നിഷാദ് കൈപ്പള്ളിയെ എത്രപേർക്ക് പരിചയമുണ്ടെന്ന് അറിയില്ല, എനിക്കും വ്യക്തിപരമായ അടുപ്പമൊന്നുമില്ല എന്നിരുന്നാലും ഈ വ്യക്തി നമ്മിൽ പലരുടെയും ജീവിതത്തിൽ എന്താണ് സംഭാവന ചെയ്തത് എന്നൊന്ന് എത്തിനോക്കാനുള്ള ശ്രമം മാത്രമാണ്.
ഏകദേശം ഒരു വർഷമായി നിഷാദിനെപ്പറ്റി എഴുതണം എന്ന് കരുതിയിട്ട്, വളരെ നാളുകൾക്ക് മുൻപ് ഒരു ഫേസ് ബുക്ക് ചങ്ങാത്തത്തിന് റിക്വസ്റ്റ് കൊടുത്തു അടുത്ത നാളിലാണ് അതിന് മറുപടി കിട്ടിയത്.
വിവര സങ്കേതിക വിദ്യയിൽ കേരളവും മലയാളിയും പല നേട്ടവും കൈവരിച്ചിട്ടും. ഇന്നും നമ്മുടെ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന കാര്യത്തിൽ നമുക്ക് പിശുക്കാന്. ശ്രീ നിഷാദ് കൈപ്പള്ളി ആദ്യമായി മലയാളം പഠിച്ചത് ഇരുപത്തിനാലാം വയസ്സിലാണ്. അദ്ദേഹം മലയാള ഭാഷക്കും നമ്മുടെ സമൂഹത്തിനും ചെയ്ത ഏറ്റവും വലിയ കാര്യം, നമ്മൾ ഇന്ന് കാണുന്ന മലയാളം 'യുണിക്കോട്' ലിപി പരിഷ്കരിക്കുവാൻ വളരെ സഹായം ചെയ്തു എന്നതാണ്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം അദ്ദേഹം ഏറ്റെടുത്ത മലയാളം ബൈബിൾ ഓണ്‍ലൈൻ രൂപത്തിലേക്ക് മാറ്റുവാനുള്ള പരിശ്രമമാണ്. ദൃഡ നിശ്ചയത്തിനു മുന്നിൽ എന്തും ജയിക്കുമെന്നതിന് തെളിവാണ് അദ്ദേഹം 9 വർഷം തന്റെ സമയം മുഴുവൻ എടുത്ത് വളരെ ഭംഗിയായി മലയാളം ബൈബിൾ ഓണ്‍ലൈൻ രൂപത്തിലാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംരംഭം ബൈബിളിന്റെ ഓരോ വാക്യവും വേറെ എവിടെയൊക്കെയാണ് ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് എന്ന് കണ്ടുപിടിച്ച് അവയെ കോർത്തിണക്കി ഒരു ഓണ്‍ലൈൻ റഫറൻസ് ബൈബിളിനു രൂപം കൊടുക്കുക എന്നതാണ്. ഈ സംരംഭവും ഏകദേശം പൂർത്തിയായിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. മലയാളത്തിലെ വക്കുകൾക്ക് ഓരോ പ്രദേശത്തും പലതര അർത്ഥങ്ങൾ ഉള്ളതിനാൽ വളരെ കൂട്ടായ പരിശ്രമമില്ലാതെ നല്ലൊരു നിഘണ്ടു ഉണ്ടാക്കിയെടുക്കുകയെന്നത് അസാദ്ധ്യമാണ്. നിശ്ചയധാർഡ്യം കൊമുതലായുള്ള നിഷാദിനെപ്പോലുള്ളവർ മനസ്സുവച്ചാൽ ഇതും സാധിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ 'പദമുദ്ര' എന്ന സംരംഭം തന്നെ ഇതിനൊരു നല്ല തുടക്കമാണ്.
ജന്മം കൊണ്ട് മുസൽമാനും ജീവിതത്തിൽ സഹജീവിയെ സ്വന്തം പോലെ കരുതുന്ന ഒരു മനുഷ്യ സ്നേഹിയുമായാണ് നിഷാദിനെ എനിക്ക് കാണുവാൻ സാധിക്കുന്നത്. നാം ഇന്ന് അക്ഷരത്തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ ഒന്നോർക്കുക, ഇതൊന്നുമില്ലാഞ്ഞ കാലഘട്ടത്തിൽ എല്ലാ കടന്പകളും അതിജീവിച്ച് സുന്ദരമായ ലിപിയിൽ 1189 ഇൽ പരം അധ്യായങ്ങളുള്ള ബൈബിൾ അക്ഷരത്തെറ്റ് ലവലേശം ഇല്ലാതെ, കുത്തും കോമക്കും പോലും വ്യത്യാസമില്ലാതെ ഉണ്ടാക്കി സൗജന്യമായി തന്റെ അധ്വാനം മുഴുവനും കൊടുത്ത നിഷാദിനെ വെറും ഒരു വ്യക്തിയായി കാണാൻ എനിക്ക് കഴിയില്ല. ലോകത്തിന് ഇനിയും കൂടുതൽ സംഭാവനകൾ നൽകാൻ കഴിവുള്ള നിഷാദിനെ ലോകം അറിയുകയും ആ അറിവ് ലോകത്തിന് നന്മക്കായി ഉപകാരപ്പെടുത്തുകയും ചെയ്യെണ്ടിയത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിഷാദിനൊപ്പം നല്ല മനസ്സുള്ള ഒരു കൂട്ടം സമാന ചിന്താഗതിക്കാരായ ആളുകളും കൂടെ ഇല്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ വിജയം അസാദ്ധ്യമാണ്.
രണ്ടര വർഷങ്ങൾക്ക് മുൻപ് മലയാളത്തിലുള്ള വിശുദ്ധ വേദപുസ്തകം വായിച്ച് ശബ്ദ രൂപത്തിലാക്കുവാൻ ഞാനും എന്റെ കൂട്ടുകാരും ഒരു പരിശ്രമം നടത്തി. അപ്പോളാണ് ഞാനും വേദപുസ്തകം ആദ്യമായി മുഴുവൻ വായിക്കുവാൻ തീരുമാനിച്ചത്. ആദ്യമൊക്കെ പലപ്പോഴും പല വാക്കുകളും വായിക്കുന്പോൾ നാക്ക് പിഴക്കുമായിരുന്നു. ചില സന്ദർഭങ്ങളിൽ ഞാൻ ഓർത്തു, ഞാനായിരുന്നു ഇത് വിവർത്തനം ചെയ്തിരുന്നെങ്കിൽ കുറച്ചൊക്കെ വിഴുങ്ങിയേനെ. കാരണം ഞാൻ മനസ്സിൽ പ്രതീക്ഷിച്ചിരുന്നത് പോലെയായിരുന്നില്ല പല കഥകളും കഥാ പാത്രങ്ങളും. ഞാൻ എന്റെ സംശയം തീർക്കാൻ വേദപുസ്തകത്തിനെപ്പറ്റി നല്ല അവഗാഹമുള്ള എന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ബെന്നി ശെമ്മാശനെ സമീപിച്ചു. അപ്പോളാണ് എനിക്ക് ഒരുകാര്യം മനസ്സിലായത്, ഹെർമ്മൻ ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷയിൽ അദ്ദേഹത്തെ സഹായിച്ചത് ഒരു ക്രിസ്ത്യാനി അല്ലായിരുന്നുവെന്നത്. ഒരു ഹിന്ദുമത വിശ്വാസി വേണ്ടി വന്നു, വേദ പുസ്തകത്തെ, നമ്മൾ ഇന്നറിയുന്ന ഭാഷയിൽ നമുക്ക് ലഭ്യമാക്കുവാൻ. അത് എന്നെ സംബന്ദിച്ച് ഒരു പുതിയ അറിവായിരുന്നു. ഒരുകണക്കിന് അത് പരിഭാഷപ്പെടുത്തിയത് ഒരു ക്രിസ്ത്യാനി ആയിരുന്നുവെങ്കിൽ കുറെയൊക്കെ അവിടെയും ഇവിടെയുമൊക്കെ സെൻസർ ചെയ്തേനേ. നമുക്ക് ഇന്ന് വെട്ടും തിരുത്തുമില്ലാതെ ബൈബിൾ പരിഭാഷ കിട്ടിയത്, മറ്റു സഹോദരങ്ങളുടെ സഹായം കൊണ്ട് മാത്രം.
നിഷാദിനെപ്പട്ടി ആധികാരികമായി എഴുതാൻ ഞാൻ ആളല്ല. എഴുതുന്നത് അദ്ദേഹം ബൈബിൾ യൂണികോഡിൽ അക്കിയതിനുമല്ല. മറിച്ച് സ്വന്തം സമയം മറ്റൊരു മനുഷ്യജീവിയുടെ ജീവിതത്തിൽ വ്യത്യാസം വരുത്താൻ അവരിലൊരാളായി തീർന്ന്, അവർക്ക് വേണ്ടി അത് യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ സംഭാവന ചെയ്ത മനസ്സിനെ അങ്ങീകരിക്കനെങ്കിലും ഞാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്റെ വാക്കിലും പ്രവർത്തിയിലും എന്ത് ആത്മാർഥത. കഴിഞ്ഞ മാസം നിഷാദിന്റെ വാപ്പ ലോകത്തില നിന്ന് കടന്നുപോയി. നിഷാദിനെ അത് എത്രമാത്രം വേദനപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്ന് എനിക്ക് മനസ്സിലായി. ലോകത്തിന് നന്മ ചെയ്യുന്ന മക്കൾക്ക് ജന്മം കൊടുത്ത മാതാപിതാക്കൾ തീർച്ചയായും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
ലോകത്തിനും സമൂഹത്തിനും ഉപകാരപ്രദമായ കൂടുതൽ ആശയങ്ങളും ചിന്തകളും അത് നടപ്പാക്കാനുള്ള ഇച്ചാശക്തിയും ജഗദീശ്വരൻ നിഷാദിനും കൂട്ടുകാർക്കും നൽകട്ടേയെന്ന് ആശംസിച്ചുകൊണ്ട്
സ്നേഹപൂർവം
ചെറിയാൻ ജേക്കബ്
Comments