എത്ര എത്രയോ മദ്യ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊച്ചു കേരളത്തില്‍ ഇനിയും ദുരന്തങ്ങളുടെ യുഗമായി നമുക്ക് വീക്ഷിക്കാം. നേരായ രീതിയില്‍ മദ്യം ലഭ്യമല്ലെങ്കില്‍ വളഞ്ഞ വഴി സ്വീകരിക്കുന്നവരാണല്ലോ കേരളീയര്‍. കഴിഞ്ഞ വേനകാല അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ പല സര്‍ക്കാര്‍ ആഫീസുകളിലും, ബാങ്കുകളിലും കാണാന്‍ കഴിഞ്ഞത് മദ്യത്തിന്റെ ലഹരിയില്‍ ജോലി ചെയ്യുന്നരെയാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ കൃത്യമായി ജോലിക്ക് ഹാജരാകാത്തവര്‍ ബാറുകളില്‍ കൃത്യത പാലിക്കുന്നവാരായിരുന്നു. ബാറില്‍ ദിവസേന രണ്ടു പ്രാവശ്യം പോയി പെഗ്ഗുകളും കുപ്പികളും വിഴുങ്ങുന്ന സമൂഹത്തിലെ മാന്യന്മാര്‍ ബാറുകള്‍ പൂട്ടിയാല്‍ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? ഇങ്ങനെയുള്ളവര്‍ മറ്റു വളഞ്ഞ വഴികളിലേക്ക് നീങ്ങും. ഇന്ന് കേരളത്തിലെ ജനപ്രധിനിധികളില്‍ 80% മാന്യന്മാരും മദ്യപാനികളാണ്.
ഇവര്‍ക്കൊക്കെ സാധാരണ ബാറുകള്‍ ഇല്ലെങ്കില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളിലായിരിക്കും ഇനിയുള്ള കാലം. ഒരു വാക്ക് മൈക്കില്‍ സംസാരിക്കുവാന്‍ രണ്ടു പെഗ്ഗ് വീശുന്നവരും, രാഷ്രീയ തീരുമാനങ്ങള്‍ ഉറപ്പിക്കുവാന്‍ കുപ്പികള്‍ അകത്താക്കുന്നവരും കേരളത്തില്‍ ഉള്ളപ്പോള്‍ ബാറുകള്‍ പൂട്ടി എന്തിനു ജാഡ കാട്ടണം? പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിസിറ്റിങ്ങിനു വരുന്ന കേരള ജനപ്രതിനിധികളുടെ മദ്യപാനം കണ്ടാല്‍ നാമൊക്കെ ഞെട്ടി പോകും. പുറമേ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പല നേതാക്കന്മാരുടെയും സ്വകാര്യതയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അറിയാം യാഥാര്‍ത്യങ്ങള്‍. സമ്പൂര്‍ണ മദ്യ നിരോധം എന്ന ആശയം നല്ലതാണ്. അത് ഒറ്റയടിക്ക് പ്രാവര്‍ത്തികമാക്കുക എന്ന ആശയം നല്ലതല്ല. ആദ്യമായി ജനങ്ങളെ ബോധവത്‌കരിക്കണം. കര്‍ശനമായ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം.നിയമങ്ങള്‍ നടപ്പാക്കേണ്ടവര്‍ ആദ്യം ജനങ്ങള്‍ക്ക് മാതൃകയാവണം.
നിയമ കുരുക്കുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ ജനങ്ങളില്‍ നിന്നും കൈക്കൂലിയും, മദ്യവും വാങ്ങി സേവിക്കുന്ന ഉദ്യോഗ വൃന്ദങ്ങളെ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടു വരണം. ഗ്രാമതലം മുതല്‍ പാര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മദ്യപാനികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ ആഫീസുകളിലും, സ്വകര്യ സ്ഥാപനങ്ങളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണം. മദ്യപാന വിപത്തുകളെ പറ്റിയുള്ള പഠനം എല്ലാ ദൃശ്യ മാധ്യമങ്ങളിലൂടെ ശക്തമാക്കണം. ബോധവത്‌കരണ പ്രക്രിയയില്‍ കൂടെ കേരളത്തിലെ വരും കാല തലമുറയെ മദ്യ വിമുക്തമാക്കം.അല്ലാതെ കുറെ പണച്ചാക്കുകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന രാഷ്രീയ കോമാളികളുടെ എടുത്തു ചാട്ടം ദുരന്തങ്ങളുടെ യുഗമാക്കി മറ്റും എന്നതില്‍ സംശയം വേണ്ട.
Comments