ജോര്‍ജ് തുമ്പയില്‍
ന്യൂജേഴ്‌സി: അമേരിക്കക്കാര്‍ രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ വീട്ടില്‍ അഭയം പ്രാപിക്കുമ്പോള്‍, യുഎസ് തപാല്‍ സേവനം അവരുടെ ജീവിതത്തില്‍ പ്രത്യേക പ്രാധാന്യം നേടി. തപാല്‍ ജീവനക്കാര്‍ ഒരു ദിവസം പോലും മുടങ്ങാതെ, ആവശ്യക്കാര്‍ക്ക് മരുന്നുകളും ടോയ്‌ലറ്ററികളും വിതരണം ചെയ്യുന്നു; മെയില്‍ വഴി വോട്ടുചെയ്യാന്‍ അനുവദിക്കുന്ന സംസ്ഥാനങ്ങളില്‍ അവ ജനാധിപത്യ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി യുഎസ്പിഎസിന് കനത്ത പ്രഹരമാണ്, അതിനിടയിലാണ് മുന്‍നിര പ്രവര്‍ത്തകരെ പോലെ ഇവര്‍ ജോലി നോക്കുന്നത്. എന്നാല്‍ അടുത്തിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പായ്ക്കില്‍ 600,000ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന യുഎസ്പിഎസിന് ഒന്നുമില്ല. നൂറു കണക്കിനു മലയാളികള്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവരൊക്കെയും ഒരു ദിവസം പോലും മുടക്കം വരാതെ ഇവിടെ ജോലി നിര്‍വഹിക്കുന്നു.
പകര്‍ച്ചവ്യാധി യുഎസ്പിഎസിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, തപാല്‍ സേവനം വളരെക്കാലമായി ദുര്‍ബലമാണ്. യാഥാസ്ഥിതികരെ സംബന്ധിച്ചിടത്തോളം, ഇത് സര്‍ക്കാരിനു ബാധ്യതയാവുന്ന ഒരു സേവനമാണെങ്കില്‍ കൂടി അവരത് ആഗ്രഹിക്കുന്നു. കൂടാതെ ചിലര്‍ അതിന്റെ സ്വകാര്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നു. റിട്ടയര്‍മെന്റ് ആരോഗ്യ ആനുകൂല്യങ്ങള്‍ മുന്‍കൂട്ടി നല്‍കുന്നതിന് തപാല്‍ സേവനം ആവശ്യപ്പെടുന്ന 2006 ലെ നിയമം കൂടുതല്‍ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചു. യുഎസ്പിഎസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന കിംവദന്തി പടരാന്‍ തുടങ്ങിയിട്ട് നാളുകളായി. അതു കൊണ്ടുതന്നെ ഈ വിഭാഗത്തിലേക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കൊറോണകാലത്തും ലഭിക്കുന്നില്ല. പക്ഷേ, നിശബ്ദമായി യാതൊരു പരാതിയുമില്ലാതെ അവര്‍ ജോലി ചെയ്യുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് തൊഴിലാളികള്‍ക്കും തപാല്‍ സേവനത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കും ഒരു ദുരന്തമായിരിക്കും.
അമേരിക്കന്‍ പോസ്റ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എപിഡബ്ല്യുയു) ഏകദേശം 200,000 തപാല്‍ സേവന തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. യൂണിയന്‍ പ്രസിഡന്റ് മാര്‍ക്ക് ഡിമോണ്ട്‌സ്‌റ്റൈന്‍ തപാല്‍ സേവനത്തിന്റെ ദുരിതങ്ങളുടെ വ്യാപ്തിയെക്കുറിച്ചും അത് സ്വകാര്യവത്കരിക്കാനുള്ള വലതുപക്ഷത്തിന്റെ അഭിനിവേശത്തെക്കുറിച്ചും പറയുമ്പോള്‍, കൊറോണ കാലത്ത് ഇവരെ മറക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ മലയാളി പോസ്റ്റല്‍ ജീവനക്കാര്‍ക്കും അഭിവാദ്യങ്ങള്‍.
Comments