു വി ജോര്‍ജിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. തുടര്‍ന്ന്, വിഭവസമൃദ്ധമായ ഡിന്നര്‍. കേരള ലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വര്‍ഷം സംഘടനയുടെ രജതജൂബിലി വര്‍ഷമെന്ന പ്രത്യേകതയും ഈ ആഘോഷങ്ങള്‍ക്കുണ്ടായിരുന്നു.
Comments