മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ ഇന്ത്യയിലെ അഞ്ചു നഗരങ്ങളില്‍ സ്ഥാപിക്കുമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രകോപനപരമായ പ്രസ്താവനയെ ലാഘവത്തോടെ കാണുന്നത് ദൂരവ്യാപകമായ അനേകം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. വിവാദപരമായ ഈ പ്രസ്താവന വളരെ ഗൗരവത്തോടെ കാണുകയും യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യുകയും ചെയ്തില്ലെങ്കില്‍ അഖണ്ഡ ഭാരതത്തിന്റെ മൂല്യങ്ങള്‍ നശിക്കുകയും വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെടുകയും ചെയ്യും. ഇന്ത്യയിലുടനീളം മഹാപുരുഷന്മാരുടെ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഗോഡ്‌സെയുടെ പ്രതിമ കൂടി ഉള്‍പ്പെടുത്തിക്കൂടാ എന്ന ചോദ്യത്തിന് തീരെ പ്രസക്തിയില്ല. പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഡല്‍ഹിയിലെ തങ്ങളുടെ ആസ്ഥാന മന്ദിരത്തിനു മുന്നില്‍ പ്രതിമ സ്ഥാപിക്കുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. തീര്‍ന്നില്ല, ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-ന് ഗോഡ്‌സെയെക്കുറിച്ചുള്ള സിനിമ പുറത്തിറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടത്രേ !! മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമദിനത്തെ പൂര്‍ണമായി അവഗണിച്ച് ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷപൂര്‍വം കൊണ്ടാടിയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ആരംഭം കുറിച്ചതെന്ന് ഇത്തരുണത്തില്‍ സ്മരിക്കുന്നത് നന്ന്. കൂടാതെ, നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്നു വിശേഷിപ്പിക്കുന്ന പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ തറക്കല്ലിടുകയും ചെയ്തു. പട്ടേലിന്റെ ജന്മവാര്‍ഷികദിനവും ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതും ഒരേ ദിവസം ആയതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് മോദി അന്ന് വിശദീകരണം നല്‍കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ ചരമദിനം ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു വന്നതാണ് നരേന്ദ്ര മോദി മാറ്റി അത് പട്ടേലിന്റെ പേരില്‍ ദേശീയ അഖണ്ഡതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതെന്നും കൂട്ടി വായിക്കണം.
ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ ഗോഡ്സെയുടെ പ്രതിമകള്‍ ഇന്ത്യയിലുടനീളം സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ നിരത്തുന്ന ന്യായീകരണങ്ങള്‍. അതില്‍ പ്രധാനമായത് ഗോഡ്‌സെ ഗാന്ധിയോടു ചെയ്തത് ഒരു അക്രമം ആയിരുന്നെന്നു അവര്‍ വിശ്വസിക്കുന്നില്ല എന്നതാണ്. ഗാന്ധിജിയെ ഒരു ദേശസ്നേഹിയായിട്ടല്ല അവര്‍ കാണുന്നത്. പകരം ഗോഡ്സെയാണ് യഥാര്‍ത്ഥ രാജ്യസ്നേഹിയെന്നും അവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 'നെഹ്‌റുവിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെ പിന്തുണച്ചുകൊണ്ട് ഗാന്ധി ഉപവാസത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഈ പ്രക്രിയയിലൂടെ തന്നെ അദ്ദേഹം ജനരോഷത്തിന് പാത്രമാക്കി. നാഥുറാം ഗോഡ്സേ ജനങ്ങളെ പ്രതിനിധീകരിക്കുകയാണ് ചെയ്തത്. ജനങ്ങളുടെ രോഷപ്രകടനമാണ് ഗോഡ്സെ നിര്‍വഹിച്ചതെന്നും അവര്‍ പറയുന്നു!
ഗാന്ധിജിയുടെ വധത്തെത്തുടര്‍ന്നു ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ശൗര്യ ദിവസമായാണു 1993 മുതല്‍ ഹിന്ദു മഹാസഭ ആചരിച്ചു പോരുന്നത്. അന്നേ ദിവസം ഗോഡ്‌സെ അവസാനമായി എഴുതിയ കത്തു വായിക്കുന്നത് പതിവാണെന്നു സംഘടനയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതലേ ഗോഡ്‌സെയെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘപരിവാര്‍ ബന്ധമുള്ള സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നത്രേ. എന്നാല്‍, ഇക്കാര്യങ്ങളില്‍ കുറച്ചു കൂടി വിശാല കാഴ്ചപ്പാടുണ്ടായിരുന്ന വാജ്‌പേയി അന്ന് ഈ ആവശ്യങ്ങള്‍ക്കു വഴങ്ങിയിരുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന ഗോഡ്സെ ഹിന്ദു മഹാസഭയിലെ അംഗവും 'അഗ്രണി: ഹിന്ദു രാഷ്ട്ര' (http://www.hindurashtra.org) എന്ന പത്രത്തിന്റെ എഡിറ്ററും ആയിരുന്നുവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഗോഡ്‌സെയെ 'ഹുദാത്മാ' (രാജ്യത്തിനു വേണ്ടി ആത്മാവ് ബലി നല്‍കിയ വ്യക്തി) എന്നാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. അതോടൊപ്പം ഗാന്ധിജിയെ 'ദുരാത്മാ' എന്നും വിശേഷിപ്പിക്കുന്നു...!! 1948 ജനുവരി 30-ന് ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിനു മുമ്പു ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ ഓഫീസ് സന്ദര്‍ശിച്ചെന്നും, അന്നത്തെ സന്ദര്‍ശന വേളയില്‍ ഗോഡ്‌സെ ഉപയോഗിച്ച മുറി ഹിന്ദുമഹാസഭ ഇന്നും പ്രത്യേകമായി സംരക്ഷിച്ചിരിക്കുകയാണെന്നും പറയുന്നു. നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് ഗോഡ്സെയുടെ സ്‌മരണയില്‍ വളരെക്കാലം ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും, അവിടെ ഒരു ശിലാഫലകത്തില്‍ ഇപ്രകാരം കൊത്തിവച്ചിരുന്നുവെന്നും പറയപ്പെടുന്നു .... "ഒരുനാള്‍ അവര്‍ (ആര്‍.എസ്സ്.എസ്സ്) അധികാരത്തില്‍ വരുമ്പോള്‍ കൂടുതല്‍ ഉചിതമായ സ്മാരകം ഉയര്‍ത്തപ്പെടും .. "
ഇപ്പോള്‍ അനുകൂല സാഹചര്യം മുതലെടുത്ത് ഹിന്ദു മഹാസഭ ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നവംബറില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ശൗര്യ ദിവസ് ആചരിച്ചിരുന്നു. ഇതിനു പുറമേ, ഗോഡ്‌സെ ദേശ സ്‌നേഹിയാണെന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയും വിവാദ ത്തിനു തിരി കൊളുത്തിയിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്തും അകത്തും ബിജെപി എംപിക്കു മാപ്പു പറഞ്ഞു പ്രസ്താവന തിരുത്തേണ്ടി വന്നു. സഭയില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കു മറുപടിയായി ഗോഡ്‌സെയെപ്പോലുള്ളവരെ ആദരിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നു പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. മഹാത്മാഗാന്ധിയുടെ ഘാതകന്‍ ആദരിക്കപ്പെടുന്നത് സ്വീകാര്യമല്ലെന്നും തങ്ങള്‍ അതിനെതിരാണെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
പക്ഷെ, കാര്യങ്ങള്‍ അവിടംകൊണ്ടും അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയെ ഹിന്ദുത്വവത്ക്കരിക്കേണ്ടത് ആര്‍.എസ്.എസ്സിന്റേയും സംഘ്‌പരിവാറിന്റേയും രഹസ്യ അജണ്ടയായിരുന്നെന്ന് എല്ലാവര്‍ക്കും അറിവുള്ള സത്യമാണ്. ആ രഹസ്യ അജണ്ട പരസ്യമായി പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിച്ചത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അവരോധിതനായതിനുശേഷമാണെന്നതാണ് പ്രത്യേകമായി എടുത്തു പറയേണ്ടത്. തന്റെ മന്ത്രി സഭയിലുള്ളവരും പാര്‍ട്ടി പ്രവര്‍ത്തകരും പ്രകോപനപരമായ പ്രസ്താവനകളിറക്കിയിട്ടും മോദി അവയ്ക്കെതിരെ ഒരക്ഷരം പറയുന്നില്ല എന്നു മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടും മോദിക്ക് ഒരു കുലുക്കവുമില്ല എന്നുള്ളതും കൂട്ടി വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൗനാനുവാദവും സംഘപരിവാറിന്റെ രഹസ്യ അജണ്ടയ്ക്ക് കിട്ടിയിട്ടുണ്ടെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ കേന്ദ്ര മന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജനപ്രതിനിധിയുമായ സാധ്വി നിരഞ്ജന ജ്യോതി ഡല്‍ഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ അതോ പിതൃശൂന്യരാണോ എന്ന് ധൈര്യമായി ചോദിക്കുകയില്ല. ഗ്രാമത്തില്‍ നിന്നുള്ള നേതാവാണ് സാധ്വിയെന്ന് നരേന്ദ്ര മോദി വിശദീകരിക്കുമ്പോള്‍, ഗ്രാമീണതലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് സംഘ് പരിവാരം നല്‍കുന്ന പാഠം ഇതാണെന്ന് കൂടിയാണ് അര്‍ഥം. ആ പാഠങ്ങളെ കുറേക്കൂടി സമഗ്രവും സുഘടിതവും സാര്‍വത്രികവുമാക്കാനുള്ള നീക്കങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇത്തരം പരസ്യ പ്രഖ്യാപനങ്ങളുണ്ടാകുന്നത്. സാധ്വിയുടെ വാക്കുകളെച്ചൊല്ലി പാര്‍ലിമെന്റ് സ്തംഭിപ്പിക്കാന്‍ മുന്‍കൈ എടുത്തവര്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുതകും വിധത്തിലുള്ള പ്രസംഗങ്ങളോട് മുന്‍കാലത്തെടുത്ത നിലപാടുകള്‍ കൂടി വിമര്‍ശ വിധേയമാക്കേണ്ടതുണ്ട്. പുതിയ പാഠങ്ങള്‍ക്കുള്ള ശ്രമങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിലെ ബഹളത്തിനപ്പുറത്ത്, ഈ രാഷ്ട്രീയത്തെ ചെറുക്കാന്‍ മണ്ണില്‍ എന്താണ് ചെയ്യുന്നത് എന്നും.
യു.പി.എ. ഭരണകാലത്തും അല്ലാത്തപ്പോഴും സംഘ്പരിവാര്‍ നേതാക്കള്‍ പരോക്ഷമായി ചോദിച്ചിരുന്നതാണ് ഇപ്പോള്‍ പ്രത്യക്ഷമായിരിക്കുന്നത്. മോദിയുടെ മൗനാനുവാദമില്ലാതെ ധൈര്യപൂര്‍വ്വം ഇങ്ങനെയൊരു പ്രസ്താവന ആരും നടത്തുകയില്ല. ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തി വളര്‍ത്തി, അധികാരം പിടിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുക എന്നത് ആര്‍ എസ് എസ് രൂപവത്കരിച്ച കാലം മുതലുള്ള അജന്‍ഡയാണ്. അതിന് പാകത്തില്‍ പല സംഘടനാ രൂപങ്ങള്‍ക്കും സംഘ് നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. ഉദ്ദിഷ്ടകാര്യം നേടിക്കൊടുക്കാന്‍ പാകത്തിലുള്ളവരെ അതിന്റെ നേതൃത്വങ്ങളിലേക്ക് നിയോഗിച്ചിട്ടുമുണ്ട്. പ്രവീണ്‍ തൊഗാഡിയ, ഉമാ ഭാരതി, സാധ്വി റിതംബര, എല്‍ കെ അഡ്വാനി, നരേന്ദ്ര മോദി എന്നിങ്ങനെ ആ നേതൃപട്ടികയെ നീട്ടാനാകും. ഇവര്‍ എല്ലാവരും തന്നെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധിച്ചെടുക്കാനുള്ള പങ്ക് വഹിച്ചിട്ടുമുണ്ട്.
ഇങ്ങനെ സംഘ്പരിവാറിനും ആര്‍.എസ്.എസിനും അവര്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ സുതാര്യമായി നടപ്പാക്കുന്നതിന് സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസ്സിനും യു.പി.എ.യ്ക്കും കൈകഴുകി ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കുകയില്ല. കാരണം, ഹിന്ദുത്വ ശക്തികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നിട്ടുകൂടി അതിന് തടയിടാനോ ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനോ അവര്‍ക്കു കഴിഞ്ഞില്ല. 2009-ല്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച സഞ്ജയ് ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗം എല്ലാവരും ഓര്‍ക്കുന്നുണ്ടായിരിക്കും. വര്‍ഗീയ വിഷം തുപ്പുന്ന ആ പ്രസംഗത്തിലെ പ്രസക്തഭാഗം, 'ഹിന്ദുക്കള്‍ ദുര്‍ബലരാണെന്ന് ആരും കരുതേണ്ടെന്നും,ഹിന്ദുക്കള്‍ക്കെതിരെ വിരലുയര്‍ന്നാല്‍ അത് വെട്ടി നീക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു' എന്നായിരുന്നു. അന്ന് വരുണിനെതിരെ കേസെടുത്തെങ്കിലും സംഭവിച്ചതെന്താണ്? കോടതിക്ക് മുന്നില്‍ കേസ് വന്നപ്പോള്‍ സാക്ഷികള്‍ കൂറുമാറി, പ്രസംഗം റെക്കോര്‍ഡ് ചെയ്ത സി ഡിയില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് വരുണിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഏറെക്കുറെ അട്ടിമറിക്കപ്പെടുകയും 2014-ല്‍ വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത് മായാവതിയുടെ ബി.എസ്.പി. സര്‍ക്കാരും കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ആയിരുന്നെന്നും ഓര്‍ക്കണം. വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കുന്ന വിധം പ്രസംഗിച്ച വരുണ്‍ ഗാന്ധിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകത്തില്‍ കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം പോലും നിറവേറ്റാന്‍ ബി എസ് പിക്കോ കോണ്‍ഗ്രസിനോ സാധിച്ചില്ലെന്ന് ചുരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തെ വര്‍ഗീയവത്കരിക്കുന്നത് തടയാന്‍ പാകത്തിലുള്ള ശക്തമായ നിയമവ്യവസ്ഥകള്‍ ജനപ്രാതിനിധ്യ നിയമത്തിലില്ലാത്തതും ഉള്ള വ്യവസ്ഥകള്‍ വേണ്ടുംവണ്ണം ഉപയോഗിക്കാനുള്ള ഇച്ഛാശക്തി തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാര്‍ക്കില്ലാത്തതും കൂടിയായപ്പോള്‍ സംഗതികള്‍ വരുണ്‍ ഗാന്ധിയെ സംബന്ധിച്ച് എളുപ്പമായി.
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും, ക്രിസ്ത്യാനികള്‍ റോമിലേക്കും മുസ്ലീങ്ങള്‍ സൗദി അറേബ്യയിലേക്കും പോകണമെന്ന ആര്‍.എസ്.എസ്. ചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവന എത്രത്തോളം ബാലിശവും അധഃപ്പതിച്ചതുമാണെന്ന് ഒരുപക്ഷെ അവര്‍ക്കുതന്നെ അറിയില്ലായിരിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തന്നെ, കാവിവത്കരണത്തിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സ്വദേശത്തും വിദേശത്തും മോദി തന്റെ മോടി കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി അണികള്‍ സ്വദേശത്ത് വര്‍ഗീയ ദ്രുവീകരണം ദ്രുതഗതിയിലാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് മോദി അറിഞ്ഞില്ല, അല്ലെങ്കില്‍ അറിഞ്ഞ മട്ട് നടിച്ചില്ല. വിദേശ രാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യയുടെ പ്രതിഛായ വര്‍ദ്ധിപ്പിച്ച ഭരണ പരിഷ്‌കരണത്തിന്റെ വേഗം കൂട്ടാനും രാജ്യത്തെ ഉത്പാദന കേന്ദ്രമായി മാറ്റാനുമൊക്കെയുള്ള പരിപാടികളെക്കുറിച്ച് വാചാലനാകുന്ന മോദിയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ആര്‍ എസ് എസ് പറയുകയും ചെയ്തപ്പോഴാണ് സംഘ്പരിവാറിന്റെ കാവിവത്ക്കരണ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ അവര്‍ ശ്രമിച്ചത്.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷ ഒഴിവാക്കുകയും സംസ്‌കൃതം ഉള്‍പ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തതു കൂടാതെ, പാഠ്യപദ്ധതി രാജ്യത്തിന്റെ 'യഥാര്‍ഥ ചരിത്രം' ഉള്‍ക്കൊള്ളുന്നതായി മാറ്റുന്നതിനുള്ള സംഘ് ബന്ധുക്കളുടെ ശിപാര്‍ശ, അതിനോട് ഭരണകൂടം സ്വീകരിക്കുന്ന അനുകൂല നിലപാട്, അത്തരം ചരിത്ര നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നവരെ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്, ശാസ്ത്ര ഗവേഷണത്തിന്റെ ഫലങ്ങളൊക്കെ ഇന്ത്യന്‍ പുരാണങ്ങളിലും വേദങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെട്ടിരുന്നതാണെന്നുള്ള ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍, ഭഗവത് ഗീഥയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തുടങ്ങിയവയൊക്കെ അരങ്ങേറുന്നതിനിടയിലാണ് രാമന്റെ മക്കളും പിതൃശൂന്യരുമായി ഇന്ത്യന്‍ ജനതയെ വിഭജിച്ച് നിര്‍ത്താന്‍ മോദിയുടെ അണികളില്‍ പെട്ടവര്‍ ശ്രമിക്കുന്നത്. ഏറ്റവും ഒടുവില്‍ ആഗ്രയിലെ കൂട്ട മതപരിവര്‍ത്തനം, ക്രിസ്മസ് ദിനത്തില്‍ അലിഗഢില്‍ മതപരിവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍, കേരളത്തില്‍ ആലപ്പുഴയില്‍ നിശ്ചയിച്ചിരിക്കുന്ന മതപരിവര്‍ത്തനം എല്ലാം ഇന്ത്യയെ ഒരു 'ഹിന്ദു രാഷ്‌ട്ര'മാക്കാനുള്ള സംഘ്‌പരിവാറിന്റെ ലക്ഷ്യങ്ങളാണ്.
വെട്ടാനെടുക്കുന്ന വാളുകള്‍ അധികാരക്കസേരയിലെത്തുമ്പോള്‍ ഉറയിലിടുകയും അധികാരം പോകുമ്പോള്‍ വീണ്ടും ഉറയില്‍ നിന്നെടുക്കുകയും ചെയ്യുന്ന തുടര്‍ നാടകം കളിക്കാതെ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും ഒരുമിച്ചു നിന്ന് ആര്‍.എസ്.എസിന്റേയും സംഘ്പരിവാറിന്റേയും അപകടകരമായ ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്പിച്ചില്ലെങ്കില്‍ നാളെ ഗാന്ധിജിക്കു പകരം ഗോഡ്സെയെ രാഷ്ട്രപിതാവെന്ന് വിളിക്കേണ്ട ഗതികേട് ഇന്ത്യന്‍ ജനതക്ക് നേരിടേണ്ടിവരുമെന്നു മാത്രമല്ല, അഹിന്ദുക്കള്‍ക്ക് സഹിഷ്ണുതയോടെ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.
Comments