You are Here : Home / AMERICA TODAY

സ്നേഹസാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, May 09, 2014 10:40 hrs UTC

ന്യൂയോര്‍ക്ക്. രോഗികള്‍ക്ക് ആവശ്യമുള്ള മരുന്നല്ല, സ്നേഹസദൃശ്യമായ ഒരു തലോടലാണെന്ന് ഒരിക്കല്ലെങ്കിലും ആശുപത്രികിടക്കയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം. ഈ സ്നേഹസ്പര്‍ശവുമായെത്തുന്ന ശുഭവസ്ത്രധാരികളായ നേഴ്സുമാരെ അതു കൊണ്ടു തന്നെ ആര്‍ക്കും മറക്കാനുമാവില്ല. സാന്ത്വനത്തിന്റെ മരുപച്ച നല്‍കുന്ന ഇവര്‍ ജീവിതം തന്നെ ആതുരസേവനത്തിനായി മാറ്റി വച്ചിരിക്കുകയാണെന്നത് പക്ഷേ അധികമാരും ഓര്‍ക്കുന്നതേയില്ല. ജീവിതത്തിന്റെ മുക്കാല്‍ പങ്കും ആശുപത്രികളിലും രോഗികളോടൊത്തും ചെലവഴിക്കുന്ന ഇവരില്‍ പലര്‍ക്കും ഇതൊരു ജോലിയല്ല, വിശുദ്ധ കര്‍മ്മം തന്നെ. സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്സുമാര്‍. ഇവര്‍ക്കായി ഒരു ദിനമെന്ന രീതിയിലാണ് ലോകമെങ്ങും നേഴ്സിങ് വാരാചരണം സംഘടിപ്പിക്കുന്നത്.

 

ആധുനിക നേഴ്സിങ്ങിന്റെ കുലപതിയായ നെറ്റിങഗേലിന്റെ ജന്മദിനം തന്നെ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നു. ടര്‍ക്കിയിലെ തെരുവുകളില്‍ മലീമസമായി കിടന്നിരുന്ന സൈനികരെ ശുശ്രൂഷിക്കാന്‍ രാവും പകലും ഒരു പോലെ അധ്വാനിച്ച ഈ മഹദ് വ്യക്തിയുടെ ജീവിതത്തിന്റെ തനിപകര്‍പ്പുകള്‍ തന്നെയാണ് നേഴ്സുമാരുടെ പില്‍ക്കാല ജീവിതമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു, അനുഭവിച്ചറിയേണ്ടിയിരിക്കുന്നു. ആധുനികമായ വിധത്തില്‍ ആതുരസേവനമേഖല പുരോഗമിച്ചപ്പോഴും ചിന്താതിയിലും സമീപനത്തിലും നേഴ്സുമാരുടെ ജീവിതം അന്നും ഇന്നും എന്നും ഒന്നു തന്നെ. അവര്‍ക്ക് ജീവിതത്തേക്കാളുപരി, രോഗികളുടെ ചിരിക്കുന്നന മുഖമാണ് പ്രദാനം. മരുന്നു കൊടുക്കുമ്പോള്‍ മുഖത്ത് അനുഭവപ്പെടുന്ന സാന്ത്വനമാണ് അവരുടെ ജീവശ്വാസം തന്നെ. സ്നേഹത്തിന്റെ സാന്ത്വനത്തിന്റെയും വിശുദ്ധദിനമെന്നതു പോലെയാണ് എല്ലാവര്‍ഷവും മെയ് 12 എത്തുന്നത്. ലോകമെമ്പാടുമുള്ള എല്ലാ നേഴ്സുമാരുടെയും സേവനസദൃശ്യമായ ജോലിയോടുള്ള തികഞ്ഞ ആദരവ് എന്ന നിലയിലാണ് ലോക നേഴ്സ്ദിനം ആചരിക്കുന്നത്.

 

നേഴ്സുമാര്‍ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിക്കപ്പെടുന്ന ഈ ദിവസം ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ ( ആധുനിക നഴ്സിങ്ങിന് അടിത്തറപാകിയ ഫ്ളോറന്‍സ് നൈറ്റിങ് ഗേല്‍(1820 മെയ് 12, 1910 ഓഗസ്റ്റ് 13) വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവര്‍. ക്രീമിയന്‍ യുദ്ധകാലത്ത് (1853...1856) പരിക്കേറ്റ പട്ടാളാക്കാര്‍ക്കു നല്‍കിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്.) ജന്മദിനം കൂടിയാണ്. 1965 മുതല്‍ ലോക നഴ്സിങ്ങ് സമിതി ഈ ദിവസം ലോക നഴ്സ് ദിനം ആയി ആചരിക്കുന്നു. നേഴ്സുമാരുടെ ജീവിതത്തിന് ലോകത്തെങ്ങും ഒരേ മുഖം തന്നെ.

 

രാവെന്നോ, പകലെന്നോ ഇല്ലാതെയുള്ള അവരുടെ രോഗി ശുശ്രൂഷയില്‍ ലോകം തന്നെ പകരമായി കൊടുത്താലും മതിയാകുകയില്ലെന്നതാണ് യാഥാര്‍ഥ്യം. പരിഷ്ക്കരിക്കപ്പെട്ട, കൂടുതല്‍ ആധുനിവത്ക്കരിക്കപ്പെട്ട ആതുരസേവനമേഖലയില്‍ നേഴ്സുമാര്‍ക്ക് ജോലിഭാരം വര്‍ദ്ധിച്ചുവെന്നത് സത്യം തന്നെയാണ്. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ ഇത ഒരു ് ജോലിയായി പോലും കണക്കാക്കുന്നില്ല. അവരുടെ ജീവിതമാണിത്. മരുന്നുകളുടെയും രോഗങ്ങളുടെയും ഇടയില്‍ എപ്പോഴും ചിരിക്കുന്ന മുഖവുമായി ഓടിനടക്കുന്ന നേഴ്സുമാര്‍ ലോകത്തിലെ ജീവിച്ചിരിക്കുന്നു, എപ്പോഴും തൊടാവുന്ന അകലത്തിലുള്ള മാലാഖമാര്‍ തന്നെയാണ്. അവര്‍ക്ക് പകരം വയ്ക്കാനൊന്നുമില്ല, അമ്മയെ പോലും!!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.