കഴിഞ്ഞ ലക്കത്തില്‍ (ആറാം ഭാഗത്തില്‍) എഴുതി നിര്‍ത്തിയത്് തമിഴ്നാട്ടിലേ തഞ്ചാവൂരിലെ തിരഞ്ഞെടുപ്പു യോഗ ദ്യശ്യങ്ങളെപ്പറ്റിയായിരുന്നല്ലൊ. പിറ്റേന്ന് രാവിലെ 11 മണിയോടെ തഞ്ചാവൂരിലെ ഹോട്ടല്‍ പ്ളാസയില്‍ നിന്ന് പുറപ്പെട്ട വോളാങ്കണ്ണി ടൂര്‍ ബസില്‍ ഞങ്ങള്‍ അന്നൈ മാതാ വേളാങ്കണ്ണി സന്നിധാനത്തിലെത്തി. കേരളത്തില്‍ നിന്നെത്തിയവരുള്‍പ്പടെ ഭക്തജനങ്ങളുടെ വന്‍തിരക്കായിരുന്നു അവിടെ. ദേവാലയത്തിനു സമീപം വന്‍ പ്രകൃതി ദുരന്തമായ സുനാമിയില്‍ മരണമടഞ്ഞവരുടെ സ്മരണാര്‍ത്ഥം തയ്യാറാക്കി സംരക്ഷിച്ചു വരുന്ന ശവക്കല്ലറയിലും പോയി ഞങ്ങള്‍ അര്‍ച്ചന നടത്തി. ആശ്ചര്യമെന്നു പറയട്ടെ തെരഞ്ഞെടുപ്പിന്റെ ഒരു ചൂടും പ്രവര്‍ത്തനവും അവിടെ വേളാങ്കണ്ണിയിലെങ്ങും കണ്ടില്ല. എവിടെയും പള്ളിമണി മുഴക്കങ്ങള്‍, ഭക്തിഗാനങ്ങള്‍ മാത്രം. പ്രാര്‍ത്ഥനയുടെയും നേര്‍ച്ചയുടെയും ഭക്തിയുടേതുമായ ഒരു ആദ്ധ്യാത്മിക അന്തരീക്ഷമായിരുന്നു അവിടെ. മുസ്ലീങ്ങളുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമായ കടലൂര്‍-നാഗപട്ടണത്തും ഞങ്ങള്‍ പോയി.
ഇപ്പോള്‍ പുതുച്ചേരി എന്നു വിളിക്കുന്ന പഴയ പോണ്ടിച്ചേരി പട്ടണത്തിലും പോയി. പഴയ ഫ്രഞ്ച് അധിനിവേക പ്രദേശമായ പുതുച്ചേരിയില്‍ വേറിട്ട ഒരു തമിഴ് സംസ്ക്കാരമാണുള്ളത്. അവിടേയും തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലികളും കവലപ്രസംഗങ്ങളും പൊടിപൊടിക്കുന്നുണ്ടായിരുന്നു. വിസ്താരഭയത്തില്‍ വിവരണം ചുരുക്കുകയാണ്. മടക്കയാത്ര വന്നപോലെ തന്നെ തൃശിനാപള്ളിയിലെത്തി, പ്ലെയിന്‍ മാര്‍ക്ഷം കൊച്ചിയില്‍ സസുഖം എത്തിച്ചേര്‍ന്നു. രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം ഞങ്ങളുടെ യാത്ര എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഐലന്റ് എക്സ്പ്രസ് വഴി കര്‍ണ്ണാടകയിലെ ബാംഗ്ലൂരിലേക്കായിരുന്നു. റയില്‍വെ ജീവനക്കാരനായി തമിഴ്നാട്ടിലുള്ളതിനേക്കാള്‍ അധികകാലം ഞാന്‍ കഴിഞ്ഞത് കര്‍ണ്ണാടക സ്റ്റെയിറ്റിലായിരുന്നു. ഞാന്‍ കര്ണ്ണാടകത്തിലായിരുന്നപ്പോള് കര്‍ണ്ണാടക പ്രാദേശിക ഭാഷയായ കന്നടയും ഒരു വിധം വശമാക്കിയിരുന്നു. ഞാനവിടെ ജോലി ചെയ്തിരുന്ന കാലത്ത് ഇന്നത്തെ കര്‍ണ്ണാടക സ്റ്റെയിറ്റിന്റെ നാമം മൈസൂര്‍ സ്റ്റെയിറ്റ് എന്നായിരുന്നു.
ബാംഗ്ലൂര്‍, മൈസൂര്‍, കൃഷ്ണരാജസാഗര്‍, മാന്‍ഡ്യ, ഹസന്, ദാവന്‍ഗിരി, തുംകൂര്‍, ഹൂബ്ലി. ഹാവേരി, ബ്യാഡ്ഗി, യല്വീഗി, അരിശിക്കരെ, തരിക്ക രെ, ചിക്ക്ജാജൂര്, ചിക്കമംഗ്ലൂര്‍, ആനക്കല്‍, ഹാവേരി, സാവനുര്, റാനിബന്നൂര്, സാഗര, തളഗുപ്പാ, ക്ഷിമോഗാ, ഭദ്രാവതി തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളും അനുബന്ധ ഗ്രാമങ്ങളും നഗരങ്ങളും എനിക്ക് ഒരുവിധം പരിചയമുണ്ട്. ബാംഗ്ലൂരിലെ കെമ്പയ്യാ സര്‍ക്കിളില്‍ മെജസ്റ്റിക്കിനടുത്ത ഒരു ഹോട്ടലിലായിരുന്നു ഞങ്ങളുടെ മൂന്നു ദിവസത്തെ വാസം. അവിടം കേന്ദ്രമാക്കിയാണ് കര്‍ണ്ണാടകയിലെ വിവിധയിടങ്ങളില്‍ ഞങ്ങള്‍ യാത്ര ക്രമീകരിച്ചത്. ഒരു യാത്രാവിവരണമല്ലല്ലൊ ഈ കുറിപ്പിന്റെ ഉദ്ദേശം. പതിനാറാം ലോകസഭാ ഇലക്ഷനെ പശ്ചാത്തലമാക്കിയ യാത്രയും അനുഭവങ്ങളും വിവരിക്കുക എന്നതാണ് മുഖ്യലക്ഷ്യം.
കര്‍ണ്ണാടകയിലെ എല്ലാ രംഗത്തുമെന്നപോലെ രാഷ്ട്രീയത്തിലും മലയാളികളുടെ സജീവ സാന്നിധ്യമുണ്ട്. ഇപ്പോഴത്തെ സംസ്ഥാന ഭരണകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സിദ്ധാരാമയ്യ മുഖ്യമന്ത്രിയായി നയിക്കുന്ന മന്ത്രിസഭയിലെ രണ്ടാമനും, ആഭ്യന്തരമന്ത്രിയും മലയാളിയായ കെ.ജെ. ജോര്‍ജ്ജാണ്. ജാതി മത ചിന്തകള്‍ക്ക് ഒത്തിരി സ്വാധീനമുള്ള ഒരു പ്രദേശമാണ് കര്‍ണ്ണാടക. ഇന്ത്യയുടെ ഒരു കോസ്മൊ പോളിറ്റന്‍ നഗരവും ഇലക്ട്രോണിക് സിറ്റിയുമായ ബാംഗ്ലൂരില്‍ ഇത്തരം വിഭാഗീയ ചിന്തകള്‍ അല്പം കുറവാണെന്ന് പറയാം. അതുകൊണ്ടൊക്കെ തന്നെയായിരിക്കണം കാര്യശേഷിയുള്ള കെ.ജെ. ജോര്‍ജ്ജ് ബാംഗ്ലൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട് വിധാന്‍ സഭയിലെത്താന്‍ കാരണം. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലേറ്റിയത് കര്‍ണ്ണാടകയിലാണ്. അഴിമതിയിലും കാലുവാരലിലും ബിജെപി ഗവണ്മെന്റ് തകിടം മറിയുകയായിരുന്നു. ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അഴിമതിയും സ്വജനപക്ഷപാതവും ചാക്കിട്ടു പിടുത്തവും സര്‍വ്വസാധാരണമാണ്. 28ലോകസഭാ മണ്ഡലങ്ങളാണിവിടെയുള്ളത്. കേരളത്തിനേക്കാള്‍ 8 മണ്ഡലങ്ങള്‍ കൂടുതല്‍.
ഏപ്രില്‍ 17നായിരുന്നു ഇവിടത്തെ വോട്ടെടുപ്പ്. കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദോവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലാര്‍ ഇവിടെ ശക്തമാണ്. ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയിലെ എച്ച്.ഡി. കുമാരസ്വാമി (എച്ച്.ഡി. ദേവഗൗഡയുടെ പുത്രന്) യുടെ നേതൃത്വത്തിലുള്ള ജനതാദള്‍ ഭരണവും ഇവിടെ നടന്നിരുന്നു. കര്‍ണ്ണാടക ജനതാപക്ഷ, സമാജ വാദപാര്ട്ടി, കര്‍ണ്ണാടക മക്കള്‍ പക്ഷ പാര്‍ട്ടി, സര്‍വോദയ കര്‍ണ്ണാടക പക്ഷ പാര്‍ട്ടി, കൂര്‍ഗ് നാഷനല്‍ കൗണ്‍സില്‍, കര്‍ണ്ണാടക ക്രാന്തിരംഗ, കര്‍ണ്ണാടക വികാസ് പാര്‍ട്ടി തുടങ്ങിയവയൊക്കെ ചില പ്രാദേശിക പോക്കറ്റുകളില്‍ ശക്തമാണ്. 28 ലോകസഭാ മണ്ഡലങ്ങളില്‍ 4 മണ്ഡല ങ്ങളും ഗ്രെയിറ്റര്‍ ബാംഗ്ലൂരില്‍ തന്നെയാണ്.
അതായത് ബംഗളൂര് റൂറല്‍, ബംഗളൂര് സൗത്ത്, ബംഗളൂര് നോര്‍ത്ത്, ബംഗളൂര് സെന്െട്രല് എന്നിവയാണവ. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ കുറെക്കൂടി കണ്ണഞ്ചിപ്പിക്കുന്ന ഇലക്ട്രോണിക് ലൈറ്റ് സൗണ്ട് സ്റ്റേജ് സെറ്റിംഗ്സ് കാണാനിടയായി. ബാംഗ്ലൂരിന്റെ കന്നടനാമം ബംഗളുരു എന്നാണ്. ബാംഗ്ലൂരിലെ ശിവാജി നഗര്‍, ചിക്കപെറ്റ്, കബ്ബണ്‍ റോഡ്, ജയനഗര്‍, രാജാജി നഗര്‍ തുടങ്ങിയ ഇടങ്ങളിലെ ഏതാനും യോഗങ്ങളില്‍ കാണിയായി സംബന്ധിക്കാനിടയായി. മുഖ്യമന്ത്രി സിദ്ധരാമയ്യായും ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്ജും പ്രസംഗിച്ച ഒരു യോഗത്തിലും പങ്കെടുത്തു.
`റയിത്തരെ വ്യവസായ മാടുവോരെ നാവു ഒഗട്ടായി നില്ലുബേക്കു നമ്മ പാര്‍ട്ടി നിമ്മ പാര്‍ട്ടിക്ക് വോട്ടു കൊടുബേക്കു, ഏക്കന്തരെ ഇന്ത്യ ഒന്തായി നില്ലുബേക്കു അതുക്കുല്ക്കസരാ നീവു ഓകോ വോട്ടും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു കൊടുബേക്കു... മരിവാരത്... നാവുനിന്പക്ഷ...ജനപക്ഷ...ഏവാക്കലും ജനപക്ഷ നില്ത്തിനി... സാവരലക്ഷ ജനകളു ബന്തുവോട്ടു തരബേക്കു?നാമെല്ലാരു തുമ്പ പ്രിതിയിന്തു ചേരിതെ... എല്ലാര്‍ക്കു ഒള്ളതു മാടുബേക്കു... യൂത്ത് ബരബേക്കു... കോണ്ഗ്രസുക്കു ഒള്ള ഉദ്ദേശ ഇതെ... നാം..ജവാബുദാരിനാവെ മാടുബേക്കു... നാവു റൂള്‍സ് പ്രകാര നടിബേക്കു സമസ്ത സജനബന്ധുക്കളുക്ക് നമ്മ പ്രീതി പൂര്‍വ്വ നമസ്ക്കാരകളു.. ധന്യവാദ'
ഇപ്രകാരമൊക്കെയുള്ള കര്‍ണ്ണാടക പ്രസംഗ വചനങ്ങളാണ് ഞാനവിടെ കേട്ടത്. കൂടാതെ യോഗങ്ങളില്‍ നിന്നും പ്രചാരണ വാഹനങ്ങളില്‍ നിന്നും ധാരാളം രാഷ്ട്രീയ കന്നട പാരടി ഗാനങ്ങളും കന്നട ദേശഭക്തി ഗാനങ്ങളും കേട്ടു. ചില വരികള്‍ കുറിക്കാം.
`ഭാരത... നം...മനൈ...നം മനൈ...ചനാകിരുവേപ്പൂ, ഈ ദേശ... ശ്രേഷ്ഠദേശ.... ഈ ദേശ .... നമ്മതെ....
ഹുട്ടിദരെ.... കന്നട.... നാടല്ലി.... ഹുട്ടുബേക്കു കന്നടനാടിനു.... ജീവനദീ.... കാവേരി...
കര്‍ണ്ണാടക ഇതിഹാസദലി നന്ന മണ്ണിതു.... കന്നട മണ്ണ്.'
ബ്രിഗേഡ് ഗ്രൗണ്ടിനു സമീപം ഭാരതീയ ജനതാപാര്‍ട്ടി സംഘടിപ്പിച്ച കൂറ്റന്‍ റാലി ജനസാന്ദ്രമായിരുന്നു. പട്ടാളചിട്ടയിലുള്ള ആ മഹാസമ്മേളനം ബാംഗ്ലൂരിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. എന്നാല്‍ എല്ലാ മുക്കിലും മൂലയിലും ആം ആദ്മി പാര്‍ട്ടിയുടെ കൊച്ചു കൊച്ചു സമ്മേളനങ്ങള്‍ തികച്ചും ശ്രദ്ധേയമായിരുന്നു. യോഗങ്ങളിലെ ആള്‍ബലത്തിലോ ഷോയിലോ അല്ലാ തെരഞ്ഞെടുപ്പിലെ വിജയം. കൊച്ചു കൊച്ചു കൂട്ടായ്മകളിലൂടെ വോട്ടറന്മാരെ ബോധവല്‍ക്കരിക്കുക അവരെ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിക്കുക എന്ന ഒരു നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. സോഷ്യല്‍ മീഡിയായുടെ ഏറെ സ്വാധീനമുള്ള ഒരു ഇലക്ട്രോണിക് നഗരമാണ് ബാംഗ്ലൂരെന്ന് സൂചിപ്പിച്ചിരുന്നല്ലൊ.
ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് ഞങ്ങള്‍ ഒരു പാസഞ്ചര്‍ ട്രെയിനിലാണ് യാത്ര പുറപ്പെട്ടത്. മാന്‍ഡ്യ റെയില്‍വെ സ്റ്റേഷനില്‍ ഞങ്ങള്‍ യാത്ര ചെയ്തിരുന്ന പാസഞ്ചര്‍ ട്രെയിന്‍ കുറച്ചധികം സമയം മൈസൂര്‍ ജംഗ്ഷനില്‍ നിന്നു പുറപ്പെട്ട, ടിപ്പു എക്സ്പ്രസ് ക്രോസ് ചെയ്തു പോകാനായി കാത്തുകിടക്കേണ്ടി വന്നു. ആ സമയത്താണ് ഒരു വലിയ തെരഞ്ഞെടുപ്പ് റാലി റെയില്‍വെ സ്റ്റേഷനു സമീപമുള്ള റോഡിലൂടെ കടന്നുപോയത്. മള്‍ട്ടി ഭാഷാ സിനിമാനടിയും കന്നടക്കാരിയുമായ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍ഡ്യ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന 31കാരിയായ സിനിമാനടി രമ്യായുടെ തെരഞ്ഞെടുപ്പ് റാലിയായിരുന്നു അതെന്നു ഞാന്‍ സഹയാത്രികരില്‍ നിന്നു മനസ്സിലാക്കി. ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പടവാളേന്തിയ ടിപ്പുസുല്‍ത്താന്റെ പേരിലുള്ള ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ ക്രോസിംഗ് പാച്ചില്‍ കഴിഞ്ഞതിനുശേഷം മൈസൂര്‍ പാസഞ്ചര്‍ പുറപ്പെട്ടു.
ട്രെയിനിലിരുന്ന് തന്നെ മാന്‍ഡ്യ മണ്ഡലത്തേയും അവിടെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളേയും പറ്റി എന്റെ മൊബൈല്‍ ഫോണിലൂടെ ചില കാര്യങ്ങള്‍ റിസര്‍ച്ചു ചെയ്തു സംഭരിച്ചു. 6 മാസം മുന്‍പു നടന്ന മാന്‍ഡ്യ പാര്‍ലമെന്റ് ബൈ ഇലക്ഷനില്‍ മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ പാര്‍ട്ടിക്കാരനായ ജനതാദള്‍ സെക്കുലാര്‍ സ്ഥാനാര്‍ത്ഥി സി.എസ്.പുട്ടുരാജുവിനെ എഴുപതിനായിരത്തില്പരം വോട്ടുകള്‍ക്കു മലര്‍ത്തി അടിച്ചു കൊണ്ടാണ് സിനിമാനടി രമ്യ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയം നേടിയത്. ഈ ജനറല്‍ ഇലക്ഷനിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ രമ്യ തന്നെ മല്‍സരിക്കുന്നു. മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമാനടനും മന്ത്രിയുമായ അംബരീഷ് തുടങ്ങിയവരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് രമ്യ ഇപ്രാവശ്യവും തെരഞ്ഞെടുപ്പ് ഗോദായിലുള്ളതെങ്കിലും രാഷ്ട്രീയത്തില്‍ ഒട്ടും പരിചയ സമ്പത്തില്ലാത്ത വെറും 31 വയസ്സുകാരിയായ ഒരു ഗ്ലാമര്‍ നടിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പരിചയസമ്പന്നരായ അനേകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരു കാലത്ത് കന്നടയിലെ സൂപ്പര്‍സ്റ്റാറായിരുന്ന അംബരീഷിന്റെ ഭാര്യയായ ബഹുഭാഷാനടിയായ സുമലതയും രമ്യക്കുവേണ്ടി പ്രചാരണരംഗത്തുണ്ട്. സുമലതയും രമ്യയും മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സ്വിമ്മിംഗ്-ബിക്കിനി ഡ്രസ്സിലുമൊക്കെ മേനിയൊക്കെ വളരെയധികം എക്സ്പോസ് ചെയ്തും നടന്മാരോട് ഇഴുകിച്ചേര്‍ന്നും മുത്തം കൊടുത്തും വളരെയധികം സെക്സിയും ഗ്ലാമറസ്സായും രമ്യ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട് യുവജനങ്ങളുടെ ചങ്കിടിപ്പ് കൂട്ടിയ ഒരു നടിയാണ് രമ്യ. ഇപ്രാവശ്യവും വളരെ എളുപ്പത്തില്‍ തന്നെ രമ്യ എതിരാളിയെ മലര്‍ത്തി അടിച്ച് തന്റെ പാര്‍ലമെന്റ് സീറ്റ് തിരിച്ച് പിടിക്കുമെന്ന് ആരാധകരും സപ്പോര്‍ട്ടേഴ്സും പ്രതീക്ഷിക്കുന്നു.
ഞാന്‍ സതേണ്‍ റെയില്‍വെ ജീവനക്കാരനായി ചേരുമ്പോഴും ജോലിചെയ്യുമ്പോഴും റെയില്‍വെയിലെ മൈസൂര്‍ ഡിവിഷന്റെ ആസ്ഥാനം മൈസൂര്‍ റെയില്‍വെ ജംഗ്ഷനടുത്തുള്ള റെയില്‍വെ ഡിവിഷനല്‍ ഓഫീസായിരുന്നു. പിന്നീട് മൈസൂര്‍ ഡിവിഷനെ വിഭജിച്ച് ഹൂബ്ലി ഡിവിഷന്, ബാംഗ്ലൂര്‍ ഡിവിഷന് എന്നിങ്ങനെ പേരു കൊടുത്തു. ഏതാണ്ട് അക്കാലത്ത് തന്നെ ഫിലാഡല്ഫിയായില് രജനി മാസികയുടെ എഡിറ്ററും പബ്ലിഷറുമായി പ്രവര്‍ത്തിച്ച് അന്തരിച്ച ശ്രീ ചാക്കൊ ശങ്കരത്തിലും സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ജീവിനക്കാരനായിരുന്നു എന്ന വിവരം പിന്നീടാണ് ഞാനറിഞ്ഞത്. രാഷ്ട്രീയത്തില്‍ ഒരിക്കലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ചിലര്‍ക്കുവേണ്ടി കീ ജയ് വിളിക്കാന്‍ പോയിട്ടുണ്ട്. ഷിമോഗക്കടുത്ത് ഭദ്രാവതി റെയില്‍വെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് റെയില്‍വെ തൊഴിലാളി യൂണിയനായ മസ്ദൂര്‍ യൂണിയന്റെ മൈസൂര്‍ ഡിവിഷന് സെക്രട്ടറിയായി എന്നെ തെരഞ്ഞെടുത്തത്. അന്ന് മസ്ദൂര്‍ യൂണിയന്റെ അഖിലേന്ത്യാ നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആയിരുന്നു. പില്ക്കാലത്ത് അദ്ദേഹം ഇന്ത്യന്‍ കാബിനറ്റ് മിനിസ്റ്റര്‍ ആയ ചരിത്രവും എല്ലാവര്ക്കും അറിയാമല്ലൊ.
(അടുത്ത ലക്കത്തില്‍ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കും?.. പല വന്മരങ്ങള് പിഴുതെറിയപ്പെടും, രാഷ്ട്രീയ തകിടം മറിച്ചിലുകള്‍, (അവലോകനം). ലേഖന പരമ്പര തുടരുന്നു.
Comments