ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ 100 ഏക്കര്‍ സ്ഥലത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കാ ഭദ്രസനത്തിന് പുതിയ ആസഥാന മന്ദിരം യാഥാര്‍ത്ഥ്യമാവുന്നു. ടെക്‌സാസില്‍ ഹൂസ്റ്റനും, ഷുഗര്‍ലാന്റിനും സമീപത്ത് ബീസിലിയില്‍ ഭദ്രാസനം സ്വന്തമായി വാങ്ങിച്ച സ്ഥലത്തുള്ള ആസ്ഥാനമന്ദിരത്തിന്റെ കൂദാശ നവംബര്‍ 30ന് ശനിയാഴ്ച രാവിലെ നടത്തപ്പെടുന്നതാണ്. കൂദാശകര്‍മ്മങ്ങള്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുന്നതായിരിയ്ക്കുമെന്ന് ഭദ്രാസന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 8മണിയ്ക്ക് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആയിരിയ്ക്കും കൂദാശ നടത്തപ്പെടുന്നതെന്ന്. അതിനോടനുബന്ധിച്ച് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഒന്നാം ചരമവാര്‍ഷികവും ആചരിയ്ക്കുമെന്ന് ഭാരവഹികള്‍ അറിയിച്ചു.
7300 ചതുരശ്രഅടിയില്‍ ഉള്ള ഒരു മന്ദിരവും, 100 ഏക്കര്‍ സ്ഥലവും ഭദ്രാസനത്തിന് ലഭിയ്ക്കുവാന്‍ ഇടയായത് ദൈവത്തിന്റെ കൃപ ഒന്നു കൊണ്ടു മാത്രമാണെന്ന് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ചുരുങ്ങിയ 4 വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ള ഭദ്രാസനത്തിന് ദീര്‍ഘവീക്ഷണവും ദര്‍ശനവും ഉള്ള മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഭദ്രാസന ആസ്ഥാനത്തിന്റെ വളര്‍ച്ചയോടൊപ്പം വിവിധ പദ്ധതികള്‍ ലക്ഷ്യമിട്ടുകൊണ്ട് രൂപരേഖ തയ്യാറാക്കി വരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്ത് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിയ്ക്കത്തക്ക രീതിയില്‍ തയ്യാറാക്കുന്ന പദ്ധതിയുടെ ആദ്യ ചുവട് വയ്പ് ഒരു ചാപ്പലും അതിനോട് ചേര്‍ന്ന് പുതിയ തലമുറയ്ക്ക് സഭാചരിത്രമുള്‍പ്പെടെ പരിചയപ്പെടുത്തുന്നതിന് ഒരു മ്യൂസിയവും പൂര്‍ത്തീകരിയ്ക്കുന്നത്. 2015 മെയില്‍ ഇത് പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിയ്ക്കുന്നതായിരിയ്ക്കും. വാര്‍ദ്ധക്യവേളകളില്‍ ശാന്തിയും സമാധാനവും ആഗ്രഹിയ്ക്കുന്ന സീനിയര്‍ സിറ്റിസണ്‍സിനെ ഉദ്ദേശിച്ചിട്ടുള്ളതാണ് മറ്റൊരു പദ്ധതി. 100 ഏക്കറില്‍ 50 ഏക്കര്‍ ഓര്‍ത്തഡോക്‌സ് വില്ലേജ് എന്ന പേരില്‍ വിശ്രമജീവിതം നയിയ്ക്കുന്ന സഭാംഗങ്ങള്‍ക്കുവേണ്ടി വേര്‍തിരിച്ചുകൊണ്ട് ഒരു പദ്ധതിയായിരിയ്ക്കും നടപ്പാക്കുക. പ്ലോട്ടുകള്‍ തിരിച്ച് വീടുകള്‍ വയ്ക്കുന്നതിനും മറ്റു അവസരം ഒരുക്കുന്നതായിരിയ്ക്കും ഈ പദ്ധതി.
സഭാ വിശ്വാസികളായ പ്രയമായവര്‍ക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ജീവിതസായാഹ്നം ചെലവിടുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. ആശ്രമപ്രസ്ഥാനം(ദയറാ) കോണ്‍വെന്റും, ഒരു സെമിനാരിയും ഭദ്രാസനത്തോടെ ചേര്‍ന്ന് സ്ഥാപിയ്ക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സഭയുടെ യുവതീയുവാക്കലെ സഭാ വിശ്വാസത്തില്‍ അടിച്ചുറച്ച് നിര്‍ത്തി സഭാ ശുശ്രൂഷയ്ക്ക് ഒരുക്കുന്നതിനാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. വേദപുസ്തകത്തെകുറിച്ച് കൂടുതല്‍ പഠിയ്ക്കുന്നതിന് വേണ്ടി സെമിനാരി കേന്ദ്രീകരിച്ച് ഒരു ബൈബിള്‍ പഠനകേന്ദ്രവും ഉണ്ടായിരിയ്ക്കും. കുടുംബബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ അത് ദൃഢമാക്കുന്നതിന് വേണ്ടി ഒരു കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപിയ്ക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കൗണ്‍സിലിംഗിന് എത്തുന്നവര്‍ക്ക് താമസിച്ച് കൗണ്‍സിലിംഗ് നടത്തുന്നതിന് കോട്ടേജുകള്‍ സ്ഥാപിയ്ക്കുന്നതാണ്. വിപുലമായ രീതിയിലുള്ള കോണ്‍ഫറന്‍സ് സെന്ററും സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിയ്ക്കുന്നവര്‍ക്ക് അവധിക്കാലം മാതാപിതാക്കളോടൊപ്പം ചിലവഴിയ്ക്കുന്നതിന് അവസരം ഒരുക്കുന്ന രീതിയില്‍ കോണ്‍ഫറന്‍സ് സെന്ററിനോടനുബന്ധിച്ച് സംവിധാനമുണ്ടായിരിയ്ക്കും. 10 ഏക്കര്‍ സ്ഥലത്ത് മീന്‍ വളര്‍ത്തല്‍ കേന്ദ്രവും പച്ചക്കറി കൃഷിയും സ്വപ്നപദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ വിവിധ പദ്ധതികളുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭദ്രാസനത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പുതിയ ഭദ്രാസന ആസ്ഥാനത്തിന് “ഊര്‍ശലേം” എന്നാണ് നാമകരണം ചെയ്തിരിയ്ക്കുന്നത്. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സെന്റര്‍ എന്നും വിളിയ്ക്കപ്പെടും. സമാധാനത്തിന്റെ പട്ടണമെന്നര്‍ത്ഥമുള്ള 'ഊര്‍ശലേം' സഭാ മക്കള്‍ക്ക് സമാധാനത്തിന്റെ ആസ്ഥാനമായി തീരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
2009 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന സൗത്ത് വെസ്റ്റ് ഭദ്രാസനം അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഈ കാലയളവിനുള്ളില്‍ വന്‍ വളര്‍ച്ച കൈവരിക്കുകയുണ്ടായി. അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലും കാനഡായിലെ 3 പ്രോവിന്‍സുകളിലായി വ്യാപിച്ചു കിടക്കുന്ന ഭദ്രാസനത്തില്‍ 3000 ല്‍ പരം കുടുംബങ്ങളുണ്ട്. അറുപത്തിയഞ്ച് വൈദികര്‍ ഭദ്രാസനത്തില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന 16 വൈദികരും ഭദ്രാസനത്തിലുണ്ട്. ഭദ്രാസനത്തിലെ നിരവധി യുവാക്കള്‍ സെമിനാരിയില്‍ പഠനവും നടത്തുണ്ട്. ഭദ്രാസന ആസ്ഥാനത്തിന്റെ കൂദാശയില്‍ പങ്കെടുക്കുന്നതിനായി എത്തിചേരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിയ്ക്കുമെന്നും ഭാരവാഹികള്‍ അിറയിച്ചു. ഭദ്രാസന പി.ആര്‍.ഓ. കുരുവിള വര്‍ഗീസ്, മാനേജര്‍ ഫാദര്‍ വര്‍ഗീസ് തോമസ്, ഫാദര്‍ ഡോ.സി.ഒ. വര്‍ഗീസ് എന്നിവരൊടൊപ്പം ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച ബ്ലസന്‍ ഹൂസ്റ്റണ്‍, ടോം വിരിപ്പന്‍, ഡോ. ജോര്‍ജ്ജ് കാക്കനാട്, കോശി തോമസ്, ജീമോന്‍ റാന്നി, ജോര്‍ജ് തെക്കേമല, എബി വര്‍ഗീസ്, സജി പുല്ലാട്, ജേക്കബ് ഡേവിഡ്, പ്രിയന്‍ മാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.
ആസ്ഥാന മന്ദിരത്തിന്റെ അഡ്രസ്: 3101, Hopkins RD, Beasely,Texas-77417
Comments