You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്‌മരണീയമായി

Text Size  

Story Dated: Friday, October 11, 2013 11:10 hrs UTC

സാം കോടിയാട്ട്‌

 

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ ഐലന്റിലെ PS 72 ഞീരരീ ഘമൗൃശല സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഈ കഴിഞ്ഞ സെപ്‌റ്റംബര്‍ 21 ശനിയാഴ്‌ച്ച നടന്ന ഓണാഘോഷ പരിപാടികള്‍ ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതി സ്റ്റാറ്റന്‍ ഐലന്റ്‌ നിവാസികള്‍ക്ക്‌ മറക്കാനാകാത്ത അനുഭൂതിയുടെ നിമിഷങ്ങള്‍ പകര്‍ന്ന്‌ നല്‍കി. പൊന്നോണം 2013 ആഘോഷിച്ചപ്പോള്‍ ജനകീയ പങ്കാളിത്തം കൊണ്ട്‌ അത്‌ വന്‍വിജയമായി മാറി. മധുരിക്കുന്ന ഓണ സ്‌മരണകള്‍ തട്ടി ഉണര്‍ത്തി മധുരിക്കുന്ന 18 വിഭവങ്ങള്‍ അടങ്ങിയ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. ഫുഡ്‌ കോഡിനേറ്റര്‍ ശ്രീമതി മിനി റോഷിന്‍ ആയിരുന്നു സദ്യക്ക്‌ നേതൃത്വം നല്‍കിയത്‌. തുടര്‍ന്ന്‌ റോഷിന്‍ മാമ്മന്‍ ഒരുക്കിയ അത്തപൂക്കളം,ശ്രീമതി ജമിനി തോമസിന്റെ നേതൃത്വത്തില്‍ ഓണക്കോടിയണിഞ്ഞ താലപ്പൊലിയേന്തിയ മലയാളി മങ്കമാര്‍ , ജോസ്‌ കുന്നക്കാടന്റെ നേതൃത്വത്തില്‍ ചെണ്ട വാദ്യമേളാഘോഷങ്ങളുടെ അകമ്പടിയോടെ മലയാളത്തനിമ പുലര്‍ത്തിക്കൊണ്ട്‌ അരങ്ങേറിയ മഹാബലി മന്നനേയും, വിശിഷ്ടാതിഥികളെയും ആനയിക്കല്‍ ,പഴയ തലമുറയിലെ ഓര്‍മ്മകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോയതിനോടൊപ്പം തന്നെ , പുതിയ തലമുറയെ അവയുടെ ആരാധകരാക്കികൊണ്ടും ശ്രദ്ധേയമായി. മാവേലി തമ്പുരാന്റെ വേഷമിട്ട റെക്‌സ്‌ ഈപ്പന്‍ ഓണാശംസകള്‍ നേര്‍ന്നു. മുഖ്യാത്ഥി ശ്രീ വിജയ്‌ നമ്പ്യാര്‍ , ബിനോയ്‌ തോമസ്‌, അസ്സോസിയേഷന്‍ പ്രസിഡന്റ്‌ അലക്‌സ്‌ വലിയ വീടന്‍ , മുന്‍ പ്രസിഡന്റ്‌ തോമസ്‌ തോമസ്‌, സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ , ട്രഷറര്‍ ജോസിന്‍ മാമ്മന്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഓണപ്പരിപാടികള്‍ക്ക്‌ തുടക്കമിട്ടു.

 

പ്രാര്‍ത്ഥനാ ഗാനവും ഇന്ത്യയുടെ ദേശീയ ഗാനവും റോഷിന്‍ മാമ്മന്‍ ആലപിച്ചപ്പോള്‍ , അമേരിക്കയുടെ ദേശീയ ഗാനം കുമാരി മായ ഗംഭീരമാക്കി. അസ്സോസിയേഷന്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ ഓണാശംസകള്‍ അര്‍പ്പിച്ച്‌ അത്ഥികള്‍ക്ക്‌ സ്വാഗതമരുളി. പ്രോഗ്രാം കോഡിനേറ്റര്‍ ഫ്രെഡ്‌ കൊച്ചിന്‍ അസ്സോസിയേഷന്റെ എക്കാല പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക സംഘാടകനുമായ മനോഹര്‍ തോമസ്സിന്റെയും ജെമിനി തോമസ്സിന്റെയും മകള്‍ സീത തോമസ്സിന്റെ അകാല വേര്‍പ്പാടില്‍ അസ്സോസിയേഷന്റെ പേരില്‍ അനുശോചനം രേഖപ്പെടുത്തി. അസ്സോസിയേഷന്‍ പ്രസിഡന്റ്‌ അലക്‌സ്‌ വലിയ വീടന്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ അര്‍പ്പിച്ച്‌ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു. മുഖ്യാത്ഥി ആയ യു.എന്‍ സെക്രട്ടറി ജനറല്‍ സ്‌പെഷ്യല്‍ അഡ്‌വൈസര്‍ വിജയ്‌ നമ്പ്യാര്‍ ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളികള്‍ ആഘോഷിക്കുന്നത്‌ പ്രശംസനീയമാണെന്ന്‌ അനുസ്‌മരിക്കുകയുണ്ടായി. മുന്‍ പ്രസിഡന്റ്‌ തോമസ്‌ തോമസ്‌, കേരള സമാജം പ്രസിഡന്റ്‌ ബിനോയ്‌ തോമസ്‌ എന്നിവര്‍ ഓണസന്ദേശം നല്‍കുകയുണ്ടായി. കൃഷ്‌ണ നടനാലയം സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയും ചുവടുകളുടെ മനോഹാരിതയും, കുമാരി രഹ്നാ റോഷിന്‍ അവതരിപ്പിച്ച സിനിമാറ്റിക്‌ നൃത്തവും നിറഞ്ഞ സദസ്സിന്‌ മലയാള മണ്ണിന്റെ മധുരതരമായ ഓര്‍മ്മകള്‍ സമ്മാനിച്ചു.

 

 

തുടര്‍ന്ന്‌ നവമിത്രാ തിയറ്റേഴ്‌സ്‌ സ്റ്റാറ്റന്‍ ഐലന്റ്‌ അവതരിപ്പിച്ച രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുഴുനീള നാടകം `അഹം ബ്രഹ്മാസ്‌മി` ഈ ഓണാഘോഷം തികവുറ്റതാക്കി മാറ്റി. കള്‍ച്ചറല്‍ പ്രോഗ്രാമിന്‌ കോഡിനേറ്റേഴ്‌സ്‌ ആയി ഫ്രെഡ്‌ കൊച്ചിന്‍ ജോസ്‌ എബ്രഹാം നേതൃത്വം നല്‍കി. ഇമാജിന്‍ ഡിജിറ്റല്‍ ആയിരുന്നു ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ വിഭാഗത്തില്‍ , ജോര്‍ജ്ജ്‌, ഷോബിന്‍ , ഓര്‍ഫിസ്‌, പ്രഭ എന്നിവര്‍ ഫോട്ടോ ആന്‍ഡ്‌ വീഡിയോ വിഭാഗവും കൈകാര്യം ചെയ്‌തു. ജോയിന്റ്‌ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ വിഭാഗവും, ബോണിഫെയ്‌സ്‌ ജോര്‍ജ്ജ്‌ മൊത്തത്തിലുള്ള മേല്‍നോട്ടവും വഹിച്ചു. ഒരു കൊച്ചു കേരളമാക്കി മാറ്റിയ ഈ ആഘോഷവേളയെ ധന്യമാക്കി ഇതില്‍ സംബന്ധിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, അസ്സോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ സാം കോടിയാട്ട്‌ നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.