പ്രൈമറി കെയര്‍, റൊട്ടീന്‍ കെയര്‍, റഗുലര്‍ കെയര്‍, സ്പെഷ്യലിസ്റ്റ് കെയര്‍, ഇന്‍പേഷ്യന്റ് ഔട്ട് പേഷ്യന്റ് കെയറുകള്‍, എമര്‍ജന്‍സി കെയര്‍, ലോംഗ് ടേം കെയര്‍ ഇവയെല്ലാം തന്നെ രോഗനിര്‍ണയം, രോഗചികില്‍സ, ആരോഗ്യപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്കുകളാണല്ലോ. വൈദ്യശാസ്ത്രമേഖലയുമായി കാര്യമായ ബന്ധമില്ലാത്തവര്‍ക്കുപോലും സുപരിചിതമായ പദങ്ങളാണുതാനും ഇവയെല്ലാം. എന്നാല്‍ ഈ അടുത്ത കാലത്തായി പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഒന്നാണു അര്ജന്റ് കെയര്‍ എന്നപേരില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന രോഗീശുശ്രൂഷയും, അവ നല്കുന്ന അര്ജന്റ് കെയര്‍ സെന്ററും എന്നത്. പൊതുജനങ്ങള്‍ക്കും, സാധാരണരോഗികള്ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിഞ്ഞുകൂടാത്തതിനാല്‍ ആവശ്യസമയത്ത് ഇതില്‍ ഏതു സര്‍വീസ് തെരഞ്ഞെടുത്തുപയോഗിക്കണം എന്ന കാര്യത്തില്‍ സംശയം ബാക്കി നില്ക്കുന്നു.
ആതുരശുശ്രൂഷ, രോഗചികില്‍സ എന്നീ രംഗങ്ങളില്‍ വൈദ്യശാസ്ത്രം വളരെയധികം പുരോഗതി കൈവരിച്ചുകഴിഞ്ഞു. ജീവനു ഭീഷണിയാകാവുന്ന തരത്തില്‍ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയോ, വീട്ടിലോ ജോലിസ്ഥലത്തോ കുഴഞ്ഞുവീഴുകയോ, പെട്ടെന്ന് ഒരുവശത്തിനു തളര്‍ച്ച അനുഭവപ്പെടുകയോ, റോഡപകടത്തില്‍ തലക്കു മാരകമായ ക്ഷതമേറ്റ് ബോധം നഷ്ടമാവുകയോ, അംഗഭംഗം സംഭവിക്കുകയോ ചെയ്താല്‍ ചികില്‍സതേടി എവിടെപ്പോകണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളോ, ഗുരുതരാവസ്ഥയോ വരുമ്പോള്‍ 911 എമര്‍ജന്‍സി നമ്പര്‍ വിളിച്ച് നാം അഭയം തേടുന്നതും തേടേണ്ടതും തൊട്ടടുത്ത ആശുപത്രിയിലെ എമര്‍ജന്‍സി റൂം അഥവാ ഇ. ആര്. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അത്യാഹിത വിഭാഗത്തിലാണ്.
ഇത്തരം അവസ്ഥയില്‍ കഴിയുന്നതും ആംബുലന്‍സില്‍തന്നെ ആശുപത്രിയില്‍ എത്താന്‍ നോക്കുക. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലല്ലാതെ, സ്വന്തം വാഹനത്തില്‍ രോഗി സ്വയം ഡ്രൈവ് ചെയ്തോ, കുടുംബാംഗമോ സുഹൃത്തോ ഡ്രൈവ് ചെയ്തോ എമര്‍ജന്‍സിയില്‍ എത്തുന്നത് വളരെ വിലപ്പെട്ട സമയവും പ്രാഥമികശുശ്രൂഷ ലഭിക്കുന്നതിനുള്ള സൗകര്യവും നഷ്ടപ്പെടുമെന്നതിനാല്‍ അഭികാമ്യമല്ല. വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ മേല്‍നോട്ടത്തില്‍ രോഗിയുടെ വൈറ്റല്‍ സൈന്‍സ് മോനിറ്റര്‍ ചെയ്യുന്നതിനു സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ തന്നെ എമര്‍ജന്‍സിയില്‍ എത്തണം.
ഒരാളുടെ ആരോഗ്യസംരക്ഷണത്തിനായി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നിശ്ചിത ഇടവേളകൂടി സ്വന്തം ഫാമിലി ഡോക്ടര്‍ അഥവാ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള പ്രൈമറി കെയര്‍ ഡോക്ടറെ കണ്ടു ചികില്‍സ തേടുന്നതിനെയാണല്ലോ റൊട്ടിന് കെയര്‍ അഥവാ റഗുലര്‍ ഫിസിക്കല്‍സ് എന്നു പറയുന്നത്. ഓരോരുത്തരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് അനുവദിക്കുന്ന രീതിയില്‍ രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകളായ രക്തപരിശോധന, ഇ. കെ. ജി, എന്‍ഡോസ്കോപ്പി, കോളനോസ്കോപ്പി, വിവിധ തരത്തിലുള്ള സ്കാനിംഗ്, എക്സ്റേ, എം. ആര്. ഐ, അള്‍ട്രാസൌണ്ട്, സ്ത്രീകള്‍ക്കുള്ള മാമ്മോഗ്രാം, പ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ റൊട്ടീന്‍ കെയര്‍ നല്കുന്ന പ്രൈമറി ഡോക്ടര്‍ ഓഫീസിലോ, സ്പെഷ്യലിസ്റ്റ് ഓഫീസിലോ ചെയ്യാന്‍ സാധിക്കും.?പനി, കടുത്ത തലവേദന, ഫ്ളൂ, തൊണ്ടവേദന, ജലദോഷം, ബ്രോങ്കൈറ്റിസ്, നീര്ക്കെട്ടല് മുതലായവക്കുള്ള ചികില്‍സകള്‍ പ്രൈമറി കെയര്‍ ഓഫീസ് വഴി നല്കാവുന്നതാകയാല് ഇവയും റൊട്ടീന്‍ കെയര്‍ വിഭാഗത്തില്‍ വരും. സ്കൂള്‍, കോളജ് അഡ്മിഷന് തേടുന്ന വിദ്യാര്‍ത്ഥികള്‍ ക്കുള്ള പ്രതിരോധ വാക്സിനേഷനുകള്‍, ഫിസിക്കലുകള് എന്നിവ പ്രൈമറി ഓഫീസുകളില്‍നിന്നും ലഭിക്കും.
എന്നാല്‍ ജീവനു ഭീഷണി ഇല്ലാത്തരീതിയില്‍ പെട്ടെന്ന് എന്തെങ്കിലും അസുഖം ഉണ്ടാവുകയും, ആവശ്യസമയത്ത് പ്രൈമറി കെയര്‍ ഡോക്ടര്‍ ലഭ്യമല്ലാതെവരികയും ചെയ്താല്‍ ചികില്‍സക്കായി അടുത്തുള്ള അര്ജന്റ് കെയര്‍ ഫസിലിറ്റിയെ സമീപിക്കുന്നതായിരിക്കും ഉത്തമം. കൈകാലുകളില്‍ ഉണ്ടാവുന്ന സാരമായ മുറിവുകള്‍, കണ്ണ്, ചര്‍മ്മം, സൈനസ് എന്നിവക്കുണ്ടാവുന്ന അണുബാധ, ഉളുക്കുകള്‍, അസ്ഥിക്കുണ്ടാവുന്ന പൊട്ടലുകള്‍, ഒടിവുകള്‍, ചതവുകള്‍, ചെറിയതരത്തിലുള്ള പൊള്ളലുകള്‍, ചെവി വേദന ഇതെല്ലാം അര്ജന്റ് കെയറിന്റെ പരിധിയില്‍ വരും.
അടിയന്തിരശ്രദ്ധയും, വൈദ്യസഹായവും, ശുശ്രൂഷയും ലഭിച്ചില്ലായെങ്കില്‍ മരണകാരണമാകുകയോ, ഭാവിയിലേക്ക് ഗുരുതരമായ ഭവിഷ്യത്തിനു കാരണമാകുകയോ ചെയ്യാവുന്ന മെഡിക്കല്‍ അഥവാ മെന്റല്‍ ഹെല്‍ത്ത് കണ്ടീഷനെയാണു എമര്‍ജന്‍സി എന്നു പറയുന്നത്. ഗുരുതരമായ രക്തസ്രാവം, ശ്വാസതടസം, ബോധം നഷ്ടപ്പെടുന്ന രീതിയില്‍ തലക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, ചുഴലിദീനം പോലെയുള്ള നാഡീസംബന്ധമായ അസുഖങ്ങള്‍, ഭക്ഷ്യവിഷബാധ, ഫുഡ് അലര്‍ജി, സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍, ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമായ കലശലായ നെഞ്ചുവേദന, വാഹനാപകടങ്ങളില്‍ കൈകാലുകള്‍ മുറിഞ്ഞുപോവുക, രക്തം ചര്‍ദ്ദിക്കുക എന്നിവ എമര്‍ജന്‍സിയുടെ പരിധിയില്‍ വരും. ഇങ്ങനെയുള്ള കണ്ടീഷനില്‍ പ്രൈമറി ഡോക്ടറുടെ അനുവാദത്തിനോ, ഇന്‍ഷുറന്‍സ് കാരിയറുടെ മുന്‍കൂട്ടിയുള്ള അംഗീകാരത്തിനോ കാത്തുനില്‍ക്കാതെ 911 വിളിച്ച് ഉടന്‍ തന്നെ എമര്‍ജന്‍സി റൂമില്‍ ചികില്‍സ തേടണം.
എന്നാല്‍ അര്ജന്റ് കെയര്‍ ആവശ്യമായ സാഹചര്യത്തില്‍ രോഗിയുടെ കണ്ടീഷന്‍ അനുസരിച്ച് പ്രൈമറി ഡോക്ടറെ വിളിച്ച് രോഗത്തെക്കുറിച്ച് സംസാരിക്കുക. പ്രൈമറി ഡോക്ടര്‍ ലഭ്യമല്ലായെങ്കില്‍ അര്ജന്റ് കെയര്‍ ഫസിലിറ്റിയില്‍ എത്തിപ്പെടുക. എമര്‍ജന്‍സി റൂമുകളെ അപേക്ഷിച്ച് അര്ജന്റ് കെയര്‍ സെന്ററുകള്‍ക്ക് കുറഞ്ഞ കാത്തിരിപ്പു മതിയാവും. നമ്മെക്കാള്‍ ഗുരുതരമായ രോഗാവസ്ഥയുമായി എത്തുന്ന രോഗികള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടിവരുന്നതിനാല്‍ എമര്‍ജന്‍സി സെന്ററുകളില്‍ നാലുമണിക്കൂര്‍ വരെയുള്ള നീണ്ട കാത്തിരിപ്പു വേണ്ടിവരും.
അര്ജന്റ് കെയര്‍ സെന്റര്‍ വിസിറ്റിനു രോഗി നല്‍കേണ്ട ഫീസ് (കോ പേ) താരതമ്യേന കുറവായിരിക്കും. വാരാന്ത്യങ്ങളിലും, ഇടദിവസങ്ങളില്‍ കൂടുതല്‍ സമയവും പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്ക് കൂടുതല്‍ സമയത്തേക്ക് അര്ജന്റ് കെയര്‍ സെന്ററില്‍ ചികില്‍സ തേടിയെത്താന്‍ സാധിക്കും.
ഒരാളുടെ ഹെല്‍ത്ത് ഹിസ്റ്ററി ഏറ്റവും നന്നായി അറിയുന്നത് അയാളുടെ പ്രൈമറിഡോക്ടര് ആയതിനാല്‍ ചികില്‍സാസംബന്ധമായ എല്ലാക്കാര്യങ്ങളിലും പ്രൈമറി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക. ഇന്‍ഷ്വറന്‍സ് കവറേജ് സംബന്ധിച്ച കാര്യങ്ങളും പ്രൈമറി ഓഫീസില്‍ നിന്നും ലഭിക്കും. എമര്‍ജന്‍സി വിസിറ്റിനും അര്ജന്റ് കെയര്‍ വിസിറ്റിനും ശേഷം എല്ലായ്പ്പോഴും അവനവന്റെ പ്രൈമറി ഡോക്ടറുടെ അടുത്തുപോയി തുടര്‍ ചികില്‍സ തേടേണ്ടതാണു.
ആശുപത്രിയോടനുബന്ധിച്ചുള്ള എമര്‍ജന്‍സി സെന്ററുകളില്‍ ലഭിക്കുന്ന മിക്കവാറും ചികില്‍സകള്‍ ഇന്ന് ആശുപത്രിയോടനുബന്ധിച്ചല്ലാതെയുള്ള അര്ജന്റ് കെയര്‍ സെന്ററുകളില്‍ ലഭിക്കുമെന്നു പറഞ്ഞാലും എമര്‍ജന്‍സി മെഡിക്കല്‍ സഹായം ആവശ്യമായ സാഹചര്യത്തില്‍ തൊട്ടടുത്ത് അര്ജന്റ് കെയര്‍ സെന്റര്‍ ഉണ്ടെങ്കില്‍ കൂടി ഹോസ്പിറ്റലിലെ എമര്ജന്സിയില്തന്നെ പോകുന്നതാണുത്തമം. ഹോസ്പിറ്റലില്‍ വിവിധ വൈദ്യശാസ്ത്രമേഖലകളില്‍ വിദഗ്ധപരിശീലനം ലഭിച്ച നിരവധി ഡോക്ടര്‍മാരും, നേഴ്സുമാരും ഒരേസമയത്ത് ഡ}ട്ടിയിലുള്ളതിനാല് വിദഗ്ധ പരിശോധനയും, ഉപദേശങ്ങളും, രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകളും ഒരേകുടക്കീഴില്തന്നെ ലഭിക്കും.
ഗവണ്മെന്റില്നിന്നുള്ള ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി സെന്ററുകള്‍ക്ക് നിയമപരമായി 24/7 ചികില്‍സ നല്‍കേണ്ടി വരുമ്പോള്‍ പ്രൈവറ്റായി പ്രവര്‍ത്തിക്കുന്ന അര്ജന്റ് കെയര്‍ സെന്ററുകള്‍ക്ക് സ്വന്തമായി പ്രവര്‍ത്തന സമയം നിശ്ചയിക്കാവുന്നതാണു. ഇടദിവസങ്ങളില്‍ താമസിച്ചു അടക്കുകയും, വാരാന്ത്യങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അര്ജന്റ് കെയര്‍ സെന്ററിന്റെ പ്രധാനപ്പെട്ട ദൗത്യം പ്രൈമറികെയര്‍ ഡോക്ടറുടെ സഹായം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഒരു രോഗിക്ക് അടിയന്തിര ചികില്‍സയോ, ചികില്‍സാ സൗകര്യങ്ങളോ ഏര്‍പ്പെടുത്തി കൊടുക്കുക എന്നതാണു. അര്ജന്റ് കെയര്‍ ഫിസിഷ്യന്‍ അസിസ്റ്റന്റിനോ നേഴ്സ് പ്രാക്ടീഷണര്‍ക്കോ കൈകാര്യം ചെയ്യാവുന്നതേയുള്ളു. എമര്‍ജന്‍സിയല്ലാത്ത ക്രോണിക് കണ്ടീഷനുകള്‍ക്ക് രണ്ടിലും ചികില്‍സയില്ല. അതിനു പ്രൈമറി ഓഫിസില്‍തന്നെ ചെല്ലണം.
അര്ജന്റ് കെയര്‍ സെന്ററില്‍ ചികില്സിക്കാവുന്ന കാര്യത്തിനു നാം എമര്‍ജന്‍സിയില്‍ പോയാല്‍ ആംബുലന്‍സ് ചാര്‍ജ്, ലാബ്രട്ടറി ബില്‍, ഹോസ്പിറ്റല്‍ ബില്‍ എന്നിങ്ങനെ വലിയ തുക നല്‍കേണ്ടിവരും. ചികില്‍സ തേടി എമര്‍ജന്‍സിയില്‍ എത്തുന്ന രോഗിക്ക് രോഗത്തിന്റെ ഗുരുതരാവസ്ഥയോ, രോഗിയുടെ സാമ്പത്തിക സ്ഥിതിയോ, ഇന്‍ഷ്വറന്‍സ് കവറേജോ നോക്കാതെ നിയമപരമായി 24/7 ചികില്‍സ നല്‍കേണ്ടി വരുന്നതിനാല്‍ ചെറിയ അസുഖവുമായി എമര്ജന്സിയിലെത്തുന്ന രോഗിക്ക് വലിയ ബില്ലു ലഭിച്ചു എന്നു വരും. ഇതില്‍ പരാതിപ്പെട്ടിട്ടു കാര്യമില്ല. അര്ജന്റ് സെന്റര്‍ വേണോ അതോ എമര്‍ജന്‍സി വേണോ എന്ന് നാം നിശ്ചയിക്കണം. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത രോഗികള്‍ക്കും, ബില്‍ കൊടുക്കാന്‍ സാധിക്കുകയില്ല എന്നു തോന്നുന്ന രോഗികള്‍ക്കും ചികില്‍സ നിഷേധിക്കുന്നതിനു പ്രൈവറ്റായി പ്രവര്‍ത്തിക്കുന്ന അര്ജന്റ് കെയര്‍ സെന്ററിനു സാധിക്കും. എമര്‍ജന്‍സി റൂംസ് സ്വീകരിക്കുന്ന എല്ലാ ഇന്‍ഷ്വറന്‍സുകളും അര്ജന്റ് കെയറിലും സ്വീകരിക്കും. മാത്രമല്ല റെഡി കാഷ് ആയി കൊടുക്കുകയാണെങ്കില്‍ അര്ജന്റ് സെന്റര്‍ ചിലപ്പോള്‍ ഒരു ഡിസ്കൌണ്ട് തരാനും സാധ്യതയുണ്ട്.
മിക്ക അര്ജന്റ് കെയര്‍ സെന്ററിലും സീരിയസ് കണ്ടീഷന്‍സ് ചികില്സിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും, ജീവനും മരണത്തിനും ഇടക്കുള്ള പോരാട്ടത്തില്‍ എപ്പോഴും എമര്ജന്സിയെത്തന്നെ സമീപിക്കണം. എമര്‍ജന്‍സിയില്‍ പോകേണ്ട ഒരാള്‍ വീടിനടുത്ത് അര്ജന്റ് കെയര്‍ സെന്റര്‍ ഉണ്ടെന്നുകരുതി ആദ്യം അവിടെ ചെന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നു മാത്രമല്ല അവിടെനിന്നും ആംബുലന്‍സില്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സിയില്‍ എത്തിക്കുമ്പോള്‍ സമയം നഷ്ടമാകുമെന്നതുകൂടാതെ രണ്ടുസ്ഥലത്തേയും ഇന്‍ഷ്വറന്‍സ് കോ പേയും ആംബുലന്‍സ് ചാര്‍ജും, മറ്റു ബില്ലുകളുമുള്‍പ്പെടെ വലിയൊരു തുക നല് കേണ്ടിയും വരും. സീരിയസ് കണ്ടീഷനില്‍ നേരെ എമര്‍ജന്‍സിയില്‍ തന്നെ പോകണമെന്നു ചുരുക്കം.
Comments