ഈ ലേഖനപരമ്പരയില്‍ മുന്‍ലക്കത്തില്‍ സൂചിപ്പിച്ച കഥാപാത്രം വര്‍ക്കിച്ചന്റെ ഈ നിലപാടൊക്കെ തന്നെയാണ് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഒരു ശരാശരി വോട്ടറുടെ നിലപാട്. ഇവിടെ പാര്‍ട്ടികള്‍ എത്ര പിളര്‍ന്നാലും, വളര്‍ന്നാലും, തളര്‍ന്നാലും പോയി ഇടതു പക്ഷത്തോ വലതു പക്ഷത്തോ നില്‍പ്പുറപ്പിക്കും. ഓരോ പാര്‍ട്ടിക്കും വലിയ വാഗ്ദാനങ്ങളും പ്രകടന പത്രികകളും നയങ്ങളും പുസ്തകങ്ങളിലും അധര വ്യായാമങ്ങളിലും മാത്രം കാണും, ഒതുങ്ങി നില്ക്കും. പക്ഷെ പ്രായോഗിക തലത്തില്‍ അതൊന്നും പ്രകടമായിരിക്കില്ലെന്നു മാത്രമല്ല കടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാകും പ്രകടമാകുക. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ലെന്നുള്ള ന്യായം അവര്‍ തട്ടിമൂളിക്കും. കള്ളനും പോലീസും ജഡ്ജിയും ഒക്കെ അവര്‍ തന്നെ.
പരസ്പരം കടിച്ചുകീറാനൊരുങ്ങിയവര് പരസ്പരം സ്നേഹത്തിന്റെ ചുടുചുംബനങ്ങള്‍ അര്‍പ്പിക്കുന്നതു കാണാം. സംഗതി മനസ്സിലാക്കിയപ്പോള്‍ പാര്‍ട്ടി മാറി, മുന്നണി മാറി അതിലെന്താണ് തെറ്റെന്നു പറഞ്ഞവര്‍ കാലുമാറ്റത്തെയും കൂറുമാറ്റത്തെയും ന്യായീകരിച്ച് പ്രോല്‍സാഹിപ്പിക്കുന്നു. പാവം വോട്ടറന്മാര് എങ്ങോട്ട് കൂറുമാറും, കാലുമാറും. അവര്‍ ചെകുത്താനും കടലിനും മദ്ധ്യെയല്ലെ? പൊറുതി മുട്ടി നിരാശയുടെ നീര്കയത്തിലാകുന്ന ചില അവസരങ്ങളിലാണ് മാവോയിസ്റ്റുകളും വിപ്ലവ പാര്‍ട്ടികളും തീവ്രവാദി സംഘടനകളുമുണ്ടാകുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ തലചായ്ക്കാനിടമില്ലാതെ എത്ര ലക്ഷം പട്ടിണി പാവങ്ങളായ വോട്ടറന്മാരാണിന്ത്യയില്? എന്നിട്ടാണീ ഭരണം കയ്യാളുന്ന മേലാളന്മാര് ഇന്ത്യയിലുടനീളവും വിദേശത്തും പോയി ഇന്ത്യ സാമ്പത്തിക, ശാസ്ത്ര രംഗത്ത് വന്‍കുതിപ്പിലാണ് ഇന്ത്യ ആണവ രാഷ്ട്രമാണ് ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ തൊടുത്തുവിട്ട നാടാണ് ഏറ്റവും അധികം ടി.വി. സെറ്റുകളും മൊബൈല്‍ ഫോണുമുള്ള നാടാണെന്നൊക്കെ വീമ്പിളക്കുന്നത്. അയല്‍നാടായ പാക്കിസ്ഥാനിലേക്ക് നോക്കൂ. അവിടെ മതേതരത്വമുണ്ടോ.... ജനാധിപത്യമുണ്ടോ.... എന്നൊക്കെ വളരെ വാചാലമായി പറഞ്ഞ് നമ്മുടെ കോട്ടങ്ങളായ കോട്ടങ്ങളെയൊക്കെ മൂടി പൊതിഞ്ഞു വെക്കുകയാണ്. തങ്ങളുടെ ഭരണകാലത്ത് ഇന്ത്യ തിളങ്ങി എന്ന് ബി.ജെ.പി നേതൃത്വം കൊടുത്ത നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സുകാര്‍, തങ്ങളുടെ നീണ്ട ഭരണകാലങ്ങളില്‍ ഇന്ത്യ മിന്നിത്തിളങ്ങിയെന്ന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സുകാര്‍.
മുകളിലെ രണ്ടു മുന്നണികളില്‍ നിന്നും അടര്‍ന്നുവീണ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണെങ്കില്‍ ഇന്ത്യയിലെ മഴക്കാറു നീക്കി മാനം തെളിയിച്ചവര്‍ തങ്ങളാണെന്ന് കൊട്ടിഘോഷിച്ച അവസരത്തില്‍ തന്നെ പെരുമഴയും പേമാരിയും വന്ന് മൂന്നാം മുന്നണിയെന്ന അവരുടെ കൂടാരം പോലും തകര്‍ന്നടിഞ്ഞു. പക്ഷെ ഈ 16-ാം ലോകസഭാ ഇലക്ഷമിലും ശരിയായ ഒരു നേതൃത്വമില്ലെങ്കില്‍ തന്നേയും ഒരു തട്ടിക്കൂട്ടലിലൂടെ മൂന്നാം മുന്നണി ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയെന്നവര് അവകാശപ്പെടുന്നു. അവരില്‍ പലരും സ്വന്തം ഗോള്‍മുഖത്തേക്ക് തിരിഞ്ഞടിക്കുമോ ആവോ! മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവിധം പ്രാദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചു വരുന്ന കാലമാണിപ്പോള്‍. ജനാധിപത്യത്തിലെ സ്വേച്ഛാധിപതികളായ ഉരുക്കു വനിതകളായ ബഹുജന്‍ സമാജ് പാര്‍ട്ടി, ബി.എസ്.പി.യിലെ മായാവതി, ഓള് ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, എ.ഐ.എ.ഡി.എം.കെ.യിലെ ജയലളിത, തൃണമൂല്‍ കോണ്‍ഗ്രസ് ടി.എം.സി.യിലെ മമതാ ബാനര്‍ജി എന്നിവരാണവര്‍. ഇവരുടെ ഒക്കെ ജനസ്വാധീനവും കൗശലവും കാര്യങ്ങള്‍ മാറ്റിമറിക്കാനുള്ള കുശാഗ്ര ബുദ്ധിയൊ വക്രബുദ്ധിയൊ അധികാര മോഹമോ 16-ാം ലോകസഭാ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമായി സ്വാധീനിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തെരഞ്ഞെടുപ്പിനു ശേഷവും ആരൊക്കെ എങ്ങോട്ടു കാലുമാറും എവിടെ നില്ക്കും എന്ന് ആര്‍ക്കറിയാം.
ഇവിടെ ഒരു തത്വദീക്ഷയും ജനക്ഷേമവും മീഡിയാ സര്‍വ്വേകളും മഷിനോട്ടവും പ്രവചനങ്ങളും പ്രസക്തമല്ല. ഭരണം, അധികാരം മാത്രമാവും അളവുകോല്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു തട്ടിക്കൂട്ട് ഗവണ്മെന്റാണ് ഉണ്ടാകുന്നതെങ്കില്‍ അതിന് അല്പായുസ് മാത്രമാണ് കാണുക. ആരു ജയിച്ചാലും ഗവണ്മെന്റുണ്ടാക്കിയാലും പ്രതിപക്ഷവും ഭരണപക്ഷവും ജനങ്ങളെ സേവിക്കുന്നതിനു പകരം നോവിക്കാനും ദ്രോഹിക്കാനുമാണ് ശ്രമിക്കുകയെന്നത് മുന്‍കാല അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. വമ്പന്മാരേയും കുത്തകകളേയും സംരക്ഷിക്കാന്‍ ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കും. അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസ്സാക്കാതിരിക്കാനൊ അല്ലെങ്കില്‍ അവര്‍ക്കൊക്കെ രക്ഷപ്പെടാന്‍ അനവധി പഴുതുകള്‍ സൃഷ്ടിച്ചുകൊണ്ടു മാത്രം അതു പാസ്സാക്കിയെടുക്കാന്‍ പാര്‍ലമെന്റിലെ ഇരുസഭകളിലേയും ഭരണ-പ്രതിപക്ഷ മുന്നണി സാമാജികര്‍ ഒന്നിക്കും.
തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും ക്ഷേമനിധികളും അധികമാരുമറിയാതെ പാസ്സാക്കിയെടുക്കാന്‍ വിരുദ്ധ ചേരിയിലുള്ള സാമാജികര്‍ ഒരുമയോടെ കൈപൊക്കും. നികുതി ദായകരായ പൊതുജനങ്ങളുടെ ദുരവസ്ഥയില്‍ നിന്ന് ഒരു മോചനം, അഴിമതിക്കെതിരെ ഒരു സന്ധിയില്ലാ സമരം, രാജ്യത്തിനൊരു പുതിയ ആകാശം പുതിയ ഭൂമി എന്ന വാഗ്ദാനവുമായെത്തിയ അരവിന്ദ് കേജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി ഇന്ന് സാധാരണക്കാരുടെ ഒരു ശബ്ദവും ആവേശവുമായി കഴിഞ്ഞുവെന്ന് അനുമാനിക്കാതെ തരമില്ല. മാറിമാറി എല്ലാ വ്യക്തികളെയും പരീക്ഷിച്ചറിഞ്ഞ ജനം എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിക്കും ഒരവസരം കൊടുത്തുകൂടാ എന്ന് ചിന്തിച്ചു കൂടായ്കയില്ല. അതിനാല്‍ ഈ ലോകസഭാ ഇലക്ഷനില്‍ ആം ആദ്മിയുടെ സ്വാധീനം അത്യന്തം നിര്‍ണ്ണായകം തന്നെ.
ഇനി സാക്ഷരതയിലും സംസ്ക്കാരത്തിലും വിദ്യാഭ്യാസത്തിലും മുന്നിട്ടു നില്ക്കുന്ന കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുമ്പോള്‍ മറ്റു പല ഘടകങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇവിടത്തെ വോട്ടറന്മാരുടെ ചിന്താഗതി പല അവസരത്തിലും മൊത്തത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ വോട്ടറന്മാരുടെ ചിന്താഗതിക്കു വിപരീതമായി ഭവിച്ചിട്ടുണ്ടെന്ന് മുന്‍കാല ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ഇവിടെ അംഗബലത്തിലും, ആസ്തിയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്സിസ്റ്റ് തന്നെ. തൊട്ടു പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുണ്ട്. എന്നാല്‍ ഘടകകക്ഷികളെ എല്ലാം ചേര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫും, സി.പി.ഐ(എം) നേതൃത്വം കൊടുക്കുന്ന എല്‍.ഡി.എഫും ഏതാണ് ഒരേ ശക്തിയില്‍ ബലാബലം ബാലന്‍സ് ചെയ്ത് പോകുന്നു. ഈ രണ്ട് മുന്നണികളും ഇവിടത്തെ വോട്ടറന്മാരെയാണ് ചതിക്കുന്നതും വഞ്ചിക്കുന്നതും. ഭരണ-പ്രതിപക്ഷങ്ങളിലെ ആരോപണങ്ങളും, പ്രത്യാരോപണങ്ങളും, സമരങ്ങളും, ഹര്‍ത്താലുകളും പാവം ജനങ്ങള്‍ക്കു മാത്രം പാരയാകുന്നു. ഇരു മുന്നണികള്‍ക്കും ഒരു പോറല്‍പോലും ഏല്‍ക്കുന്നില്ല. അവിടെ എന്താണ് നടമാടിയത്, നടമാടിക്കൊണ്ടിരിക്കുന്നത്. ഒരു കൊല്ലനും കൊല്ലത്തീം കളി മാത്രം. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമുള്ള ഉഗ്രന്‍ പോര്‍വിളി. കാര്യത്തോടടുക്കുമ്പോള്‍ ഇരുമുന്നണികളുടേയും നേതാക്കന്മാരേയും അനുഗാമികളേയും പരസ്പരം കൈയയച്ച് സഹായിക്കുന്നു.
പരസ്പരം ഒത്തുകളിച്ചിട്ട് അഴിമതികളും ക്രിമിനല്‍ കുറ്റങ്ങളും മാച്ചു കളയുന്നു. പകല്‍ പോര്‍വിളി, മല്ലയുദ്ധം രാത്രിയില്‍ ഇരുമുന്നണികളും തമ്മില്‍ പാത്തും പതുങ്ങിയുമുള്ള അവിഹിത ബന്ധങ്ങള്‍. പരസ്പര പരിരംഭണങ്ങള്‍, ചൊറിയല്‍, എണ്ണയിടീല്‍ മാത്രം. ഈ രണ്ടുമൂന്നു വര്‍ഷത്തെ ഓരോ ശബ്ദകോലാഹലങ്ങളെ ഒന്ന് അനുസ്മരിക്കുക. പഴയ പത്രത്താളുകള്‍ ഒന്നു പരിശോധിക്കുക. ചാനല്‍ ന്യൂസുകള്‍ ഒന്നു റിവൈന്റു ചെയ്യുക മാത്രം മതി എല്ലാം ബോദ്ധ്യമാകും. നീ എന്നെ രക്ഷിക്ക് - ഞാന്‍ നിന്നെ രക്ഷിക്കാം ഇതാണ് ഉടമ്പടി. അതിനാല്‍ മലപോലെ വന്ന അഴിമതി, കൊല, കുംഭകോണങ്ങള്‍ എലിപോലെ പായും, മറയും.
എന്നാല്‍ പാവം വോട്ടറന്മാരും എന്നും കുമ്പിളില്‍ മാത്രം കഞ്ഞികുടിക്കാന്‍ വിധിക്കപ്പെട്ടവരുമായ കോരന്മാരും കോരികളും മാത്രം ചതിക്കപ്പെട്ടവര്‍ വഞ്ചിക്കപ്പെട്ടവര്‍. ജയിലഴി എണ്ണേണ്ടിയിരുന്ന എത്ര മന്ത്രിപുംഗവന്മാര് ഇവിടെ കൊടിവെച്ച കാറില്‍ പാറി പറക്കുന്നു. അഭിസാരികമാരുടെ കിടക്കയില്‍ കുത്തിയിരുന്ന് ഇളനീര് മോന്തുന്നു. സരിത-ശാലുമാരാണിവിടത്തെ താരറാണിമാര്‍, സിലിബ്രിറ്റികള്‍. ആര്‍ക്ക് എന്തെങ്കിലും സംഭവിച്ചൊ? ഉപ്പു തിന്ന ആരെങ്കിലും വെള്ളം കുടിച്ചൊ. ഇല്ല. ഇല്ലേയില്ല.
കുറച്ചുകാലം മുമ്പ് ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു മന്ത്രിയെ ഇരുമ്പഴിയിലേക്ക് ഒരു വര്‍ഷത്തേക്ക് ഒരു നിസാര ശിക്ഷ നല്കി. എന്നിട്ടെന്തായി അവിടേയും അദ്ദേഹത്തിന് സുഖവാസം- അതായത് ജയിലില്‍ തന്നെ ഫൈവ് സ്റ്റാര്‍ സൗകര്യം- സെലിബ്രിറ്റി ട്രീറ്റ്മെന്റ്, അടിയ്ക്കടി പരോള്‍, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍ ചികിത്സ എന്താ പോരെ. എന്നിട്ടും അദ്ദേഹത്തിന് മുറുമുറുപ്പാണ്. ഇപ്പോള്‍ ജോലിയില്ലാ കാബിനറ്റ് പദവി. പരമസുഖം.
ഇതിലും നിസാരകുറ്റത്തിന് ഒരു പാവപ്പെട്ട അഭയമില്ലാത്ത സാദാപൗരനാണ് പിടിക്കപ്പെടുന്നതെങ്കില്‍ എത്ര ശീഘ്രം കഠിനതടവും പിഴയും ലഭിക്കുമായിരുന്നു. പോലീസിന്റെ എത്ര കുത്തും അടിയും തൊഴിയും ഉരുട്ടലും വിരട്ടലും അനുഭവിക്കേണ്ടി വരുമായിരുന്നുവെന്ന് ചിന്തിക്കുക. അതിനാലാണ് പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം എന്ന് ഈ ലേഖനപരമ്പരയുടെ ആദ്യഭാഗത്തിന് ശീര്‍ഷകം നല്കാന് കാരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 16-ാം ലോകസഭയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ മൂന്നില്‍ ഒരു ഭാഗം ക്രിമിനല്‍ കുറ്റവാളികളൊ, ക്രിമിനല്‍ സ്വഭാവമുള്ളവരൊ, ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടവരൊ ആണെന്ന് പറയുന്നു. ഇവരൊക്കെ ജയിച്ചു വന്ന് ഭരണകര്‍ത്താക്കളായാല്‍ പിന്നെ എങ്ങനെ അഴിമതി തുടച്ചുനീക്കും? ക്രിമിനല്സിനെ എങ്ങനെ കൂട്ടിലടക്കും?
എങ്ങനെ കര്‍ശനമായ ലോക്പാല്‍ ബില്‍ പാസ്സാക്കിയെടുക്കും?
എങ്ങനെ പൊതുജനത്തെ സംരക്ഷിക്കും? ഇവിടെയാണ് പീഡിപ്പിക്കപ്പെടുന്ന വോട്ടറന്മാരുടെ കരളലയിപ്പിക്കുന്ന നിതാന്തമായ നിസ്സഹായാവസ്ഥ. അതിനാലാകാം ഇപ്രാവശ്യം മുതല്‍ വോട്ടിംഗ് മെഷീനില്‍ നിഷേധവോട്ട് അല്ലെങ്കില്‍ ഒരു “നൊ” വോട്ട് എന്ന ബട്ടനില്‍ കൂടി അവനവന്റെ വോട്ട് രേഖപ്പെടുത്താമെന്ന സംവിധാനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. എന്നാല്‍ നിഷേധ വോട്ടിന് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കില്‍ വോട്ടറന്മാരില് 99 ശതമാനവും ഒരു പക്ഷെ ആ നിഷേധ “നൊ” ബട്ടനിലാകും വിരലമര്‍ത്തുക. പക്ഷെ അതുകൊണ്ട് ആര്‍ക്കെന്തു ഗുണം? ആ വോട്ടു നോക്കിയിട്ടോ എണ്ണിയിട്ടൊ എന്തു ഫലം? 99 ശതമാനം നിഷേധവോട്ടു കിട്ടി നിഷേധം ജയിച്ചാലും നിഷേധം എന്ന ജീവനോ മേല്‍വിലാസമോ ഇല്ലാത്ത നിഷേധ അവസ്ഥ ഭരണത്തിലേറുമോ? ഇല്ലേയില്ല. അപ്പോള്‍ പിന്നെ നിഷേധത്തിന് വോട്ട് ചെയ്ത് വെറുതെ സമയവും ഊര്‍ജ്ജവും പണവും നഷ്ടമാക്കുന്നതെന്തിന്. വീണ്ടും ബഹുമാന്യരായ പൗരന്മാരും പൗരികളും “തമ്മില്‍ ഭേദം തൊമ്മന്റെ” തലയില്‍ തന്നെ ബട്ടനമര്‍ത്തും. വോട്ടു രേഖപ്പെടുത്തും അത്രതന്നെ.
(ശേഷം അടുത്ത ലക്കത്തില്‍ തുടരും)
Comments