കുരികേശ് മാത്യു
ആ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. ഒരു ലോകകപ്പ് നേടിയ ആവേശത്തിലായിരുന്നു ഞങ്ങള്‍. ഞങ്ങളെന്നുപറഞ്ഞാല്‍ ഞാന്‍, വിപി സത്യന്‍, ടിഎ ജാഫര്‍, രാജീവ്, ഐഎം വിജയന്‍, തുടങ്ങി പ്രമുഖരടങ്ങുന്ന കേരളാ ടീം.
1993ലെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്. കളിച്ച മത്സരങ്ങളെല്ലാം വന്‍ മാര്‍ജിനില്‍ ജയിച്ചു ഞങ്ങള്‍ മുന്നേറി. ഫൈനല്‍ മത്സരം. കൊച്ചി മഹാരാജാസ് സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു. ടിവിയില്‍ മത്സരങ്ങളുടെ തത്സമയ സംപ്രക്ഷേപണമോന്നും അക്കാലത്തുണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ കേരളത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും കൊച്ചി സ്റ്റേഡിയത്തിലേക്ക് ഒഴുകി.സീറ്റു കിട്ടാത്തതുമൂലം ഫ്ലഡ്ലൈറ്റിനു മുകളില്‍ പോലും കാണികള്‍ കയറിനിന്നു. അത്രയ്ക്ക് ആവേശമായിരുന്നു അവര്‍ക്ക്. ഒപ്പം ഞങ്ങള്‍ക്കും
ഞാനായിരുന്നു ടീം ക്യാപ്ടന്‍. എതിരാളികള്‍ കരുത്തരായ മഹാരാഷ്ട്ര. എതിരാളികള്‍ക്ക് ഒരിടംകൊടുക്കാതെ ഞങ്ങള്‍ മുന്നേറി. ഗ്രൌണ്ട് സപ്പോര്‍ട്ട് ഞങ്ങള്‍ക്കനുകൂലമായിരുന്നു. മുന്‍
നിരയും മധ്യനിരയും ശക്തമായിരുന്ന കേരള ടീം ഒടുവില്‍ മഹാരാഷ്ട്രയെ 21നു തോല്‍പ്പിച്ചു. ഇളകിമറിഞ്ഞ വന്‍ ജനാവലിക്ക് മുന്നില്‍ ഞാന്‍ കപ്പുയര്‍ത്തി. ഒരു കൂട്ടായ്മയുടെ വിജയത്തില്‍ ദൈവത്തിനു നന്ദി.
1985 മുതല്‍ ഞാന്‍ സന്തോഷ് ട്രോഫി കളിക്കുന്നുണ്ടായിരുന്നു. 92ല്‍ കേരളം കപ്പുനേടിയപ്പോള്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ 93ലെ ടീമിനെ നയിക്കാനുള്ള ഭാഗ്യം എന്നില്‍ വന്നു ചേരുകയായിരുന്നു. അത് കപ്പുയര്‍ത്തിക്കൊണ്ട് പൂര്‍ത്തീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
ഫുട്ബോള്‍ എനിക്ക് ജീവിതം കൂടിയാണ്.
ഫെഡ്റേഷന്‍ കപ്പും സന്തോഷ് ട്രോഫിയും ഒരുമിച്ചു നേടുന്ന ഏക ക്യാപ്റ്റനാകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 1990ലെ ഫെഡ്റേഷന്‍ കപ്പ് മത്സരത്തില്‍ ഞങ്ങളുടെ കേരള പോലീസ് ടീം കപ്പുനേടി. വമ്പന്മാരായ ഗോവ സാല്‍ഗോക്കറിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 31നായിരുന്നു ജയം.
വിജയാഹ്ലാദത്തില്‍ കപ്പുമായി ഗ്രൌണ്ട് വലംവയ്ക്കുമ്പോള്‍ കൊല്ലം മേരീസ് ഹോസ്പിറ്റലില്‍ എന്റെ ഭാര്യ ജസ്സി ഞങ്ങളുടെ ആദ്യ കുഞ്ഞിനു ജന്മം നല്‍കി ജീവിതത്തില്‍ ഇരട്ടിമധുരം സമ്മാനിച്ചു. പിന്നീട് കുഞ്ഞിനു പേരിടാനും മറിച്ചൊന്നു ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാനും സഹകളിക്കാരുമെല്ലാം ചേര്‍ന്ന് പേര് കണ്ടെത്തി ഫെഡ്റീന. ഫെഡ്റേഷന്‍ കപ്പിനോപ്പം ദൈവത്തിന്‍റെ സമ്മാനം. ഇപ്പോള്‍ ബാംഗ്ലൂരില്‍ മൂന്നാം വര്‍ഷം എംബിബിഎസിന് പഠിക്കുന്നു. ഫെഡ്റീനയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട് ഞങ്ങള്‍ക്ക്. മാത്യു കുരികേശ്. അവനു പക്ഷെ ക്രിക്കറ്റിനോടാണു കമ്പം.
ഇന്ന് മലപ്പുറത്തിരുന്നു അശ്വമേധത്തിനു വേണ്ടി എഴുതുമ്പോള്‍ ബ്രസീലില്‍ എത്തിയതിന്റെ അനുഭവം. ഇവിടെ എല്ലാം ഫുട്ബോള്‍ മയമാണ്. ജീവവായുവാണ് മലപ്പുറത്തിനു ഫുട്ബോള്‍. തങ്ങളുടെ പ്രിയ രാജ്യങ്ങളുടെ നിറങ്ങള്‍ വീടിനു പെയിന്‍റെടിച്ചും വാഹനങ്ങളില്‍ തോരണങ്ങള്‍ അണിഞ്ഞും ജെഴ്സികളുടെ ചിത്രങ്ങള്‍ പതിച്ചും മലപ്പുരത്തുകാര്‍ ആഘോഷത്തിമിര്‍പ്പിലാണ്. നാല്പ്പത്ത് ദിവസം അവധിയെടുത്തു കളി കാണുന്നവര്‍വരെയുണ്ട്.നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ് ഫ്ടുബോളിനു ആതിഥ്യം വഹിക്കുന്ന രാഷ്ട്രത്തിനു മാത്രം ഒരുങ്ങിയാല്‍ മതി. എന്നാല്‍ മലപ്പുറത്തിനു എല്ലാ ലോകകപ്പിനും ഒരുങ്ങണം. കളി നടക്കുന്നത് ബ്രസീലില്‍ ആണെങ്കിലും ആഘോഷങ്ങള്‍ ഇവിടെയാണ്
ഇത്തവണ ബ്രസീലിനാണ് വിജയ സാധ്യത കൂടുതല്‍. അവരുടെ നാട്ടിലാണ് എന്നതാണ് പ്രധാന ഘടകം. ആത്മ വിശ്വാസത്തോടെ അവര്‍ക്ക് കളിക്കാം. എല്ലാം ചെറുപ്പക്കാര്‍ ആണെന്ന ന്യൂനത ബ്രസീലിനുണ്ട്. ഒപ്പം സീനിയര്‍ താരങ്ങളും വേണം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടും എന്നാണു ഇപ്പോഴത്തെ നിഗമനം. എന്നാല്‍ അതൊരു ആവേശമായിരിക്കും. ഏവരുടെയും സ്വപ്ന ഫൈനല്‍. അതില്‍ ബ്രസീല്‍ വിജയിക്കുകകൂടി ചെയ്‌താല്‍ ഞാന്‍ അതീവ സന്തോഷവാനാകും.നെയ്മര്‍ ടോപ് സ്കോര്‍ ആകാന്‍ സാധ്യതയുണ്ട് പക്ഷെ കളി ഫുട്ബോളാണ്. പ്രവചനം അസാധ്യമാണ്.
ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ മനസും ബ്രസീലിലാണ്. എന്നെങ്കിലും ഒരിക്കല്‍ ഇന്ത്യയും ലോകകപ്പില്‍ ഇടംനേടുമെന്ന പ്രതീക്ഷ എനിക്കുണ്ട്.ലോകകപ്പുമായി ഇന്ത്യന്‍മണ്ണിലിറങ്ങുന്ന ടീമിനെ ഞാന്‍ സ്വപ്നം കാണുന്നു. തീര്‍ച്ചയായും അതില്‍ മലയാളിതാരങ്ങളും ഉണ്ടാകും...
Comments