You are Here : Home / AMERICA TODAY

മതങ്ങളുടെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്ന അനാഥാലയങ്ങള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, June 07, 2014 11:38 hrs UTC

മൊയ്തീന്‍ പുത്തന്‍‌ചിറ 
തൃശൂര്‍
 
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍നിന്ന് കുറെ കുട്ടികളെ രേഖകളില്ലാതെ ട്രെയിനില്‍ കുത്തിനിറച്ച് കൊണ്ടുവരികയും അവരെ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍വച്ച് പൊലീസ് പിടികൂടുകയും ചെയ്തു. കേരളത്തിലെ അനാഥാലയങ്ങളില്‍നിന്ന് അവധിക്ക് പോയവരും പുതുതായി ചേരാനത്തെിയവരുമാണെന്നായിരുന്നു അനാഥാലയങ്ങളുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടായിരിക്കണം. എന്നാല്‍, ഏതാനും കുട്ടികളുടേതൊഴികെ, മിക്കവര്‍ക്കും രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇത് ലോകത്തിലെ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിലൊന്ന് എന്ന് ഇന്ന് വിവക്ഷിക്കപ്പെടുന്ന മനുഷ്യക്കടത്തിന്‍െറ പരിധിയില്‍ വരുമെന്ന് പൊലിസും മറ്റ് മനുഷ്യാവകാശ സംവിധാനങ്ങളും പറയുന്നു. പ്രത്യേകിച്ച്, ഭക്ഷണവും വിദ്യാഭ്യാസവും കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന ജാര്‍ഖണ്ഡില്‍നിന്നാണ് ഈ കുട്ടികളിലേറെയും എന്നത് പ്രശ്നത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രക്ഷിതാക്കളില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞത്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഏജന്‍റുമാരുണ്ടെന്നും അവര്‍ 1500 രൂപ വരെ നല്‍കി അനാഥകുട്ടികളെ കേരളത്തിലേക്ക് കടത്തുകയുമാണ് എന്നാണ്. വര്‍ഗീയകലാപങ്ങളിലും മറ്റും മാതാപിതാക്കള്‍ നഷ്ടപ്പെട്ട് കഴിയുന്ന കുട്ടികളെയാണത്രേ ഈ ഏജന്‍റുമാര്‍ വട്ടമിടുന്നത്. തദ്ദേശീയമായിതന്നെ ഈ കുട്ടികള്‍ക്ക് സുരക്ഷിതസംവിധാനമൊരുക്കാതെ അവരെ യഥാര്‍ഥത്തില്‍ കേരളത്തിലേക്ക് തട്ടിക്കൊണ്ടുവരികയാണ് ചെയ്യുന്നത്.     
 
ഇങ്ങനെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 151 കുട്ടികളെ ജാര്‍ഖണ്ഡിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമായിരിക്കുകയാണ്‍. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ഏജന്റുമാര്‍ വഴി കേരളത്തിലേക്ക് കൊണ്ടുവന്നത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണറും സംഘവും കോഴിക്കോട്ടെത്തി കുട്ടികളില്‍ നിന്ന് മൊഴിയെടുക്കുകയുണ്ടായി. മാതാപിതാക്കളുടെയും അധികൃതരുടേയും സമ്മതപത്രമായി അനാഥാലയ നടത്തിപ്പുകാര്‍ കാണിച്ച രേഖകളെല്ലാം വ്യാജമാണെന്നു തെളിഞ്ഞതോടെ അവര്‍ വെട്ടിലായി. 
പശ്ചിമബംഗാളില്‍ നിന്നും, ബംഗ്ലാദേശില്‍ നിന്നുവരെ കുട്ടികളെ കടത്തിക്കൊണ്ടുവന്നതായി സംശയം ഉന്നയിച്ചതോടെ പ്രതിരോധം തീര്‍ത്ത മുസ്ലീം ലീഗ് നേതാക്കളും വെട്ടിലായി. 
 
എന്തിനാണ് കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കുട്ടികള്‍? വിവിധ സംഘടനകളുടെ കണക്കുപ്രകാരം കേരളത്തിലെ അനാഥാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിലുണ്ടായ മികവാണ് അനാഥക്കുട്ടികളുടെ എണ്ണം കുറയാന്‍ കാരണം. മാത്രമല്ല, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ അതിശക്തമായ ശൃംഖല കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ വേരോടിയിട്ടുണ്ട്. ഇതും കുട്ടികളുടെ അനാഥത്വത്തിന്‍െറയും ദാരിദ്ര്യവല്‍ക്കരണത്തിന്‍െറയും തോത് കുറച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലൂടെയുള്ള സഹായങ്ങള്‍, മത- സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ എന്നിവ ശക്തമായതോടെ അനാഥകുടുംബങ്ങളുടെ സംരക്ഷണം ഒരു സാമൂഹികബാധ്യത കൂടിയായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ഗുണകരമായ സാമൂഹിക പരിണാമമാണ് അനാഥക്കുട്ടികളുടെ എണ്ണം കുറച്ചത്. എന്നാല്‍, ഇത് ഇവിടുത്തെ അനാഥാലയങ്ങള്‍ക്ക് വന്‍തിരിച്ചടിയായതായാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. കുട്ടികളുടെ എണ്ണമാണ് ഏതൊരു അനാഥാലയങ്ങളുടെയും നിലനില്‍പിന് ആധാരം. കാരണം, കുട്ടികളുടെ എണ്ണം കാട്ടിയാണ് സര്‍ക്കാറിന്‍െറയും വിവിധ ഏജന്‍സികളുടെയും വിദേശത്തുനിന്നുള്ളതുമായ ഫണ്ട് ഇവര്‍ സംഘടിപ്പിക്കുന്നത്. അപ്പോള്‍ അനാഥാലയങ്ങളുടെ പരിഭ്രാന്തിക്ക് ന്യായമുണ്ട്: കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ കിട്ടുന്ന പണവും കുറയും. സംഗതി ലളിതം. ഉത്തരേന്ത്യയാണ് അനാഥക്കുട്ടികളുടെ വിളനിലം. അവിടെ വര്‍ഗീയകലാപങ്ങളും ദാരിദ്ര്യവും മറ്റും വേണ്ടുവോളമുണ്ട്. മതത്തിന്‍െറ പേരിലുള്ള സാമൂഹിക ധ്രുവീകരണം രൂക്ഷമാണവിടെ. അതുകൊണ്ടുതന്നെ മതം ഉപയോഗിച്ച് കുട്ടികളെ കച്ചവടം നടത്താനും ഏറെ സാധ്യതകളുണ്ട്.
 
കേരളത്തിലേക്ക് കടത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍, കേരളത്തിലെ ചില അനാഥാലയങ്ങള്‍ ഉത്തരേന്ത്യയില്‍ ഏജന്‍റുമാരെ വച്ച് നടത്തുന്നത് കുട്ടികളുടെ കച്ചവടമല്ലാതെ മറ്റൊന്നുമല്ല. കുട്ടികളുടെ ദൈന്യം നിറഞ്ഞ പടങ്ങള്‍ കലണ്ടറുകളിലാക്കി ഗള്‍ഫിലേക്കും മറ്റും അയച്ച് അവിടത്തെ സര്‍ക്കാറുകളുടെയും സംഘടനകളുടെയും ഫണ്ട് വാങ്ങിയെടുക്കുന്ന ലാഘവത്തോടെയാണ് ഈ അനാഥാലയങ്ങള്‍ ഏജന്‍റുമാരെ വച്ച് തുച്ഛമായ പണം കൊടുത്ത് കുട്ടികളെ സംഘടിപ്പിക്കുന്നത്. മാത്രമല്ല, അനാഥാലയങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളുയരുന്നുണ്ട്. 
 
ആരോപണവിധേയമായ കോഴിക്കോട്ടെ അനാഥാലയത്തിന് ആറായിരത്തോളം കുട്ടികളെ പഠിപ്പിക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും കുട്ടികളുടെ അധ്യാപനത്തിനും മറ്റുമായി നൂറുകണക്കിനു തസ്തികകളാണുള്ളത്. അധ്യാപക തസ്തികയില്‍ നിയമനത്തിന് 20 ലക്ഷം രൂപയാണ് തലവരിപ്പണം വാങ്ങുന്നത്. തലവരി ഇനത്തില്‍ മാത്രം നൂറുകണക്കിന് കോടി രൂപയാണത്രേ പിരിക്കുന്നത്. സര്‍ക്കാറില്‍നിന്ന് കിട്ടുന്ന വന്‍തുകയുടെ സഹായം കൂടാതെയാണിത്.
 
സാമ്പത്തിക ഇടപാടിലെ ദുരൂഹതയോളം ഗുരുതരമായ മറ്റൊരു പ്രശ്നം, ഈ തട്ടിപ്പിന് മതത്തെ ദുരുപയോഗം ചെയ്യുന്നു എന്നതാണ്. കേരളത്തില്‍ ഏറെയും അനാഥാലയങ്ങള്‍ മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലാണ്. പലതും മികച്ച രീതിയില്‍ തന്നെയാണ് നടത്തുന്നത്. അതേസമയം, ആരോപണവിധേയമായ നിരവധി യത്തീംഖാനകളുമുണ്ട്. ഡി.ഐ.ജി ശ്രീജിത്തിന്‍െറ ഇക്കാര്യത്തിലുള്ള വെളിപ്പെടുത്തലുകള്‍ പ്രധാനമാണ്. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുന്ന കുട്ടികളെക്കുറിച്ച് സര്‍ക്കാറിന്‍െറ കൈവശം ഒരു വിവരവുമില്ളെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ, ഈ കുട്ടികള്‍ മുതിര്‍ന്നുകഴിഞ്ഞാല്‍ എവിടേക്കുപോകുന്നു എന്ന കാര്യവും അജ്ഞാതമായി തുടരുന്നു. കൊച്ചി കേന്ദ്രമായി നടക്കുന്ന ഒരു ശിശുഭവനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു ആരോപണം വന്നിരുന്നു. അതിന്‍െറ നടത്തിപ്പുകാരന്‍ സമൂഹത്തിലെ ഉന്നതരെയാണ് ശിശുഭവന്‍െറ പരസ്യത്തിനായി ഉപയോഗിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് വന്‍ പരസ്യങ്ങള്‍ നല്‍കുന്നതിനാല്‍ ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. ഇവിടെ വളരുന്ന കുട്ടികള്‍ മുതിര്‍ന്നുകഴിഞ്ഞാല്‍ അപ്രത്യക്ഷരാകുന്നു, കുട്ടികളെക്കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിക്കുന്നു എന്നൊക്കെയായിരുന്നു ആരോപണം. ഈ സന്ദര്‍ഭത്തില്‍, പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രമുഖ വ്യക്തി ഈ സ്ഥാപനവുമായുള്ള സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.
 
ജീവകാരുണ്യം എന്നത് സമൂഹത്തില്‍ എളുപ്പം വിറ്റഴിക്കാവുന്ന ചരക്കാണ്. അതിന് മതത്തിന്‍െറ മേലങ്കിയുണ്ടെങ്കില്‍ വില്‍പനസാധ്യതയേറും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട്ടെ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നത് നഗ്നമായ മനുഷ്യക്കടത്താണെന്ന കാര്യം കേന്ദ്ര വനിതാ-ശിശു ക്ഷേമമന്ത്രി മേനകാഗാന്ധിയും ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേരള പൊലീസും നമ്മുടെ ആഭ്യന്തരമന്ത്രിയും തെളിവുകള്‍ സഹിതം വ്യക്തമാക്കി കഴിഞ്ഞു. കുട്ടികളെ വില്‍ക്കാനോ മറ്റ് ജോലികള്‍ ചെയ്യിക്കാനോ ആണ് കേരളത്തിലേക്ക് കടത്തിയതെന്നാണ് പാലക്കാട് റെയില്‍വേപൊലിസിന്‍െറ എഫ്.ഐ.ആറിലുള്ളത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. എന്നാല്‍, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതിനുപകരം ഭരണമുന്നണിയിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അതിനെ അട്ടിമറിക്കാനാണ് വലിയൊരുവിഭാഗം അനാഥാലയങ്ങളുടെ നടത്തിപ്പുകാരായ മുസ്ലിംലീഗ് ശ്രമിക്കുന്നത്. മന്ത്രി മുനീര്‍ പരസ്യമായി പ്രസ്താവനയും പുറപ്പെടുവിച്ചു.
 
ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് മനുഷ്യക്കടത്തിനെതിരായ വകുപ്പ് നീക്കാനാണു ലീഗിന്റെ ശ്രമം. ബാലനീതി നിയമത്തിന്റെ ലംഘനത്തില്‍ മാത്രമായി കേസ് ഒതുങ്ങിയാല്‍ കൂടുതല്‍ അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാം. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നുവരെ ലീഗ് ഒൗദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. അനാഥാലയങ്ങളുടെ പ്രവര്‍ത്തനം സുതാര്യവും നിയമവിധേയവുമാണെങ്കില്‍ ലീഗും മറ്റ് മുസ്ലിംസംഘടനകളും പേടിക്കുന്നത് എന്തിനാണ്? അപ്പോള്‍, ഇവിടങ്ങളില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നല്ലേ ഈ വെപ്രാളം വ്യക്തമാക്കുന്നത്. ലീഗ് മാത്രമല്ല, മറ്റ് നിരവധി മുസ്ലിം സംഘടനകളും ഇത് ഒരു മതപ്രശ്നമായാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അനാഥാലയങ്ങള്‍ മുസ്ലിംകളുടേതായതുകൊണ്ടാണ് അവക്കെതിരെ നടപടിയെന്നാണ് ഇവരുടെ കരച്ചില്‍. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറായതുകൊണ്ട് ഈ കരച്ചിലിന് കുറെയൊക്കെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിയുമെന്നും ഇവര്‍ക്കറിയാം. കരച്ചിലിനുപകരം, തങ്ങളുടെ സ്ഥാപനങ്ങളുടെ വരവുചെലവുകണക്കും കുട്ടികളുടെ വിവരങ്ങളും സര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിക്കുകയല്ലേ വേണ്ടത്?
 
അശരണര്‍ക്ക് മതമില്ല എന്നാണ് എല്ലാ മതങ്ങളും പറയുന്നത്. എന്നാല്‍, അനാഥാലയങ്ങള്‍ക്ക് മതമുണ്ട് എന്നാണ് ഇവര്‍ പറയുന്നതിന്‍െറ അര്‍ഥം. മതത്തെ ജീവകാരുണ്യത്തിന്‍െറ മുഖംമൂടിയാക്കാനുള്ള ഏതൊരു ശ്രമവും നിയമത്തിന്‍െറ വഴിയിലൂടെ ശക്തമായി നേരിടുക തന്നെവേണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.