കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പൂരങ്ങളുടെ നാട്ടില്‍ നാലുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും എത്തിചേര്‍ന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടയില്‍ ഒന്ന് കോട്ടയത്ത് നടക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കുക എന്നതായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങള്‍ എല്ലായിടവും പൊടിപൊടിക്കുന്നു. സമയം രാവിലെ പത്തുമണി. പതിനൊന്നു മണിക്ക് തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തണം. വീട്ടില്‍ നിന്നിറങ്ങി റോഡിലെത്തിയതും ഒരു ഓട്ടോറിക്ഷയില്‍ കയറി. മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ പഴയ ഗ്രാമത്തെ കുറിച്ചുള്ള സ്മരണകള്‍ മനസ്സില്‍ നിന്നും പൂര്‍ണ്ണമായും മാഞ്ഞിരുന്നില്ല. ഗ്രാമമെന്നുള്ളത് ഇന്നൊരു പഴങ്കഥയായി മാറിയിരിക്കുന്നു.
ഒരു ചെറിയ കാറ്റടിച്ചാല്‍ പോലും റോഡുനിറയെ കൊഴിഞ്ഞുവീഴുന്ന ഞാവല്‍ പഴങ്ങള്‍ നിറഞ്ഞു നിന്നിരുന്ന മരങ്ങളും, റോഡിനെ ചുവന്ന പരവതാനിയാക്കി മാറ്റുന്ന ചുവന്ന പൂക്കള്‍ തിങ്ങി നിറഞ്ഞ മല്ലിവാള്‍ മരങ്ങളും ഇടതൂര്‍ന്ന് നിന്നിരുന്ന റോഡിനിരുവശവും ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്ന് നില്ക്കുന്നു. ഗ്രാമം കോര്‍പ്പറേഷന്റെ ഭാഗമായി മാറിയതായി ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകും- റെയില്‍വെ സ്റ്റേഷനു മുമ്പില്‍ ഓട്ടോറിക്ഷ എത്തിയതുപോലും അറിഞ്ഞില്ല. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി നേരെ ടിക്കറ്റ് കൗണ്ടറിന് മുമ്പിലെത്തി. ഒഴിവു ദിനമായതിനാല്‍ കൗണ്ടറിനു മുമ്പില്‍ യാത്രക്കാര്‍ കുറവായിരുന്നു. 65 രൂപാ(1 ഡോളര്‍) നല്കി കോട്ടയത്തേക്കുള്ള ടിക്കറ്റ് എടുത്ത് ഫ്ളാറ്റ്ഫോമില്‍ എത്തിയതും ഏതോ ദിശയില്‍നിന്നും പാഞ്ഞടുക്കുന്ന ട്രെയിന്റെ ചൂളം വിളികേട്ടു.
“ഈ ട്രെയ്ന്‍ എങ്ങോട്ടാണ്?” തലയില്‍ ചുവന്ന തോര്‍ത്തുമുണ്ടും, നീല ഷര്‍ട്ടും, കാവിമുണ്ടും ഉടുത്ത് സാധനങ്ങള്‍ തള്ളി കൊണ്ടുപോകുന്ന ട്രോളിയില്‍ ഇരുന്ന പോര്‍ട്ടറോടു ചോദിച്ചു. ഇത് വടക്കോട്ടു പോകുന്ന ട്രെയ്നാണ്. സാറിന് എങ്ങോട്ടാണ് പോകേണ്ടത്! കോട്ടയത്തേക്ക്; ആ ട്രെയ്ന്‍ ലേറ്റാണ്.” പതിനൊന്നരയെങ്കിലും ആകും-” ഞാന്‍ ഇവിടെ ഇരുന്നോട്ടെ.” തലയാട്ടിയപ്പോള്‍ പോര്‍ട്ടറുടെ സമീപം ഇരുന്നു. രാവിലെ തുടങ്ങിയ ഇരുപ്പാണ്- യാത്രക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു എന്റെ വായിലെ വെള്ളം വറ്റി. കൗണ്ടറില്‍ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് എഴുതിവെച്ചിട്ടുണ്ട്. ടിക്കറ്റെടുത്തവര്‍ ഫ്ളാറ്റ്ഫോമില്‍ എത്തിയാല്‍ ആദ്യം എന്നോടാണ് കാര്യങ്ങള്‍ തിരക്കുന്നത്. വായിലെ വെള്ളം വറ്റിയാലും യാത്രക്കാരെ സഹായിക്കുകതന്നെ- പോര്‍ട്ടറുടെ ആത്മഗതം! ചിലനിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ചേട്ടന്റെ പേരെന്താണ്. എന്റെ പേര് പൗലോസ്. എത്രവര്‍ഷമായി ഇവിടെ തൊഴിലെടുക്കുന്നു. അതൊന്നും പറയണ്ട സാറെ.
ഇപ്പോള്‍ എനിക്ക് അറുപത്താറു വയസ്സായി. ഇരുപത് വയസ്സില്‍ തുടങ്ങിയതാണ്. ഒന്നും കൂടുതല്‍ ചോദിക്കാതെ തന്നെ പൗലോസേട്ടന് തന്റെ ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ചു. ഇതിനു സമീപം പുറമ്പോക്കിലെ ഒരു ചെറിയവീട്ടിലാണ് താമസം. ഭാര്യയും ഒരു മകനും, ഒരു മകളും. പിള്ളേരുടെ തള്ള(ഭാര്യ) വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. ഇവിടെ നിന്നും കിട്ടിയിരുന്ന വരുമാനം കൊണ്ടാണ് മക്കളെ വളര്‍ത്തിയത്. അവരെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്നായിരുന്നു മോഹം. മൂത്തമകള്‍ പത്തില്‍ തോറ്റപ്പോള്‍ പഠിപ്പു നിര്‍ത്തി. പിന്നെ ഒന്നും ആലോചിച്ചില്ല. അവളെ ഒരു ചെറുക്കന് കെട്ടിച്ചു കൊടുത്തു. മൂന്നു മക്കളും ഭര്‍ത്താവുമായി അവള് തട്ടിമുട്ടികഴിയുന്നു. മകന് എട്ടുവരെ പഠിച്ചു. പഠിക്കാന്‍ അവനൊട്ടും താല്പര്യമില്ലായിരുന്നു. പുറത്ത് ചില്ലറ പണികളെല്ലാം ചെയ്യും. കിട്ടുന്ന കാശില്‍ ഭൂരിഭാഗവും തിന്നും, കുടിച്ചും കഴിയും. ബാക്കി വല്ലതുമുണ്ടെങ്കില്‍ തരും. ഇരുപത്തിമൂന്ന് വയസ്സായപ്പോള്‍ അവനേയും ഒരുത്തിയെകൊണ്ട് കെട്ടിപ്പിച്ചു. ഭാര്യയ്ക്ക് ജോലിയൊന്നുമില്ല. നാലുമക്കളുണ്ട്. നാലുപേരും പഠിക്കുന്നു. അവര്‍ക്ക് വലിയ ഗതിയൊന്നുമില്ല- ഈ വയസ്സുക്കാലത്ത് അവരെകൂടി പോറ്റേമ്ട ചുമതലകൂടി എന്റെ തലയിലായി.
ആദ്യകാലങ്ങളില്‍ ലഭിച്ചിരുന്ന വരുമാനമൊന്നും ഇന്നില്ല- സാറു ഈ ഫ്ളാറ്റ് ഫോം കണ്ടോ? പണ്ടു ഇവിടെ കുണ്ടും കുഴിയുമായിരുന്നു. വളരെ സൂക്ഷിച്ചുവേണമായിരുന്നു നടക്കാന്‍. യാത്രക്കാരുടെ കൈവശം വലിയൊരു ട്രങ്ക് പെട്ടികൂടെ ഉണ്ടായിരുന്നു. ട്രങ്ക് പെട്ടിചുമ്മക്കുന്നതിനും, ട്രെയ്നില്‍ സീറ്റു പിടിച്ചു കൊടുക്കുന്നതിനും ന്യായമായ പ്രതിഫലം ലഭിച്ചിരുന്നു.
ഇന്ന് സ്ഥിതിയാകെ മാറി. ഫ്ളാറ്റ് ഫോമ് തറയെല്ലാം മനോഹരമാക്കിയിരിക്കുന്നു. ഇന്ന് ആരും പെട്ടി താങ്ങിപിടിച്ചു വരാറില്ല. എല്ലാ പെട്ടികള്‍ക്കും ഉരുട്ടാനുള്ള ചക്രം ഉള്ളതിനാല്‍ അവര്‍ തന്നെ അതുരുട്ടി നേരത്തെ റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റില്‍ കയറിയിരിക്കും. ഇപ്പോള്‍ ഞങ്ങളുടെ ആവശ്യമൊന്നുമില്ല. പിന്നെ ആരെങ്കിലും സഹായത്തിന് വിളിച്ചാല്‍ ആയി. ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ഒരു കുസൃതിചോദ്യം. മദ്യപിക്കാറുണ്ടോ ? ഇപ്പോളില്ല. ഭാര്യ മരിക്കുന്നതുവരെ ഇഷ്ടംപോലെ മദ്യിപിക്കുകയും. മദ്യപിച്ചു കഴിഞ്ഞാല്‍ ഞാന്‍ അവളെ നല്ലതുപോലെ തല്ലുകയും ചെയ്തിരുന്നു. എന്റെ ഭാര്യ ഒത്തിരി അനുഭവിച്ചു. എന്നാലും അവള്‍ക്ക് എന്നോടു വലിയ സ്നേഹമായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോള്‍ പറയും ഇന്ന് രാത്രി വരുമ്പോള്‍ മദ്യപിക്കരുതെന്ന്. അവളുടെ മരണം വരെ എനിക്കത് പാലിക്കാനായില്ലെങ്കിലും, മരണശേഷം ആത്മാവിനെങ്കിലും ശാന്തികിട്ടുന്നതിന് മദ്യപാനം ഞാന്‍ പാടെ വേണ്ടെന്ന് വച്ചു.
രാവിലെ മുതല്‍ ഇതുവരെ എന്തെങ്കിലും പണികിട്ടിയോ? ഒരു പൈസായുടെ പണിപോലും കിട്ടിയില്ല. രാവിലെ മുതല്‍ രാത്രിവരെ ജോലിചെയ്താല്‍ അഞ്ഞൂറുരൂപയെങ്കിലും ലഭിക്കുമോ? അഞ്ഞൂറുപോയിട്ടു മുന്നൂറുരൂപ കിട്ടിയാല്‍ പിന്നെ ഒരു മിനിട്ടുപോലും ഇവിടെയിരിക്കാതെ നേരെ കൊച്ചുമക്കളുടെ അടുക്കല്‍ എത്തും.
പൗലോസേട്ടന്റെ കഥ കേട്ടപ്പോള്‍ മനസ്സില്‍ എന്തോ ഒരസ്വസ്ഥത. പോക്കറ്റില്‍ നിന്നും 300രൂപ(5 ഡോളര്‍) എടുത്ത് കൈയ്യില്‍ കൊടുത്തു. ഇരുകൈകളും കൂപ്പി എന്റെ നേരെ ഉയര്‍ത്തിയപ്പോള്‍ ആ കണ്ണുകളില്‍ വിടര്‍ന്ന അത്ഭുതവും, നിറഞ്ഞു തുളുമ്പുവാന്‍ വെമ്പുന്ന കണ്ണീര് കണങ്ങളും എന്റെ കണ്ണുകളേയും ഈറനണിയിച്ചു.
വടക്ക് നിന്നും ചീറിപാഞ്ഞുവന്ന ട്രെയ്നിന്റെ ചൂളം വിളി കേട്ട് “സാറെ ഇത് സാറിന് കോട്ടയത്തേക്ക് പോകുന്നതിനുള്ള ട്രെയ്നാണ്.” പെട്ടെന്ന് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു എന്നെയും കൂട്ടി ഒരു കംമ്പാര്ട്ടുമെന്റിനു സമീപം എത്തി. ഇതിലെ ഭൂരിഭാഗം യാത്രക്കാരും തൃശ്ശൂരില്‍ ഇറങ്ങു. കംപാര്‍ട്ട്മെന്റിന്റെ വാതിലിന് മുമ്പില്‍ കൂട്ടം കൂടി നിന്ന യാത്രക്കാര്‍ക്കിടയിലൂടെ അകത്തു കയറി ജനലിന് സമീപമുള്ള ഒരു സീറ്റിലിരുന്നു. യാതരക്കാര് അകത്തു കയറി കഴിഞ്ഞപ്പോള്‍ ഞാനും അകത്തു കയറി. പൗലോസേട്ടന് ഇരുന്ന സീറ്റില്‍ എന്നെ ഇരുത്തിയശേഷം എന്റെ ഇരുകൈകളും കൂട്ടിപിടിച്ചു ചുംബിച്ചു. പൗലോസേട്ടന് എന്ന പോര്‍ട്ടറുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന നിഷ്കളങ്കതയും, കൃതജ്ഞതയും ആ മുഖത്ത് പ്രതിഫലിച്ചിരുന്നു. ട്രെയിനിനു പുറത്തിറങ്ങി ഞാന്‍ ഇരുന്നിരുന്ന സീറ്റിനു സമീപമുള്ള ജനലിനരികെ വന്നു നിന്നു. സ്റ്റേഷന് മാസ്റ്റര്‍ ബെല്‍ അടിക്കുന്ന ശബ്ദം മുഴുങ്ങിയതോടെ, ഗര്‍ഡ് പച്ചക്കൊടി പുറത്തേക്ക് നീട്ടിവീശി. ചൂളംവിളിയോടെ മുന്നോട്ടു പാഞ്ഞ ട്രെയ്ന്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ ഇരുകൈകളും വീശി എന്നെ യാത്രയാക്കിയ പൗലോസേട്ടന്റെ രൂപം ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
പൗലോസേട്ടനെപോലെ എത്ര തൊഴിലാളികള്‍ ആധുനികവല്‍ക്കരണത്തിന്റേയും, വികസനത്തിന്റേയും പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട് നട്ടം തിരിയുന്നു. ഇവര്‍ക്ക് പകരം തൊഴില്‍ നല്‍കുന്നതിനോ, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ചു പ്രായോഗിക പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനോ ആരെങ്കിലും തയ്യാറാകുമോ?
വികസനത്തിന്റെ കുത്തക അവകാശപ്പെടുകയും, അതില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്ന ഭരണാധികാരികളും, സമ്പന്ന വര്‍ഗ്ഗവും അതിന്റെ മാധുര്യം മതിവരുവോളം ആസ്വദിക്കുമ്പോള്‍, പരിണിതഫലമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍, നിത്യവൃത്തിക്ക് വകയില്ലാത്തവര്‍, കുടുംബം പുലര്‍ത്താന്‍ പാടുപെടുന്നവര്‍ വികസനത്തില്‍ പരിഭവിക്കുകയോ, വികസനത്തെ പഴിക്കുകയോ ചെയ്താല്‍ ആര്‍ക്കാണ് അവരെ കുറ്റപ്പെടുത്താനാകുക?
Comments