You are Here : Home / എഴുത്തുപുര

പുലിമുരുകന്‍, എലിമുരുകനായി

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, February 04, 2017 02:54 hrs UTC

'റ' പോലെ വളഞ്ഞു നിന്നു മുറ്റമടിക്കുകകയാണു രാജമ്മ. ഇന്ദ്രന്‍സ് സാരി ചുറ്റിയതു പോലെ- 'സ്ത്രീയെ മോഹത്തോടെ നോക്കുന്നവന്‍ എല്ലാം അവളോടു വ്യഭിചാരം ചെയ്തുപോയി' എന്ന തിരുവചനം പോലും തെറ്റിക്കുവാന്‍ പറ്റാത്ത ആകാരഭംഗി. അതവരുടെ കുറ്റമല്ല. പക്ഷേ എന്തു ചെയ്യാം? ഏഴാം കടലിനക്കെരെയുള്ള എന്റെ ഭാര്യയുടെ വിശ്വാസവും സമാധാനവുമാണ് 'ആം ആദ്മി' പാര്‍ട്ടിയുടെ ചിഹ്നവുമേന്തി എന്റെ മുന്നില്‍ നിന്നു മുറ്റമടിക്കുന്നത്. രാജമ്മയല്ലാതെ മറ്റാരേയും വീട്ടു ജോലിക്കു വേണ്ടാ എന്നുറച്ച തീരുമാനമെടുത്തത് പ്രിയതമയാണ്. എന്റെ മോറല്‍ സൈഡിനേപ്പറ്റി അത്ര മതിപ്പാണവള്‍ക്ക്! രാജമ്മ ഇടയ്‌ക്കൊന്നു നിവര്‍ന്നിട്ട്, കൊതുകു കോട്ടുവായിടുന്നതു പോലെ വാ പിളര്‍ന്നു. മനോരമയുടെ ചരമക്കോളത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുകയാണു ഞാന്‍.

 

ദിവസവും എത്രയെത്ര പരേതരുടെ മുഖത്തിലാണു അച്ചടി മഷി പടരുന്നത്! ഇന്നത്തെ പത്രത്തിലും എന്റെ മരണവാര്‍ത്തയില്ലെന്നു ഉറപ്പു വരുത്തിയ ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. 'അച്ചനറിഞ്ഞാരുന്നോ?' അശരീരി കേട്ട് ഞാനൊന്നു ഞെട്ടി. 'എന്താ രാജമ്മേ?' 'നമ്മുടെ ഓമനപ്പെണ്ണു ഇന്നലെ പെറ്റു' മുഖത്തു സന്തോഷത്തിന്റെ നറുനിലാവ്- തൊട്ടു പിന്നാലെ ഒരു കാര്‍മേഘത്തിന്റെ കരിനിഴല്‍-' പെണ്‍കൊച്ചാ!' ഒരു അമേരിക്കന്‍ പുരുഷ മുതലാളിയോട് ഒരു നാടന്‍ ബിപിഎല്‍ തൊഴിലാളി സ്ത്രീ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു വിഷയം. 'ആരാ ഈ ഓമന?' 'അയ്യോ- അച്ചനറിയത്തില്ലിയോ- അതു നമ്മുടെ കോവലന്റെ കെട്ടിയോളാ.' 'ഏതാ ഈ ഗോപാലന്‍?' 'അതു ഓമനേടെ കെട്ടിയോനാ?' രാജമ്മ കാര്യങ്ങള്‍ ക്ലിയറാക്കി. 'ഈ ഞായറാഴ്ച കൊച്ചിനെ കാണാനൊന്നു പോണം. ആദ്യത്തെ പേറല്ലിയോ?' 'എന്താ, ഞാനും കൂടെ വരണോ?' എന്നു ചോദിക്കുവാന്‍ തുടങ്ങിയെങ്കിലും, അവളതു കാര്യമായിട്ടെടുത്തെങ്കിലോ എന്നുള്ള പേടികൊണ്ട് ഞാന്‍ അധരങ്ങള്‍ക്കു കടിഞ്ഞാണിട്ടു. 'എന്നാലും ഒരു തരി സ്വര്‍ണ്ണില്ലാതെങ്ങനാ പോകുന്നത്?' രാജമ്മ വാലുപൊക്കി.

 

 

രാജമ്മ പറയുന്നതിലും കാര്യമുണ്ട്. പെണ്‍കൊച്ചല്ലേ? വളര്‍ന്നു വരുമ്പോള്‍ ഒരു മിനി ആലുക്കാസായിട്ടോ, അയ്യഷസായിട്ടൊക്കെയല്ലേ വല്ല കോന്തന്റെയും തലയില്‍ കെട്ടിവെയ്ക്കുവാന്‍ പറ്റുകയുള്ളൂ- അതല്ലേ നാട്ടുനടപ്പ്‌. വിധവയായ രാജമ്മ പങ്കെടുക്കാത്ത ചടങ്ങുകളൊന്നും അവരുടെ ബന്ധുവലയത്തിലില്ല. ജനനം, വിവാഹം, മരണം, പാലുകാച്ചല്‍, അടിയന്തരം- അങ്ങിനെ എന്തെല്ലാം? ശമ്പളം കൂടാതെ ഞാന്‍ കിമ്പളവും കൊടുക്കണം. ഇവളൊരു മന്ത്രിണി (മന്ത്രി എന്നുള്ളതിന്റെ സ്തീലിംഗം) ആകേണ്ടതായിരുന്നു. എവിടെയോ ഒരു വര തെറ്റി. ഇങ്ങനെയുള്ള ഒരു ഉരുപ്പടിയെ വീട്ടുജോലികള്‍ ഏല്‍പിച്ചിട്ടാണല്ലോ എന്റെ ഭാര്യ പരദേശത്തു മനഃസ്സമാധാനത്തോടെ ജീവിക്കുന്നതെന്നോര്‍ത്തപ്പോള്‍ എനിക്കു സത്യത്തില്‍ മനഃപ്രയാസമുണ്ടായി. കാണാന്‍ കൊള്ളാവുന്ന വല്ല പെമ്പിള്ളാരേയും ജോലിക്കു നിര്‍ത്തിയാല്‍ ഞാനവരെ കയറി പിടിച്ചു കളയുമെന്ന അവളുടെ ധാരണ- പണ്ട് അങ്ങനെയൊന്നു സംഭവിച്ചെന്നുള്ളതു നേരാ! പക്ഷേ, അന്നു ഞാന്‍ ചെറുപ്പമല്ലായിരുന്നോ? അതൊക്കെ കഴിഞ്ഞിട്ട് കാലം എത്രയോ കഴിഞ്ഞിരിക്കുന്നു.

 

 

 

അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ അങ്ങിനെയാ-വേണ്ടാത്ത കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ഓര്‍ത്തിരിക്കും-ഇടയ്ക്കിടെ അതൊന്നു അയവിറക്കി നമ്മളെ ഒന്നു മാന്തുന്നതും അവര്‍ക്കൊരു സുഖമാണ്. എന്റെ കണ്ണിന്റെ ഈസ്റ്റുമാന്‍ കളര്‍ കാഴ്ച, രാജമ്മയെ കണി കണ്ടുകണ്ടു ബ്ലാക്ക് ആന്റ് വൈറ്റായി- സഹിക്കുന്നതിനും ഒരു പരിധിയില്ലേ? ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ല- 'വിന്‍സന്റേ! ഈ രാജമ്മക്ക് പകരം മറ്റ് ആരെയെങ്കിലും കിട്ടത്തില്ലിയോടാ?' വരുന്നതു വരട്ടെ എന്നു കരുതി, രണ്ടും കല്‍പിച്ചു ഞാന്‍ സാരഥിയോടു തിരക്കി. 'രാജമ്മയ്ക്ക് എന്നാ കൊഴപ്പം? അമ്മാമ്മയല്ലിയോ അവരെ നിര്‍ത്തിയിട്ടു പോയത്?' - എന്റെ ഉദ്ദേശം അവനു മനസ്സിലായെങ്കിലും അവന്‍ പൊട്ടന്‍ കളിച്ചു.

 

'എടാ, ഈ രാജമ്മയുടെ ഒരു കോലം കണ്ടോ? ഉണക്കമടലില്‍ ചട്ടി കമഴ്ത്തിവെച്ചതു പോലെ! എപ്പോഴും ചുമയും കൊരയും-ഇച്ചിരുടെ മ്‌റശയൊള്ള ഒന്നിനെ കിട്ടത്തില്ലിയോടാ?'

'ഓ-എന്ന്-അമ്മാമ്മയെങ്ങാനും അറിഞ്ഞാല്‍...?' അവനൊരു മാമ്മാച്ചിരി പാസ്സാക്കി.

'അമ്മാമ്മയൊന്നും അറിയാന്‍ പോന്നില്ല- നീയായിട്ടു എഴുന്നെള്ളിക്കാതിരുന്നാല്‍ മതി'

 

സത്യം പറഞ്ഞാല്‍ ആ കാര്യത്തില്‍ ഉള്ളിലൊരു പേടി എനിക്കുമുണ്ട്. അങ്ങിനെ കാര്യങ്ങള്‍ക്കൊരു തീരുമാനമായി- രാജമ്മ ഔട്ട്- ചെല്ലമ്മ ഇന്‍- അവളൊരു ഐശ്വര്യാ റായി ഒന്നുമല്ലെങ്കില്‍ത്തന്നെയും, ഒരു കള്ളിച്ചെല്ലമ്മ ലുക്കുണ്ട്. ആവശ്യത്തിനു ആകാര ഭംഗിയൊക്കെ വേണ്ട വിധത്തില്‍, വേണ്ടിടത്തൊക്കെ പിശുക്കു കാട്ടാതെ പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുണ്ട്. അവള്‍ മുറ്റമടിക്കേണ്ടവളല്ല-മുറി വൃത്തിയാക്കേണ്ടവളാണ്. ചെല്ലക്കിളി ഡ്യൂട്ടിയില്‍ പ്രവേശിച്ച അന്നു മുതല്‍ ഞാന്‍ പത്രപാരായണം വരാന്തയിലാക്കി.

 

 

ചരമക്കോളത്തില്‍ നിന്നും എന്റെ ശ്രദ്ധ വിവാഹ പംക്തിയിലേക്കു മാറ്റി. നടുവേദന സംഹാരി പരസ്യങ്ങളുപേക്ഷിച്ച്, നാഡി ബല ഔഷധങ്ങളിലേക്കു ഞാന്‍ ചേക്കേറി. ശേഷിക്കും ബലക്കുറവിനുമുള്ള മരുന്നു ഫലിക്കുമോ എന്നു പരീക്ഷിച്ച് അറിയുവാനുള്ളൊരു മോഹം ഉള്ളില്‍ ഉദിച്ചു. മകരമാസക്കുളിര് സൂര്യരശ്മികള്‍ തലപൊക്കുന്നതു വരെയുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ ചൂടാണ്. ചൂടെന്നു പറഞ്ഞാല്‍ പോരാ, ചുട്ടുപൊള്ളുന്ന ചൂട്! മകരച്ചൂടില്‍ മുറ്റമടിച്ചു കൊണ്ടിരുന്ന ചെല്ലമ്മയെ വിയര്‍ക്കുവാന്‍ തുടങ്ങി. വിയര്‍പ്പില്‍ നനയുന്നൊരഴകിനു എന്തൊരു ഭംഗി. പത്രത്താളുപൊക്കി ഞാനൊന്നു നോക്കി. ചൂലുപൊക്കി അവളെന്നെയും നോക്കി. 'എന്താ ചെല്ലമ്മേ! വല്ലാത്ത ചൂടാണോ?' 'ഓ സാരമില്ലച്ചായാ!'- അതുവരെ എന്റെ നിരീക്ഷണം ശ്രദ്ധിക്കാതിരുന്ന ചെല്ലമ്മ മുഖമുയര്‍ത്തി പറഞ്ഞു. 'ഓ-സാരമില്ല-' അതുവരെ എന്റെ നിരീക്ഷണം ശ്രദ്ധിക്കാതിരുന്ന ചെല്ലമ്മ മുഖമുയര്‍ത്തി പറഞ്ഞു.

 

'ഓ-സാരമില്ല-' എന്നുള്ള മറുപടിയില്‍ എന്തോ ഒരു ഇത്. 'എന്തൊരഴക്.... ആ എന്തൊരു ഭംഗി എന്തെരഴകാണാ.... കുപ്പായക്കാരിക്ക്'- 'പൂമരം' പാട്ട് എന്റെ ലോലവികാരങ്ങള്‍ക്ക് ശ്രുതി മീട്ടി. 'ചെല്ലമ്മ ഇങ്ങു കയറിപ്പോര്- ഇനി വെയിലാറിയിട്ടു മുറ്റമടിച്ചാല്‍ മതി'- എന്റെ ഓഫറിന്റെ സ്വരത്തിനൊരു വിറയലുണ്ടായിരുന്നോ എന്നു സംശയം. 'അതു വേണ്ടാ ചൂടൊന്നും സാരമില്ല- ചെല്ലമ്മ എന്റെ ഓഫര്‍ തള്ളി- 'ബെഡ്‌റൂമില്‍ നല്ല തണുപ്പുണ്ട്- എന്റെയൊരു ആശയല്ലേ?' എന്നിലെ ജോസ് പ്രകാശ് പ്രകാശിച്ചു. 'ദ്ബാ-നാറി- അപ്പം അതാണ് തന്റെ മനസ്സിലിരുപ്പ്-തന്നെ കണ്ടപ്പോഴെ എനിക്കൊരു സംശയം തോന്നിയതാ- ചെല്ലമ്മയുടെ അടുത്ത് തന്റെ ചെറ്റത്തരമൊന്നും നടക്കത്തില്ല'-ചൂല്‍ എന്റെ നേരെ വലിച്ചെറിഞ്ഞിട്ട്, നിതംബവും കുലുക്കി ചെല്ലമ്മ പടിയിറങ്ങി- ആ പോക്കിനു പോലും ഒരു ആനച്ചന്തമുണ്ടായിരുന്നു.

 

പോകുന്ന പോക്കില്‍, തിരിഞ്ഞുനിന്ന് എന്റെ നേരെ കണ്ണൂര്‍ സ്‌റ്റൈലില്‍ ഒരു കൈബോബെറിഞ്ഞിട്ടാണ് അവള്‍ പോയത്. 'അമ്മാമ്മ ഇങ്ങു വരട്ടെ! ഞാനെല്ലാം പറഞ്ഞു കൊടുക്കും- തന്റെ കളി ഞാന്‍ അവസാനിപ്പിക്കും-' എന്നിലെ പുലിമുരുകന്‍, പെട്ടെന്നൊരു എലിമുരുകനായി മാളത്തിലൊളിച്ചു!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.