വെള്ളത്തില്‍ കിടക്കുന്ന മീന്‍ വെള്ളം കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. കുടിച്ചിട്ടുണ്ടാകും എന്നു നമ്മള് കരുതുന്നു എന്നു മാത്രം. തീച്ചയാക്കാന്‍ കഴിയാത്ത ശങ്കാവഹമായ കാര്യങ്ങള്‍ സംഭവിക്കുന്നിടത്ത് “ജല മീനന്യായാ:” എന്ന ന്യായം ഉപയോഗിക്കാം. എന്നു പറഞ്ഞതു പോലെ ജീന്‍സ് ഇട്ട് നിമ്നോന്നിതികളെ ത്രസ്സിപ്പിച്ചു കാട്ടുന്ന പെണ്‍വേഷം കണ്ടാല്‍ വെള്ളം കുടിക്കുന്ന മനുഷ്യ മീനുകള്‍ ഉണ്ടാകാം. അവര്‍ വെള്ളം കുടിച്ചോ ഇല്ലയോ എന്ന് കൃത്യമായി പറയാനാവില്ല. എന്നാലും; വെള്ളം കുടിപ്പിക്കാനുള്ള ന്യായം കാണാം.
കൊച്ചിന് മറൈന്‍ ഡ്രൈവിലെ കിസ്സ് ഓഫ് ലവിന്റെ കാര്യവും ഇങ്ങനെയാണ്. ഈ കിസ്സില്‍ തെരുവുതുപ്പല് കലരുന്നുണ്ട്. കേരളത്തില്‍ വഴി നീളെ തുപ്പലും പ്ലാസ്റ്റിക്കും ചപ്പും ചവറുമാണ്.. അതിനാല്‍ മലയാളിയുടെ കിസ്സ് ഓഫ് ലവില്‍ പുതുമ കാണാനില്ല. കിസ്സോടു കിസ്സടിച്ചു വിലസ്സുന്ന സിനിമാക്കാരുടെ ഡൈവോഴ്സ് കണ്ടാല്‍ മനസ്സിലാകും തെരുവു കിസ്സിന്റെ ഇണച്ചേര്ച്ച എത്രമാത്രം നില നില്‍ക്കുമെന്ന്. തെരുവുകിസ്സില് വിപ്ലവമൊന്നും കാണാനാവില്ല, ഹിപ്പികളും ആചാര്യ രജനീഷും സിനിമാക്കാരും ഇതൊക്കെയല്ലേ ചെയ്തിരുന്നതും ചെയ്യുന്നതും? യഥാര്‍ത്ഥ പ്രണയിനികള്‍ക്ക് ചങ്ങമ്പുഴയുടെ രമണന്റെയും ചന്ദ്രികയുടെയും ഗതിയല്ലേ ഇന്നും എന്നും വിധിച്ചിട്ടുള്ളൂ? കൊച്ചിന് മറൈന്‍ ഡ്രൈവിലെ ലവ് കിസ്സ് മലയാളിയുടെ സദാചാര മര്യാദകളെ മുലയൂട്ടുന്നുണ്ടോ?. ഇല്ലെന്നു തോന്നിക്കൂടായ്കയില്ല. ജല മീനന്യായാ:
ആചാരങ്ങളിലൂടെ വെളിപ്പെടുക ധര്‍മ്മമാണ്. ആചാരങ്ങള്‍ സത്യത്തിന്റെ യുക്തിയാണ്. കിസ്സ് പൊതുസ്ഥലത്തായാലേ സ്വാതന്ത്ര്യമാകൂ, നിര്‍വൃതിയാകൂ എന്നു പറഞ്ഞാല്‍ സത്യമാകുമോ? ഈ ലവ് കിസ്സു വരുന്നതിനു മുമ്പു നടന്ന കിസ്സുകളൊന്നും യഥാര്‍ത്ഥത്തില്‍ ചുംബനങ്ങളായിരുന്നില്ലേ? അതോ അവ “ഗുരോ സ്വസ്തി” എന്നു പറഞ്ഞ യൂദാസ് കിസ്സ് മാത്രമായിരുന്നോ?
വിസര്‍ജ്ജന പ്രക്രിയകള്അടിസ്ഥാന ശാരീരിക നിര്ബന്ധങ്ങളായിട്ടു പോലും പെരുമാറ്റസംസ്കാരമുള്ളവരോ,തീരെ നിവൃത്തികേടില്ലാത്തവരോ യാതൊരു വിസര്‍ജ്ജനവും പൊതു സ്ഥലങ്ങളില്‍ നടത്താറില്ല. കാരണം അത് രോഗവും ജുഗുപ്ത്സയും പകര്‍ത്തും.
ഇനി ചുംബനത്തിന്റെ കാര്യത്തിലേക്ക് വരിക. ആത്മാവിന്റെ അനിവാര്യമായ വികിരണമാണ് ഉമ്മയിലൂടെ വിസര്ജ്ജിതമാകുന്നത്. ആത്മനിര്‍വൃതി ലക്ഷ്യമിടുന്നൂ എന്നതിലൂടെ ആത്മാവിന്റെ നിര്‍ബന്ധമാണ് ആലിംഗനം. ആലിംഗനം കേവല ശാരീരിക വിസര്ജ്ജനത്തേക്കാള് അത്മീയ വികിരണമാണെന്നല്ലേ? ആ നിലയില്‍ ആലിംഗനം എത്രയോ ഉന്നതമാണ്, എത്രയോ മാനുഷീകവും ത്യജിക്കാനാവാത്തതുമാണ്. ഉമ്മ ആത്മീയമല്ലേ? വികിരണമല്ലേ? ആത്മീയ ചോദനകളുടെ സര്‍ഗാത്മക വിസര്ജ്ജനമല്ലേ? ഈ വികിരണം ഒരു പകര്‍ച്ച വ്യാധിപോലെയല്ലേ? വൈകാരിക പകര്‍ച്ചവ്യാധി. കാണുന്നവരിലേക്ക് ആവേശിക്കുന്ന വൈകാരിക പകര്‍ച്ച വ്യാധി. കാമിതാക്കളുടെചുംബനം രതിക്രീടയുടെ ഭാഗമല്ലെ? ഫോര്‍ പ്ലേയുമല്ലേ? ഫോര്‍ പ്ലേ യഥര്‍ത്ഥ പ്ലേയിലേക്കുള്ള വാതില്‍ തുറക്കുകയല്ലേ? അപ്പോള്‍ ശാരീരിക ദ്രവങ്ങളുടെ വിസര്‍ജ്ജനം സംഭവിക്കയില്ലേ? അത് തെരുവിലാകണമോ? ജല മീനന്യായാ:
ആലിംഗനം സൃഷ്ടിപരമാണ്. സൃഷ്ടിപരമായ കാര്യങ്ങള്‍ പാവനമാണ്. പാവനമായവ പൂജിതമാണ്. പൂജിതമാകാന് അളിയരുത്, ലവ് കിസ്സ് തെരുവിലായാല് തെരു പട്ടികളുടെ നിലയിലേക്ക് അതിന്റെ വില കെട്ടു പോയേക്കാം;. പ്രസവംപൊതു നിരത്തില്‍ കാട്ടുന്നതു പോലെ. ജല മീനന്യായാ:
മദ്യവും മദിരാക്ഷിയുമില്ലെങ്കില് കേരളത്തിലെ ടൂറിസ്സവ്യവസ്സായം നശിക്കുമെന്ന് ഒരു സിനിമാ പ്രശസ്തന്‍ പറഞ്ഞു. കേരളത്തിന്റെ ഒരു ഗതികേടേ! ഈ ടൂറിസം വരുന്നതിനു മുമ്പ് കേരളത്തില്‍ കാശില്ലായിരുന്നോ?
മദ്യം മുതലാളിക്കു മാത്രം മതിയോ എന്ന് കേരളത്തിലെ ഒരു കോടതിച്ചോദ്യം? ബെന്‍സും മണിമാളികയും ഫസ്റ്റ് ക്ലാസ് റ്റിക്കറ്റുംപണക്കാരനു മാത്രം മതിയോ എന്നു ചോദിച്ച് ഇവരാരും തെരുവു മക്കള്‍ക്ക് ഈ വക ''ജീവത് പ്രധാന കാര്യങ്ങള്‍'' വിധിച്ചനുവദിച്ചതായി ഒരു കോടതി വിധിയിലും കാണ്മാനില്ല. മദ്യത്തിന്റെ ഒരു പവറേ. ഓരോ കോടതി വിധിയും ഓരോ സമയത്തും ഓരോ വാത്സല്യം മദ്യ രാജാക്കന്മാര്ക് നല്കുന്നു. എന്തൊരു ജനാധിപത്യം. ജനങ്ങളുടെ ആരോഗ്യത്തില്‍ താത്പര്യമുള്ള നീതിന്യായ നെടുംതൂണുകള്‍! നക്സലൈറ്റുകള്‍ പണ്ട് കേണിച്ചിറ മഠത്തില്‍ മത്തായിയെ കൊന്നപ്പോള്‍ നീതിന്യായക്കാര് പാവപ്പെട്ടവര്‍ക്കുവേണ്ടി മുതലാളിക്കു മാത്രം മതിയോ ഇതൊക്കെ എന്നു ചോദിച്ചില്ല പക്ഷേ! ജല മീനന്യായാ:
മദ്യം പോയ്സണാണ് എന്നാണ് മെഡിക്കല്‍ ലിറ്ററേച്ചറുകള്‍ അടിവരയിട്ടു പറയുന്നത്. ഡോക്ടറെ ചികിത്സാര്‍ത്ഥം കാണാനെത്തുന്നവരോട് മെഡിക്കല്‍ ഹിസ്റ്ററി ചോദിക്കുമ്പോള്‍ നിങ്ങള്‍ മദ്യം ഉപയോഗിക്കാറുണ്ടോ എന്ന് ചോദിക്കുന്നത് ഒരു നേരം പോക്കിനു വേണ്ടിയാണെന്ന് ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ പ്രൊഫഷനലുകളാരും പറയുകയില്ല. സിഗരറ്റു വലി ആരോഗ്യത്തിനു ഹാനികരം. മദ്യവും അങ്ങനെ തന്നെയാണ്. ബ്രിട്ടിഷുകാര്‍ ചൈനയെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ '' കറുപ്പു'' നല്കി ശീലിപ്പിച്ചതായി ചരിത്രം പറയുന്നു. മദ്യ മുതലാളി എന്ന അഭിനവ ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കു വേണ്ടി ദ്രാവക രൂപത്തിലുള്ള കറുപ്പ് (ആല്‍ക്കഹോള്‍) നല്കുന്നു, വ്യത്യാസ്സം അതു മാത്രം.
കെ. എം. മാണിയെന്ന പ്രതിഭാസ്സം കേരളത്തിന്റെ അനുപമമായ രാഷ്ട്രീയ സമ്പാദ്യമാണ്. പീച്ചി യാത്രയില്‍ കൂളിങ്ങ് ഗ്ലാസ് വച്ച സ്ത്രീ കൂടെ കാറിലുണ്ടായിരുന്നൂ എന്ന ആരോപണത്തിലൂടെ; കേരളം കണ്ട രാഷ്ടീയ നെഞ്ചുവിരിപ്പിന്റെ ആള് രൂപമായിരുന്ന പി ടി ചാക്കോയെ കുടുക്കി ആ പ്രതിഭയുടെ ശരീരത്തെ ഇല്ലാതാക്കിയതു പോലെ പക്ഷേ കെ എം മാണിയെ ''കോടി വാങ്ങി എന്ന വാര്‍ത്തയിലൂടെ'' ഇല്ലതാക്കാനാവുമോ? ഇല്ലാതാക്കിയിട്ട് എന്തു നേടാനാണ് കേരളം? രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലായാലും ഇന്ത്യയിലായാലും അമേരിക്കയിലായാലും രാഷ്ട്രീയക്കാരന്റെ തോട്ടത്തിലെ വിളവുകള്‍ വിറ്റുകിട്ടിയ കാശുകൊണ്ടാണ് റാലിയും സമ്മേളനവുംഇലക്ഷന് പ്രചരണവും നടത്തുന്നതെന്ന് ഏതു കുട്ടി വിശ്വസ്സിക്കും? ജല മീനന്യായാ:
ഉള്ളിത്തോലു പൊളിക്കുന്നതു പോലുള്ള ഇത്തരം നേരം കൊല്ലി വാര്‍ത്താ കോലാഹലങ്ങളിലൂടെ മാദ്ധ്യമങ്ങള്‍ ജനങ്ങളെ അടിസ്ഥാനാവശ്യ ചിന്തകളില്‍ നിന്ന് വഴിതെറ്റിക്കുന്നതാണ് ഏറ്റവും കുറ്റകരം. സീരിയലുകളിലെ തെമ്മാടിത്തരവും പാഴ്വാക്കുകളും കൂടെയാകുമ്പോള്‍ കേരളത്തിന്റെ അപചയം ആസന്നപൂര്ണ്ണം.
Comments