അമേരിക്കയില്‍ ഇതു ആഘോഷങ്ങളുടെ കാലമാണല്ലോ! 'ഹാലോവിന്' ആഘോഷങ്ങളോടെ ഇതു തുടങ്ങുന്നു. അന്നാണു നരകവാതില്‍ തുറന്ന് നമ്മുടെ പൂര്‍വ്വ പിതാക്കന്മാര് ഭൂമിയില്‍ വരുന്നത്. പ്രധാനമായും രാത്രിയിലാണ് ഇവരുടെ സന്ദര്‍ശനം. മഹാന്മാര് അങ്ങനെയാണല്ലോ! മഹാബലി സാന്റാക്ലോസ്് തുടങ്ങിയവര്‍ രാത്രികാലങ്ങളിലാണു വിസിംറ്റിംഗ് നടത്തുന്നത് എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. മത്തങ്ങാകൃഷിമൂലം(pumkin) കടം കയറി മുട്ടിന് ആത്മഹത്യയുടെ വക്കിലോളമെത്തിയ ഏതോ ഒരു മത്തങ്ങാകൃഷിക്കാരന്‍, തന്റെ വിളകള്‍ വിറ്റഴിക്കുവാന്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് ഇതെന്ന് ചില ആസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്! ഏതായാലും കേരളാ കര്‍ഷകനെപ്പോലെ ആത്മഹത്യ ചെയ്യുവാനൊന്നും അയാള്‍ മിനക്കെട്ടില്ല.
അതു കഴിഞ്ഞാല്‍ പിന്നെ 'താങ്സ്ഗിവിംഗ്' ആയി. കാല്‍കാശിനു കൊള്ളാത്ത ബേക്ക് ചെയ്ത ടര്‍ക്കി, ഒരു മേശക്കു ചുറ്റുമിരുന്നു ശാപ്പിടുന്ന ദിവസമാണിത്. ഇതു തൊണ്ടക്ക് താഴേക്കു പോയി വയറ്റില്‍ ചെന്നു ദഹിക്കണമെങ്കില്‍ വൈല്‍ഡ് ടര്‍ക്കി എന്ന സോഡാ കൂടി കുടിച്ചാല്‍ മതി. ഇതും ഏതോ കടക്കെണിയിലായ ടര്‍ക്കിക്കോഴി വളര്‍ത്തലുകാരന്‍ തന്റെ കോഴികളെ വിറ്റഴിക്കുവാന്‍ കണ്ടുപിടിച്ച ഒരു വിദ്യയാണെന്നു പറയുന്ന വിവരദോഷികളുമുണ്ട്. അതിനടുത്ത ദിവസമാണ് അമേരിക്കയിലെ ഏറ്റവും വലിയ കച്ചവടദിവസമായ ബ്ലാക്ക് ഫ്രൈഡേ- ഞാന്‍ അമേരിക്കയില്‍ വന്ന കാലത്തു വിചാരിച്ചത് അന്നു ഇവിടെയുള്ള കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്രമേ ഷോപ്പിംഗ് നടത്തുവാന്‍ അനുവാദമുണ്ടായിരുന്നു എന്നാണ്. ഏതായാലും അന്നു സാധനങ്ങള്‍ക്കു വില വളരെ കുറച്ചാണെന്നുള്ള ധാരണയില്‍ തലേന്നു രാത്രിയില്‍ത്തന്നെ കടയുടെ മുന്നില്‍ തമ്പടിച്ചു കിടക്കുന്ന ധാരാളം ലാഭക്കൊതിയന്മാര് ഉണ്ട്. ഈ ദിവസം മുതലാണു ക്രിസ്തുമസ്സിനു കൈമാറുവാനുള്ള ഗിഫ്റ്റ് വാങ്ങിക്കുവാന്‍ ആളുകള്‍ നെട്ടോട്ടമോടുന്നത്- സാന്റാക്ലോസിന്റെ ജന്മദിനമാണ് ക്രിസ്തുമസ് എന്നാണ് അമേരിക്കന്‍ കുഞ്ഞുങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്. ക്രിസ്തു എന്നൊരു വിഷയം അവരുടെ അജണ്ടായിലില്ല.
എന്നാല്‍ എന്റെ വിഷയം ഇതൊന്നുമല്ല. ക്രിസ്തുമസ് എന്നു കേട്ടാലുടനെ നമ്മുടെ ചില മലയാളി ക്രിസ്തു ഭക്തന്മാരുടെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങിത്തുടങ്ങും. 'എക്യൂമെനിക്കല്‍ എക്യൂമിനിക്കല്‍' എന്നൊരു വാക്ക് ഊണിലും ഉറക്കത്തിലും അവര്‍ ഉരുവിട്ടു കൊണ്ടിരിക്കും. ഉടനെ തന്നെ ഒരു കമ്മറ്റി തല്ലിക്കൂട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യും. എല്ലാ സഭാവിഭാഗത്തില്‍പ്പെട്ട പുരോഹിതന്മാരെയും മഹാപുരോഹിതന്മാരേയും ഒരേ വേദിയില്‍ അണിനിരത്തുവാനുള്ള ശ്രമമാണ് പിന്നീട്! വരുമാനമുള്ള പള്ളികള്‍ കൈക്കലാക്കുവാന്‍ കോടതിവരാന്തകള്‍ നിരങ്ങുന്നവരും, മറുവിഭാഗത്തില്‍ പെട്ട പുരോഹിതനെ മദ്ബഹായില്‍ കണ്ടാല്‍ അവരെ ഇറക്കി വിട്ടിട്ട് മാത്രമേ കുറര്‍ബാന ആര്‍പ്പിക്കും എന്നു ശഠിക്കുന്ന മെത്രാന്മാരും യാതൊരു ഉളുപ്പുമില്ലാതെ, 'ശത്രുകളോടു ക്ഷമിപ്പിന്‍, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍' എന്ന നല്ല ഇടയന്റെ നല്ല ഉപദേശം കുഞ്ഞാടുകള്‍ക്കു നല്‍കും. അതു കഴിഞ്ഞു കലാപരിപാടികളാണ്. ഇതിന്റെ തുടര്‍ച്ചയായി ഒരു വഴക്കുമുണ്ട്. ചില പള്ളിക്കാര് സമയം കൂടുതലെടുത്തെന്നും, ചില വിധികര്‍ത്താക്കള്‍ പക്ഷാപാതം കാട്ടിയെന്നും മറ്റുമുള്ളതാണ് കാരണങ്ങള്‍!
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു "ഈ അച്ചന്മാരും മെത്രാന്മാരുമെല്ലാം സ്വന്തം കാര്യലാഭത്തിനു വേണ്ടി കള്ളം പറയുവാന്‍ യാതൊരു മടിയുമില്ലാത്തവരാണ്. എനിക്കിനി കള്ളം പറയുവാന്‍ വയ്യാ- അതുകൊണ്ടാണ് ഞാനീ പണി നിര്‍ത്തിയത്." തിരുമേനിയുടെ അഭിപ്രായത്തോടു കൂടി ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. ഭാഗീകമായി മാത്രം!
പിന്നെ ഈ 'എക്യൂമിനിക്കല്‍ സമ്മേളനം' കൊണ്ട് ഒരു ഗുണമുണ്ട്. വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട നമ്മുടെ യുവതീയുവാക്കന്മാര്ക്ക് സൈര്യമായി ഒന്നു കണ്ടുമുട്ടുവാനുള്ള ഒരു അവസരം.
മുഖത്തു പുഞ്ചിരിയും പിന്നില്‍ കഠാരിയുമായി നടക്കുന്ന ഇവന്മാരെയെല്ലാം ഒരു വേദിയില്‍ അണിനിരത്തി ആത്മാര്‍ത്ഥതയുടെ കണിക പോലും ഇല്ലാത്ത വാക്കുകള്‍ അവരെക്കൊണ്ടു പറയിക്കുന്നത് ആര്‍ക്കു വേണ്ടി എന്തുവേണ്ടി സമ്മേളനം കഴിഞ്ഞ്, പത്രങ്ങളില്‍ പടവും വാര്‍ത്തയുമെല്ലാം പ്രതീക്ഷിക്കുന്നു.
എല്ലാ എക്യുമിനിക്കല് സമ്മേളനങ്ങള്‍ക്കും സര്‍വ്വമംഗങ്ങളും നേരുന്നു!
Comments