You are Here : Home / USA News

പ്രൗഢഗംഭിരം, അത്യുജ്വലം- ചരിത്രം സൃഷ്‌ടിച്ച്‌ ഫോമാ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 25, 2013 11:39 hrs UTC

ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ 54 അംഗസംഘടനകളുള്ള ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും, ജോബ്‌ ഫെയറും പ്രൗഢഗംഭീരമായി ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലിന്റെ ഗ്രാന്റ്‌ ബാള്‍ റൂമില്‍ വെച്ച്‌ നടത്തപ്പെട്ടു. അറൂനൂറിലധികം ആളുകള്‍ പങ്കെടുത്ത വിവിധ പ്രൊഫഷണലുകളുടെ സമ്മേളനത്തില്‍ അമേരിക്കയിലെ വന്‍ കമ്പനികളുടെ തലപ്പത്തുള്ള 25 സി.ഇ.ഒ, സി.എഫ്‌.ഒ, ലോയേഴ്‌സ്‌, സയന്റിസ്റ്റ്‌ എന്നിവരും സെനറ്റര്‍മാര്‍, മേയര്‍മാര്‍, അസംബ്ലിമാന്‍ തുടങ്ങി അഞ്ച്‌ അമേരിക്കന്‍ രാഷ്‌ട്രീയ പ്രമുഖര്‍, 15 കമ്പനികള്‍ പങ്കെടുത്ത ജോബ്‌ ഫെയറും കൂടിയായപ്പോള്‍ ഈ സമ്മേളനം ഒരു ചരിത്ര സംഭവമായി മാറി. അമേരിക്കയിലെ മലയാളി സമൂഹത്തിന്‌ ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു സമ്മേളനം നടത്തുന്നതെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സമ്മിറ്റ്‌ ചെയര്‍മാന്‍ ജിബി തോമസ്‌ എന്നിവര്‍ പറഞ്ഞു.

 

ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച 30 അംഗ കമ്മിറ്റി അംഗങ്ങളോടുള്ള നന്ദിയും കടപ്പാടും അവര്‍ അറിയിച്ചു. ഫോമയെ മറ്റേതു സംഘടനകളില്‍ നിന്നും ഒരു പടി ഉയര്‍ത്താന്‍ ഈ സമ്മേളനത്തിന്‌ സാധിച്ചുവെന്ന്‌ സമ്മിറ്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റീനി പൗലോസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധന്‍ എന്നിവര്‍ പറഞ്ഞു. ന്യൂജേഴ്‌സി സെനറ്റര്‍ പീറ്റര്‍ ബാര്‍നസ്‌ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ അമേരിക്കന്‍ ബിസിനസ്‌ ലോകത്തിലെ വമ്പന്മാരായ 600 മില്യന്‍ വാര്‍ഷിക വരുമാനമുള്ള നെസ്റ്റ്‌ ഗ്രൂപ്പ്‌ കമ്പനിയുടെ ചെയര്‍മാനും മുന്‍ കെല്‍ട്രോണ്‍ ചെയര്‍മാനുമായിരുന്ന ഡോ. ജാവേദ്‌ ഹസ്സന്‍, കൊളംബിയ യൂണിവേഴ്‌സിറ്റി മെറ്റീരിയല്‍സ്‌ എന്‍ജിനീയറിംഗ്‌ ഡീന്‍ പത്മശ്രീ ഡോ. പി. സോമസുന്ദരന്‍, ലിന്‍ഡേ കോര്‍പ്പറേഷന്റെ നോര്‍ത്ത്‌ ആന്‍ഡ്‌ സൗത്ത്‌ അമേരിക്കന്‍ ഓപ്പറേഷന്‍സ്‌ മേധാവി ഡോ. രഘു മേനോന്‍, മാര്‍ലാബ്‌സ്‌ സി.ഇ.ഒ സിബി വടക്കേക്കര, 20 ആസ്‌ത്‌മ ആന്‍ഡ്‌ അലര്‍ജി ക്ലിനിക്കുകളുടേയും 3 പത്രങ്ങളുടേയും ഉടമ പത്മശ്രീ ഡോ. സുധീര്‍ പരീഖ്‌, തോമര്‍ കണ്‍സ്‌ട്രക്ഷന്‍ സി.ഇ.ഒ തോമസ്‌ മൊട്ടയ്‌ക്കല്‍, നെക്‌സേജ്‌ സി.ഇ.ഒ ഡോ. സുരേഷ്‌ കുമാര്‍, കൈസര്‍ ഹോസ്‌പിറ്റലിലെ ചീഫ്‌ കാര്‍ഡിയോളജിസ്റ്റും അഡ്‌മിനിസ്‌ട്രേറ്ററുമായ ഡോ. എമില്‍ തട്ടശേരി, പ്രൊഫസറും ഫിസിഷ്യനുമായ ഡോ.എം.വി പിള്ള, പ്രിന്‍സ്റ്റണ്‍ എന്‍ജിയറിംഗ്‌ സി.ഇ.ഒ സഞ്‌ജീവ്‌ അഗര്‍വാള്‍, അറ്റോര്‍ണിമാരായ ജോസഫ്‌ കുന്നേല്‍, തോമസ്‌ വിനു അലന്‍, ആന്‍സി ജോര്‍ജ്‌ എന്നിവര്‍ ലീഡര്‍ഷിപ്പ്‌, കരിയര്‍ ഡവലപ്‌മെന്റ്‌, അണ്‍ഡര്‍പ്രണര്‍ഷിപ്പ്‌, എംപവറിംഗ്‌ യംഗ്‌ ലീഡേഴ്‌സ്‌, കള്‍ച്ചറല്‍ ഗ്യാപ്‌ കുറയ്‌ക്കുക, ഒബാമ കെയര്‍ ഇംപാക്‌ട്‌, ടെക്‌നോളജി ട്രാന്‍സ്‌ഫര്‍ ടു കേരള എന്നിവയെക്കുറിച്ച്‌ സിമ്പോസിയങ്ങളും ചോദ്യോത്തര ചര്‍ച്ചകളും നടത്തി. അമേരിക്കയിലെ വന്‍ കമ്പനികളില്‍ ഒന്നായ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ഒരു വന്‍ റിക്രൂട്ട്‌മെന്റ്‌ ടീമുമായാണ്‌ ജോബി ഫെയറിനെത്തിയത്‌.

 

കൂടാതെ നെക്‌സ്റ്റേജ്‌ ടെക്‌നോളജീസ്‌, ക്യൂബ്‌സ്‌, ഫോറാന്‍സ്‌, നെസ്റ്റ്‌ കോര്‍പ്പറേഷന്‍, കൈസര്‍ ഹോസ്‌പിറ്റല്‍സ്‌, ഐ.ടി, ഹെല്‍ത്ത്‌ കെയര്‍ കമ്പനികള്‍ എന്നിവരും ജോബ്‌ ഫെയറില്‍ പങ്കെടുത്തു. അമേരിക്കയിലെ പൊളിറ്റിക്കല്‍ ലീഡേഴ്‌സ്‌ ആയ സെനറ്റര്‍ പീറ്റര്‍ ബാര്‍നസ്‌, സെനറ്റര്‍ പാട്രിക്‌ ഡിഗനാന്‍, അസംബ്ലി വുമണ്‍ നാന്‍സി പിന്‍കിന്‍, അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, മേയര്‍ ബ്രയന്‍ ലേവിന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായി 2014 ജൂണ്‍ 26-ന്‌ ഫിലാഡല്‍ഫിയയില്‍ ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ പ്രൊഫഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും നടത്തുന്നതാണെന്ന്‌ ഫോമാ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.