ഏപ്രില്‍ ആറാം തീയതി ലോസ് ആഞ്ചലസിലെ ഹവേലി ആഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫ്, അമേരിക്കയിലുള്ള മറ്റു സംഘടനകള്‍ക്ക് ഉദാത്തമാതൃകയായി നടത്തപ്പെട്ടു. മൂന്നു ഘട്ടങ്ങളായി നടത്തപ്പെട്ട കണ്‍വന്‍ഷന്‍ പരിപാടിയില്‍ ആദ്യ ഇനമായി, ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സെമിനാറും ചോദ്യോത്തരവേളയും ആയിരുന്നു. പ്രവാസികളുടെ എല്ലാവിധ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കികൊണ്ട് കോണ്‍സുല്‍ ഭാസ്കറും, ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സാം ഉമ്മനും നേതൃത്വമേകി. രണ്ടാമതായി നടന്നത്, ഗ്രാന്‍ഡ് കാന്യന്‍ സര്‍വ്വകലാശാലയുടെ സെമിനാര്‍ ആയിരുന്നു. ഗ്രാന്‍ഡ് കാന്യന്‍ സര്‍വ്വകലാശാലയും ഫോമായും തമ്മിലുള്ള കരാര്‍ പ്രകാരം കോഴ്സുകളുടെ ഫീസിനത്തില്‍ ലഭ്യമാകുന്ന ഇളവുകളും, പുതിയ കോഴ്സുകളെ സംബന്ധിച്ചുള്ള വിശദീകരണവും അത്യന്തം പ്രയോജനപ്രദമായിരുന്നു. രണ്ടു സര്‍വ്വകലാശാല പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിനു ഫോമായുടെ ജോയിന്‍റ് ട്രഷറാര്‍ സജീവ് വേലായുധന്‍ നേതൃത്വമേകി. തുടര്‍ന്നു ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫ് മീറ്റിംഗ് പ്രൌഡഗംഭീരമായി നടത്തപ്പെട്ടു. ലോസ് ആഞ്ചലസിലെ കല, ഒരുമ, വാലി ക്ലബ് എന്നീ ഫോമാ അംഗസംഘടനകളുടെ സാരഥികളെയും,ഫോമാ നേതാക്കളെയും സാക്ഷിനിര്‍ത്തി റീജിയണല്‍ വൈസ് പ്രസിഡന്‍റ് പന്തളം ബിജു തോമസ് ഭദ്രദീപം കൊളുത്തി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ നെഞ്ചിലേറ്റിയ ഫോമായുടെ വന്‍വിജയമായ എല്ലാ പദ്ധതികളെയും കുറിച്ചുള്ള വിശദീകരണം എല്ലാവര്‍ക്കും ഹൃദ്യമായി അനുഭവപ്പെട്ടു. പ്രവാസികളുടെ കാതലായ പ്രശ്നങ്ങള്‍ തമ്മില്‍ തമ്മില്‍ ചര്‍ച്ച ചെയ്യാതെ, അത് ഫോമായുടെ ശ്രദ്ധയില്‍പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ തലത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനുകള്‍ ഇത്തരം കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള കേന്ദ്രീകൃത സമ്മേളനങ്ങളാണന്നും ഓര്‍മ്മിപ്പിച്ചു. ഫിലാഡെല്‍ഫിയായില്‍ വെച്ചു ജൂണില്‍ നടക്കുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വന്‍പിച്ച വിജയമാക്കുവാന്‍ എല്ലാവരും രെജിസ്റ്റര്‍ ചെയ്തു പങ്കെടുക്കണമെന്നും അഭ്യര്‍ഥിച്ചു. സുപീരിയര്‍ കോടതിയിലേക്ക് ജഡ്ജിയായി മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ഥി ഡയാന്‍ മത്തായിയെ, സാം ഉമ്മന്‍ സദസ്സിനു പരിജയപ്പെടുത്തി. ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ലോസ് ആഞ്ചലസിലെ കല, ഒരുമ, വാലി ക്ലബ് എന്നീ ഫോമാ അംഗസംഘടനകള്‍ക്ക് ഫോമാ മുന്‍ ട്രെഷറാര്‍ ജോസഫ് ഔസോ സ്വാഗതം ആശംസിച്ചു. ഫോമാ ജോയിന്‍റ് സെക്രട്ടറി റെനി പൗലോസ് പരിപാടികള്‍ക്ക് നേതൃത്വമേകി. ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിന്‍സെന്‍റ് ബോസ് മാത്യു എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചതോടൊപ്പം വെസ്റ്റേണ്‍ റീജിയന്‍റെ പ്രതിനിധിയായി കണ്ടു അദ്ദേഹത്തെ വിജയിപ്പിക്കണമേ എന്നും അഭ്യര്‍ഥിച്ചു.
Comments